ഗീതാദര്‍ശനം
Tuesday 24 July 2018 3:07 am IST
അധ്യായം-18
20-ാം ശ്ലോകം
വിഭക്തേഷു സര്‍വ്വഭൂതേഷു- ഈ ഭൗതിക പ്രപഞ്ചത്തിലെ ബ്രഹ്മാവു മുതല്‍ സ്ഥാവരങ്ങള്‍ വരെയുള്ള ദേവമനുഷ്യ-മൃഗ-പക്ഷി-കീട (പുഴു) വൃക്ഷപര്‍വതാദികളായ എല്ലാ ഭൂതങ്ങളിലും ഉള്ള ജീവന്മാരിലും പ്രകൃതി, ജഡവസ്തുക്കള്‍ എന്നിവയിലും അവയ്ക്ക് എല്ലാത്തിനും ആധാരമായും അവയില്‍നിന്ന് വ്യത്യസ്തമായും ഒരു ഭാവമുണ്ട്. ഭാവം എന്നതിന് എല്ലായ്‌പ്പോഴും നിലനില്‍ക്കുന്നത് എന്ന് അര്‍ത്ഥം. അങ്ങനെയുള്ള വസ്തുവിനെ വിവരിക്കുന്നു.
അവ്യയം- ഉത്പത്തിയും വിനാശവുമുള്ളവയാണ്. ബ്രഹ്മാവ് മുതലായവ; മാത്രമല്ല, പരസ്പരം ഭിന്നങ്ങളും അവയിലെല്ലാം കുറവോ നാശമോ പരിണാമമോ ഇല്ലാതെ കൂടസ്ഥനായി നില്‍ക്കുന്നു എന്നാണ്-അവ്യയം എന്ന പദത്തിന്റെ അര്‍ത്ഥം.
ഏകം - ഏറ്റവും പ്രധാനവും എല്ലാത്തിനെക്കാളും ഉത്തമവുമാണ് ആ വസ്തു.
അവിഭക്തം- ആ വസ്തു ഒരിക്കലും ഒരു കാരണവശാലും വിഭജിക്കപ്പെടുകയില്ല. അവിഭക്തവും അവ്യയവും ഉത്തമവും പ്രധാനവും (ഏകം) ആയ വസ്തു. സര്‍വാന്തര്യാമിയായി സര്‍വഹൃദയങ്ങളിലും സദാ വര്‍ത്തിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ; സംശയിക്കേണ്ടതില്ല. ഇതാണ് നാനാത്വത്തിലെ ഏകത്വം.
''അഹമാത്മാ ഗുഡാകേശ!
സര്‍വ്വഭൂതാശയസ്ഥിതഃ'' (10-20)
എന്നു ഭഗവാന്‍ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. ഏതുതരം കര്‍മങ്ങള്‍ ചെയ്യുമ്പോഴും ഈ ബോധം ഉണ്ടാവണം. ഇതാണ് സാത്ത്വികമായ ജ്ഞാനം, എന്ന് അര്‍ജുനാ, നീ മനസ്സിലാക്കൂ.
രാജസമായ ജ്ഞാനം
അധ്യായം-18
21-ാം ശ്ലോകം
പൃഥക്ത്വേന യത് ജ്ഞാനം-എല്ലാ വസ്തുക്കളുടെയും ആകൃതി, വലുപ്പം, ചെറുപ്പം, വര്‍ണം, ഉത്തമം, അധമം മുതലായവയെ ആധാരമാക്കിയിട്ടുള്ള ജ്ഞാനം-അതാണ് രാജസമായ ജ്ഞാനം വിവരിക്കാം.
സര്‍വ്വേഷു ഭൂതേഷു നാനാഭാവാന്‍ പൃഥഗ്‌വിധാന്‍
പ്രത്യക്ഷമായി നാം കാണുന്ന നാനാവിധങ്ങളായ പദാര്‍ത്ഥങ്ങളില്‍, ജീവഗണങ്ങളുള്ള ശരീരത്തെ ആശ്രയിച്ചും കൊണ്ട് മാത്രം ഉള്ള അറിവാണ് രാജസമായ ജ്ഞാനം.
പല നിറങ്ങള്‍-വെറുപ്പ്, ചുകപ്പ്, പച്ച, മഞ്ഞ, കറുപ്പ്, നീല മുതലായവ ഉള്ളവയും, അഞ്ച് പത്ത്, ഇങ്ങനെ വ്യത്യസ്ത ദളങ്ങളുള്ളതുമായ ഒരു പുഷ്പം കാണുമ്പോള്‍, പുഷ്പങ്ങളുടെ വൈവിധ്യം മാത്രം അറിയുന്നവന്റെ ജ്ഞാനം പോലെ എന്നു മനസ്സിലാക്കണം. പുഷ്പങ്ങള്‍ മാത്രമല്ല, അവയുടെ ഉള്ളിലൂടെ അവയെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു ചരടുണ്ട് എന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കുന്നില്ല എന്നു സാരം.
കാനപ്രം കേശവന്‍ നമ്പൂതിരി
No comments:
Post a Comment