Wednesday, April 12, 2017

ത്രിഗുണങ്ങളുടെ അവസ്ഥാവിശേഷങ്ങള്‍.

വിശേഷം, അവിശേഷം, ലിംഗാമാത്രം, അലിംഗം എന്നിവയാണ് ത്രിഗുണങ്ങളുടെ അവസ്ഥാവിശേഷങ്ങള്‍.
ഈ സൂത്രത്തിലൂടെ പതഞ്ജലി മഹര്‍ഷി പ്രപഞ്ചതത്ത്വത്തെയാണ് വിശദീകരിക്കുന്നത്. കപിലമഹര്‍ഷിയുടെ പ്രപഞ്ചസിദ്ധാന്തമായ സാംഖ്യദര്‍ശനത്തെ പതഞ്ജലി മഹര്‍ഷിയും പിന്തുടരുന്നതാണ് ഈ സൂത്രത്തിലൂടെ നമുക്ക് കാണുവാന്‍ കഴിയുന്നത്. സാംഖ്യദര്‍ശനപ്രകാരം പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയും ലയവും 24 തത്ത്വങ്ങളെ ആധാരമാക്കിയാണ്.
പുരുഷനും പ്രകൃതിയും ചേര്‍ന്നാണ് പ്രപഞ്ചം ഉണ്ടായിരിക്കുന്നത്. പുരുഷന്‍ ഗുണാതീതനും സ്വതന്ത്രനും ശുദ്ധബോധവും ആകുന്നു. പ്രകൃതി ഗുണാത്മകവും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതുമാണ്. പുരുഷനും പ്രകൃതിയും തമ്മില്‍ ചേരുമ്പോള്‍, പ്രകൃതി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു.
മാറ്റത്തെത്തുടര്‍ന്ന് അവയെല്ലാം മൂലപ്രകൃതിയിലേക്ക് തന്നെ ലയിക്കുകയും ചെയ്യുന്നു. സൃഷ്ടിക്കു മുന്‍പുള്ള പ്രകൃതി വ്യക്തമല്ലാത്തതിനാല്‍ സാംഖ്യമതം മൂലപ്രകൃതിയെ ”അവ്യക്തം” എന്നുപറയുന്നു. അവ്യക്താവസ്ഥയില്‍ ത്രിഗുണങ്ങള്‍ മൂലപ്രകൃതിയില്‍ സമാവസ്ഥയില്‍ വര്‍ത്തിക്കുന്നു. ഈ സാമ്യാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമ്പോള്‍ ത്രിഗുണങ്ങള്‍ തമ്മില്‍ വ്യത്യസ്ത രീതിയില്‍ യോജിച്ച് പ്രപഞ്ചമായി പരിണമിക്കുകയും ചെയ്യുന്നു.
ത്രിഗുണങ്ങളുടെ സംയോഗത്തിലൂടെ സൃഷ്ടി നടക്കുന്നതിനാല്‍ എല്ലാ സൃഷ്ടിയിലും ത്രിഗുണങ്ങളുടെ സ്വാധീനം കാണുവാന്‍ കഴിയും. സത്വഗുണത്തിന്റെ പ്രഭാവത്തില്‍ ജ്ഞാനവും രജോഗുണത്തിന്റെ പ്രഭാവത്തില്‍ കര്‍മ്മവും തമോഗുണത്തിന്റെ പ്രഭാവത്തില്‍ ആലസ്യവും അജ്ഞാനവും ഉണ്ടാകുന്നു.
ത്രിഗുണങ്ങളുടെ സംയോഗത്തിലൂടെ മൂലപ്രകൃതിയില്‍നിന്നും ആദ്യം ഉല്‍പന്നമാകുന്നത് മഹദ് അഥവാ ബുദ്ധിയാണ്. ഇത് ത്രിഗുണങ്ങളിലെ സത്വഗുണപ്രധാനമായ പരിണാമമാണ്. മനസ്സിന്റെ വിഷയങ്ങളെ വിവേചിച്ച് നിശ്ചയിക്കുന്നത് ബുദ്ധിയാണ്. മൂലപ്രകൃതിയും പുരുഷനും തമ്മിലുള്ള വ്യത്യാസത്തെ വിശകലനം ചെയ്യുകയും പുരുഷന് (ആത്മാവ്) ബാഹ്യലോകത്തിന്റെ അനുഭവം പ്രദാനം ചെയ്യുന്നത് ബുദ്ധിയാണ്. മഹത്തത്ത്വത്തില്‍നിന്ന്അഹങ്കാരം ഉല്‍പ്പന്നമാകുന്നു. ഇത് രജോഗുണ പ്രധാനമാണ്. ഞാന്‍ എന്ന ഭാവം അഹങ്കാരത്തില്‍നിന്നും ഉണ്ടാകുന്നതാണ്.
അഹങ്കാരത്തിന്റെ സത്വഗുണം പഞ്ചജ്ഞാനേന്ദ്രിയമായും രജോഗുണം പഞ്ചകര്‍മ്മേന്ദ്രിയമായും തമോഗുണം പഞ്ചഭൂതങ്ങളായും പരിണമിക്കുന്നു. അഹങ്കാരം മനസ്സുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മനസ്സ് ജ്ഞാനേന്ദ്രിയ ശക്തിയായും കര്‍മ്മേന്ദ്രിയ ശക്തിയായും പ്രവര്‍ത്തിക്കുന്നു. മനസ്സ് ദശേന്ദ്രിയങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ‘ഞാന്‍’ എന്ന ഭാവം (അഹങ്കാരം)ഉണ്ടാകുന്നു.
പഞ്ചഭൂതങ്ങള്‍ പഞ്ചതന്മാത്രകളായി രൂപപ്പെടുന്നു. ശബ്ദതന്മാത്രയില്‍നിന്ന് ആകാശഭൂതവും ശബ്ദ-സ്പര്‍ശ തന്മാത്രകളില്‍നിന്ന് വായുഭൂതവും ശബ്ദ-സ്പര്‍ശ-രൂപ തന്മാത്രകളില്‍നിന്നും അഗ്നിഭൂതവും ശബ്ദ-സ്പര്‍ശ-രൂപ-രസ തന്മാത്രകളില്‍നിന്ന് ജലവും ശബ്ദ-സ്പര്‍ശ-രൂപ-രസ-ഗന്ധ തന്മാത്രകളില്‍നിന്ന് ഭൂമി ഭൂതവും രൂപംകൊള്ളുന്നു. പഞ്ചഭൂതങ്ങളുടെയും വിഷയം പഞ്ചതന്മാത്രകളാണ്. (ആകാശത്തിന്റെ വിഷയം ശബ്ദം, വായുവിന്റെ വിഷയം ശബ്ദവും സ്പര്‍ശവും, ഇങ്ങനെ പോകുന്നു.)
പഞ്ചജ്ഞാനേന്ദ്രിയങ്ങളില്‍ ചെവിയുടെ വിഷയമാണ് ശബ്ദം. ത്വക്കിന്റെ വിഷയമാണ് സ്പര്‍ശം. കണ്ണിന്റെ വിഷയമാണ് രൂപം. നാവിന്റെ വിഷയമാണ് രസം. മൂക്കിന്റെ വിഷയമാണ് ഗന്ധം. നമ്മുടെ സ്ഥൂലശരീരം ഭൂമീഭൂതമാണ്. ശരീരത്തില്‍ (ദ്രവരൂപത്തില്‍ ഉള്ളതെല്ലാം ജലഭൂതമാണ്. ശരീരത്തിലെ അഗ്നി (കായാഗ്നി, ജഠരാഗ്നി, ധാതു അഗ്നി, അഗ്നിഭൂതവും, വാതകരൂപത്തിലുള്ളത് (പ്രാണശക്തി) വായുഭൂതവും, ശരീരത്തിന്റെ ഉള്ളില്‍ അവയവങ്ങളെ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൃത്യമായ അകലത്തില്‍ ആണ്. അവയവങ്ങള്‍ തമ്മിലും അതിന്റെ ഉള്ളിലും ആകാശഭൂതം നിലനില്‍ക്കുന്നു. ഓരോ കോശങ്ങളിലും ഈ തത്ത്വത്തെ നമുക്ക് കാണാന്‍ കഴിയും.
ഇന്ദ്രിയങ്ങളുമായുള്ള ആത്മാവിന്റെ ചേര്‍ച്ചയാണ് ജീവന്‍. ഇതിന്റെ പരിധി ശരീരമാണ്. ശരീരത്തിന്റെ ഗുണം അഹങ്കാരവും ഇത് ജനന-മരണ പ്രക്രിയകളിലൂടെ കടന്നുപോകുന്നു. എല്ലാ ജീവനിലും പുരുഷന്‍ (ആത്മാവ്) ഒളിഞ്ഞിരിക്കുന്നു. ശരിയായ ജ്ഞാനത്തിലൂടെ ഓരോ ജീവനും മോക്ഷം ലഭിക്കുന്നു. പ്രകൃതിയില്‍നിന്നുള്ള പുരുഷന്റെ വേര്‍പെടലാണ് മോക്ഷം. പുരുഷനെ കുറിച്ചുള്ള അറിവിലൂടെ സൂക്ഷ്മശരീരത്തെ(പ്രകൃതിയെ) ഇല്ലാതാക്കാന്‍ കഴിയുന്നു. യോഗശാസ്ത്രപ്രകാരം പുരുഷനു മുകളില്‍ ഈശ്വരന് പ്രാധാന്യം ഉണ്ട്. സാംഖ്യവും യോഗവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണ്. മുകളില്‍ പ്രതിപാദിച്ച ശ്ലോകത്തിന്റെ അര്‍ത്ഥവും സാംഖ്യ-സിദ്ധാന്തം തന്നെയാണ്.
1) വിശേഷം:- അഞ്ച് സ്ഥൂലഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയും പഞ്ചജ്ഞാനേന്ദ്രിയങ്ങളായ ചെവി, ത്വക്ക്, കണ്ണ്, നാവ്, മൂക്ക് എന്നിവയും പഞ്ചകര്‍മ്മേന്ദ്രിയങ്ങളായ വാക്ക്, പാണി, പാദം, പായു, ഉപസ്ഥം എന്നിവയും മനസ്സും ചേര്‍ന്ന് 16 ഘടകങ്ങളോടുകൂടിയതാണ് വിശേഷം. ഇവിടെ മനസ്സിനെ അന്തരിന്ദ്രിയമായും ദശേന്ദ്രിയങ്ങള്‍ ബാഹ്യേന്ദ്രിയങ്ങളായും പറയുന്നു. ചുരുക്കത്തില്‍ ഭൗതികശരീരവും അതിന്റെ പ്രവര്‍ത്തനങ്ങളും ഈ 16 തത്ത്വങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇതുതന്നെയാണ് ഇന്നത്തെ വൈദ്യശാസ്ത്രവും മറ്റൊരുതരത്തില്‍ പറഞ്ഞിരിക്കുന്നത്.
2) അവിശേഷം:- അവിശേഷത്തില്‍ ആറ് കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ശബ്ദ-സ്പര്‍ശ-രൂപ-രസ -ഗന്ധാദി അഞ്ച് തന്മാത്രകളും അഹങ്കാരവും ചേര്‍ന്നതാണ് അവിശേഷം. ഇവ സൂക്ഷ്മ ശരീരത്തിന്റെ ഭാഗങ്ങളാണ്. പഞ്ചതന്മാത്രകളില്‍ നിന്നുമാണ് പഞ്ചഭൂതങ്ങള്‍ ഉല്‍പ്പന്നമായിരിക്കുന്നത്. മഹദ്തത്ത്വത്തില്‍നിന്ന്അഹങ്കാരവും ഉല്‍പ്പന്ന മായിരി ക്കുന്നു. അഹങ്കാരം മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും കാരണമാകുന്നു. ഈ ആറ് തത്ത്വങ്ങളെയും ഇന്ദ്രിയങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതുകൊണ്ടാണ് ഇവയെ ”അവിശേഷം” എന്നു പറയുന്നത്.
3) ലിംഗമാത്രം:-പഞ്ചഭൂതങ്ങളുടെയും പഞ്ചതന്മാത്രകളുടെയും ദശേന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അഹങ്കാരത്തിന്റെയും കാരണമായ മഹദ്തത്ത്വത്തെയാണ് ഇവിടെ ലിംഗമാത്രം എന്നുപറഞ്ഞിരിക്കുന്നത്. ആത്മാവിന് ബാഹ്യലോകത്തിന്റെ അനുഭവത്തെ നല്‍കുന്നത് മഹദ് ആണ്.
4) അലിംഗം:- മഹദ്തത്ത്വത്തിന് കാരണമായ മൂലപ്രകൃതിയാണ് അലിംഗം. സാമ്യാവസ്ഥയെ പ്രാപിച്ച ഗുണത്തിന്റെ സ്വരൂപമാണ് മൂലപ്രകൃതി.
സ്ഥൂലവും സൂക്ഷ്മവുമായ തന്മാത്രകളാല്‍ ആണ് ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. നമ്മുടെ ശരീരവും ഇങ്ങനെ തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്. വിശേഷം ഒഴിച്ച് എല്ലാം സൂക്ഷ്മശരീരത്തിന്റെ ഭാഗമാണ്. ഇവ സാധാരണ ജനങ്ങള്‍ക്ക് ഇന്ദ്രിയങ്ങള്‍കൊണ്ട് കാണാന്‍ കഴിയില്ല. എന്നാല്‍, ദീര്‍ഘകാലത്തെ യോഗപരിശീലനത്തിലൂടെ നമ്മുടെ പ്രാണശക്തിയെ വര്‍ധിപ്പിച്ച് അതിസൂക്ഷ്മമാക്കി ഈ തന്മാത്രകളെ നമുക്ക് പ്രത്യക്ഷീകരിക്കാം എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു.
പൂവില്‍നിന്നും ഗന്ധതന്മാത്രകള്‍ പുറത്തേക്ക് പ്രവഹിക്കുന്നത് നമുക്ക് അറിയുവാന്‍ കഴിയുന്നതുപോലെ നമ്മിലെ സൂക്ഷ്മതന്മാത്രകളും ചുറ്റുപാടും പ്രസരിക്കുന്നുണ്ട്. പാപ പുണ്യ ചിന്തകളില്‍നിന്നും അതിനനുസരിച്ചിട്ടുള്ള സൂക്ഷ്മതന്മാത്രകള്‍ നമ്മുടെ ചുറ്റും പ്രസരിക്കുന്നു. നാം എവിടെ പോയാലും ഈ തന്മാത്രകളുടെ സ്വാധീനം നമുക്ക് ചുറ്റും ഉണ്ടാകുന്നു. മഹാക്ഷേത്രങ്ങളുടെ പ്രത്യേകതകളും ഇതുതന്നെയാണ്. ഈശ്വരപൂജ ചെയ്യുന്ന സ്ഥലം പുണ്യതന്മാത്രകളാല്‍ നിറഞ്ഞുനില്‍ക്കുന്നു. ഇവിടെ എത്തുന്ന അനേകരുടെ ഈശ്വരവിചാരവും ഭക്തിയും അന്തരീക്ഷത്തിലെ പുണ്യതന്മാത്രകളുടെ അളവ് വര്‍ധിപ്പിക്കുന്നു.
ഈശ്വരാനുഭൂതി നമ്മിലെ തന്മാത്ര സ്വഭാവത്തിലും മാറ്റം വരുത്തുന്നു. അതിനാലാണ് നമുക്ക് പുണ്യസ്ഥലങ്ങള്‍ ആനന്ദത്തെ നല്‍കുന്നത്. ഏകചിന്ത (ഈശ്വരചിന്ത) സ്ഥലത്തിന്റെ പുണ്യം വര്‍ധിപ്പിക്കുകയും അവിടെ എത്തുന്നവര്‍ക്ക് അതിന്റെ അനുഭൂതി നല്‍കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പുണ്യസ്ഥലങ്ങളിലെ ദര്‍ശനവും പുണ്യാത്മാക്കളുമായുള്ള സഹവാസവും നമ്മുടെ ഉള്ളില്‍ സത്വഗുണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. നമ്മള്‍ എത്ര സാത്വികനാകുന്നുവോ അതിനനുസരിച്ച് സത്വശുദ്ധിയെ തിരിച്ചറിയാനുള്ള നമ്മുടെ കഴിവും വര്‍ധിക്കുന്നു. നമ്മളിലെ ഗുണങ്ങളുടെ പ്രഭാവത്തെ മറ്റുള്ളവര്‍ക്കും അറിയുവാന്‍ സാധിക്കും.
നിരന്തര യോഗാപരിശീലനത്തിലൂടെ സ്ഥൂലസൂക്ഷ്മതന്മാത്രകളുടെ മുകളില്‍ നമുക്ക് നിയന്ത്രണം കൊണ്ടുവരാനും ധ്യാനത്തിലൂടെ ബുദ്ധിയെ ഈശ്വരോന്മുഖമാക്കി സത്വഗുണത്തെ വര്‍ധിപ്പിക്കുന്നതിനോ ഗുണാതീത അവസ്ഥയിലേക്ക് എത്തുന്നതിനോ നമുക്ക് കഴിയുന്നു. ഇങ്ങനെ പ്രകൃതിയേയും പുരുഷനേയും കുറിച്ചുള്ള വ്യത്യാസം മനസ്സിലാക്കി ബുദ്ധിയെ പുരുഷനുമായി ബന്ധിപ്പിക്കാന്‍ അഷ്ടാംഗയോഗം നമ്മെ സഹായിക്കുന്നു.(പാ.യോ.സൂ.2:19)


ജന്മഭൂമി: 

No comments: