Saturday, July 28, 2018

രാമായണസുഗന്ധം-9
Sunday 29 July 2018 2:59 am IST
ഈ ഭീഷണിക്കുശേഷം കൈകേയി നിശ്ശബ്ദയായി എന്നു പറയപ്പെടുന്നു. രാജ്ഞിയുടെ ദൃഢമായ വാക്കുകളും താന്‍ നല്‍കിയ സത്യവും ഓര്‍ത്തുകൊണ്ട് ദശരഥന്‍ നിര്‍നിമേഷനായി കൈകേയിയെ നോക്കിക്കൊണ്ടിരുന്നു. പിന്നീട് വെട്ടിയിട്ട വൃക്ഷംപോലെ അദ്ദേഹം താഴെവീണ് നിശ്ചേഷ്ടനായി കിടന്നു. രാജാവിന്റെ സമനില തെറ്റിയിരുന്നു. പിന്നീട് അദ്ദേഹം കൈകേയിയുടെ പെരുമാറ്റത്തെക്കുറിച്ച് പലതും ചോദിക്കുകയും നിനക്കിങ്ങനെ പെരുമാറാനെങ്ങനെ കഴിയുന്നുവെന്ന് പരിതപിക്കുകയും ചെയ്തു. കൈകേയിയുടെ ബാല്യാവസ്ഥയിലെ പെരുമാറ്റത്തിന്റെ നേരേ വിപരീതമായിരിക്കുന്നു ഇന്നവരുടെ പെരുമാറ്റം. 
രാജാവ് തുടര്‍ന്നു'രാമനില്ലാതെ ഭരതന്‍ അയോദ്ധ്യയില്‍ വസിക്കുകയില്ല. കാരണം ആ കുമാരന്‍ രാമനേക്കാള്‍ ശ്രേഷ്ഠനാണ് എന്നെനിക്കു തോന്നുന്നു. സഭയില്‍വന്ന് തീരുമാനം എടുക്കുവാന്‍ പങ്കാളികളായ രാജാക്കന്മാരോടും മറ്റു സജ്ജനങ്ങളോടും രാമനെ വനത്തിലയക്കുന്നതിന്റെ കാരണം ഞാനെങ്ങനെ വിശദീകരിക്കും? എന്നെ കൈകേയി നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിച്ചത് എന്ന് എങ്ങനെ പറയും? ഇക്ഷ്വാകുവംശത്തിലെ ഈ വിഡ്ഢിയായ രാജാവ് ഇത്രകാലം എങ്ങനെ ഭരണം നടത്തിയെന്ന് മറ്റുരാജാക്കന്മാര്‍ ചോദിക്കുമല്ലോ?'.
കൈകേയിക്കു നല്‍കിയ വാക്കു പാലിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ നടത്തിയ പ്രഖ്യാപനം രാമനെ യുവരാജാവായി അഭിഷേകം ചെയ്യുന്നു എന്നത്  അസത്യമായി ഭവിക്കുമല്ലോ. രാമനെ വനത്തിലേക്കയച്ചാല്‍ ഞാന്‍ കൗസല്യയോടെന്തു പറയും? രാമനോട് അനീതി കാട്ടിയാല്‍ തന്റെ പുത്രന്മാരായ ലക്ഷ്മണന്റേയും ശത്രുഘ്‌നന്റേയും ഭാവിയെയോര്‍ത്ത് സുമിത്ര എന്നെ സംശയിക്കില്ലേ?
'രാമന്‍ വനത്തിലേക്കുപോയാല്‍ പിന്നെ സീതയുടെ അവസ്ഥ എന്താകും? സീതക്ക് ഒരേസമയം രണ്ടു ദുഃഖവാര്‍ത്തകളാകും കേള്‍ക്കേണ്ടിവരിക.  എന്റെ അന്ത്യവും രാമന്റെ വനത്തിലേക്കുള്ള യാത്രയും. വൈദേഹി ഈ രണ്ടു സംഭവങ്ങളുമോര്‍ത്ത് എന്നും ദഃഖിതയായിരിക്കുമല്ലോ. ജനങ്ങള്‍ എന്നെ സ്ത്രീക്കു വശംവദനനായ വിഡ്ഢിയായ രാജാവെന്നു പരിഹസിക്കും. എന്റെ രാമനോട് നീ വനവാസത്തിനു പോകൂ എന്നു ഞാന്‍ പറഞ്ഞാല്‍ അങ്ങനെയാകട്ടെ എന്നാകും രാമന്റെ മറുപടി. രാമന് എന്നെ എതിര്‍ക്കുവാനാകില്ല' രാജാവ് പറഞ്ഞുകൊണ്ടേയിരുന്നു.
രാമന്‍ വനത്തിലേക്കു പോയിക്കഴിഞ്ഞാല്‍ മൃത്യു എന്നെ സ്വീകരിച്ചുകൊള്ളും. കൗസല്യയുടേയും സുമിത്രയുടേയും അവരുടെ മൂന്നു പുത്രന്മാരുടേയും വരാനിരിക്കുന്ന അവസ്ഥകളും ദശരഥന്‍ പരാമര്‍ശിക്കുകയുണ്ടായി. രാമനെ വനത്തിലേക്കയക്കുന്നതിന് ഭരതന്‍ സമ്മതിക്കുന്നുവെങ്കില്‍ ഭരതന്‍ തന്റെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നും അദ്ദഹം നിഷ്‌കര്‍ഷിച്ചു. കൈകേയി നിമിത്തം രാമനോടു കാട്ടേണ്ടിവരുന്ന അനീതിയെപ്പറ്റി രാജാവ് വിലപിച്ചുകൊണ്ടയിരുന്നപ്പോള്‍ സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ താണുപോവുകയും രാത്രിയെത്തച്ചേരുകയുമുണ്ടായി.
വി.എന്‍.എസ്. പിള്ള

No comments: