Tuesday, April 25, 2017

ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ട്
വിവര്‍ത്തനം: നവനീത്, കണ്ണൂര്‍ March 27, 2016
''സേവയാണ് അത്യുത്തമ സാധന''. ഇത് പറയുന്നത് കൊല്ലൂരില്‍ ദേവി അംബിക വാഴുന്ന കാടുകളില്‍ നിന്ന് തന്റെ ആത്മാന്വേഷണയാത്ര ആരംഭിച്ച് മഹാ തീര്‍ത്ഥങ്ങളും മഹാമേരുക്കളും താണ്ടി തന്റെ പുരുഷായുസ്സിന്റെ സിംഹഭാഗവും ഹിമാലയസാനുക്കളില്‍ ഏകനായി ജീവിക്കുകയും ഹിമവാന്റെ അത്യന്തം നിഗൂഢമായ ഗിരിശൃംഗങ്ങള്‍ എത്രയോ വട്ടം കയറിയിറങ്ങി അവസാനം തന്റെ ഗുരുവിന്റെയും മഹാദേവിയുടേയും നിയോഗമെന്നോണം മാനവസേവയെന്ന മഹദ്‌സാധന ചെയ്യാന്‍ ലോകജനതയെ ഉദ്‌ബോധിപ്പിക്കാനും അത് ലോകത്ത് പ്രചരിപ്പിക്കാനും ജനങ്ങളിലേക്ക് ഇറങ്ങിവന്ന ഋഷിവര്യന്‍. എല്ലാം തികഞ്ഞ ഒരു ദേവി ഉപാസകന്‍. താന്ത്രികവിദ്യയിലെ പരമപ്രധാനമായ ശ്രീ ചക്രത്തിന്റെ ആന്തരികസത്തയില്‍ മുങ്ങിക്കയറിയ താന്ത്രിക ഗുരു. അതിനുമുപരി തന്റെ ഗുരുപരമ്പരയുടെ തനതായ വിഭ്രാന്തലീലകളാടുന്ന തികഞ്ഞ അവധൂതന്‍. അദ്ദേഹമാണ് ശ്രീ അവധൂത നാദാനന്ദ. മോഹന്‍ ജി ഫൗണ്ടേഷന്‍ സ്ഥാപകനായ മോഹന്‍ ജി ശ്രീ അവധൂത നാദാനന്ദജി (ഗുരുജി) യെ മധ്യപ്രദേശിലെ ധാറില്‍ സന്ദര്‍ശിച്ചതിനു ശേഷം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഇംഗ്ലീഷില്‍ ഒരു ലേഖനമായി എഴുതിയിരുന്നു. ആ ലേഖനത്തിന്റെ മലയാളം പരിഭാഷ...
swami2015-ജനുവരി മാസം. അന്ന് ഞാന്‍ വാരാണസി (ബനാറസ് )യില്‍ ആയിരുന്നു. നാഗരാജന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രത്യേക ക്ഷണപ്രകാരം അവിടെ എത്തിയ എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും അന്നത്തെ പ്രഭാത ഭക്ഷണം ഘാട്ടിനു അടുത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ഏര്‍പ്പാട് ചെയ്തിരുന്നു. ആ സന്ദര്‍ശനത്തില്‍ നാഗരാജന്‍ എനിക്ക് ഒരു പുസ്തകം സമ്മാനിച്ചു. അത് അവധൂത നാദാനന്ദജി എഴുതിയ ആത്മകഥയാണ്. ഒരുപാടുതവണ തനിച്ചും മറ്റുള്ളവരുടെ കൂടെയും ഞാന്‍ നടത്തിയ ഹിമാലയ യാത്രകളിലൊക്കെ പല സിദ്ധികളും സാധനകളും ചെയ്യുന്ന സന്യാസി ശ്രേഷ്ഠന്മാരെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരു പേര് ഞാന്‍ മുമ്പ് കേട്ടിട്ടില്ലായിരുന്നു. പക്ഷെ പുസ്തകത്തില്‍ കണ്ട അദ്ദേഹത്തിന്റെ ഫോട്ടോ എന്റെ ശ്രദ്ധയെ വല്ലാതെ ആകര്‍ഷിച്ചു.

അദ്ദേഹത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ ഞാന്‍ നാഗരാജനോടു പറഞ്ഞു. സ്വാമിജി ജമ്മുവില്‍ ആയിരുന്നു കഴിഞ്ഞിരുന്നത് എന്നും പിന്നീട് ആന്ധ്രാപ്രദേശിലേക്ക് പോയെന്നും ആവശ്യം തോന്നുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം അദ്ദേഹം മാറ്റിക്കൊണ്ടിരിക്കും എന്നും നാഗരാജന്‍ പറഞ്ഞു. എങ്ങനെയെങ്കിലും സ്വാമിജിയെ കാണണം എന്ന ജിജ്ഞാസ എന്നില്‍ കലശലായി വളര്‍ന്നിരുന്നു. കയ്യില്‍ ഇരിക്കുന്ന പുസ്തകം മെല്ലെ തുറന്ന് നോക്കുമ്പോള്‍ അതില്‍ ഒരു മൊബൈല്‍ഫോണ്‍ നമ്പര്‍ കുറിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെടുകയും നാഗരാജന്‍ പറഞ്ഞതുപ്രകാരം ആ ഫോണ്‍ നമ്പരില്‍ വിളിച്ച് സ്വാമിജിയെ ബന്ധപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തു.

കുറച്ച് നാളുകള്‍ക്ക് ശേഷം ഞാന്‍ ധര്‍മശാലയിലുള്ള എന്റെ വാസസ്ഥലത്ത് തിരിച്ചെത്തി. നിരന്തരമായ യാത്രകള്‍, പ്രഭാഷണങ്ങള്‍ , സന്ദര്‍ശകര്‍ എന്നിവ മൂലമുള്ള തിരക്ക് കാരണം എനിക്ക് സ്വാമിജിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ആഴ്ചകളോളം നീണ്ട ഒരു വിദേശയാത്ര കഴിഞ്ഞു തിരിച്ച് ധര്‍മശാലയിലെ മുറിയില്‍ കടന്ന ആ ദിവസം എന്റെ ശ്രദ്ധ ആദ്യം തിരിഞ്ഞത് അവിടെ വച്ചിരുന്ന ശ്രീ നാദാനന്ദജിയുടെ പുസ്തകത്തില്‍ ആയിരുന്നു. ഉടനെ ആ പുസ്തകം എടുത്ത് അതില്‍ എഴുതിയിരുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നു പല ദിവസവും ആ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ഇതേ അനുഭവം തന്നെ. എന്തിനു വേണ്ടിയാണ് ഞാന്‍ അദ്ദേഹത്തെ കാണുവാന്‍ ഇത്രയും ജിജ്ഞാസുവാകുന്നു എന്ന കാര്യത്തില്‍ എനിക്കുപോലും അപ്പോള്‍ അതിശയം തോന്നിയിരുന്നു. അദ്ദേഹത്തന്റെ ജന്മസ്ഥലം എന്റെയും ജന്മസ്ഥലമായ കേരളത്തില്‍ ആണെന്നും മാത്രം അറിയാമെങ്കിലും അപ്പോള്‍ അതില്‍ കൂടുതലായി അദ്ദേഹത്തെക്കുറിച്ച് ഒന്നും തന്നെ എനിക്ക് അറിയാമായിരുന്നില്ല. പക്ഷെ ഏതോ ഒരു ശക്തി എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടു പോകുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. അതിനു എത്രമാത്രം പ്രാധാന്യമുണ്ട് എന്നോ എന്തിനുവേണ്ടിയാണ് എന്നുപോലും അപ്പോള്‍ എനിക്ക് അജ്ഞാതമാണ്.

swami1ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു. പതിവുപോലെ ഒരുപാട് യാത്രകള്‍, ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ഞാന്‍ ഭാരതത്തില്‍ തിരിച്ച് എത്തിയ സമയം ചില ആവശ്യാര്‍ത്ഥം നാഗരാജനുമായി സംസാരിക്കുന്നതിനിടയില്‍ നാദാനന്ദജിയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്ന വിവരം ഓര്‍മ്മ വരികയും ആദ്ദേഹത്തോട് പറയുകയും ചെയ്തു. കുറച്ച് സമയത്തിനുള്ളില്‍ അദ്ദേഹം എന്നെ തിരിച്ചു വിളിച്ച് മറ്റൊരു ഫോണ്‍ നമ്പര്‍ തരികയും അതില്‍ വിളിച്ചാല്‍ സ്വാമിജിയെ ബന്ധപ്പെടാന്‍ കഴിയും എന്ന് പറയുകയും ചെയ്തു. വളരെ ആഴമേറിയ ഒരു സംഭാഷണം ആയിരുന്നില്ലെങ്കിലും അവസാനം എനിക്ക് സ്വാമിജിയെ ഫോണില്‍ സംസാരിക്കാന്‍ ലഭിച്ചു. അദ്ദേഹത്തെ നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ട് എന്നു പറഞ്ഞപ്പോള്‍ താമസിയാതെ അദ്ദേഹം മദ്ധ്യപ്രദേശിലെ ധാറില്‍ എത്തുന്നുണ്ട് എന്നും അവിടെ എപ്പോള്‍ വേണമെങ്കിലും കണ്ടുമുട്ടാം എന്ന് സന്തോഷപൂര്‍വ്വം അറിയിച്ചു.

ഏതായാലും ഫോണില്‍ സംസാരിച്ചത് പ്രകാരം അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച അടുത്തു തന്നെ കഴിയും എന്ന കാര്യം ഉറപ്പിച്ചു. താമസിയാതെ പൂനെ, ഷിര്‍ദി, ബെംഗളൂരു എന്നിവിടങ്ങളിലായി യാത്രക്കിടയില്‍ എനിക്ക് അസുഖം വരികയും പൂനെയില്‍ കഴിയുമ്പോള്‍ സമയം ഉള്ളതുകൊണ്ട് ഞങ്ങള്‍ ധാറില്‍ പോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഉടന്‍ തന്നെ ശ്രീ നാദാനന്ദജിയെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഞങ്ങളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തു. പക്ഷെ അദ്ദേഹം എന്നെ ഒരുപാടു ചിട്ടകളും ആവശ്യങ്ങളും ഉള്ള മറ്റൊരു സന്യാസിയായ മോഹന്‍ജിയാണെന്ന് തെറ്റിദ്ധരിച്ചതുപ്രകാരം അവിടെ താമസിപ്പിക്കുന്നതിനു വിമുഖത കാട്ടിയിരുന്നു. എന്നാല്‍ അത് മറ്റൊരാളാണ് എന്നും എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു നിര്‍ബന്ധവും തന്നെ ഇല്ല എന്നും അറിയിക്കുകയും തെറ്റിദ്ധാരണ മാറുകയും ചെയ്തത് പ്രകാരം ഞങ്ങള്‍ അഞ്ചു പേരും അദ്ദേഹത്തെ ധാറില്‍ ചെന്നു കാണുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

സ്വന്തം ഭവനത്തിലെക്കുള്ള യാത്ര പോലെയായിരുന്നു അത്. വളരെ ഊഷ്മളവും സ്‌നേഹപൂര്‍ണ്ണവുമായ പെരുമാറ്റം അദ്ദേഹത്തിനു സ്വതസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ വദനത്തില്‍ മുഴുവന്‍ സ്‌നേഹവും പരിചിതഭാവവും തുളുമ്പിയിരുന്നു. ‘എന്തിനു വേണ്ടിയാണ് നീ എന്നെ തേടിയത്’ അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘എനിക്കറിയില്ല സ്വാമിജി! യാതൊരു പ്രത്യേക ഉദ്ദേശവും എനിക്കില്ല, എനിക്ക് താങ്കളെ കാണണം എന്ന് അതിയായ ആഗ്രഹം തോന്നി. അങ്ങനെയാണ് ഇവിടെ എത്തിയത്. എനിക്ക് മറ്റൊന്നും തന്നെ വേണ്ട’. സ്വാമിജി ഇങ്ങനെ മറുപടി പറഞ്ഞു ‘അമ്മ വൈകാതെ എന്നോടു പറഞ്ഞു തരും നിങ്ങള്‍ എന്തിനു വേണ്ടിയാണ് ഇവിടെ വന്നത് എന്ന്’. ജഗദ്മാതാവായ ദേവി പരാശക്തിക്കും കൊല്ലൂര്‍ മൂകാംബികാ വനത്തില്‍ കഴിഞ്ഞിരുന്ന തികഞ്ഞ അവധൂതയും തന്റെ സദ് ഗുരുവുമായ താരാമായ്ക്കും അദ്ദേഹം സ്വയം സമര്‍പ്പിതനായിരുന്നു.

അവധൂത സന്യാസികള്‍ ഒരിക്കലും തങ്ങളുടെ ശരീരത്തെക്കുറിച്ച് വ്യാകുലപ്പെടാറോ ശ്രദ്ധിക്കാറോ ഇല്ല. എല്ലാം ത്യജിച്ച ഒരു ജീവിതമാണ് അവര്‍ നയിക്കുക. ഭക്ഷണം കിട്ടിയാല്‍ മാത്രം കഴിക്കുന്ന അവര്‍ കിട്ടിയ ഭക്ഷണം തന്നെ വിശന്നിരിക്കുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വീതിച്ചു കൊടുത്ത് അതില്‍ സന്തോഷവും ആത്മനിര്‍വൃതിയും കാണും. ചൂടും തണുപ്പും അവര്‍ വകവെക്കാറില്ല. എല്ലായ്‌പ്പോഴും പരമാത്മാവില്‍ ലയിച്ചിരിക്കുന്ന അവര്‍ ചെയ്യുന്ന ഓരോ പ്രവൃത്തികളും ആ പരമശക്തിയുടെ ഇഛാനുസരണം മാത്രമായിരിക്കും. കര്‍മ്മ ബന്ധങ്ങളെ കൈവെടിഞ്ഞു അവധൂത അവസ്ഥ കൈവരിച്ച അവര്‍ ചെയ്യുന്ന ഒരു പ്രവൃത്തിയും അവരെ ഒരുതരത്തിലും ഒന്നുമായും ബന്ധിക്കുന്നുമില്ല.

കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ച് പൊതുജനങ്ങളില്‍ നിന്നും അകന്ന്! അലഞ്ഞുതിരിഞ്ഞു ജീവിക്കുന്ന പ്രകൃതമായതു കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ഇവരുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ വലിയ പ്രയാസമായിരിക്കും. ഇവരെ കണ്ടാല്‍ ഒരു യാചകനോ ഭ്രാന്തനോ ആണെന്നെ തോന്നുകയുള്ളൂ. ദിവസങ്ങളോളമോ അതോ തീരെ തന്നെ കുളിക്കാതെ കഴിയുന്ന ഇവരുടെ ദേഹത്തില്‍ ഒരിക്കലും ദുര്‍ഗന്ധം ഉണ്ടാവാറില്ല എന്നുമാത്രമല്ല ചിലരുടെ ദേഹത്തുനിന്നും വളരെ ദിവ്യമായ സുഗന്ധം വമിക്കാറുമുണ്ട്. ഒരിക്കലും ഒരു പാഴ് വാക്ക് അവരില്‍ നിന്ന് ഉണ്ടാകാറില്ല. പ്രകൃതിക്ക് അതീതരായ അവര്‍ക്ക് വേണ്ടുന്നതെല്ലാം സ്വതസിദ്ധമാണ്. അനര്‍ഹരും അപക്വമതികളുമായ ആരെയും അവര്‍ അടുപ്പിക്കാറില്ല. അവര്‍ പറയുന്ന വാക്കുകള്‍ എപ്പോഴും സത്യമായി ഭവിക്കും. കേള്‍ക്കുന്നരുടെ ജീവിതവും കര്‍മ്മമണ്ഡലം പോലും മാറ്റിമറിക്കാന്‍ ശക്തിയുള്ളതായിരിക്കും അവരുടെ ഓരോ വാക്കുകളും. അവരെ ദ്രോഹിക്കാന്‍ മുതിരുന്നവര്‍ക്ക് ആ ദുഷ്പ്രവൃത്തിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്നത് തീര്‍ച്ചയാണ്. താരതമ്യം ചെയ്യാനാവാത്തത്ര ദിവ്യശക്തിയുള്ള അവരുടെ ഓരോ വാക്കുകളും ലോകത്തിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ്, മാത്രമല്ല ആ ഉത്തമമായ നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ ദൈവനിശ്ചയവുമാണ്.

ഈ കാരണത്താല്‍ തന്നെ യോഗ്യതയുള്ളവര്‍ക്കു മാത്രമേ ഇത്തരത്തിലുള്ളവരെ വേര്‍തിരിച്ച് കാണുവാനും മനസ്സിലാക്കുവാനും കഴിയുകയുള്ളൂ.അവധൂത നാദാനന്ദജി ഇതില്‍ നിന്നൊക്കെ കുറച്ച് വ്യത്യസ്തനാണ്. വീടുകളില്‍ താമസിച്ച് ഒരുപാടു സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു. അശരണസേവനത്തിലൂടെയാണ് അദ്ദേഹം ലോകത്തോട് സംവദിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം സേവനത്തിനായി ഉഴിഞ്ഞുവച്ചിരിക്കയാണ്. സ്വയം തിരഞ്ഞെടുത്ത വ്യത്യസ്ത പ്രദേശങ്ങളില്‍ താമസിച്ച് നല്ലവരായ ജനങ്ങളെ സംഘടിപ്പിച്ച് അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി അവരെ സേവന സന്നദ്ധരാക്കി മാറ്റുകയും പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും രോഗികള്‍ക്ക് മരുന്നുകളും നല്‍കി അശരണരെ ശുശ്രൂഷിക്കാന്‍ പ്രാപ്തരാക്കുന്നു. വളരെ കൗതുകകരവും പ്രാധാന്യവുമായ ഒരുകാര്യം എന്തെന്നാല്‍ പലപ്പോഴും പാവപ്പെട്ടവര്‍ക്ക് ദാനമായി നല്‍കുന്ന ഭക്ഷണങ്ങള്‍ അദ്ദേഹം നേരിട്ട് തന്നെ പാചകം ചെയ്യുന്നു എന്നതാണ്. പാത്രങ്ങള്‍ കഴുകാനും വൃത്തിയാക്കുവാനും മറ്റുള്ളവരോടൊപ്പം അദ്ദേഹവും സജീവമാണ്. ഇതുകൂടാതെ ഹോമങ്ങളും പൂജകളും നടത്താന്‍ അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു. ഇത്തരത്തില്‍ പല പ്രവൃത്തികളില്‍ അദ്ദേഹം വ്യാപൃതനായി എല്ലാവര്‍ക്കും തോന്നുമെങ്കിലും എല്ലാത്തില്‍ നിന്നും ബന്ധനമുക്തനായിട്ടാണ് അദ്ദേഹം കഴിയുന്നത്.

ഞങ്ങള്‍ അവിടെ എത്തിയതിന്റെ അടുത്ത ദിവസം ‘ദത്താത്രയ ജയന്തി’യാണ്. ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങളോടും സ്വാമിജി ആവശ്യപ്പെട്ടു. പത്തായപ്പുരയ്ക്ക് അടുത്തായി വളരെ ലളിതമായ ഒരു താമസസൗകര്യം എല്ലാവര്‍ക്കും സ്വാമിജി ഏര്‍പ്പാട് ചെയ്തു. അതിരാവിലെ നടന്ന ഹവനത്തിലും പൂര്‍ണ്ണആഹുതിയിലും പങ്കെടുത്ത ഞങ്ങള്‍ക്ക് അത് വളരെ നല്ല ഊര്‍ജ്ജം പകര്‍ന്നു കിട്ടിയ അനുഭവമായിരുന്നു. ദിവസം മുഴുവന്‍ സംഗീതവും നൃത്തവും ചേര്‍ന്നുള്ള ആഘോഷമാണ് നടന്നത്. പൂജാക്ഷേത്രത്തില്‍ ശ്രേഷ്ഠരായ സംഗീതജ്ഞര്‍ വന്നു ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ആലപിച്ചു. നേരത്തെ ശ്രീ നാദാനന്ദജിയുടെ ഭാവസാന്ദ്രമായതും ശക്തിദായകവുമായ ഭജനയും ഉണ്ടായിരുന്നു. സ്വയം മറന്നു നൃത്തമാടിയ അദ്ദേഹം എന്നെക്കൂടെ ആ നൃത്തത്തില്‍ പങ്കാളിയാക്കി. അനിതരസാധാരണമായ സ്‌നേഹത്തോടെയായിരുന്നു അദ്ദേഹം ഞങ്ങളോടെല്ലാവരോടും ഇടപെട്ടിരുന്നത്. ഒരു ദൈവിക നിയോഗത്താലെന്നപോലെ ഇതിനിടയില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഒരു സ്വീകരണം ഏര്‍പ്പാട് ചെയ്യുകയും എന്നെ ഒരു ഷാള്‍ പുതപ്പിച്ച് ആദരിക്കുകയും ഒരു ‘ശ്രീ ചക്ര’ യന്ത്രം സമ്മാനിക്കുകയും ചെയ്തു. കൂടാതെ അവിടെ പങ്കെടുത്ത ജനങ്ങള്‍ക്കെല്ലാം ഞങ്ങളെ അദ്ദേഹം പരിചയപ്പെടുത്തുകയും ഞങ്ങളുടെ വിവിധ കര്‍മ്മപദ്ധതികളെക്കുറിച്ച് വിവരിച്ചു കൊടുക്കുകയും ചെയ്തു.

പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങള്‍ക്ക് പൂനെയില്‍ പോകേണ്ടതുള്ളതുകൊണ്ടും പോകുന്ന വഴി ഷിര്‍ദിയില്‍ ഇറങ്ങി അവിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിജി ശ്രീ ഗണേശാനന്ദ ഗിരിയെ കാണേണ്ടതുള്ളതുകൊണ്ടും വൈകീട്ട് തന്നെ ശ്രീ അവധൂത നദാനന്ദജിയോട് യാത്ര പറയുകയും പൂനെയില്‍ എത്തിയാല്‍ ഫോണില്‍ ബന്ധപ്പെടാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സ്വന്തം പിതാവിനോടോ, പിതാമഹനോടോ വേദനയോടെ യാത്ര പറയുന്ന അനുഭവമായിരുന്നു അത്. ഇത് മനസ്സിലാക്കിയ അദ്ദേഹം എന്റെ പുറത്തുതട്ടി ഇങ്ങനെ പറഞ്ഞു ‘മോഹന്‍ജി, ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും., ഞാന്‍ നിങ്ങളുടെ ഒപ്പം തന്നെ ഉണ്ട്’. ഈ വാക്കുകള്‍ ഒരു അസ്ത്രം കണക്കെ എന്റെ ഉള്ളില്‍ തുളഞ്ഞു കയറിക്കിടന്നു. ഒരു അവധൂത സന്യാസി ഒരിക്കലും പാഴ്‌വാക്ക് പറയുകയില്ല. അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് അത് തന്നെയാണ് പറഞ്ഞിരിക്കുന്നതും. ഈ യാത്രയുടെ ഉദ്ദേശലക്ഷ്യം തന്നെ ഇത്തരത്തില്‍ ഒരു ബന്ധം സ്ഥാപിക്കപ്പെടാനായിരിക്കും.

ജന്മബന്ധങ്ങളും ശരീരബോധവും വെടിഞ്ഞ ആ ഗുരുവര്യന്‍ ‘ഞാന്‍’ എന്ന്! പറയുമ്പോള്‍ അത് ഏകം അല്ല, മറിച്ച് ഗ്യാന്‍ഗഞ്ചിലെ മുഴുവന്‍ ഗുരുക്കന്മാരേയും പ്രതിനിധാനം ചെയ്യുന്നതും അവരുടെയും ദേവി പരാശക്തിയുടെയും ഭഗവാന്‍ ദത്താത്രേയന്റെയും അനുഗ്രഹം കൂടി ലഭിച്ചിരിക്കുകയാണ്. എനിക്കറിയാം എന്റെ ഭാവി ജീവിതത്തില്‍ ഇത് തീര്‍ച്ചയായും അനുഭവപ്പെടുമെന്നും ഒരുപാടു ആശ്വാസമേകുമെന്നും. ഞങ്ങള്‍ യാത്ര പറയുമ്പോള്‍ ‘മില’ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. തീര്‍ച്ചയായും സ്വന്തം വീട്ടില്‍ എത്തിയ ഭാവമായിരുന്നു കുഞ്ഞു മിലക്ക് പോലും അവിടെ അനുഭവപ്പെട്ടത്. ഞാന്‍ എന്റെ ഭാര്യ ‘ദേവി’ യോട് ഇങ്ങനെ പറഞ്ഞു ‘ഒന്ന് ആലോചിച്ച് നോക്ക് ! മില എത്ര ഭാഗ്യവതിയാണ്. ഈ ചെറുപ്രായത്തില്‍ തന്നെ എത്രയോ മഹാത്മാക്കളെ ഇവള്‍ കണ്ടുമുട്ടിയിരിക്കുന്നു. ഈ പ്രായത്തില്‍ ഞങ്ങള്‍ക്ക് എപ്പോഴെങ്കിലും ഈ അവസരം ലഭിച്ചിരുന്നോ ? ഉണ്ടെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തന മണ്ഡലം എന്തായിരുന്നിരിക്കാം’.

അവധൂത നാദാനന്ദജി അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും പാലക്കാട്ട് ഉള്ള എന്റെ മതാപിതാക്കളുടെ വിലാസത്തില്‍ അയച്ചിരുന്നു. ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ അവിടെ കാണാന്‍ കഴിഞ്ഞു. എന്റെ കൈകള്‍ നേരെ അദ്ദേഹത്തിന്റെ ആത്മകഥയിലേക്ക് തിരിഞ്ഞു. പരിപൂര്‍ണ്ണ സത്യത്തിന്റെ രണ്ടു പുസ്തകങ്ങള്‍ .
അവധൂത നദാനന്ദ. മനുഷ്യന്‍ പ്രലോഭനങ്ങള്‍ നിര്‍ബ്ബന്ധബുദ്ധി ദൃഢനിശ്ചയം ദൈവകൃപ ലക്ഷ്യം ദുരിതം ഗുരുക്കന്മാര്‍. അദ്ദേഹത്തിന്റെ ആത്മകഥ നിറയെ സൂര്യപ്രകാശം പോലെ സത്യം. മാത്രമല്ല അത് മുഴുവന്‍ അദ്ദേഹം അനുഭവിച്ചതുമാത്രമാണ്. സ്വന്തം കാര്യസാധ്യത്തിനായും ലൗകിക അഭിവൃദ്ധിക്കുവേണ്ടിയും തന്നെ ബന്ധപ്പെടുന്ന അവസരവാദികള്‍ നിറഞ്ഞ ഈ ലോകത്ത് തന്നെക്കുറിച്ച് യാതൊരു വിവരവും തന്നെ അദ്ദേഹം മറച്ചു വച്ചിട്ടില്ല. മറിച്ച് അദ്ദേഹം അഗാധമായി വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്തവരില്‍ നിന്നും അവഗണനയും വിശ്വാസവഞ്ചനയും ഏല്‍ക്കേണ്ടി വന്നിട്ടുമുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ ദുഖങ്ങളും രോഗങ്ങളും ഏറ്റെടുത്ത് സ്വയം രോഗപീഡിതനായി മാറിയിട്ടുണ്ട്. മരണത്തില്‍ നിന്നുപോലും അദ്ദേഹം ചിലരെ രക്ഷിക്കുകയും എന്നാല്‍ പിന്നീട് അവര്‍ ഇദ്ദേഹത്തെ അവഗണിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരുപാട് യാതനകളും പലതരത്തിലുള്ള അപവാദപ്രചാരണങ്ങളും ഇദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഗ്യാന്‍ഗഞ്ചിലെ ഗുരുക്കന്മാരുടെയും തന്റെ ഗുരു താരാമായുടെയും അനുഗ്രഹത്താല്‍ എല്ലാം തരണം ചെയ്ത് അവധൂതപാരമ്പര്യത്തെ അദ്ദേഹം നിലനിര്‍ത്തിപോരുന്നു.

ആ ആത്മകഥ മുഴുവന്‍ സത്യസന്ധത നിറഞ്ഞു നില്‍ക്കുന്നു. ലാളിത്യമാണ് അതിന്റെ മുഖമുദ്ര. അനിതരസാധാരണമായ വിനയമാണ് ഒരു ശ്രേഷ്ഠനായ സന്യാസിയുടെ ഗുണം. അത് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ മുഴുവന്‍ കാണാവുന്നതാണ്. ഒന്നും തെളിയിക്കപ്പെടാന്‍ ഒട്ടും തൃഷ്ണയില്ലാത്ത നിറഞ്ഞു നില്‍ക്കുന്ന വിനയം. അദ്ദേഹത്തിന്റെ പല യാത്രകളും അനുഭവങ്ങളും ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത് പലര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്തത്ര അഗാധമായതാണ്. അതില്‍ ചിലത് ചിന്തകള്‍ക്ക് പോലും അതീതമായതും സ്വപ്‌നസദൃശ്യവുമാണെന്നു തോന്നിപ്പോകും.

ഒരു സാധാരണ മനുഷ്യന് ഒരിക്കലും ആലോചിക്കാന്‍ പോലും ആവാത്തത്ര അദൃശ്യമായതും പവിത്രമായതുമായ ആത്മീയതയുടെ ലോകത്തിലേക്ക് ഇന്ന് കാണുന്ന ലൗകിക ജീവിതത്തിലെ എല്ലാ വികാരവിചാരങ്ങളെയും മറികടന്നു മുങ്ങിത്താഴ്ന്നിരിക്കുന്ന ഒരു സന്യാസിയാണ് അവധൂത നാദാനന്ദജി. അവധൂത നാദാനന്ദജി ഒരു പരിവ്രാചക സന്യാസിയാണ്. കയ്യില്‍ പണം കരുതാതെ, താമസിക്കാന്‍ സ്വന്തമായി വീടില്ലാതെ, മുന്‍കൂട്ടി ലക്ഷ്യം കാണാതെ സഞ്ചരിക്കുന്ന ഒരു പരിവ്രാചകന്‍. അദ്ദേഹം ദേവി മൂകാംബികയെ നേരില്‍ ദര്‍ശിക്കുകയും ദേവിയുടെ അനുഗ്രഹത്താല്‍ സ്വന്തം സദ്ഗുരുവായ ശ്രീ താരാമായിയെ കണ്ടെത്തുകയും ചെയ്തു. തന്റെ ഗുരുവില്‍ സര്‍വ്വസ്വവും സമര്‍പ്പിച്ച അദ്ദേഹത്തിനു വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി അനുഗ്രഹിച്ച് ആ സദ്ഗുരു തന്റെ ശിഷ്യനെ അവധൂതപരമ്പരയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നു. ഒരിക്കലും ആരോടും ഭക്ഷണം യാചിക്കരുത് എന്ന നിര്‍ദ്ദേശം ഗുരു താരാമായി തന്റെ ശിഷ്യന് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം ആരെങ്കിലും കൊടുത്താല്‍ മാത്രം അദ്ദേഹം കഴിക്കും.

ലൗകികസുഖങ്ങള്‍ ഒരിക്കലും ആഗ്രഹിക്കാത്ത അദ്ദേഹം ആചാരങ്ങളിലോ ചിട്ടകളിലോ ഒരിക്കലും ബന്ധിതനായിട്ടില്ല. അറിയുന്നതും സുവ്യക്തമായാതുമായ തലം മുതല്‍ അറിയാത്തതും ഒരിക്കലും അറിയപ്പെടാനിടയില്ലാത്തതുമായ ഒരുപാടു വിഷമം പിടിച്ച പാതകളില്‍ അദ്ദേഹം കയറിയിറങ്ങിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിനു മുമ്പ് ഗുരു താരാമായി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു ‘ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാവും മാത്രമല്ല നിനക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ അതാത് സമയത്ത് ഞാന്‍ നിനക്ക് എത്തിച്ചു തരുന്നതാണ്’. ഗുരുവിന്റെ ഈ വാഗ്ദാനമാണ് അദ്ദേഹത്തെ തന്റെ പിന്നീടുള്ള പ്രയാണത്തിനു പ്രാപ്തനാക്കിയതും ധൈര്യം നേടിക്കൊടുത്തതും. ചിലര്‍ വഞ്ചിക്കുമ്പോള്‍ മറ്റു ചിലര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. അങ്ങിനെ ചിലപ്പോള്‍ ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ വകഞ്ഞുമാറ്റുന്നത് പോലെ ശ്രീ നാദാനന്ദജിയും തന്റെ ജീവിതത്തില്‍ ഒരുപാടു വഴിത്തിരുവുകള്‍ നേരിട്ടുകൊണ്ടിരുന്നു.

ഗുരുവിന്റെ ഉപദേശം നിരുപാധികം സ്വീകരിക്കുന്ന ഏതൊരു ശിഷ്യനും തന്റെ ആത്മീയ യാത്രയില്‍ വിജയം മാത്രമേ ഉണ്ടാവുകയുള്ളൂ. ഗുരു തന്റെ ശിഷ്യനുമേലെ സംരക്ഷണത്തിന്റെ ഒരു വലിയ കുട പിടിച്ചിരിക്കുകയാണ്. ശ്രീ നാദാനന്ദജിയുടെ യാത്രകളില്‍ അത്യാവശ്യഘട്ടങ്ങളില്‍ എല്ലാം തന്റെ ഗുരുവിന്റെ സംരക്ഷണം ലഭിച്ചതായി കാണാം. അദ്ദേഹം ലൗകിക ജീവിതത്തിന്റെ കെണികളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും അകന്നു കഴിയുകയും പലപ്പോഴും കഠിനമായ ഹിമാലയപര്‍വതപ്രദേശങ്ങളില്‍ വിധിയോടു മല്ലടിച്ച് കൊണ്ടാണ് തന്റെ യാത്ര തുടര്‍ന്നിരുന്നത്.
അതികഠിനമായ തണുപ്പുള്ള ഹിമാലയ പര്‍വ്വതപ്രദേശം! ഏത് സമയവും എന്തും സംഭവിക്കുന്ന കാലാവസ്ഥ! സുഖസൗകര്യങ്ങളോ, പരിരക്ഷയോ ഒട്ടും ഇല്ലാത്ത സ്ഥലങ്ങള്‍ ! മുന്നില്‍ വരുന്ന വിധിയെ കൈനീട്ടി സ്വീകരിക്കാന്‍ മാത്രം കഴിയുന്ന ഇടം. പക്ഷെ ഗുരുവിലുള്ള ആത്മാര്‍ഥമായ വിശ്വാസവും സമര്‍പ്പണവും മാത്രം മതി ഈ തടസ്സങ്ങളെ ജ്വലിപ്പിക്കുന്ന ഊര്‍ജ്ജം ലഭിക്കാന്‍. ബാക്കിയെല്ലാം നശ്വരമാണ്. ഇതാണ് ശ്രീ നാദാനന്ദജിയുടെ സഞ്ചാരമാര്‍ഗ്ഗം.

ദിവസങ്ങളോളം അദ്ദേഹം നടന്നു. വിശപ്പും ദാഹവും മൂലം ക്ഷീണിതനായി വീഴുന്നു. സത്യം തേടിയുള്ള യാത്ര. പലപ്പോഴായി തളര്‍ന്നു വീണിട്ടും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ സാവധാനം എഴുന്നേറ്റ് പിന്നെയും തന്റെ യാത്ര തുടര്‍ന്നു. ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പോലും ആവാത്തത്ര ദീര്‍ഘവും ഏകാന്തവുമായ ഒരു യാത്രയായിരുന്നു അത്. തന്റെ ആത്മാവിനുള്ളില്‍ ആ പരമസത്യം തിളങ്ങി നില്‍ക്കുന്നത് അദ്ദേഹത്തിനു അറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് താന്‍ ലക്ഷ്യത്തില്‍ എത്തിച്ചേരും എന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ശരീരത്തിനു പലപ്പോഴും ശക്തിക്ഷയം സംഭവിച്ചിരുന്നുവെങ്കിലും മനസ്സ് ശക്തവും ശുഭപ്രതീക്ഷ നിറഞ്ഞതുമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം ദൃഢവും ഇളക്കം തട്ടാത്തതുമായിരുന്നു.

അദൃശ്യമായ കരുണയുള്ള കൈയുടെ രൂപത്തില്‍ ഗുരു തന്റെ ഒപ്പം തന്നെ നടക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അപ്രതീക്ഷിതമായി ലഭിക്കുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും രൂപത്തില്‍ ഗുരു തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വളരെ മോശമായ കാലാവസ്ഥയില്‍ താമസ സൗകര്യം ഒരുക്കികൊടുത്തും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേര്‍വഴി കാണിച്ചും ഗുരു തന്റെ ശിഷ്യനെ സംരക്ഷിച്ചു കൊണ്ടിരുന്നു. ഗുരുവിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഒരു ആന്തരിക ആശയവിനിമയ വലയം കണക്കെ അതാത് സമയത്ത് ശിഷ്യന്റെ മനസ്സിന്റെ ഉള്ളില്‍ നിന്ന് തന്നെ തീരുമാനങ്ങളായി പുറത്ത് വന്നിരുന്നു. ഒരു ഗുരുവിന്റെയും ശിഷ്യന്റെയും മനസ്സ് തമ്മില്‍ ബന്ധിപ്പിക്കുന്ന ആ ആശയവിനിമയ സംവിധാനം അത്രമാത്രം വിശ്വസനീയമാണ്.

തന്റെ ഗുരു അവധൂതനെ ഇങ്ങനെ വഴികാട്ടുന്നു. നടന്നു കൊണ്ടേയിരിക്കുക.. ആരില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്.. സഹായം നിന്നെ നശിപ്പിക്കും. എന്തും ആ സമയത്തെ ആവശ്യത്തിന് വേണ്ടി മാത്രം എടുക്കുക. ഒരിക്കലും ഒന്നും സംഭരിച്ച് വെക്കരുത്. വിശക്കുമ്പോള്‍ ഗുരുകൃപയാല്‍ ഭക്ഷണം കിട്ടുമെന്ന് കരുതുക അഥവാ കിട്ടിയില്ലെങ്കില്‍ അന്ന് സ്വമേധയാ പട്ടിണി കിടക്കുക. പല സ്ഥലങ്ങള്‍, ഹിമാലയ പര്‍വ്വത സാനുക്കള്‍, ഇതിനിടയില്‍ പലതരം ആളുകളെ അറിയുന്നു. നല്ലതും ചീത്തയും, കരുണയുള്ളതും, അവസരവാദികളും എന്നുവേണ്ട പലതരത്തിലുള്ളവര്‍ വരുന്നു, പോകുന്നു. ചിലര്‍ താമസിക്കുന്നു ചിലര്‍ ഇനി ഒരിക്കലും തിരിച്ചു വരാത്തവണ്ണം മറഞ്ഞു പോകുന്നു. ഇത് ആണ് അവധൂതന്റെ കഥ.

Swamiiiiiiiiiiiiiiii111ഒരു അവധൂതന്റെ ആത്മകഥ നമ്മെ ഒരു സാധാരണ ജീവിതം നയിക്കുന്ന മനുഷ്യന്റെ മനസ്സിലൂടെ കൊണ്ടുപോയി കരുത്തുറ്റ ഒരു ആത്മീയവാദിയെയും , ഒരു നിര്‍ബന്ധബുദ്ധിക്കാരനെയും, ഒരു അതിമാനുഷനെയും, തന്റെ ഗുരുവിനോട് തിരിച്ച് ‘എന്തിന്’ എന്ന് ഒരിക്കലും ചോദ്യം ചെയ്യാത്ത കറകളഞ്ഞ ശിഷ്യനെയും കാട്ടിത്തരുന്നു. ശുദ്ധനും പാവവുമായ ഒരു അവധൂത സന്യാസിയെ വിഷമം കൂടാതെ വഞ്ചിക്കുന്ന കപടവേഷക്കാരെയും നമുക്ക് കാണാം. കൂടാതെ പരമമായ ദിവ്യശക്തിയെ പകല്‍ വെളിച്ചത്തിലെന്നപോലെ നമുക്ക് അത് മനസ്സിലാക്കിത്തരുന്നു. അമ്മ മൂകാംബികാദേവി തന്നെ സ്വയം ഒരു മഹായോഗിയുടെ രൂപം ധരിച്ച് അദ്ദേത്തിന്റെ ഗുരുവായി വഴികാട്ടുന്നു.



ജന്മഭൂമി

No comments: