Tuesday, July 31, 2018

ഉപനിഷത്തിലൂടെ -220
Tuesday 31 July 2018 2:57 am IST
ബൃഹദാരണ്യകോപനിഷത്ത്- 18
ആത്മാവ് ഹൃദയത്തില്‍ പ്രത്യേകമായും ദേഹത്തില്‍ പൊതുവായും വ്യാപിച്ച് കുടികൊള്ളുന്നുവെന്ന് ഉറയിലെ വാളിന്റേയും വിറകിലെ അഗ്നിയുടേയും ഉദാഹരണത്തിലൂടെ പറയുന്നു.
അകത്സ്‌നോ ഹി സഃ പ്രാണന്നേവ പ്രാണോ നാമ ഭവതി...
പ്രാണനക്രിയകളും മറ്റും ചെയ്യുമ്പോള്‍ ആത്മാവിനെ അസമഗ്രന്‍ (മുഴുവനല്ലാത്തവന്‍) എന്ന്  പറയുന്നു. പ്രാണനക്രിയ ചെയ്യുമ്പോള്‍ പ്രാണന്‍ എന്നറിയപ്പെടും സംസാരിക്കുമ്പോള്‍ വാക്ക് എന്നും കേള്‍ക്കുമ്പോള്‍ ശ്രോത്രം എന്നും വിചാരിക്കുമ്പോള്‍ മനസ്സ് എന്നും പേരുള്ളവനാകും. ഇവയെല്ലാം കര്‍മങ്ങള്‍ക്കനുസരിച്ചുള്ള ആത്മാവിന്റെ പേരുകളാണ്.
ഇവയില്‍ ഓരോന്നിനെ ഉപാസിക്കുന്നവര്‍ ആത്മാവിനെ മുഴുവനായി അറിയുന്നില്ല. എന്തെന്നാല്‍ ഓരോന്ന് കൊണ്ട് അപൂര്‍ണതയാണ് ഉണ്ടാകുന്നത്. ആത്മാവ് എന്ന് തന്നെ ഉപാസിക്കണം. അവിടെയാണ് ഇവയെല്ലാം ഒന്നായിത്തീരുന്നത്. ഈ ആത്മാവാണ് ഇവയെല്ലാറ്റിലും വെച്ച് പ്രാപിക്കേണ്ടത്. ഇതുകൊണ്ട് എല്ലാം തന്നെ അറിയാന്‍ കഴിയുന്നു. കാലടിപ്പാടുകള്‍ നോക്കി നഷ്ടപ്പെട്ട പശുവിനെ കണ്ടെത്തും പോലെ ആത്മാവിനെ
ഇങ്ങനെ അറിയുന്നവര്‍ കീര്‍ത്തിയേയും  ശ്ലോകം എന്നറിയപ്പെടുന്ന ഇഷ്ട ജനസമാഗമത്തേയും നേടും.
പ്രാണനം മുതലായവ ചെയ്യുമ്പോള്‍ അവിടെ ഓരോ ഭാവം മാത്രമാണ് . ആത്മാവിന്റെ സമഗ്രതയില്ല. എല്ലാ ക്രിയകളും ഏകീഭവിച്ച് നഖത്തിന്റെ തുമ്പ് വരെ ദേഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ചൈതന്യമാണ് സമഗ്രനായ ആത്മാവ്. ആ ആത്മാവിനെയാണ് ഉപാസിക്കേണ്ടതും സാക്ഷാത്കരിക്കേണ്ടതും.
ആത്മാവ് നാമരൂപങ്ങളെ കൊണ്ടാണ് 'ആത്മാവ്' എന്ന കീര്‍ത്തിയേയും പ്രാണന്‍ തുടങ്ങിയവയോട് കൂട്ടുകെട്ടും ഉണ്ടാക്കിയത്. ആത്മാവിനെ അറിയുന്നയാള്‍ക്കും അതുപോലെ കീര്‍ത്തിയും കൂട്ടും ഉണ്ടാകും.
 മുമുക്ഷുക്കള്‍ക്ക് ഐക്യജ്ഞാനമെന്ന കീര്‍ത്തിയും ശ്ലോകമെന്ന മുക്തിയും ലഭിക്കുമെന്നും പറയാം.
തദേതത് പ്രേയഃ പുത്രാത്, പ്രേയോവിത്താത്...
ഈ ആത്മാവ് പുത്രനേക്കാള്‍ പ്രിയപ്പെട്ടതാണ്. ധനത്തേക്കാള്‍ പ്രിയമുള്ളതാണ്. മറ്റ് എല്ലാത്തിനേക്കാളും പ്രിയതരമായിട്ടുള്ളതാണ്. കാരണം അത് ഏറ്റവും ഉള്ളിലുള്ളതാണ്.
 മറ്റ് വസ്തുക്കളെ ആത്മാവിനേക്കാള്‍ പ്രിയമാണെന്ന് പറയുന്നവരോട് 'നിന്റെ പ്രിയപ്പെട്ട വസ്തു നശിക്കും' എന്നു പറയുകയാണെങ്കില്‍ അയാള്‍ക്ക് അത് പറയാന്‍ കഴിയും. അങ്ങനെ സംഭവിക്കും.
എന്നാല്‍ ആത്മാവിനെ പ്രിയമെന്ന് കരുതി ഉപാസിക്കുന്നയാളുടെ പ്രിയം നശിക്കുന്ന സ്വഭാവമുള്ള താകില്ല. അതിനാല്‍ ആത്മാവിനെ തന്നെ പ്രിയമെന്ന് ഉപാസിക്കണം.
 മറ്റുള്ളവയേക്കാള്‍ ആത്മാവിന് കേമത്തമുണ്ട്. അതുകൊണ്ട് മറ്റുള്ളതിനെയൊക്കെ അനാദരിച്ച് ആത്മതത്ത്വത്തെ തന്നെ അറിയണമെന്ന് പറയുകയാണ്. സാധാരണ ലോകത്തില്‍ മക്കള്‍, സ്വത്ത് തുടങ്ങിയവ എവര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. ആത്മാവ് അവയെക്കാളും ഏറെ ഉള്ളിലായതിനാല്‍ കൂടുതല്‍ പ്രിയതരമാകും. മറ്റുള്ളതെല്ലാം നശിക്കുന്നതാണ്. ആത്മാവിന് മാത്രമാണ് നാശമില്ലാത്തത്. അപ്പോള്‍ പിന്നെ ആത്മാവിനെ തന്നെ ഉപാസിക്കണം.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: