Saturday, April 22, 2017

പ്രഹ്ലാദന്‍ ചൊല്ലി. ”ആദിമദ്ധ്യാന്തങ്ങളില്ലാത്തവനും ഉല്‍പത്തിവൃദ്ധിവിഷയങ്ങള്‍ക്കതീതനും സമസ്തലോകങ്ങളേയും രക്ഷിച്ചു ഭരിക്കുന്നവനും എല്ലാറ്റിനു മൂലകാരണവുമായി സ്ഥിതിചെയ്യുന്നവനാണ് ശ്രീഹരി. ആ മഹാവിഷ്ണുവിനെ ഞാന്‍ നമസ്‌കരിക്കുന്നു.”
കേള്‍ക്കേണ്ട താമസം വിഷ്ണുവരോധിയായ ഹിരണ്യകശിപു ഗുരുവിനോട് തട്ടിക്കേറി. ”ഇതെന്തുകഥ? നിങ്ങള്‍ രാജകല്‍പന ധിക്കരിച്ചു ഞങ്ങളുടെ ശത്രുവിനെ പുകഴ്ത്താന്‍ വരെ ചെറുക്കനെ പഠിപ്പിച്ചിട്ടുണ്ടല്ലോ.” ആരോപണത്തിനു ഗുരു മറുപടി കൊടുത്തു. ”ദൈത്യരാജന്‍, ഇതൊന്നും ഞാന്‍ പഠിപ്പിച്ചതല്ല.” ഉടനെ പ്രഹ്ലാദന്‍ കൂട്ടിച്ചേര്‍ത്തു. ”അച്ഛാ! വാക്കുകള്‍കൊണ്ട് അദ്ദേഹത്തെ വര്‍ണിക്കാന്‍ കഴിയുകയില്ല. പക്ഷെ അദ്ദേഹം തന്നെ ഈ വിശ്വം. ആ വിഷ്ണു തന്നെ നമുക്കെല്ലാവര്‍ക്കും സര്‍വേശ്വരന്‍. എന്റെ മാത്രമല്ല, സര്‍വപ്രജകളുടെയും അങ്ങയുടെയും സൃഷ്ടാവാണ്.”
പ്രഹ്ലാദന്റെ ഉത്തരംകേട്ട ഹിരണ്യകശിപു ചീറി. ”ഈ ചെറുക്കന്റെ മനസ്സില്‍ ഏതു പാപിയാണ് കയറിക്കൂടിയിരിക്കുന്നത്?” മകന്‍ തിരുത്തി. ”അച്ഛാ! എന്റെ ഹൃദയത്തില്‍ കുടികൊള്ളുന്ന ശ്രീഹരി എന്നില്‍ മാത്രമല്ല, എല്ലാവരുടെയുള്ളിലും ആത്മരൂപത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. സര്‍വവ്യാപിയായ അദ്ദേഹം തന്നെ എന്നെയും അങ്ങയെയും ലോകത്തെ മുഴുവന്‍ ജീവികളെയും ചലിപ്പിക്കുന്നു.”
ഹിരണ്യകശിപുവിന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. ദൈത്യരാജന്‍ അലറി. ”ഈ ചെറുക്കന്‍ മഹാദ്രോഹിയാണെന്ന് വെളിപ്പെട്ടു. ഇവന്‍ ജീവിച്ചിരിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇവന്‍ നമ്മുടെ കുലം എരിയിക്കാനുള്ള കനല്‍ക്കട്ടയാണ്. എത്രയും വേഗം ഇവനെ കൊണ്ടുപോയി വധിക്കുക.” രാജാവിന്റെ ആജ്ഞയനുസരിച്ച് പ്രഹ്ലാദനെ വധിക്കാന്‍ രംഗമൊരുങ്ങി. അസുരന്മാര്‍ ആയുധങ്ങളുമായടുത്തു. അവരോട് പ്രഹ്ലാദന്‍ വെളിപ്പെടുത്തി. ”ദൈത്യന്മാരെ! ഭഗവാന്‍ വിഷ്ണു എന്നിലും നിങ്ങളിലും നിങ്ങളുടെ ആയുധങ്ങളിലുമുണ്ട്. അതിനാല്‍ ആയുധങ്ങളുടെ ശക്തി പാഴായിപ്പോവുകയേയുള്ളൂ.” അവരുടെ വധശ്രമം പാഴായി.
ഇതുകണ്ട് ഹിരണ്യകശിപു അനുനയത്തിനൊരുങ്ങി. ”എടാ കുഞ്ഞേ! എന്റെ എതിരാളിയെ സ്തുതിക്കുന്നത് നിര്‍ത്തുക. നിന്നെ ഞാന്‍ വെറുതെ വിടാം.” മകന്‍ വഴങ്ങിയില്ല. ”എല്ലാ ഭയങ്ങളും നശിപ്പിക്കുന്ന ഭഗവാന്‍ ശ്രീഹരി എന്റെ ഹൃദയത്തിലിക്കുന്നുണ്ടല്ലോ. പിന്നെ എനിക്കെന്തു ഭയം?” അപ്പോള്‍ ഹിരണ്യകശിപു നാഗങ്ങള്‍ക്ക് പ്രഹ്ലാദനെ കൊല്ലാന്‍ കല്‍പന കൊടുത്തു. തക്ഷകന്‍ തുടങ്ങിയ ഘോരനാഗങ്ങള്‍ പ്രഹ്ലാദനെ ശിരസ്സു മുതല്‍ ഉള്ളങ്കാല്‍ വരെ അനേകപ്രാവശ്യം കൊത്തി. പക്ഷെ ഭഗവാനില്‍ ചിത്തമുറപ്പിച്ചുനിന്ന ആ ബാലന് ലവലേശം വിഷമേറ്റില്ല.
സര്‍പ്പങ്ങള്‍ തോറ്റപ്പോള്‍ ദിഗ്ഗജങ്ങളോടാവശ്യപ്പെട്ടു. എന്നാല്‍ ദിഗ്ഗജങ്ങളുടെ കൊമ്പുകള്‍ ഒടിഞ്ഞതു മിച്ചം. ഹിരണ്യകശിപുവിന്റെ കിങ്കരന്മാര്‍ വലിയ അഗ്നികുണ്ഡം ജ്വലിപ്പിച്ചു പ്രഹ്ലാദനെ ആ തീയിലേക്ക് തള്ളി. അപ്പോള്‍ അസുരഗുരുവായ ശുക്രാചാര്യര്‍ ഇടപെട്ടു. ”രാജന്‍! ഇവനെ ഞാന്‍ പഠിപ്പിച്ചു നോക്കാം. എന്നിട്ടും നേരെയാവുന്നില്ലെങ്കില്‍ കൃത്യകയെക്കൊണ്ട് വധിപ്പിക്കാം.” ശുക്രാചാര്യന്റെ ആശ്രമത്തിലെത്തിയ പ്രഹ്ലാദന്‍ സൗകര്യം കിട്ടുമ്പോഴെല്ലാം അവിടെ താമസിച്ചു പഠിക്കുന്ന കുട്ടികളെ വിഷ്ണുഭക്തിയിലേക്ക് നയിക്കാന്‍ മുതിര്‍ന്നു.
”ചങ്ങാതിമാരേ! ബുദ്ധിശൂന്യത കാരണം മനുഷ്യര്‍, വിശപ്പ്, ദാഹം മുതലായവയില്‍ നിന്നുള്ള മോചനം തന്നെ സുഖമെന്നു കരുതുന്നു. പക്ഷെ സത്യത്തില്‍ അത് ദുഃഖം തന്നെയാണ്. തെറ്റിദ്ധാരണകൊണ്ടു ആ ദുഃഖം സുഖമാണെന്ന് തോന്നുന്നു. അത്രേയുള്ളൂ. എല്ലാ ജീവികള്‍ക്കും ജനിച്ചു കഴിഞ്ഞാല്‍പ്പിന്നെ ബാല്യാവസ്ഥയും യൗവ്വനാവസ്ഥയുമുണ്ട്. അതിനുശേഷം വരുന്ന വാര്‍ദ്ധക്യത്തില്‍ നിന്നാണെങ്കില്‍ ഒഴിഞ്ഞുമാറാനും സാധ്യമല്ല. ഇവയ്ക്കു പുറമെ പുനര്‍ജ്ജന്മത്തിനുവേണ്ടി ഗര്‍ഭപാത്രത്തില്‍ കിടക്കുക മുതലായ അവസ്ഥകള്‍ വേറെയുമുണ്ട്. ഈ അവസ്ഥകള്‍ക്കെല്ലാം വിധേയമാകുന്ന ദേഹം തന്നെ എന്താണ്? മാംസവും രക്തവും മലവും മൂത്രവും ഞരമ്പുകളും അസ്ഥികൂടത്തിനുള്ളില്‍ സ്ഥാപിച്ചുണ്ടാക്കിയ രൂപം. ഈ ദേഹത്തില്‍ പ്രീതി തോന്നുന്ന മൂഢനു നരകംപോലും ഇഷ്ടപ്പെടാതിരിക്കുകയില്ലല്ലൊ. സകലദുഃഖങ്ങളും നിറഞ്ഞുകിടക്കുന്ന ഈ സംസാരസാഗരത്തില്‍നിന്നു ഭഗവാന്‍ ശ്രീഹരി തന്നെ സകലരെയും കരകയറ്റുന്നു.
ഇതാണ് സത്യം. മന്ദബുദ്ധിക്കാരന്‍ കുട്ടിക്കാലത്ത് കളിച്ചും തുള്ളിച്ചാടിയും യൗവനകാലത്ത് ലോകസുഖങ്ങളില്‍ കുടുങ്ങിയും വാര്‍ദ്ധക്യത്തില്‍ അശക്തനായിത്തീരുന്നു. വിവേകികളായ മനുഷ്യര്‍ അവരുടെ ബാല്യാവസ്ഥയില്‍ത്തന്നെ മംഗളകാര്യങ്ങള്‍ ചെയ്തു തുടങ്ങണം. സ്‌നേഹിതന്മാരെ! ഞാന്‍ പറഞ്ഞത് പാഴ്‌വാക്കുകല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ എനിക്കുവേണ്ടി നിങ്ങള്‍ ശ്രീഹരിയെ സ്മരിക്കുക. അതിന് വലിയ പ്രയത്‌നമൊന്നും ആവശ്യമില്ല. ഏകാഗ്രതയോടെ അദ്ദേഹത്തെ മനസ്സിലോര്‍ത്താല്‍ മതി. അവിടുന്ന് നിങ്ങള്‍ക്ക് സല്‍ഫലം തരും.”
പ്രഹ്ലാദന്റെ ഈ പ്രവൃത്തികള്‍ അസുരഭൃത്യന്മാര്‍ ചെന്നു രാജാവിനെ ധരിപ്പിച്ചിരുന്നു.ഒരിക്കല്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. . പ്രഹ്ലാദന് ഒന്നും സംഭവിച്ചില്ല. അപ്പോള്‍ ദൈത്യരാജാവ് പുരോഹിതന്മാരെ വരുത്തി ആവശ്യപ്പെട്ടു. ”നിങ്ങല്‍ എത്രയും വേഗം കൃത്യയെ നിര്‍മിച്ചു അവനെ വധിക്കാന്‍ വിടണം.”
പുരോഹിതന്മാര്‍ പ്രഹ്ലാദനെ ചെന്നു കണ്ടു. അവര്‍ ഹിരണ്യകശിപുവിന്റെ പുതിയ കല്‍പന വെളിപ്പെടുത്തിയതിനുശേഷം അച്ഛന്റെ എതിരാളിയെ കീര്‍ത്തിക്കുന്നതു മതിയാക്കാന്‍ ഉപദേശം കൊടുത്തു. പക്ഷെ പ്രഹ്ലാദന്‍ വിഷ്ണുവിനെ പൂര്‍വാധികം വാഴ്ത്തി. അപ്പോള്‍ പുരോഹിതന്മാര്‍ക്ക് ദേഷ്യം വന്നു. അവര്‍ തീനാളങ്ങള്‍ക്കു തുല്യം ജ്വലിക്കുന്ന കൃത്യകയെ സൃഷ്ടിച്ചു പ്രഹ്ലാദനെ വധിക്കാന്‍ നിയോഗിച്ചു. കൃത്യക ഭൂമി ചവിട്ടിക്കുലുക്കിച്ചെന്ന് പ്രഹ്ലാദന്റെ നെഞ്ചില്‍ ശൂലംകൊണ്ട് ശക്തിയോടെ കുത്തി. ശൂലം നൂറായി നുറുങ്ങി. തോറ്റുപോയ കൃത്യക മടങ്ങിച്ചെന്നു പുരോഹിതന്മാരെത്തന്നെ ആക്രമിച്ചു സ്വയം ഇല്ലാതായിത്തീര്‍ന്നു. പുരോഹിതന്മാര്‍ കൃത്യക മുഖേന ഭസ്മമാവുന്നതു കണ്ടപ്പോള്‍ പ്രഹ്ലാദന്‍ ഇടപെട്ടു. വിഷ്ണുവിനെ സ്തുതിച്ച് അവരെയെല്ലാം മുന്നെപ്പോലെയാക്കിക്കൊടുത്തു.


ജന്മഭൂമി: http://www.janmabhumidaily.com/news610822#ixzz4f39Gv9lD

No comments: