Thursday, July 26, 2018

ഉപനിഷത്തിലൂടെ -217 / സ്വാമി അഭയാനന്ദ

ബൃഹദാരണ്യകോപനിഷത്ത്- 15
പ്രാണവിജ്ഞാനത്തെയാണ് ഇതുവരെ പറഞ്ഞത്. ഇനി അഭ്യാരോഹമെന്ന ജപകര്‍മത്തെ വിധിക്കുന്നു.
അഥത: പവമാനാ നാമേ വാഭ്യാരോഹ: 
സ വൈ ഖലു പ്രസ്‌തോതാ സാമ പ്രസ്തൗതി, 
സ യത്ര പ്രസ്തുയാത്തദേതാനി ജപേത്
അനന്തരം അതിനാല്‍ പവമാനങ്ങള്‍ക്ക് മാത്രമുള്ള അഭ്യാരോഹം എന്ന ജപകര്‍മമാണ് പറയുന്നത്. പ്രസ്‌തോതാവ് സാമത്തെ പ്രസ്താവിക്കുമല്ലോ. അദ്ദേഹം എപ്പോള്‍ പ്രസ്താവിക്കുമോ അല്ലെങ്കില്‍ സാമത്തെ ഗാനം ചെയ്യുന്നുവോ അപ്പോള്‍ ഈ മന്ത്രങ്ങള്‍ ജപിക്കണം. ഈ ജപകര്‍മത്തിന് അഭ്യാരോഹമെന്ന പേര് വരാന്‍ കാരണം ദേവഭാവത്തെ ആഭിമുഖേന ആരോഹണം ചെയ്യുക എന്ന ഫലത്തോട് കൂടിയതിനാലാണ്.  പ്രസ്‌തോതാവ് സാമഗാനത്തിന് തുടങ്ങുമ്പോള്‍ ജപിക്കേണ്ട മൂന്ന് യജുര്‍വേദമന്ത്രങ്ങളെ ഇനി പറയുന്നു.
അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ ഗമയ
മൃത്യോര്‍മാ അമൃതംഗമയേതി
അസത്തില്‍ നിന്ന് സത്തിലേക്കും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍ നിന്ന് അമൃതത്വത്തിലേക്കും നയിക്കണേ എന്നാണ് പ്രാര്‍ത്ഥന
സ യദാ ഹാസതോ മാ സദ്ഗമയേതി
 മൃത്യുര്‍ വാ അസത്, സദമൃതം
മൃത്യോര്‍മാമൃതം ഗമയ, 
അമൃതം മാ കുര്‍വിത്യേ വൈത ദാഹ
ഇവിടെ അസതോ മാ സദ്ഗമയ എന്ന് പറയുന്നിടത്ത് അസത് എന്ന് പറഞ്ഞാല്‍ മൃത്യുവാണ്. സത്ത് എന്നാല്‍ അമൃതം. മൃത്യുവില്‍ നിന്നും എന്നെ അമൃതത്വത്തിലെത്തിക്കണം. എന്നെ മരണമില്ലാത്തവനാക്കിത്തീര്‍ക്കണം എന്നര്‍ത്ഥം.
 തമസോ മാ ജ്യോതിര്‍ഗമയേ തി, മൃത്യുര്‍ വൈ തമ: 
ജ്യോതിര മൃതം, മൃത്യോര്‍മാമൃതം, ഗമയ, 
അമൃതം മാ കുര്‍വിത്യേ വൈതദാഹ; 
മൃത്യോര്‍മാമൃതം ഗമയേതി നാത്ര തിരോഹിതമിവാസ്തി.
തമസോ മാ ജ്യോതിര്‍ ഗമയ എന്ന് പറയുന്നിടത്ത്  തമസ്സ് എന്നാല്‍ മൃത്യു തന്നെ. ജ്യോതിസ്സ് എന്നാല്‍ അമൃതം . മൃത്യുവില്‍ നിന്ന് എന്നെ അമൃതത്വത്തിലേക്ക് എത്തിക്കുക. എന്നെ മരണമില്ലാത്തവനാക്കിത്തീര്‍ക്കണേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇതിന്റെ അര്‍ത്ഥമാണ് മൃത്യോര്‍ മാ  അമൃതം ഗമയ എന്ന വാക്യത്തിലൂടെ പറഞ്ഞത്.
യഥ യാനീതരാണി സ്‌തോത്രാണി തേഷ്വാത്മനേ 
അന്നാദ്യമാ ഗായേത്, തസ്മാദു തേഷു വരം വൃണീത യം കാമം കാമയതേ തം...
ഇനിയുള്ള മറ്റ് മന്ത്രങ്ങളെക്കൊണ്ട് ഉദ്ഗാതാവ് തനിക്കായി അന്നം മുതലായതിനെ ആഗാനം ചെയ്യണം. ഇങ്ങനെ അറിയുന്ന ഉദ്ഗാതാവ് തനിക്ക് വേണ്ടിയോ യജമാനന് വേണ്ടിയോ ആഗ്രഹിക്കുന്നതായ കാമത്തെ ആഗാനം ചെയ്യുന്നു. അതിനാല്‍ ആ സ്‌തോത്രങ്ങള്‍ പ്രയോഗിക്കുമ്പോള്‍ എന്താണോ ആഗ്രഹിക്കുന്നത് ആ കാമത്തെ വരമായി വരിക്കണം. അങ്ങനെയുള്ള ഈ പ്രാണ വിജ്ഞാനം ഹിരണ്യഗര്‍ഭ ലോകം നേടാന്‍ വേണ്ടിയുള്ളതാണ്. ഇങ്ങനെ സാമത്തെ അറിയുന്നയാള്‍ക്ക് തന്റെ പ്രാണ ആത്മഭാവപ്രാപ്തിയെപ്പറ്റി ആശങ്ക ഉണ്ടാകില്ല. അസത്ത്, തമസ്സ്, മൃത്യു എന്ന് പറയുന്നത് സ്വാഭാവികങ്ങളായ കര്‍മ്മജ്ഞാനങ്ങളിലുള്ള ആസക്തികൊണ്ടുണ്ടാകുന്ന അധോഗതിയെയാണ്. അറിവിനെ മറയ്ക്കുന്ന  അജ്ഞാനം തമസ്സ് തന്നെയാണ്. ആത്മാവിനെ പതനത്തിലേക്ക് നയിക്കുന്നതിനാല്‍ മൃത്യുവുമാണ്.
സത്ത്, ജ്യോതിസ്സ്, അമൃതം എന്ന് പറയുന്നവ ശാസ്ത്രജ്ഞാനത്താല്‍ സംസ്‌കരിക്കപ്പെട്ട കര്‍മ്മം ജ്ഞാനം  ഇവ കൊണ്ടുണ്ടാകുന്ന ഊര്‍ദ്ധ്വഗതിയാണ്. സത്യാവസ്ഥയിലേക്ക് നയിക്കുന്നതിനാല്‍ അത് സത്താണ്. പ്രകാശാത്മകമായതിനാല്‍ ജ്യോതിസ്സാണ്. അവിനാശ സ്വരൂപത്തിലായതിനാല്‍ അമൃതവുമാണ്. സ്വയം നശിപ്പിക്കുന്ന  ആസുരിക ഭാവത്തില്‍ നിന്ന് ആത്മരക്ഷയ്ക്കുതകുന്ന ദേവഭാവത്തിലെത്തിക്കണമെന്നാണ് പ്രാര്‍ത്ഥന, ഉപാസനയാല്‍ പ്രാണാത്മഭാവത്തെ പ്രാപിച്ച സാധകന് പിന്നെ ആഗ്രഹമോ പ്രാര്‍ത്ഥനയോ ഉണ്ടാകില്ല.

No comments: