Monday, April 03, 2017

ആത്മാനുസന്ധാനം വഴി നിലനിൽപ്പിന്ടെ സൂക്ഷ്മ തലങ്ങളിലേക്കിറങ്ങിചെന്നു ആനന്ദഘനമായ ബ്രഹ്മ സ്വരൂപം കണ്ടെത്തേണ്ടത്‌ എങ്ങനെയെന്നു തൈതരീയൊപനിഷത് ഭംഗിയായി വിവരിക്കുന്നുണ്ട് . വരുണ പുത്രനായ ഭ്രുഗു പിതാവിനെ സമീപിചു ബ്രഹ്മത്തെ കാട്ടിത്തരുവാൻ ആവശ്യപ്പെട്ടു . ഇക്കാണുന്ന ജീവജാലങ്ങൽ എല്ലാം ഏതിൽ നിന്നും പൊന്തി വന്നുവോ, ഏതിൽ ജീവിക്കുന്നുവൊ, ഏതിൽ തിരിച്ചു ലയിക്കുന്നുവോ അതാണ്‌ ബ്രഹ്മം . അതിനെ അന്വേഷിച്ചു കണ്ടു പിടിക്കുക എന്നായിരുന്നു പിതാവിന്ടെ മറുപടി . തപസ്സാണ് ബ്രഹ്മത്തെ കാണാനുള്ള മാർഗ്ഗം . ബുദ്ധിയുടെ ഏകാഗ്രത ശിലിക്കലാണ് തപസ്സു. ഭ്രുഗു തപസ്സ് ചെയ്തു . പുറമേ കാണുന്ന ജഡമാണ് ജീവജാലങ്ങളുടെ നിലനിലനിൽപ്പിന് കാരണം എന്നയാൾ ആദ്യം കണ്ടു . ഭൗതികവാദികൾ ഇന്നും നില്ക്കുന്നത് അവിടെയാണല്ലോ . എന്തായാലും ഭൃഗു തന്ടെ സിദ്ധാന്തം അച്ഛനെ അറിയിച്ചു . ബുദ്ധിയെ എകാഗ്രപ്പെടുത്തി സ്വന്തം നിലനില്പ്പിന്ടെ ഉള്ളറകളിലേക്ക് വീണ്ടും ഇറങ്ങി ചെല്ലാനാണ് അച്ഛൻ ആവശ്യപ്പെട്ടത്‌ .
ഭൃഗുവിന്ടെ എകാഗ്രബുദ്ധി ശരീരത്തിന്ടെ പിന്നിൽ നിലനില്പ്പിനാശ്രയിരിക്കുന്ന പ്രാണൻ, മനസ്സ്,ബുദ്ധി എന്നിവയെ വീണ്ടും കണ്ടെത്തി. ഓരോ കാഴ്ച്ചയുടെ ഘട്ടത്തിലും കൂടുതൽ ഏകാഗ്രത ശീലിക്കൂ എന്നാണു അച്ഛൻ ഉപദേശിച്ചത് .എകാഗ്രപ്പെട്ട ബുദ്ധി ഉള്ളിന്ടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നതോടെ കേവലാനന്ദം ഘനീഭവിച്ച നിലനില്പ്പിന്ടെ മണ്ഡലം ഭൃഗുവിനു തെളിഞ്ഞു കിട്ടി . അന്വേഷിക്കാൻ പുറപ്പെട്ട ബുദ്ധിയും ഉപ്പു പാവ സമുദ്രത്തിൽ എന്ന പോലെ ആനന്ദതലത്തിൽ ലയിച്ചുചേരുന്നതായി അനുഭവപ്പെട്ടു. രണ്ടില്ലാതായതോടെ പോകാൻ ഇടമില്ലാതായി . നിലനില്പ്പിന്ടെ പരമാകാഷ്ഠ ഈ ആനന്ദത്തിലാണ് എന്ന് തെളിഞ്ഞു . എല്ലാ പ്രപഞ്ച ഘടകങ്ങളും ആനന്ദത്തിൽ നിന്നും പൊന്തി വരുന്നു . ആനന്ദത്തിൽ ജീവിക്കുന്നു . ആനന്ദത്തിൽ തിരിച്ചു ലയിക്കുന്നു . പുത്രൻ ഈ കാഴ്ച കണ്ടതോടെ അച്ഛൻ അയാളെ അനുമോദിച്ചു പറഞ്ഞയച്ചു. ശ്രീ നാരായണ ഗുരുദേവൻ ഈ കാഴ്ച കണ്ട ആൾ ആണെന്ന് അദ്ധേഹത്തിന്ടെ കൃതികൾ വിളിച്ചറിയിക്കുന്നു . അനുഭൂതിദശകം എന്ന കൊച്ചു മലയാള കൃതിയിൽ അദ്ധേഹാം സ്വാനുഭവം വിവരിക്കുന്നത് നോക്കുക
“ആനന്ദക്കടൽ പൊങ്ങി –
ത്താനേ പായുന്നിതാ പരന്നൊരുപോൽ,
ജ്ഞാനംകൊണ്ടതിലേറി-
പ്പാനം ചെയ്യുന്നു പരമഹംസജനം .
( അനുഭൂതിദശകം 7 )
ആനന്ദതലം കണ്ടെത്താൻ കഴിയുന്ന ബുദ്ധിക്കു പിന്നെ സർവ്വത്ര ഒരാനന്ദക്കടൽ പൊങ്ങിപ്പെരുകുന്നതായിട്ടാണ് അനുഭവം . പരമഹംസന്മാർ ഈ ജ്ഞാനം നേടി സദാ ആനന്ദനിമഗ്നരായി വർത്തിക്കുന്നു . ‘ ആനന്ദം ബ്രഹ്മണോ വിദ്വാൻ ന ബിഭേതി കുതശ്ചന-‘
ബ്രഹ്മാനന്ദം അറിഞ്ഞ ആൾക്ക് ഒരിടത്തുനിന്നും ഭയമില്ല എന്നാണു ഉപനിഷത്തിന്ടെ പ്രഖ്യാപനം. ശ്രീ നാരായണ ഗുരുദേവൻ ഈ ബ്രഹ്മാനന്ദം നിരന്തരം അനുഭവിച്ചുകൊണ്ടിരുന്ന പരമഹംസനായിരുന്നു . അങ്ങനെ സ്വാനുഭവത്തിൽ പരീക്ഷിച്ചുറപ്പിച്ച ഉപനിഷത് തത്ത്വമാണ് ഗുരുദേവൻ ‘ബ്രഹ്മാനന്ദഘനം യത: ‘ എന്ന താഴെ പറഞ്ഞിരിക്കുന്ന പദ്യഭാഗത്തിൽ വിളിപ്പെടുത്തിയിരിക്കുന്നത് .
” അനുസന്ധിതേ ബ്രഹ്മ
ബ്രഹ്മാനന്ദഘനം യത:
സദാബ്രഹ്മാനുസന്ധാനം
ഭക്തിരിത്യവഗമൃതേ.”
(ബ്രഹ്മം ആനന്ദ ഘനമാണ് അതുകൊണ്ട് സത്യാന്വേഷികൾ ധ്യാനമനനങ്ങളിൽക്കൂടി ബ്രഹ്മസ്വരൂപം പിൻതുടർന്ന് കൊണ്ടിരിക്കുന്നു .ഇടവിടാതെയുള്ള ബ്രഹ്മസ്വരൂപാനുസന്ധാനമാണ് ഭക്തി എന്നറിയപ്പെടുന്നത്.)