Sunday, July 29, 2018

ഉദയകുമാര്‍ എ.കെ
Monday 30 July 2018 1:05 am IST
ശക്രാനന്ദസ്വാമിജിയുടെ സമാധിദിനമായിരുന്നു ഇന്നലെ
പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തെ അതിന്റെ എക്കാലത്തേയും  പ്രൗഢിയില്‍ സമ്പുഷ്ടമാക്കിയ കര്‍മ്മധീരനായ യോഗീശ്വരനായിരുന്നു ശക്രാനന്ദ സ്വാമിജി. അദ്ദേഹത്തിന്റെ ലളിത ജീവിതവും സൗമ്യ സംഭാഷണവും ശ്രീരാമകൃഷ്ണ ഭക്തരുടെ ഇടയില്‍ ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. കര്‍മ്മമണ്ഡലങ്ങള്‍ തൊട്ടറിഞ്ഞ അപൂര്‍വ വ്യക്തിത്വത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു സ്വാമിജി.
സമൂഹത്തിലെ തിന്മയ്ക്കുള്ള പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെ കുറവാണെന്ന് മനസ്സിലാക്കിയ സ്വാമിജി കുട്ടികള്‍ക്ക് നിന്നു പഠിക്കാന്‍ ഗുരുകുല വിദ്യാഭ്യാസം പോലെ ആശ്രമത്തോടനുബന്ധിച്ച് ഹോസ്റ്റല്‍ പണികഴിപ്പിച്ചു. സ്‌കൂളിന്റെ മുക്കിലും മൂലയിലും ഏതു സമയത്തും സ്വാമിജിയെ കാണാമായിരുന്നു. 
എന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കുട്ടികളില്‍നിന്നാണ് തുടങ്ങാറ്. ''പഠിക്കണം, നിങ്ങള്‍ വിവേകാനന്ദസ്വാമിജിയെയും ശ്രീരാമകൃഷ്ണദേവനെയും പോലെ വലിയവരാകണം. എന്നിട്ട് വലിയ വലിയ കാര്യങ്ങള്‍ ചെയ്യണം. എന്നാലേ നിങ്ങളുടെ കുടുംബത്തിനുംസമൂഹത്തിനും നന്മ ചെയ്യാന്‍ പറ്റുകയുള്ളൂ.'' ഇത് പറഞ്ഞുകൊണ്ട് സ്വാമിജി കുട്ടികള്‍ക്കായി ശ്രീരാമകൃഷ്ണദേവന്റെ ഒരു കഥയും പറഞ്ഞുതരും. തുടക്കത്തിലും അവസാനത്തിലും ഒരു ശ്ലോകവുമുണ്ടായിരിക്കും. സ്വാമിജിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ആഴമേറിയ ഒരു കടലിന്റെ ശാന്തമായ മടിത്തട്ടിലൂടെ ഒരു തോണിയില്‍ പോകുന്ന യാത്രപോലെയാണ് തോന്നാറ്. യാത്രയില്‍ സ്വാമിജി പലതും ഒരു മാന്ത്രികനെപ്പോലെ ആഴിയുടെ അടിത്തട്ടില്‍നിന്ന് എടുത്ത് കാണിച്ചുതരും. ഒരു കാലഘട്ടത്തിന്റെ ഹൃദയത്തില്‍ അണയാത്ത, എന്നും ജ്വലിക്കുന്ന പ്രകാശം പകര്‍ന്നു നല്‍കിയതിനു ശേഷമാണ് ആ യോഗിവര്യന്‍, 2011 ജൂലൈ 29 ന് നമ്മെ വിട്ടുപോയത്.
സ്വാമിജിയുടെ കര്‍മമണ്ഡലത്തില്‍ എന്നും വെല്ലുവിളിയായത് സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെയും അവശരുടെയും കഷ്ടപ്പാടുകളാണ്. വീടില്ലാത്തവര്‍ക്ക് വീടു വച്ചുകൊടുത്ത സ്വാമിജി, രോഗികള്‍ക്ക് സൗജന്യമായി മരുന്നും, അസുഖം മാറുന്നതുവരെയുള്ള കിടത്തി ചികിത്‌സയും ആശ്രമത്തോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ തരമാക്കിക്കൊടുത്തു. വിദ്യാഭ്യാസം കുറവുള്ളവര്‍ക്കും സമൂഹത്തില്‍ താഴ്ന്ന ചുറ്റുപാടുള്ളവര്‍ക്കും ഒന്നിക്കുവാന്‍ ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള ഭജന മന്ദിരങ്ങളും പണികഴിപ്പിച്ചു. ഈശ്വരന് മുന്നില്‍ സ്വാമിജി തെളിയിച്ചിരുന്ന ഓരോ തിരിയും അവശര്‍ക്ക് വെളിച്ചം പകരാനുള്ളതായിരുന്നു എന്ന് കാലം തെളിയിച്ചു.

No comments: