Saturday, July 28, 2018

ഉപനിഷത്തിലൂടെ -219
Sunday 29 July 2018 3:00 am IST
ഒറ്റയ്ക്കാവുമ്പോള്‍ ഭയം മാത്രമല്ല സന്തോഷമില്ലായ്മയും അനുഭവപ്പെടുമെന്ന് വിശദമാക്കുന്നു.
സ വൈ നൈവ രേമേ, തസ്മാ ദേ കാകീ ന രമതേ, സ ദ്വിതീയ വൈച്ഛത്.
ഒറ്റയ്ക്ക് ഇരുന്ന ആ പ്രജാപതിയ്ക്ക് ഒരു സന്തോഷവും തോന്നിയില്ല. അതിനാല്‍ ഇന്നും ഒറ്റയ്ക്കിരിക്കുമ്പോള്‍  സന്തോഷം തോന്നാറില്ല. അയാള്‍ രണ്ടാമതൊന്ന് വേണമെന്ന് ആഗ്രഹിച്ചു. കൂട്ടിന് ഒരു സ്ത്രീ വേണം എന്നതായിരുന്നു ആഗ്രഹം.
സ ഹൈതാവാനാസ യഥാ സ്ത്രീപുമാംസൗ സംപരിഷ്വക്തൗ
സ ഇമമേവാത്മാനം ദ്വേധാപാതയത് തത: 
പതിശ്ച പത്‌നീ ചാഭവതാം
അദ്ദേഹം ഗാഢമായി ആലിംഗനം ചെയ്യുന്ന സ്ത്രീ പുരുഷന്മാരുടെ പരിണാമത്തോടുകൂടിയവനായി. അപ്രകാരം വലുതായ ആ ശരീരത്തെ രണ്ടായി പകുത്തു. അത് പതിയും പത്‌നിയുമായിത്തീര്‍ന്നു.
 തസ്മാദിദമര്‍ധ ബൃഗളമിവ സ്വ ഇതി ഹ സ്മാഹ യജ്ഞവല്‍ക്യ: 
തസ്മാദയമകാശ: സ്ത്രീയാ പൂര്യത ഏവ താം സമഭവത് തതോ മനുഷ്യാ അജയന്ത.
അതുകൊണ്ട് ഈ ശരീരം തന്റെ അര്‍ദ്ധ ഭാഗം പോലെയാണെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞിട്ടുണ്ട്. ഈ ശൂന്യത  അഥവാ പകുതി ഭാഗം സ്ത്രീയാല്‍ പൂ
രിപ്പിക്കപ്പെടുന്നു. അവളോട് പ്രജാപതി സംഗമിച്ചു. അതില്‍ നിന്ന് മനുഷ്യര്‍ ഉണ്ടായി.  പ്രജാപതിത്വം സംസാരവിഷയാണെന്നത് നേരത്തെ ഭയത്തെ ഉദ്ധരിച്ച് പറഞ്ഞു. ഇവിടെ അരതി അഥവാ സന്തോഷമില്ലായ്മയെ പറയുന്നു. മനസ്സിന് സന്തോഷമില്ലാത്തത് സംസാരത്തിന്റെ ലക്ഷണമാണ്. പ്രജാപതി ഒറ്റയ്ക്ക് ഇരുന്നപ്പോള്‍ സന്തോഷം തോന്നാതിരുന്നതുകൊണ്ടാണ് ഇന്നും മനുഷ്യനും ഒറ്റയ്ക്കിരിക്കുമ്പോള്‍ സന്തോഷം തോന്നാത്തത്.
 അതിനാലാണ് പ്രജാപതി ഒരു കൂട്ട് ആഗ്രഹിച്ചത്. പ്രജാപതിയുടെ ഇടത് പകുതി ഭാഗം സ്ത്രീയായി മാറി. അതിനാല്‍ ഇന്നും പുരുഷന്റെ വാമാര്‍ദ്ധം സ്ത്രീയാണെന്ന് പറയുന്നു. വിവാഹശേഷം സ്ത്രീയോട് ചേരുമ്പോഴാണ് പുരുഷന്‍ പൂര്‍ണ്ണനാകുന്നത്.
പ്രജാപതിയുടെ പകുതി മനു എന്ന പുരുഷനും
 മറുപകുതി ശതരൂപ എന്ന സ്ത്രീയുമായിത്തീര്‍ന്നു. അവരുടെ സംയോഗത്തില്‍ നിന്നാണ് മനഷ്യര്‍ ഉണ്ടായത്. മനുവില്‍ നിന്ന് ഉണ്ടായതിനാല്‍ മനുഷ്യന്‍.
സോ ഹേയ മീക്ഷാഞ്ചക്രേ, കഥം നുമാത്മന ഏവ ജനയിത്വാ സംഭവതി...
ആ ശതരൂപ ആലോചിച്ചു. എന്നെ തന്നില്‍ നിന്നു തന്നെ ജനിപ്പിച്ചിട്ട് പിതൃതുല്യനായ മനു എന്താണ് ഇങ്ങനെ സംഗമിക്കുന്നത്! ഇപ്പോള്‍ ഞാന്‍ മറഞ്ഞു കളയാം. ഇങ്ങനെ ആലോചിച്ച് അവള്‍ പശുവായി മാറി. അപ്പോള്‍ മനു കാളയായിത്തീര്‍ന്ന് അവളോട് സംഗമിച്ചു. അതില്‍ നിന്ന് പശുക്കള്‍ ഉണ്ടായി. അവള്‍ പിന്നെ പെണ്‍കുതിരയായി മനു ആണ്‍കുതിരയായി സംഗമിച്ചു. അവള്‍ പെണ്‍കഴുതയായി മനു ആണ്‍ കഴുതയായി അവളോട് സംഗമിച്ചു. ഇവയില്‍ നിന്ന് ഒറ്റ ക്കുളമ്പുള്ളവയായ കുതിര, കോവര്‍ കഴുത, കഴുത എന്നിവയുണ്ടായി. പിന്നെ അവള്‍ പെണ്‍കോലാടായി മനു ആണ്‍കോലാടായി, അവള്‍ പെണ്‍ ചെമ്മരിയാടായി മനു ആണ്‍ ചെമ്മരിയാടും. അവര്‍ സംഗമിച്ചു. അങ്ങനെ കോലാടുകളും ചെമ്മരിയാടുകളും ഉണ്ടായി.
ഇത്തരത്തില്‍ ലോകത്തില്‍ ഉറുമ്പുകള്‍ വരെ എന്തെല്ലാം ഇണകള്‍ ഉണ്ടോ അവയെയെല്ലാം സൃഷ്ടിച്ചു.  പുത്രീ ഗമനത്തെ സ്മൃതിയില്‍ പോലും നിഷേധിച്ചിട്ടുള്ളതിനാലാണ് ശതരൂപ രൂപം മാറിയത്. ശതരൂപ എന്നതിന് നൂറ് കണക്കിന് രൂപമെടുക്കുന്നവള്‍ എന്നാണ് അര്‍ത്ഥം.  ഉല്‍പ്പാദിപ്പിക്കേണ്ട പ്രാണികളുടെ കര്‍മ്മങ്ങളാല്‍ പ്രേരിപ്പിക്കപ്പെട്ടതിനാലാണ് ശതരൂപയ്ക്കും മനുവിനും അങ്ങനെ ചെയ്യേണ്ടി വന്നത്.
സ്വാമി അഭയാനന്ദ

No comments: