Wednesday, July 25, 2018

രാമായണസുഗന്ധം-6
Thursday 26 July 2018 2:56 am IST
മഹാരാജാവ് ക്രോധാഗാരത്തില്‍ എത്തിയപ്പോള്‍ കൈകേയി മാനത്തുനിന്നും ഭൂമിയില്‍ പതിച്ച ഒരു കിന്നരസ്ത്രീയെപ്പോലെ തറയില്‍ കിടന്നിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളുടുത്ത് ആഭരണങ്ങളില്ലാതെ, കരഞ്ഞും ക്രോധത്തോടെയും കേശത്തെ ഏകവേണിയായിക്കെട്ടിയുമാണ് അവര്‍ കിടന്നിരുന്നത്. സുബോധം നഷ്ടമായ കൈകേയി ചില ദൃഢമായ തീരുമാനങ്ങള്‍ എടുത്തിരുന്നു. 
അവരുടെ കൊട്ടാരം തത്തകള്‍, മയിലുകള്‍, ഹംസങ്ങള്‍, ക്രൗഞ്ചങ്ങള്‍ ഇവയേക്കൊണ്ട് നിറഞ്ഞിരുന്നു. അവയുടെ ശബ്ദങ്ങളാലും വാദ്യസംഗീതങ്ങളാലും അവിടം മുഖരിതവുമായിരുന്നു. അശോകത്തിന്റേയും ചമ്പകത്തിന്റേയും വൃക്ഷങ്ങളാലും ദന്തംകൊണ്ടും സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിച്ച ഇരിപ്പിടങ്ങളാലും നിറഞ്ഞതായിരുന്നു ആ കൊട്ടാരം. വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങളും പാനീയങ്ങളും അവിടെ സുലഭമായിരുന്നു. ആ കൊട്ടാരം നിറയെ കുബ്ജകളും ഉയരംകുറഞ്ഞവരുമായ സ്ത്രീകളായിരുന്നു.
ക്രുദ്ധയായ കൈകേയിയെ തലോടിക്കൊണ്ട് മഹാരാജാവ് പറഞ്ഞു,'ഭവതിയുടെ ക്രോധം എന്നോടല്ല എന്നെനിക്കറിയാം. ഭവതിക്കുവേണ്ടി എന്തും ചെയ്യുവാന്‍ ഞനും എന്റെയാളുകളും എപ്പോഴും സന്നദ്ധരാണെല്ലോ. എന്തുവേണമെന്ന് ആവശ്യപ്പടൂ, അതെല്ലാം സാധിച്ചിരിക്കും, ഇങ്ങനെ ദുഃഖിതയും ക്രുദ്ധയുമായി കിടക്കാതിരിക്കൂ'.
ദേവാസുരയുദ്ധത്തിലെ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൈകേയി ദൈവങ്ങളെ വിളിച്ച് ദശരഥനെക്കൊണ്ട് താനാവശ്യപ്പെടുന്ന രണ്ടുവരങ്ങളും നല്‍കാമെന്ന് സത്യംചെയ്യിച്ചു. ദശരഥനാകട്ടെ, തനിക്ക് തന്നെക്കാളും കൈകേയിയേക്കാളും പ്രിയമുള്ളതായി രാമന്‍ മാത്രമേ ഉള്ളൂ എന്നും ആ രാമന്റെപേരില്‍ താന്‍ സത്യംചെയ്യുന്നു എന്നു പറയുകയും ചെയ്തു. ദൈവങ്ങളെയെന്നു പറഞ്ഞത് പന്ത്രണ്ട് ആദിത്യന്മാരേയും പതിനൊന്നു രുദ്രന്മാരേയും എട്ടുവസുക്കളേയും രണ്ട് അശ്വിനീകുമാരന്മാരേയും ഇന്ദ്രനേയുമാണ്. കൂടാതെ രാമനേയും തന്റെതന്നെ സത്യധര്‍മ്മത്തെയുമാണ് സത്യം ചെയ്യുന്നതില്‍ മുന്നില്‍ നിര്‍ത്തിയത്.
ധര്‍മ്മിഷ്ഠനായ മഹാരാജാവ് ചെയ്യുന്ന ഈ സത്യം സൂര്യചന്ദ്രന്മാരും നവഗ്രഹങ്ങളും രാവും പകലും ദിക്കുകളും ഗന്ധര്‍വന്മാരും രാക്ഷസന്മാരും ഈ ഭൂമിയും അന്തരിക്ഷമണ്ഡലത്തില്‍ വസിക്കുന്ന ആത്മാക്കളും ഗൃഹദേവതകളുമെല്ലാം കേള്‍ക്കട്ടേ, അവര്‍ ഇതിനു സാക്ഷിയാകട്ടേ എന്നാണ് കൈകേയിയുടെ നിബന്ധന. സത്യം ചെയ്തുകഴിഞ്ഞ് അത് നിര്‍വഹിക്കാതെയിരുന്നാല്‍ ആ അപമാനത്താല്‍ അന്നുതന്നെ താന്‍ പ്രാണന്‍ ഉപേക്ഷിക്കുമെന്നും കൈകേയി ദൃഢമായി പറയുകയുണ്ടായി.
(തുടരും)
വി.എന്‍.എസ്. പിള്ള

No comments: