Sunday, April 23, 2017

സഹനം സര്‍വ്വ ദു:ഖാനാം അപ്രതികാര പൂര്‍വ്വകം. നിശ്ചയ ദാര്‍ഢ്യത്തോടെ, യാതൊരു പ്രതികാരബുദ്ധിയുമില്ലാതെ, എന്നിലേക്ക്‍ വന്നുചേരുന്ന വിപരീത ഭാവനകളെ എല്ലാം സാക്ഷിരൂപേണ ദര്‍ശിച്ച്‍ മുന്നോട്ട്‍ പോവുക. സ്വ-ധര്‍മ്മാനുഷ്ഠാനത്തിന്‌ അനുഗുണമായതിനെ സ്വീകരിച്ച്‍ അതെല്ലാം അനുഷ്ഠിക്കുക. ബാഹ്യമായി ഒരു ശക്തിക്കും എന്നെ അശാന്തനാക്കാനോ ദു:ഖിപ്പിക്കാനോ സുഖിപ്പിക്കാനോ സാധ്യമല്ല. ഞാന്‍ അശാന്തനാകുന്നതും ദു:ഖിക്കുന്നതും സുഖിക്കുന്നതും എന്നില്‍ത്തന്നെ ഉള്ള എന്റെ മിത്രങ്ങളാകുന്ന വിവേകം വൈരാഗ്യം ആത്മനിയന്ത്രണം ശാന്തി ഇത്യാദികളുടെ സഹായത്താലാണ്‌. ഞാന്‍ ദു:ഖിക്കുന്നുവെങ്കില്‍ എനിക്ക്‍ മിത്രങ്ങള്‍ ഇല്ലാ എന്നാണര്‍ത്ഥം. ആത്മൈവ ആത്മനാ ബന്ധു ആത്മൈവ രിപുരാത്മന എന്ന പ്രമാണത്തില്‍, അനുകൂലമോ പ്രതികൂലമോ സമ്യക്കോ ആയ ഏത്‍ നക്ഷത്രക്കാരാണെങ്കിലും അതൊന്നും എന്നെ ചഞ്ചലപ്പെടുത്തില്ലല്ലൊ. നക്ഷത്രത്തിന്റെ ശക്തിയൊക്കെ ഈ ശരീരത്തിനെയാണ്‌ ബാധിക്കുന്നത്‍. എല്ലാ നക്ഷത്രങ്ങളെയും പ്രകാശിപ്പിക്കുന്നതും സ്വയം തിളങ്ങുന്നതും വിളങ്ങുന്നതുമായ ദേവാധിദേവന്‍ എന്റെ അന്തക്കരണത്തില്‍ അമിതപ്രഭാവത്തോടും അനുപമ പ്രതിഭയോടും കോടിസൂര്യസമപ്രഭയോടും കൂടി കുടികൊള്ളുമ്പോള്‍, അസ്പഷ്ടം ദ്ര്‌ഷ്ടമാത്രേ പുനരുരു പുരുഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം തത്താവദ്‍ഭാതി സാക്ഷാത്തായി വിളങ്ങുമ്പോള്‍ ഏത്‍ നക്ഷത്തിനാണ്‌ ഒരു പ്രതികൂലഭാവം ഉണ്ടാവുക. ആ പ്രതികൂല നക്ഷത്രക്കാരില്‍നിന്ന്‍ വരുന്ന വാക്ക്‍ കര്‍മ്മം ഇത്യാദികളെ കേട്ടും കണ്ടും മനനം ചെയ്യുക. ഇതെല്ലാം എന്നിലേക്ക്‍ വരേണ്ടതായിരുന്നു, അല്പം വൈകിയിട്ടാണെങ്കിലും അത്‍ ഇന്ന്‍ വന്നുവല്ലൊ. എന്റെ ഇന്നലെകളില്‍ ഞാന്‍ തന്നെ തൊടുത്തുവിട്ട അമ്പുകളാണ്‌, വാക്കുകളാണതൊക്കെ, ഞാന്‍ തന്നെ ചെയ്ത്‍കൂട്ടിയ കര്‍മ്മങ്ങളാണ്‌ അതെല്ലാം. ഇന്ന്‍ അത്‍ എന്നിലേക്കുതന്നെ തിരിച്ചുവരുന്നു, തിരിച്ചുവന്നു, അത്രയേഉള്ളു. അത്രയും എന്റെ പാപം ഒടുങ്ങി, ഞാന്‍ അത്രയും ശുദ്ധമായി. ഇനി അത്‍ അനുഭവിക്കണ്ടല്ലൊ. ഇത്യാദി കുലീന ഭാവനകളെ വളര്‍ത്തിയെടുക്കുക. യുദ്ധ്യസ്വ വിഗതജ്ജ്വര: വിഗതജ്ജ്വരനായി സ്വധര്‍മ്മം അനുഷ്ഠിക്കുക. ഭഗവാനെ അകമെ പ്രതിഷ്ഠിക്കുക. പ്രതികൂല നക്ഷത്രത്തിന്റെ പ്രകാശം സ്വയമേവ എന്നില്‍ത്തന്നെ വിലീനമാകുന്നത്‍ നമുക്ക്‍ സ്വയം വേഗത്തില്‍ അനുഭവത്തില്‍ വരും.vijayanji

No comments: