Monday, April 10, 2017

അമേരിക്കയിലെ പ്രശസ്തമായ വര്‍ജീനിയാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഇയാന്‍ സ്റ്റീവന്‍സന്‍ ചുരുങ്ങിയത് ഒരായിരം പേരുടെയെങ്കിലും പുനര്‍ജന്മത്തെപ്പറ്റി വളരെ ആധികാരികമായി പഠിച്ചിട്ടുണ്ട്. പല ജാതിയിലും മതങ്ങളിലുംപെട്ട മനുഷ്യരുടെ പുനര്‍ജന്മവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നിരവധി ശാസ്ത്രജ്ഞന്മാര്‍ നടത്തിയിട്ടുണ്ട്. ഒട്ടുമിക്ക പഠനങ്ങളും വെളിച്ചം വീശുന്നത് പുനര്‍ജന്മസിദ്ധാന്തത്തിന്റെ സ്വീകാര്യതയിലേക്കാണ്. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുണ്ടാവുന്നു. എന്താണ് വാസ്തവത്തില്‍ പുനര്‍ജനിക്കുന്നത്? പ്രസ്തുത വിഷയത്തില്‍ സ്വാമി വിവേകാനന്ദന്‍ പറയുന്നത് നോക്കുക.
”സാങ്കേതികമായി പറഞ്ഞാല്‍ നമ്മള്‍ വിവിധ മുജ്ജന്മസംസ്‌കാരത്തിലാണ് അഥവാ കര്‍മ്മവാസനകളാലാണ് മരണശേഷം വീണ്ടും ജനിക്കുന്നത്. ഈ വാസനകളുടെ പ്രതികരണമുദ്രകളായി രൂപപ്പെടുന്നത്. മനുഷ്യര്‍ തമ്മിലുള്ള സ്വഭാവവിശേഷങ്ങളിലെ വൈജാത്യവും വൈജ്ഞാനികമായ കഴിവുകളുടെ വ്യത്യാസവും മറ്റും മേല്‍പ്പറഞ്ഞ പുനര്‍ജന്മസിദ്ധാന്തംകൊണ്ടല്ലാതെ, മറ്റൊന്നുകൊണ്ടും വിശദീകരിക്കാനാവുമെന്ന് തോന്നുന്നില്ല. ഈ ലോകത്തിലേക്ക് ഓരോരുത്തരും ജനിച്ചുവീഴുന്നതു മുജ്ജന്മങ്ങളിലെ അനുഭവങ്ങളില്‍ നിന്നുണ്ടായ ഓരോതരത്തിലുമുള്ള അറിവുകളുമായിട്ടാണ്.”
ആധുനിക മനഃശാസ്ത്രം പലതരത്തിലുള്ള അന്തശ്ചോദനകളെക്കുറിച്ചു പറയുന്നു. മനുഷ്യനിലായാലും മൃഗങ്ങളിലായാലും അറിയാതെ ഉണരുന്ന ഈ ചോദനകള്‍ മുന്‍പുണ്ടായിരുന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉണ്ടാകുന്നത്. ഇതു പിറന്നു വീണയുടനെയുള്ള അവസ്ഥയില്‍, മനുഷ്യനിലായാലും മൃഗങ്ങളിലായാലും വളരെ സ്പഷ്ടമാണ്. സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഇത് ആര്‍ക്കും ബോധ്യമാകുന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പുനര്‍ജന്മ സിദ്ധാന്തത്തെയും മുജ്ജന്മസംസ്‌കാരത്തെയും സംശയദൃഷ്ട്യാ വീക്ഷിക്കുന്നവരുടെ എണ്ണവും വിരളമല്ല.
എങ്ങനെയാണ് ഒരു വ്യക്തി മരണശേഷം ഒന്നുമില്ലായ്മയില്‍നിന്ന് അഥവാ ‘ശൂന്യത’യില്‍നിന്ന് വീണ്ടും ജനിക്കുന്നത്? ശരീരമില്ലാതായതിനുശേഷവും വാസനകള്‍ നിലനില്‍ക്കുമെന്നതിന് എന്താണൊരു തെളിവ്? പുനര്‍ജന്മത്തിന്റെ ശാസ്ത്രം അതിസൂക്ഷ്മമാണ്. അതിനാല്‍ത്തന്നെ അതിനെ ശാസ്ത്രബുദ്ധ്യാ മനസ്സിലാക്കുക അതിദുഷ്‌കരവുമാകുന്നു.
‘മുജ്ജന്മസംസ്‌കാര’ത്തിന്റെ തത്വം മനസ്സിലാക്കുന്നതിന് മുന്‍പ് നമ്മള്‍ നിശ്ചയമായും ഒരു വസ്തുത അംഗീകരിക്കേണ്ടതുണ്ട്. മനുഷ്യന് അവന്റെ സ്ഥൂലശരീരത്തിനുമപ്പുറത്ത് ഒരു സൂക്ഷ്മശരീരമുണ്ട്. സ്ഥൂലശരീരം മേല്‍പ്പറഞ്ഞ സൂക്ഷ്മശരീരത്തെ ആശ്രയിച്ചു നില്‍ക്കുന്നതാണ്. ജീവാത്മാവ് നിത്യവും ശാശ്വതവും മരണമില്ലാത്തതും പരമാത്മാവിന്റെ ഭാഗവുമാകുന്നു. ജീവാത്മാവ് കര്‍മ്മഫലഹേതുവായി പല ജന്മങ്ങളെടുക്കുന്നു. ഒരുവന്റെ കര്‍മ്മങ്ങളും അവയുടെ പരിണതഫലങ്ങളായ അനുഭവങ്ങളും കേവലം ഇന്ദ്രിയസംബന്ധിമാത്രമാണെന്നും മരിച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നുംതന്നെ അവശേഷിക്കുന്നില്ലെന്നും ഒരു സാധാരണ മനുഷ്യന്‍ തെറ്റിദ്ധരിക്കുന്നു.
എന്നാല്‍ ഈ വീക്ഷണം ശരിയല്ല. വാസ്തവത്തില്‍ സൂക്ഷ്മശരീരം മുഖേനയാണ് നാം കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും നാനാവിധത്തിലുള്ള കര്‍മ്മങ്ങളനുഷ്ഠിക്കുന്നതുമെല്ലാം. തിരിച്ച്, നമ്മുടെ ഓരോ ചിന്തയും ഓരോ കര്‍മ്മവും അതിന്റെ സ്വഭാവമനുസരിച്ചുള്ള ഓരോ സംസ്‌കാരത്തെ സൂക്ഷ്മശരീരത്തില്‍ അവശേഷിപ്പിക്കുന്നുമുണ്ട്.
സൂക്ഷ്മശരീരത്തിലാകട്ടെ ഈ ജന്മത്തിലെ മാത്രമല്ല, മുന്‍പുള്ള പല ജന്മങ്ങളിലെയും സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സംസ്‌കാരങ്ങല്‍ അഥവാ കര്‍മവാസനകള്‍ സൂക്ഷ്മശരീരം ദ്വാരാ ഒരു ജന്മത്തില്‍നിന്നു മറ്റൊരു ജന്മത്തിലേക്ക് വഹിക്കപ്പെടുന്നു. മരണാനന്തരം ഈ സൂക്ഷ്മശരീരം സ്ഥൂലശരീരത്തെ ഉപേക്ഷിക്കുന്നു. കര്‍മ്മങ്ങളുടെ സൂക്ഷ്മശരീരത്തിലുള്ള അവശേഷിപ്പുകളായ വാസനകളാണ് നമ്മള്‍ വീണ്ടും ജനിക്കാന്‍ കാരണമാകുന്നത്.
അതിസൂക്ഷ്മമാകയാല്‍ ഇതിന് ക്രിയാനിരതമാകാന്‍ ഒരു ഭൗതികോപാധിയുടെ അഥവാ ഉപകരണത്തിന്റെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് അത് ഒരു ഭൗതികശരീരത്തെ ഉപാധിയായി ഓരോ ജന്മത്തിലും സ്വീകരിക്കുന്നത്. കര്‍മവാസനകള്‍ നിശ്ശേഷം നശിക്കുന്നതുവരെ, അതായത് മുക്തി ലഭിക്കുംവരെ നിര്‍ബാധം തുടരുകയും ചെയ്യും. ജന്മഭൂമി: 

No comments: