പ്രാണന്റെ മഹത്വം
സ്വാമി അഭയാനന്ദ
Wednesday 25 July 2018 1:06 am IST
ഏഷ ഉ ഏവ ബൃഹസ്പതി:
വാഗ് വൈ ബൃഹതീ,
തസ്യാ ഏഷപതി: തസ്മാദു
ബൃഹസ്പതി:
ഈ പ്രാണന്‍ തന്നെയാണ് ബൃഹസ്പതി. വാക്ക് തന്നെയാണ് ബൃഹതി. വാക്കാകുന്ന ബൃഹതിക്ക് പ്രാണന്‍ പതിയായതിനാല്‍ ബൃഹസ്പതിയെന്ന് വിളിക്കുന്നു.
ബൃഹതി എന്നത് 36 അക്ഷരങ്ങളുള്ള ഛന്ദസ്സാണ്. 32 അക്ഷരമുള്ള അനുഷ്ടുപ്പ് എന്ന വൃത്തവും വാക്ക് തന്നെയാണ്. അനുഷ്ടുപ്പ് , 36 അക്ഷരങ്ങളുള്ള ബൃഹതിയിലടങ്ങിയിരിക്കുന്നതിനാല്‍ വാക്ക് തന്നെയാണ് ബൃഹതി എന്ന് പറയാം. ബൃഹതിയില്‍ എല്ലാ ഋക്കുകളും അടങ്ങിയിട്ടുണ്ട്. ഋക്കുകള്‍ വാഗാത്മകമായതിനാ
ല്‍ അവയെ പ്രാണനില്‍ കാണാം. പ്രാണനുള്ളയാള്‍ക്കേ വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയൂ. വാക്കാക്കുന്ന ബൃഹതിക്ക് ഋക്കിന് പാലകനായതിനാല്‍ പ്രാണനെ ബൃഹസ്പതിയെന്ന് പറയുന്നു .
ഋക്, യജുസ്സ്, സാമം എന്നിവയുടേയും ആത്മാവാണ് പ്രാണന്‍ എന്ന് പറഞ്ഞ് പ്രാണന്റെ സര്‍വ്വാത്മകത്വത്തെയും ഉപാസ്യത്വത്തെയും ഉറപ്പിക്കുന്നു.
ഏഷ ഉ ഏവ ബ്രഹ്മണ സ്പതി:
വാഗ് വൈ ബ്രഹ്മ,
തസ്യാ ഏഷ പതി: തസ്മാദു
ബ്രഹ്മണസ്പതി:
ഈ പ്രാണന്‍ തന്നെയാണ് ബ്രഹ്മണസ്പതി. വാക്ക് തന്നെയാണ് ബ്രഹ്മം. വാക്കാകുന്ന ബ്രഹ്മത്തിന് പ്രാണന്‍ പതിയായതിനാല്‍ ഇത് ബ്രഹ്മണസ്പതിയാണ്. ബ്രഹ്മമെന്ന് യജുസ്സിനെയാണ് പറയുന്നത്. യജുസ്സ് എന്നത് ഒരു തരം വാക്കാണ്. ആ വാക്കായ ബ്രഹ്മത്തിന് യജുസ്സിന് പതിയായതിനാല്‍ പ്രാണനെ ബ്രഹ്മണസ്പതിയെന്ന് പറയുന്നു.
ഏഷ ഉ ഏവ സാമ, വാഗ് വൈ സാ,
അമൈഷ:, സാ ചാമശ്ചേതി...
പ്രാണന്‍ തന്നെ സാമവുമാണ്. സാ എന്നത് വാക്കും അമ എന്നത് പ്രാണനുമാണ്. സാ എന്ന വാക്കും അമ എന്ന പ്രാണനും ചേര്‍ന്നതിനാലാണ് സാമത്തിന് ആ പേര് വന്നത്. അല്ലെങ്കില്‍ ഇത് ചിതലിനോട് സമമാണ്. കൊതുകിനോട് സമമാണ്. ആനയോട് സമമാണ്. ഈ മൂന്ന് ലോകങ്ങളോടും സമമാണ്. എല്ലാ ജഗത്തിനോടും സമമാണ്. അതുകൊണ്ടും ഇതിനെ സാമമെന്ന് പറയുന്നു. ഇങ്ങനെ സാമത്തെ അറിയുന്നതാരാണോ അയാള്‍ സാമത്തോട് സായുജ്യത്തേയോ സാലോക്യത്തേയോ നേടുന്നു. എല്ലാ സ്ത്രീലിംഗ ശബ്ദങ്ങളേയും കുറിക്കുന്ന സര്‍വനാമമാണ് 'സാ' എന്നത്. ഇത് സ്ത്രീലിംഗത്തിലുള്ള എല്ലാ വസ്തുക്കളേയും കാണിക്കുന്നു. സ്ത്രീലിംഗത്തില്‍ പറയുന്നതെല്ലാം വാക്കാണ്.
'അമ:' എന്നത് പുല്ലിംഗത്തില്‍ വരുന്ന ശബ്ദങ്ങളാല്‍ പറയുന്നതാണ്. അമ: എന്നത് പ്രാണനാണ്.
സാമ എന്നാല്‍ വാക്കിന്റേയും പ്രാണന്റെയും ഒരുമിച്ച പേരാണ്. പ്രാണനാല്‍ പ്രകടമാകുന്ന വാക്കുകളുടെ സമുദായമാണ് സാമം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാറ്റിലും സമമായി വ്യാപിച്ചിരിക്കുന്നതിനാല്‍ പ്രാണനെ സാമമെന്ന് വിളിക്കാം. ചിതലിലും കൊതുകിലും ആനയിലും ത്രിലോകങ്ങളിലും ഹിരണ്യഗര്‍ഭ രൂപമായ പ്രപഞ്ചത്തിലും ഒരുപോലെ സമമായി പ്രാണനിരിക്കുന്നു. ഇപ്രകാരമുള്ള പ്രാണനെ ഉപാസിച്ചാല്‍ പ്രാണന്റെ സായുജ്യവും സാലോക്യവും ലഭിക്കും.
ഏഷ ഉ വാ ഉദ്ഗീഥ: പ്രാണോ വാ ഉത്, പ്രാ
ണേന ഹിദം സര്‍വ്വ മുത്തബ്ധം,
വാഗേവ ഗീഥാ. ഉച്ച
ഗീഥാ ചേതി സ ഉദ്ഗീഥ:
ഈ പ്രാണന്‍ തന്നെ ഉദ്ഗീഥവുമാകുന്നു. ഇത് എന്നത് പ്രാണനാകുന്നു. ഇതെല്ലാം പ്രാണനാല്‍ നിലനി
ര്‍ത്തപ്പെടുന്നതാണ്. ഗീഥ എന്നത് വാക്കാകുന്നു. പ്രാണനാകുന്ന ഉത് എന്നതും വാക്കാകുന്ന ഗീഥ എന്നതും ചേര്‍ന്നതാണ് ഉദ്ഗീഥം. ഇവിടെ ഉദ്ഗീഥം എന്നത് സാമ അവയവമായ ഭക്തി വിശേഷമാണ്. ഉദ്ഗാനമല്ല. ഉത് എന്ന ശബ്ദം പ്രാണന്റെ ഗുണത്തെ പറയുന്നു. ഉദ്ഗീഥ ഭക്തിവിശേഷമായതിനാല്‍ അത് വാക്കാണ്.
ഇത്തരത്തില്‍ പ്രാണനും അതിന്റെ അധീനത്തിലുള്ള വാക്കും ചേര്‍ന്നതാണ് ഉദ്ഗീഥം.
No comments:
Post a Comment