Monday, July 23, 2018

മന്ഥര

രാമായണസുഗന്ധം-4
Tuesday 24 July 2018 3:03 am IST
മഹാരാജാവിന്റെ ആവശ്യപ്രകാരം ബ്രഹ്മര്‍ഷി വസിഷ്ഠന്‍ രാമനെ ചെന്നുകണ്ട് പിതാവ് നിഷ്‌കര്‍ഷിച്ച ഉപവാസവും മറ്റും കൃത്യമായി പാലിക്കേണ്ടതാണ് എന്ന് നിര്‍ദ്ദേശിച്ചു. ബ്രഹ്മര്‍ഷിയാല്‍ നിര്‍ദ്ദേശിച്ചതുപോലെ പ്രഭാതത്തില്‍ സ്‌നാനകര്‍മ്മങ്ങള്‍ക്കും ഈശ്വരാരാധനക്കും ശേഷം രാത്രിയില്‍ ദര്‍ഭപായയില്‍ ശയിക്കുവാനും
മറ്റും രാമന്‍ സമ്മതിക്കുകയും ചെയ്തു. അടുത്തനാള്‍ പ്രഭാതത്തില്‍ രാമന്‍ സന്ധ്യാവന്ദനം ചെയ്യുകയും ബ്രാഹ്മണര്‍ അദ്ദേഹത്തിന് ഒരു അനുഗൃഹം നിറഞ്ഞ ദിനം ആശംസിക്കയുമുണ്ടായി. അയോദ്ധ്യയിലെ പ്രജകളാകട്ടെ രാമന്റെ അഭിഷേകം കാണുവാനെത്തുന്ന ജനങ്ങള്‍ക്ക് ഉത്സവമാകുവാനായി നഗരത്തെ മോടിപിടിപ്പിക്കുന്നതിലും അലങ്കരിക്കുന്നതിലും വ്യാപൃതരായിരുന്നു.
ദശരഥന്റെ ഒരു രാജ്ഞിയായ കൈകേയിയുടെ പാരമ്പര്യപരിചാരികയും കുബ്ജയുമായ മന്ഥര കൊട്ടാര മട്ടുപ്പാവില്‍ ആകസ്മികമായി ചെന്നപ്പോള്‍ കണ്ടത് ഉത്സവലഹരിയിലായ നഗരത്തേയും ബ്രാഹ്മണര്‍ക്കും മറ്റും  ദാനങ്ങള്‍ നല്‍കുന്ന കൗസല്യയേയുമാണ്. രാമന്റെ പഴയ ഒരു ആയയെക്കണ്ട് അന്വേഷിച്ചപ്പോഴാണ് മന്ഥര രാമന്റെ അഭിഷേകത്തെക്കുറിച്ച് അറിയുന്നത്. കുപിതയായ മന്ഥര കൈകേയിയുടെ അടുത്തുചെന്ന് വാര്‍ത്ത നല്‍കുകയും ഈ അഭിഷേകം ഉടനെ മുടക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. വാര്‍ത്ത കേട്ട കൈകേയിയാകട്ടെ ആഹ്‌ളാദിക്കുകയും മന്ഥരക്ക് ഒരു രത്‌നാഭരണം സമ്മാനമായി നല്‍കുകയും ചെയ്തു. രാമന്റെ സ്ഥാനാരോഹണം കൈകേയിയുടേയും ഭരതന്റേയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമാവുമെന്ന് മന്ഥര ശഠിക്കുമ്പോഴും അത് തന്നെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണെന്നായിരുന്നു കൈകേയിയുടെ പക്ഷം.
രാമന്റെ ഭരണത്തിന്‍കീഴില്‍ കൈകേയിക്കും ഭരതനും ഉണ്ടാകുവാന്‍പോകുന്ന ദുരിതങ്ങളെപ്പറ്റി പറഞ്ഞുപറഞ്ഞ് മന്ഥര കൈകേയിയുടെ മനസ്സു മാറ്റിയെടുത്തു. അഭിഷേകം തടസ്സപ്പെടുത്തണമെന്നും രാമനെ വനത്തിലേക്കയക്കണമെന്നും രാജ്യം ഭരതന് ലഭിക്കണമെന്നും കൈകേയി നിശ്ചയിച്ചു. അതിനുള്ള മാര്‍ഗ്ഗം മന്ഥരയോടാരായുകയുമുണ്ടായി. പരിചാരിക ഉപദേശകയായി. (തുടരും)
വി.എന്‍.എസ്. പിള്ള

No comments: