ഉപനിഷത്തിലൂടെ -214
Tuesday 24 July 2018 3:06 am IST
ബൃഹദാരണ്യകോപനിഷത്ത്- 12
വാക്കിനെ മൃത്യുവിനപ്പുറം വിട്ടപോലെ ഘ്രാണത്തേയും കണ്ണിനേയും, കാതിനേയും മനസ്സിനേയും മൃത്യുവിനപ്പുറം കടത്തി വിട്ടു. ഘ്രാണേന്ദ്രിയം മൃത്യുവിനെ കടന്ന് വായു വായി വീശുന്നു. കണ്ണ് മൃത്യുവിനെ കടന്ന് ആദിത്യനായി തപിക്കുന്നു. കാത് മൃത്യുവിനെ കടന്ന് ദിക്കുകളായി സ്ഥിതി ചെയ്യുന്നു. മനസ്സ് മൃത്യുവിനെ കടന്ന് ചന്ദ്രനായി പ്രകാശിക്കുന്നു.
ഇങ്ങനെ അറിയുന്നയാളെ പ്രാണദേവത മൃത്യുവിനെ കടത്തിവിടുന്നു. വാക്ക് മുതലായവയെ അഗ്‌നി തുടങ്ങിയ ഭാവങ്ങളിലാക്കി മൃത്യുവിനെ കടത്തിവിട്ടതു പോലെ പ്രാണനെ ഉപാസിക്കുന്ന സാധകരേയും പ്രാണദേവത മൃത്യുവിനെ കടത്തി വിടും.
അഥാത്മനേ ള ന്നാദ്യമാ ഗായത്;
യദ് ഹി കിം ചാന്ന-
മദ്യതേനേ നൈവ തദദ്യതേ,
ഇഹ പ്രതി തിഷ്ഠതി
അതിന് ശേഷം പ്രാണന്‍ ഭക്ഷിക്കുവാനുള്ള അന്നത്തെ തനിക്കായി ആഗാനം ചെയ്തു. എന്തെന്നാല്‍ ജീവികള്‍ എന്തെങ്കിലും ഭക്ഷണം കഴിക്കുന്നുവെങ്കില്‍ അത് പ്രാണനെ കൊണ്ട് തന്നെയാണ് കഴിക്കുന്നത്. പ്രാണന്‍ ഈ ഭക്ഷണത്തിലാണ് നില നില്‍ക്കുന്നത്.
വാക്ക് മുതലായവയെ പോലെ പ്രാണനും തനിക്ക് വേണ്ടി അന്നാദ്യത്തെ ആഗാനം ചെയ്തു. എന്നാലും ഇന്ദ്രിയങ്ങള്‍ക്ക് വന്നതു പോലെ ആസംഗ ദോഷം പ്രാണനില്ല. പ്രാണനെ കൊണ്ടാണ് അന്നത്തെ കഴിക്കുന്നത്. അന്നം കൊണ്ടാണ് നിലനില്‍ക്കുന്നത്. തന്റെയും ഇന്ദ്രിയങ്ങളുടേയും നിലനില്‍പ് ഈ കഴിക്കുന്ന അന്നത്താലാണ്. പ്രാണന്റെ നിലനി
ല്‍പിനെ ആശ്രയിച്ചാണ് ഇന്ദ്രിയങ്ങള്‍ വര്‍ത്തിക്കുന്നത്. അനന്‍ എന്നത് പ്രാണന്റെ പേരാണ്. പ്രാണന്റെ വിശുദ്ധി, ഉപാസ്യത്വം, വൈശിഷ്യം എന്നിവയെ ഇവിടെ കാണിക്കുന്നു.
തേ ദേവാ അബ്രുവന്‍, ഏതാവദ് വാ ഇദം സര്‍വ്വം യദന്നം...
ആ വാക്ക് മുതലായ ദേവന്‍മാര്‍ പറഞ്ഞു ലോകത്തില്‍ അന്നമായിട്ടുള്ളതിനെയെല്ലാം അങ്ങ് കൈവശപ്പെടുത്തി. ഞങ്ങളേയും അതില്‍ ഭാഗഭാക്കാക്കണം. പ്രാണന്‍ പറഞ്ഞു. നിങ്ങള്‍ അന്നാര്‍ത്ഥികളാണെങ്കില്‍ എന്റെ ചുറ്റും അഭിമുഖമായി ഇരിക്കൂവെന്ന്. അങ്ങനെ തന്നെ എന്ന് പറഞ്ഞ് അവരെല്ലാം പ്രാണനു ചുറ്റും ഇരുന്നു. അതിനാല്‍ പ്രാണന്‍ കഴിക്കുന്ന ഭക്ഷണം കൊണ്ട് അവരും തൃപ്തരായിത്തീരുന്നു.
അന്നം കൊണ്ട് പ്രാണന് ശക്തി കിട്ടുമ്പോള്‍ ഇന്ദ്രിയങ്ങളും ശക്തങ്ങളാകും. പ്രാണന്റെ സഹായത്താലാണ് ഇന്ദ്രിയങ്ങള്‍ക്കുള്ള അന്നം ലഭിക്കുന്നത്. ഇവയ്ക്ക് അന്നവുമായി നേരിട്ട് ബന്ധമില്ല. ഇങ്ങനെ പ്രാണനെ വാക്ക് മുതലായ ഇന്ദ്രിയങ്ങള്‍ക്ക് ആശ്രയമായി അറിയുന്നവരുടെ ചുറ്റും അറിവുള്ളവര്‍ കൂടിയിരിക്കും. അയാള്‍ അവരെ ഭരിക്കുന്നവനായും അവരില്‍ ശ്രേഷ്ഠനായും മുന്നില്‍ നിന്ന് നയിക്കുന്നവനായും നന്നായി ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കുന്നവനായും അധിപതിയായുമിരിക്കും.
ഇങ്ങനെയുള്ളവരോട് വിരോധം വയ്ക്കുന്നവര്‍ക്ക് ആരേയും ഭരിക്കാനാവില്ല. എന്നാല്‍ ഇദ്ദേഹത്തെ അനുഗമിക്കുന്നവര്‍ക്ക് ഭരണാധികാരികളെപ്പോലും ഭരിക്കാനുള്ള ശക്തിയുണ്ടാകും.
പ്രാണനെ ഇന്ദ്രിയങ്ങളുടെ ആശ്രയമായി അറിയുന്നയാള്‍ ലോകത്തില്‍ ശ്രേഷ്ഠനായിത്തീരും എന്നറിയണം.
സോളയാസ്യ ആംഗിരസ: അംഗാനം ഹി രസ: പ്രാണോ വാ അങ്ഗാനാം രസ...
പ്രാണന്‍ തന്നെയാണ് അംഗങ്ങളുടെ രസം. അതിനാല്‍ ഏതെങ്കിലും അവയവത്തില്‍ നിന്ന് പ്രാണന്‍ മാറി നിന്നാല്‍ അപ്പോള്‍ത്തന്നെ ആ അവയവം ശോഷിക്കും. അതുകൊണ്ട് പ്രാണന്‍ തന്നെയാണ് അംഗങ്ങളുടെ രസം. ദേഹത്തിലെ ഓരോ അവയവവും നിലനില്‍ക്കുന്നത് പ്രാണനെ ആശ്രയിച്ചാകയാല്‍ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനുമപ്പുറം മുഖ്യ പ്രാണനെ ഉപാസിക്കണം.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment