Thursday, July 26, 2018

ഐതീഹ്യമാലയിലൂടെ-8
കായ്കനികള്‍ ഭക്ഷിച്ചും ഭിക്ഷയെടുത്തും ഭര്‍ത്താവിനൊപ്പം ദേശാടനം നടത്താന്‍ വരരുചിയുടെ ഭാര്യയ്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. യാത്രക്കിടയില്‍ പലയിടങ്ങളിലായി ആകെ പതിനൊന്നു മക്കള്‍ക്ക് അവര്‍ ജന്മം നല്‍കി. കുട്ടികളെയെല്ലാം അവര്‍ വഴിയിലുപേക്ഷിച്ചു. അവരെ ബ്രാഹ്മണനുള്‍പ്പെടെ പല ജാതിയില്‍ പെട്ടവര്‍ എടുത്തു വളര്‍ത്തി. പന്ത്രണ്ടാമതും ഗര്‍ഭം ധരിച്ചപ്പോള്‍  ആ കുട്ടിയെ വഴിയിലുപേക്ഷിക്കില്ലെന്ന് വരരുചിയുടെ ഭാര്യ നിശ്ചയിച്ചു. ഇത്തവണ കുട്ടിക്ക് വായയുണ്ടോ എന്ന് ഭര്‍ത്താവ് അന്വേഷിച്ചാല്‍ ഇല്ലെന്ന് മറുപടി പറയണമെന്നും അവര്‍ തീരുമാനിച്ചു. അങ്ങനെയെങ്കില്‍ കുഞ്ഞിനെ കൂടെക്കൂട്ടാന്‍ അനുവദിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. 
 പ്രസവം കഴിഞ്ഞപ്പോള്‍ പതിവു പോലെ കുഞ്ഞിനു വായയുണ്ടോ എന്ന പതിവു ചോദ്യം വരരുചി ആവര്‍ത്തിച്ചു. ഇല്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. എങ്കില്‍ കുഞ്ഞിനെ എടുത്തോളാന്‍ വരരുചി പറഞ്ഞു. ഏറെ വൈകാതെ കുഞ്ഞിന് വായയില്ലാതെയായി. അതു കണ്ട വരരുചി കുഞ്ഞിനെ ഒരു കുന്നിന്‍ മുകളില്‍ പ്രതിഷ്ഠിച്ചു. അതാണ് പിന്നീട് 'വായില്ലാക്കുന്നിലപ്പന്‍'   എന്നറിയപ്പെട്ട ദേവന്‍.  പറയിപെറ്റ പന്ത്രണ്ടു മക്കളെ ചേര്‍ത്ത് പറയുന്ന പേരാണ് 'പറയിപെറ്റ പന്തിരുകുലം' . പന്ത്രണ്ടാളുകളെയും ചേര്‍ത്തൊരു ശ്ലോകമുണ്ട്
 'മേഷ(ഴ)ത്തോളഗ്നിഹോത്രീരജകനുളിയന്നൂര്‍
  ത്തച്ചനും പിന്നെ വള്ളോന്‍ 
  വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും 
  നായര്‍ കാരയ്ക്കല്‍ മാതാ
  ചെമ്മേകേളുപ്പുകൂറ്റന്‍ പെരിയതിരുവര
  ങ്കത്തെഴും പാണനാരും
  നേരേ നാരായണഭ്രാന്തനുമുടനകവൂര്‍ 
  ചാത്തനും പാക്കനാരും'
അവര്‍ പലദിക്കുകളിലായാണ് വളര്‍ന്നത്. ബാല്യം കഴിഞ്ഞതോടെ  സഹോദരന്മാരാണെന്ന് പരസ്പരം തിരിച്ചറിഞ്ഞു. പിന്നീട് ഏറെ സ്‌നേഹത്തോടെയാണ് അവര്‍ കഴിഞ്ഞു പോന്നത്. പന്ത്രണ്ടു പേരുമായി ബന്ധപ്പെട്ട് ഒട്ടേറെ അത്ഭുത കഥകള്‍ പ്രചാരത്തിലുണ്ട്. വരരുചിയും ഭാര്യയും  യാത്രകളിലൂടെ കാലം കഴിച്ചു. മാതാപിതാക്കളുടെ ശ്രാദ്ധത്തിന് മക്കളെല്ലാവരും അഗ്നിഹോത്രിയുടെ ഇല്ലത്താണ് ഒത്തു ചേരാറുള്ളത്. നാനാജാതിക്കാര്‍ ഒത്തുചേരുന്നതിനാല്‍ ശ്രാദ്ധത്തിന് വിളിക്കുന്ന ബ്രാഹ്മണര്‍ക്ക് അതില്‍ പങ്കെടുക്കാന്‍ മടിയായിരുന്നു. അഗ്നിഹോത്രിയുടെ അന്തര്‍ജനത്തിനും ഇക്കാര്യത്തില്‍ ഇഷ്ടക്കേടുണ്ടായിരുന്നു. ഇക്കാര്യം അവര്‍ ഭര്‍ത്താവിനെ അറിയിച്ചു. പരിഹാരമുണ്ടാക്കാമെന്ന്  അഗ്നിഹോത്രി ഭാര്യയോടു പറഞ്ഞു. 
അങ്ങനെയിരിക്കെ അച്ഛന്റെ ശ്രാദ്ധമായി. സഹോദരങ്ങളെല്ലാം അഗ്നിഹോത്രിയുടെ ഇല്ലത്തെത്തി. പത്തുമുറികളിലായാണ് അവര്‍ കിടന്നുറങ്ങാറുള്ളത്.  സഹോദരന്മാര്‍ ഉറക്കമായപ്പോള്‍ അന്തര്‍ജനത്തെയും  ശ്രാദ്ധത്തിനെത്തിയ ബ്രാഹ്മണനെയും വിളിച്ച് അഗ്നിഹോത്രി, അവര്‍ ഉറങ്ങുന്ന മുറികള്‍ക്കു മുമ്പിലെത്തി. തന്നെ തൊട്ടുകൊണ്ട്് അവരെ നോക്കാന്‍ ഇരുവരോടും അഗ്നിഹോത്രി പറഞ്ഞു. പത്തുപേരെയും വീക്ഷിച്ചപ്പോള്‍  അനന്തശായിയായ മഹാവിഷ്ണുവിനെയാണ് അവര്‍ കണ്ടത്. എല്ലാവരും മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് അന്തര്‍ജനത്തിനും ബ്രാഹ്മണനും അതോടെ ബോധ്യമായി. 
പൊന്നാനി താലൂക്കില്‍ മേഴത്തൂര്‍ അംശത്തിലാണ് അഗ്നിഹോത്രിയുടെ ഭവനം. വള്ളുവനാടു താലൂക്കില്‍ ഒറ്റപ്പാലത്തിനടുത്ത് കടമ്പൂര്‍  മനയ്ക്കലുള്ള നമ്പൂതിരിമാര്‍ അഗ്നിഹോത്രിയുടെ പുലക്കാരത്രേ. അഗ്നിഹോത്രിയുടെ അന്തര്‍ജനം ഒരിക്കല്‍ അടുത്തുള്ള പുഴയില്‍ അലക്കാന്‍ പോയി. തേച്ചു മിനുക്കാനായി ഒരു താലവും കൂടെക്കരുതിയിരുന്നു. തേച്ചു മിനുക്കിയ താലം ഒഴുകിപ്പോകാതിരിക്കാന്‍ അതില്‍ അല്പം മണലിട്ടു വെച്ചു. പിന്നീട് താലം അവിടെ നിന്ന് ഇളക്കാന്‍ പറ്റിയില്ല. അതത്രേ പ്രസിദ്ധമായ തൃത്താലത്തപ്പന്റെ വിഗ്രഹം. 
പറയിപെറ്റ പന്തിരുകുലത്തില്‍ നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട ദിവ്യകഥകള്‍ ഒട്ടേറെ പ്രചാരത്തിലുണ്ട്.
janmabhumi

No comments: