Wednesday, April 12, 2017

പ്രാണായാമം.

ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ഒരു വാക്കാണ് പ്രാണായാമം. ഇത് കേട്ടുകഴിയുമ്പോള്‍ അധികമാളുകളും മനസ്സിലാക്കുന്നത് ഒരു പ്രത്യേക രീതിയിലുള്ള ശ്വാസോച്ഛ്വാസം (a breathing technic)ആണെന്നാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് ഇത് ഒരു breathing technic മാത്രം അല്ല എന്നാണ്. എന്നാല്‍ പിന്നെ എന്താണ്? അതാണ് അടുത്ത ചോദ്യം.
പ്രാണായാമം ഒരു സംസ്‌കൃതവാക്കാണ്. പ്രാണന്‍ എന്നാല്‍ ജീവശക്തി, ആയാമം എന്നാല്‍ നിയന്ത്രണം. പ്രാണശക്തിയുടെമേല്‍ നമുക്കുണ്ടാകുന്ന ഒരു control അഥവാ പ്രാണശക്തിയെ നാം കൈപ്പിടിയിലാക്കുന്ന ഒരു technic അതാണ് പ്രാണായാമം. പ്രാണായാമം ഒരു ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അധീനതയിലുള്ളതല്ല. ഇതിനെല്ലാമതീതമാണ്.
പ്രാണന്‍ എന്നു പറഞ്ഞാല്‍ ജീവശക്തി എന്ന് പറഞ്ഞുവല്ലൊ അതെന്താണ് എന്ന് നോക്കാം. ഒരു ദേഹം പ്രാണനോട് ചേരുമ്പോള്‍ അതിന്ന് ജീവന്‍ വെയ്ക്കുന്നു. എപ്പോള്‍ പ്രാണന്‍ ദേഹം വിട്ടുപോകുന്നുവോ അപ്പോള്‍ ആ ദേഹം മൃതമാകുന്നു. അതുകൊണ്ട് ശരീരത്തെ ചലിപ്പിക്കുന്ന ഒരു ശക്തിവിശേഷമാണ് പ്രാണന്‍. ഈ പ്രക്രിയ ജനനം മുതല്‍ മരണം വരെ നാമറിയാതെ തന്നെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പ്രാണനെ അതിന്റെ പ്രവര്‍ത്തനം (function)അനുസരിച്ച് അഞ്ചായി തരംതിരിച്ചിട്ടുണ്ട്. അതിനെയാണ് പഞ്ചപ്രാണന്‍ എന്നു പറയുന്നത്.
ഇനി പഞ്ചപ്രാണന്‍ ഏതൊക്കെയാണെന്ന് നോക്കാം. ആദ്യത്തേത് പ്രാണന്‍. അതാണ് നമ്മുടെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്നത്. രണ്ടാമത്തേത് അപാനന്‍. നമ്മുടെ ദേഹത്തിലുള്ള അനാവശ്യമായ അഥവാ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള വസ്തുക്കളെ പുറത്തേക്ക് വിസര്‍ജ്ജനം ചെയ്യിക്കുകയാണ് അപാനന്‍ ചെയ്യുന്നത്. മലം, മൂത്രം, വിയര്‍പ്പ് മുതലായ പലതും പുറത്തേക്ക് അയയ്ക്കുന്ന ഒരു യന്ത്രമാണ് അപാനന്‍ എന്നര്‍ത്ഥം. മൂന്നാമത്തേത് വ്യാനന്‍. ശരീരത്തിലെ രക്തധമനിയിലെ രക്തചംക്രമണം ഇദ്ദേഹത്തിന്റെ കയ്യിലാണ്. ഇദ്ദേഹത്തിന്റെ അനാസ്ഥമൂലമാണ് രക്തം കട്ടപിടിക്കുന്നതും ഹൃദയം വികസിക്കുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന് ചിന്തിക്കാന്‍ കൂടി വയ്യാത്ത വിധത്തിലാണ് വ്യാനന്‍ പ്രവര്‍ത്തിക്കുന്നത്. നാലാമത്തേത് ഉദാനന്‍. ഉദാനന്റെ പ്രവൃത്തി ദേഹത്തിന് ചേരാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പുറത്താക്കുക എന്നതാണ്. എന്തെങ്കിലും അപാകമായി അരുതാത്തതായി കഴിച്ചാല്‍ ദേഹത്തിന് അത് പറ്റുകയില്ല. അതിനെ പുറത്തു ചാടിക്കണമെങ്കില്‍ ഉദാനന്റെ സഹായം കൂടിയേ തീരൂ. കൂടാതെ ഉദാനന് വേറൊരു മഹത്കൃത്യംകൂടി ചെയ്യേണ്ടതുണ്ട്. മരണസമയത്ത് പ്രാണനെ ദേഹത്തില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ അവിടെ പിടിയും വലിയും നടത്തും. ആ അവസരത്തില്‍ ഒരു അമ്പയറെപ്പോലെ situation ശാന്തമാക്കുന്നു. പ്രാണന്‍ സമാധാനത്തോടെ സ്ഥിതി ഗതികള്‍ വിട്ടുപോകുന്നു. തന്മൂലം ശാന്തമായ ഒരു മരണം ദേഹത്തിന് കൈവരുന്നു. അഞ്ചാമത്തേത് സമാനന്‍. നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളെല്ലാം ദേഹത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത് ഈ മഹാനല്ലാതെ മറ്റാരുമല്ല. ദഹനേന്ദ്രിയവ്യവസ്ഥ (complete digestive system) ഈ സമാനന്റെ കയ്യിലാണ്.
ഞാനിത്രയും വിശദമായി പഞ്ചപ്രാണന്മാരെ വിവരിച്ചതെന്തിനാണെന്നു വെച്ചാല്‍, ഈ പഞ്ചപ്രാണന്മാരാണ് ആധുനിക വൈദ്യശാസ്ത്രം (medical science)പറയുന്ന complete physiology എന്നറിയിക്കാനാണ്. ഇത് എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ ഋഷിവര്യന്മാര്‍ക്ക് ബോദ്ധ്യപ്പെടുകയും ശാസ്ത്രങ്ങളില്‍ അതിന്റെ പ്രത്യേക പരാമര്‍ശം ഉണ്ടായിട്ടുള്ളതുമാണെന്ന് അറിയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നുന്നില്ലെ? അത്ഭുതത്തോടൊപ്പം ഈ വസ്തുത നമുക്ക് സ്വീകരിച്ചുകൂടെ?
ഈ പറഞ്ഞ പഞ്ചപ്രാണന്മാരുടെ കൃത്യമായ ക്രിയ ഒരു ദേഹത്തില്‍ ഉണ്ടാകുമ്പോള്‍ ആ ദേഹം സമ്പൂര്‍ണ്ണ ആരോഗ്യത്തോടുകൂടിയതായിത്തീരുന്നു. എന്നാല്‍ ഈ പഞ്ചപ്രാണന്മാര്‍ എപ്പോഴാണോ ഉദാസീനരാകുന്നത് അപ്പോഴാണ് നമുക്ക്, ആരോഗ്യം നഷ്ടപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം നാം ചെയ്യുന്ന പ്രാണായാമം നമ്മുടെ ദേഹത്തേയും മനസ്സിനേയും എങ്ങനെ ബാധിക്കുന്നു എന്ന് കാണുവാന്‍. ദേഹത്തിന്റെ ആരോഗ്യം മാത്രമായാല്‍ 100% ആരോഗ്യമാകുകയില്ല. ആരോഗ്യമുള്ള മനസ്സുകൂടി വേണം. മനസ്സും ദേഹവും ദമ്പതിമാരാണെന്ന് പറയാം. പ്രാണായാമം അനുഷ്ഠിയ്ക്കുമ്പോള്‍ എങ്ങനെ അത് മനസ്സിനേയും ദേഹത്തേയും ബാധിക്കുന്നു എന്ന് നോക്കാം.
നമ്മുടെ ശരീരം പഞ്ചകോശങ്ങള്‍കൊണ്ട് നിര്‍മ്മിതമാണ്. ഇവിടെ കോശം എന്നതിന്ന് ആവരണം എന്ന അര്‍ത്ഥത്തില്‍ എടുക്കാം. ഏതൊക്കെയാണ് കോശങ്ങള്‍ എന്ന് നോക്കാം. ആദ്യത്തേത് അന്നമയകോശം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥൂലമായ ദേഹത്തിനെയാണ്. അന്നത്താല്‍ പുഷ്ടി പ്രാപിക്കുന്ന കോശം. ഇത് നമ്മുടെ ഭൗതിക ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു. രണ്ടാമത്തേത് പ്രാണമയകോശം. ഇതാണ് ശക്തികോശം അഥവാ ഊര്‍ജ്ജകോശം. പിന്നെ മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ്.
ഞാനിവിടെ പരാമര്‍ശിക്കുന്നത് അന്നമയകോശം, പ്രാണമയകോശം, മനോമയകോശം എന്നീ മൂന്നു കോശങ്ങളെയാണ്. ഇതില്‍ പ്രാണമയകോശം അന്നമയത്തിന്റേയും മനോമയത്തിന്റേയും ഇടയില്‍ ഒരു സാന്റ്‌വിച്ച് പോലെയാണ് വര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ നാം പ്രാണായാമം ചെയ്യുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ അന്നമയകോശത്തിനും മനോമയകോശത്തിനും തുല്യമായി ലഭിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഭൗതികശരീരത്തേയും അതോടൊപ്പം മനസ്സിനേയും ആരോഗ്യകരമായി പ്രവര്‍ത്തിപ്പിക്കാന്‍ പ്രാണായാമത്തിന് സാധിക്കും. പാശ്ചാത്ത്യര്‍ ഇതിനു കൊടുക്കുന്ന പേര് health under you nose എന്നാണ്. ദേഹവും മനസ്സും സന്തുലിതാവസ്ഥയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു ഉപാധിയാണ് പ്രാണായാമം. ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതാണിത്. പതഞ്ജലി മഹര്‍ഷിയാണ് ഇതിന്റെ പിതാവ്. അദ്ദേഹത്തിന്റെ യോഗശാസ്ത്രമാണ് ഇതിന്റെ അടിത്തറ. പലവിധത്തിലുള്ള പ്രാണായാമത്തിന്റെ പ്രചരണം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെപ്പറ്റിയുള്ള ശരിയായ അറിവ് എല്ലാവരും നേടേണ്ടതാണ്.
ഇത് ഒന്നുകൂടി വിശകലനം ചെയ്യുകയാണെങ്കില്‍ താഴെ പറയുന്നകാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി നമ്മുടെ ദേഹം തന്നെയെടുക്കുക. ഒരാളുടെ ദേഹം മറ്റൊരാളുടെ ദേഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. രാജ്യങ്ങള്‍ തോറും വ്യത്യാസം കണ്ടു വരുന്നുണ്ട്. കാഴ്ചയില്‍ അമേരിക്കക്കാരനും ഇന്ത്യക്കാരനും തികച്ചും ഭിന്നനാണ്. ഇനി നമ്മുടെ മനസ്സ്. ഓരോരുത്തരുടെയും മനസ്സ് വ്യത്യസ്തമല്ലെ? ഒരേ മനസ്സിന് തന്നെ ഓരോ സമയത്തും വ്യത്യാസമില്ലെ? എന്നാല്‍ നാം ശ്വസിക്കുന്ന വായു ഒരേ പ്രാണന്‍ തന്നെ. അമേരിക്കക്കാരനെന്നോ ചൈനക്കാരനെന്നോ ആഫ്രിക്കക്കാരനെന്നോ ഇന്ത്യക്കാരനെന്നോ അതില്‍ വ്യത്യാസമില്ല. അങ്ങനെ ലോകത്തിനെത്തന്നെ ഏകീകരിക്കുന്നതാണ് പ്രാണായാമം. ഇതും പ്രാണായാമത്തിന്റെ സവിശേഷമായ പ്രത്യേകതയാണ്. പ്രാണദൃഷ്ട്യാ എല്ലാവരും തുല്യര്‍. ലോകം മുഴുവനും ഒന്നുതന്നെയെന്ന് ഈ പ്രാണമയകോശം വെച്ച് നമുക്ക് പറയാന്‍ കഴിയും.
സാധാരണഗതിയില്‍ നാം ശ്വസിക്കുന്നത് നമ്മള്‍പോലും അറിയാറില്ല. അതങ്ങിനെ അനസ്യൂതമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ശ്വാസകോശത്തിനോ അല്ലെങ്കില്‍ ഹൃദയത്തിനോ ഉദരത്തിനോ എന്തെങ്കിലും അസുഖം വന്നാല്‍ അപ്പോള്‍ നാം മനസ്സിലാക്കുന്നു ശ്വാസത്തിന്റെ ബുദ്ധിമുട്ട് അല്ലെങ്കില്‍ കിതപ്പ്. ഗര്‍ഭിണികളുടെ കാര്യം എടുത്തുനോക്കൂ - ഗര്‍ഭം ധരിക്കുമ്പോള്‍ അവരുടെ സാധാരണ complaint അല്ലേ കിതപ്പ്? ആരോഗ്യസ്ഥിതിയനുസരിച്ച് ശ്വാസോച്ഛ്വാസത്തിന്റെ വേഗത്തില്‍ വ്യതിയാനം വരും. സാധാരണഗതിയില്‍ നാം നമ്മുടെ ശ്വാസകോശത്തിന്റെ 35-40 ശതമാനം വരെ മാത്രമെ ഉപയോഗിക്കുന്നുള്ളൂ. ഇത്രയും കൊണ്ടുതന്നെ സുഖമായി ജീവിക്കാന്‍ കഴിയും. എന്നാല്‍ ഒരാള്‍ പ്രാണായാമം പരിശീലിക്കുന്നു എന്നിരിക്കട്ടെ, അവന് വളരെ ചെറിയ പ്രയത്‌നം കൊണ്ട് ശ്വാസകോശ പ്രവര്‍ത്തനം 30 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്താം. ഈ ഉയര്‍ത്തല്‍ ഒരു പരിധി വരെ ആയുസ്സിനെ കൂടി കൂട്ടുന്നു എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടത്രെ.
മനുഷ്യന്‍ ഒരു മിനുട്ടില്‍ 18 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു. മനുഷ്യന്റെ ആയുസ്സ് 120 വര്‍ഷം. ആമയുടെ ശ്വാസോച്ഛ്വാസം 1 മിനുട്ടില്‍ 5 പ്രാവശ്യം മാത്രമാണ്. അതിന്റെ ആയുസ്സ് 200 വര്‍ഷങ്ങളില്‍ മീതെയും. ചെറിയ പ്രാണികള്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം കഴിയ്ക്കുന്നതുകൊണ്ട് അവരുടെ ജീവിത ദൈര്‍ഘ്യം വളരെ കുറവുമാണ്. ഇതായിരിക്കാം ഹിമാലയത്തില്‍ 150 വര്‍ഷം താമസിക്കുന്ന യോഗിമാരെല്ലാം ഉണ്ടെന്ന് കേള്‍ക്കുന്നത്. അങ്ങിനെ കേള്‍ക്കുമ്പോള്‍ അത് അസാദ്ധ്യമാണെന്നു കരുതി പുച്ഛിക്കേണ്ട ഒരു കാര്യവുമില്ല. ഇങ്ങിനെ ചിന്തിച്ചാല്‍ അതിനുള്ള സാദ്ധ്യത തീര്‍ച്ചയായും ഉണ്ട്. പ്രാണായാമം വഴി നമ്മുടെ കുണ്ഡലിനി ശക്തിയെ ഉയര്‍ത്താം എന്ന് പറയുന്നതും ഒരു വിധത്തില്‍ ശരിയാണ്. എന്താണ് കുണ്ഡലിനി. അധികപേരും ശരിയായി മനസ്സിലാക്കാത്ത ഒരു വാക്കാണ് കുണ്ഡലിനി. കുണ്ഡലിനിയുടെ Definition (ശരിയായ അര്‍ത്ഥം) എന്താണെന്ന് വെച്ചാല്‍ ഒരു വസ്തുവില്‍ ഗൂഢമായി കിടക്കുന്ന ശക്തിവിശേഷം എന്നാണ്. ഉദാഹരണത്തിലൂടെ കൂടുതല്‍ മനസ്സിലാക്കാം. വെള്ളത്തിന്റെ കുണ്ഡലിനി ശക്തിയാണ് വൈദ്യുതി. മനസ്സിന്റെ കുണ്ഡലിനി ശക്തിയാണ് ഓര്‍മ്മശക്തി. ഇങ്ങിനെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാത്ത പല ശക്തികളും നമ്മളില്‍ ഒളിഞ്ഞുകിടക്കുന്നു. പ്രാണായാമം പരിശീലിക്കുന്ന ഒരു സാധകന്ന് ഓര്‍മ്മശക്തി കൂട്ടാനും പല സിദ്ധികള്‍ കിട്ടാനും സാദ്ധ്യതയുണ്ട്. പക്ഷെ സിദ്ധികള്‍ക്കായി നാം പ്രാണായാമത്തെ ഒരു കരുവാക്കരുത്. അത് ഒരു ഉപഫലം (By Product)മാത്രം.
നമ്മുടെ ശരീരത്തില്‍ വിവിധ ഊര്‍ജ്ജ ബിന്ദു Energy Point ഉണ്ട്. അതിനാണ് ചക്രം എന്ന് പറയുന്നത്. ഈ ചക്രം ഉത്തേജിപ്പിച്ചാല്‍ അതിന്റെ Energy ദേഹത്ത് മുഴുവനും കിട്ടുന്നു. ചക്രത്തിനെ ഒരു Master Switch നോട് ഉപമിക്കാം. ഒരു ഹാളില്‍ അനവധി Switch ഉണ്ടെങ്കില്‍ ഓരോന്നും ഇടുന്നതിനു പകരം Master Switch ഇട്ടാല്‍ മതി. അതുപോലെ ദേഹത്തിനെ മുഴുവന്‍ ഉത്തേജിപ്പിക്കാന്‍ ഈ ചക്രങ്ങളെ ഉത്തേജിപ്പിച്ചാല്‍ മതി. പ്രാണായാമം ചെയ്യുന്നതോടൊപ്പം അതിലൂടെ ഈ ചക്രങ്ങളും ഉത്തേജിതമാകുന്നു. അവ പ്രധാനമായത് 8 എണ്ണം. അത് സഹസ്രാര, ആജ്ഞ, വിശുദ്ധി, മനിഷി, അനാഹത, മണിപുര, സ്വാധിഷ്ഠാന, മൂലാധാര എന്നിവയാകുന്നു. ആധുനിക മെഡിക്കല്‍ സയന്‍സിന്റെ ദൃഷ്ടിയില്‍ നിന്ന് നോക്കിയാല്‍ ഈ ചക്രങ്ങള്‍ ഓരോന്നും പ്രധാനമായ Nerve Plexus ആയി സംബന്ധമുള്ളതാണെന്ന് തെളിയും.
ഇതുവരെ ഞാന്‍ പറഞ്ഞത് പ്രാണായാമം കൊണ്ട് എങ്ങിനെ ഒരു ശരീരത്തിന് ആരോഗ്യം കിട്ടുന്നു എന്നതാണ്. പലരും പറയുന്നതു കേള്‍ക്കാം ഞാന്‍ പ്രാണായാമം ചെയ്തു എന്റെ ബി.പി. കുറഞ്ഞു ഉദരരോഗം മാറി. പലരും അത് കേള്‍ക്കുമ്പോള്‍ നെറ്റിചുളിയ്ക്കുന്നുണ്ടാകും. കാരണം വെറും ഒരു Breathing Exercise കൂടെ എങ്ങിനെ ഇതെല്ലാം സാധിയ്ക്കുന്നു എന്നാലോചിച്ച് വേണമെങ്കില്‍ അവരുടെ വക ഒരഭിപ്രായവും തട്ടിവിട്ടേയ്ക്കും. ഇതൊക്കെ മനസ്സിന്റെ തോന്നലാണ്.
ഇത് മനസ്സിന്റെ വെറും തോന്നലല്ല ഈ വക കാര്യങ്ങള്‍ സാധ്യമാണ് എന്ന് കാണിയ്ക്കാനാണ് ഞാന്‍ പഞ്ചപ്രാണന്മാരെയും അവയുടെ പ്രവൃത്തിയും മേല്‍ ഉദ്ധരിച്ചത്. അങ്ങിനെ പ്രാണായാമത്തില്‍ക്കൂടി നമുക്ക് നമ്മുടെ എല്ലാ Physiological System നേയും Control ചെയ്യാമെന്ന് മനസ്സിലായല്ലോ. ഒരു സ്ത്രീയുടെ Filoraid മാറി എന്ന് ശ്രീ മഹര്‍ഷി രാംദേവ് അവകാശപ്പെട്ടിരുന്നു. ഒരു Gynecologist എന്ന നിലയ്ക്ക് എനിയ്ക്ക് അതപ്പാടെ സ്വീകരിക്കാന്‍ പ്രയാസം തോന്നി. പിന്നീട് അതിന്റെ വഴിയായി പൂര്‍ണ്ണമായും അന്വേഷണം. അങ്ങിനെ എന്റെ ആദ്ധ്യാത്മിക ഗുരുനാഥന്മാരുടെയും മറ്റും സഹായത്തോടെ ഇതിന്റെ ആഴത്തിലേക്ക് ഒന്ന് എത്തിനോക്കി. അപ്പോഴാണ് തികച്ചും ബോദ്ധ്യമായത് ശ്രീ രാമദേവ് മഹര്‍ഷി അവകാശപ്പെട്ടത് തികച്ചും സാദ്ധ്യമാണ്. Filoraid ദേഹത്തില്‍ ഉണ്ടാകുന്ന മുഴയാണ്. അതിന്റെ കാരണം മെഡിക്കല്‍ ഭാഗത്ത് അറിയില്ല. അത് Human depended fumon ആണ്. പ്രാണായാമം ചെയ്യുമ്പോള്‍ നമ്മുടെ Energy വേണ്ട സ്ഥാനത്തേക്ക് ഒഴുകുമ്പോള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാതെ അതിന്റെ രാസപ്രവര്‍ത്തനങ്ങള്‍ തെറ്റുമ്പോഴാണ് ഒരു ദേഹം രോഗത്തിന് അടിമപ്പെടുന്നത്. അങ്ങിനെ ഒരവസ്ഥയില്‍ പ്രാണായാമത്തിലൂടെ വേണ്ടവിധത്തില്‍ പ്രവര്‍ത്തിയ്ക്കാത്ത കോശങ്ങള്‍ വീണ്ടും ക്രമമായി പ്രവര്‍ത്തിച്ച് രോഗമുക്തി നേടുന്നു. ഇത് കേള്‍ക്കുമ്പോള്‍ വേറൊരു ചോദ്യം ഉയര്‍ന്ന് വന്നേയ്ക്കാം. പിന്നെ എന്തിനാണ് ജനങ്ങള്‍ ബാക്കി ചികിത്സാ സമ്പ്രദായങ്ങളുടെ കൂടെ പോകുന്നത്? പ്രാണായാമം മാത്രം ചെയ്താല്‍ മതിയല്ലൊ?
ഇത് നിങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള അടിസ്ഥാനപരമായ ഒരു പിശകാണ്. ഇന്നേവരെ ഈ ലോകത്തില്‍ ഒരു ശാസ്ത്രത്തിനും എല്ലാ മനുഷ്യര്‍ക്കും എപ്പോഴും പൂര്‍ണ്ണമായ ആരോഗ്യം നല്കാന്‍ സാധിയ്ക്കില്ല. അത് ആധുനിക വൈദ്യശാസ്ത്രമാകട്ടെ, ആയുര്‍വ്വേദത്തിനാകട്ടെ, ഹോമിയോയ്ക്കാകട്ടെ, മറ്റു പലതരം ചികിത്സാവിധികളോ ആകട്ടെ, പ്രാണായാമമാകട്ടെ ഏതായിരുന്നാലും. ആ സാഹചര്യത്തില്‍ ഒരു ചികിത്സ മറ്റൊന്നിന് സഹായകമായി വര്‍ത്തിക്കുകയാണ് വേണ്ടത്. ഒരു ചികിത്സാക്രമത്തിനും 100% ശമനം അവകാശപ്പെടാന്‍ സാദ്ധ്യമല്ല. ആവിധത്തില്‍ പ്രാണായാമത്തോടുള്ള സമീപനം ശരിയുമല്ല.
ഇനി നമുക്ക് എങ്ങിനെ പ്രാണായാമം ചെയ്യാം എന്നതിലേയ്ക്ക് കടക്കാം. പ്രാണായാമം തുടങ്ങുമ്പോള്‍ പ്രാര്‍ത്ഥനയോടെ തുടങ്ങുന്നത് വളരെ നല്ലതാണ്. എന്തിനാണ് പ്രാര്‍ത്ഥന? എന്തു സംരംഭത്തിനു മുമ്പും നമ്മള്‍ പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. പ്രാര്‍ത്ഥനയിലൂടെ നാം എന്ത് നേടുന്നു?
പ്രാര്‍ത്ഥനയിലൂടെ നമ്മളിലുള്ള പ്രബോധനശക്തിയെ അതിന്റെ പരമാവധിയിലേക്ക് (Maximum Level) കൊണ്ടുവരികയാണ് നമ്മള്‍ ചെയ്യുന്നത്. അങ്ങിനെ അത്യുന്നതിയിലെത്തിയ ആ ശക്തിയോടെ അവിടെ നമ്മള്‍ ചെയ്യാന്‍ പോകുന്നതെന്തും അതിന്റെ തുടര്‍ച്ചയ്ക്കും നിലനില്പിനും വിജയത്തിനും ആ ശക്തി കൂടിയേ തീരൂ. ആ പ്രാര്‍ത്ഥന നമ്മളിലെ ശക്തി വലിച്ചെടുക്കുന്നതോടൊപ്പം ദൈവത്തിന്റെ കൃപ കൂടി നമ്മള്‍ യാചിക്കുന്നു. ഈ പ്രാര്‍ത്ഥന എപ്പോഴും കൂട്ടപ്രാര്‍ത്ഥനയായി മാറുമ്പോള്‍ അതിന്റെ ശക്തിയും ഇരട്ടിക്കും. പ്രാര്‍ത്ഥന എന്തുവേണമെങ്കിലും ആകാം. അള്ളാവോ ക്രിസ്തുവോ കൃഷ്ണനോ ഇതില്‍ ഒരു വ്യത്യാസമില്ല. മതേതരമായ ഒരു ക്രിയയാണ് പ്രാണായാമം.
പ്രാര്‍ത്ഥനയോടെ പ്രാണായാമം ചെയ്യുന്നതിന്ന് സഗഭ പ്രാണായാമം എന്നും പ്രാര്‍ത്ഥനയില്ലാതെ ചെയ്യുന്നതിനു അഗഭ പ്രാണായാമം എന്നും പറയുന്നു. സഗഭ പ്രാണായാമത്തിലൂടെ നാം നമ്മുടെ മനസ്സിനെക്കൂടെ ശുദ്ധീകരിച്ച് purify ചെയ്ത് ധ്യാനത്തിന് പാകമാകുന്നു. എന്നാല്‍ അഗഭ പ്രാണായാമത്തില്‍ തെറ്റില്ല. അത് കൂടുതലും ബാഹ്യദേഹത്തെ സംരക്ഷിക്കുന്നു.
ഇനി പ്രാണായാമത്തിന്റെ ചിട്ടകളിലേക്ക് കടക്കാം.
പ്രാണായാമം എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ഏറ്റവും പറ്റിയ സമയം കാലത്താണ്. കാലത്താണ് ഉത്തമമെന്നു പറയാന്‍ കാരണം സ്വസ്ഥമായ ഉറക്കം കഴിഞ്ഞ് തിരിച്ചുവരുന്ന മനസ്സ് താരതമ്യേന സംഘടനങ്ങളില്‍ നിന്ന് വിമുക്തയാണ്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യാന്‍ സാധിക്കും. രാവിലെ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് മറ്റു സൗകര്യമുള്ള ഏതു സമയത്തും ചെയ്യാം. രാത്രിയില്‍ ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കിയാല്‍ നന്ന്. കാരണം രാത്രിയില്‍ മനസ്സ് കൂടുതല്‍ തമോഗുണ പ്രധാനമായിരിക്കും. പക്ഷേ ബാക്കി സമയം ഒട്ടും തന്നെ പറ്റിയില്ലെങ്കില്‍ ചെയ്യാം. ഭക്ഷണം കഴിച്ച ഉടന്‍ പാടില്ല. പ്രാണായാമം ചെയ്യുന്നതിന് മുമ്പ് വയറ് കാലിയായിരിക്കണം എന്നര്‍ത്ഥം. കട്ടിയുള്ള ആഹാരം 3 മണിക്കൂര്‍ മുമ്പ് നിര്‍ത്തണം. എന്തെങ്കിലും കുടിയ്ക്കണമെങ്കില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് കുടിയ്ക്കുന്നതില്‍ വിരോധമില്ല. പ്രാണായാമം കഴിഞ്ഞ മ്മമണിക്കൂര്‍ കഴിഞ്ഞശേഷമേ ഭക്ഷണം കഴിക്കാവൂ. ദേഹത്തെ വരിഞ്ഞുകെട്ടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കരുത് സുഖകരമായും അയഞ്ഞുകിടക്കുന്ന ഏതു വസ്ത്രധാരണവും നല്ലതാണ്. പ്രാണായാമം കഴിഞ്ഞ ഉടനെ കുളിയ്ക്കരുത്. അരമണിക്കൂറെങ്കിലും കഴിയണം. ഒരു മണിക്കൂറാണ് ഉത്തമം. സ്‌നാനം ചെയ്തശേഷം പ്രാണായാമം ചെയ്യാവുന്നതാണ്.പ്രാണായാമത്തിനു മുമ്പ് മൂത്ര-മലവിസര്‍ജ്ജനം അത്യാവശ്യമാണ്. നല്ലപോലെ വായുസഞ്ചാരമുള്ള, കാറ്റ് സഞ്ചരിക്കുന്ന സ്ഥലത്തിരുന്ന് വേണം പ്രാണായാമം ചെയ്യേണ്ടത്. പ്രാണായാമം ചെയ്യുമ്പോള്‍ മെത്തപ്പായയോ കട്ടിയുള്ള ഷീറ്റോ ഇരിയ്ക്കാന്‍ ഉപയോഗിക്കണം. തറയുമായിട്ടുള്ള നേരിട്ടുള്ള ബന്ധം നല്ലതല്ല. പത്മാസനത്തിലോ അര്‍ദ്ധപത്മാസനത്തിലോ വജ്രാസനത്തിലോ സുഖാസനത്തിലോ ഇരിയ്ക്കാം. നിലത്ത് ഇരിയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് കസേരയിലും ഇരുന്നുകൊണ്ട് ചെയ്യാം. ശിരസ്സും കഴുത്തും നട്ടെല്ലും Straight ആയിട്ടുവേണം ഇരിയ്ക്കാന്‍. ഏറ്റവും അത്യാവശ്യമായിട്ടുള്ളത്, ശാന്തമായ മാനസികനിലയാണ്. മനസ്സു നിറയെ പല വിചാരങ്ങളുമായി പ്രാണായാമം ചെയ്യാന്‍ വരരുത്. പ്രാണായാമം ചെയ്യുമ്പോള്‍ ചെരിപ്പോ ഷൂസോ അഴിച്ചുവെയ്ക്കുന്നതോടൊപ്പം നമ്മുടെ മനസ്സിലെ വികാര-വിചാരങ്ങളും പുറത്ത് വെയ്ക്കണം.
ഇനി എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇരുന്ന് കൈ ചിന്മുദ്രയില്‍ തുടയുടെ മേല്‍ വെയ്ക്കണം. ചിന്മുദ്ര ജീവ-പരമാത്മാ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. തള്ളവിരല്‍ പരമാത്മാവിനേയും ചുണ്ടാണിവിരല്‍ ജീവാത്മാവിനേയും പ്രതിനിധീകരിക്കുന്നു. ബാക്കി മൂന്നു വിരലുകള്‍ സ്ഥൂല, സൂക്ഷ്മ, കാരണ ശരീരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജീവന്‍ സ്ഥൂല, സൂക്ഷ്മ, കാരണങ്ങളില്‍ നിന്ന് വേര്‍പെട്ട് തന്റെ അഹങ്കാരം വെടിഞ്ഞ് പരമാത്മാവിന് മുന്നില്‍ തലകുനിയ്ക്കുന്നതായിട്ടാണ് ഈ മുദ്ര ദ്യോദിപ്പിക്കുന്നത്. kamala

No comments: