Monday, April 24, 2017

”യം ലബ്ധ്വാ പുമാന്‍ സിദ്ധോഭവതി
അമൃതോഭവതി തൃപ്‌തോഭവതി.”
എന്തുകിട്ടിയാലാണോ മനുഷ്യന്‍ ലഭിച്ചവനാകുന്നത്. നാശമില്ലാത്തവനാകുന്നത്. തൃപ്തനാകുന്നത് ആ ഭക്തിയെയാണ് ഞാന്‍ വ്യാഖ്യാനിക്കുന്നത്.
ലഭിച്ചു എന്ന തോന്നലും തൃപ്തിയും ഉണ്ടാകുന്നതെപ്പോഴാണ് അവിടെയാണ് നാശമില്ലാത്ത അവസ്ഥയും. വീരഭഗത്‌സിംഗിനെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനിമാര്‍ ഇന്നും ജനമനസ്സുകളിലും രാഷ്ട്ര സ്‌നേഹികളിലുംകൂടി ജീവിക്കുകയാണ്. എന്തു കിട്ടിയപ്പോഴാണ് അവര്‍ ജനഹൃദയങ്ങളില്‍ അമരനായത്. ആ സമര്‍പ്പണബുദ്ധിയെ നമുക്ക് പാഠമാക്കാം.
രാഷ്ട്രഭക്തിയിലെ സമര്‍പ്പണബുദ്ധിയിലാണ് അവര്‍ ഇന്നും ജീവിക്കുന്നത്. മാതൃഭൂമിയെ പരാശക്തിയായിക്കണ്ട് സമര്‍പ്പിച്ചു. ഇതുപോലുള്ള ഭക്തിയുറച്ച് അതില്‍ സമര്‍പ്പണബുദ്ധിയുണ്ടാകുമ്പോള്‍ കിട്ടിയവനായി. അനശ്വരനായി സംതൃപ്തനായി. അത്തരത്തില്‍ ഉറച്ച ഒരു ഭക്തിയാണ് നമുക്കുണ്ടാകേണ്ടത്.
ഭാഗവതത്തില്‍ ഗോപികമാര്‍ ഭഗവത് പ്രാപ്തിക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചിറങ്ങിച്ചെല്ലാന്‍ തയ്യാറായി. വിപ്രന്മാരുടെ യജ്ഞസംരംഭങ്ങളെല്ലാം മറന്ന് വിപ്രപത്‌നിമാര്‍ ഭഗവാനും ഗോപകുമാരന്മാര്‍ക്കുംവേണ്ടി ഭക്ഷ്യവസ്തുക്കളുമായിപ്പോയി. ഇവരില്‍നിന്നെല്ലാം സമര്‍പ്പണബുദ്ധി പഠിക്കാനാരംഭിക്കേണ്ടിയിരിക്കുന്നു.
ലൗകികമായ സിദ്ധികളോ അഷ്‌ടൈശ്വര്യങ്ങളോ അല്ല യഥാര്‍ത്ഥ സിദ്ധി, സമര്‍പ്പണബുദ്ധിയാണ്. നാം ശ്രീഹനുമാനെ അനശ്വരനായി ക്കാണുന്നതെന്തുകൊണ്ടാണ്. വിഭീഷണനേയും മാര്‍ക്കണ്ഡേയനെയും അനശ്വരനാക്കുന്നതെന്താണ്. ബലിയെ മഹാബലിയാക്കിയതേതൊന്നാണ്. ആ സമര്‍പ്പണഭക്തിയെ നമുക്ക് നേടനാവുമോ?


ജന്മഭൂമി:

No comments: