Monday, July 23, 2018

ശ്രീരാമ മമഹൃദി രമതാം

സത്യാനന്ദ സുധ-8
Tuesday 24 July 2018 3:00 am IST
സാധകന്റെ ആത്മാര്‍ത്ഥമായ സങ്കല്‍പമാണ് ശ്രീരാമ, എന്റെ ഹൃദയത്തില്‍ നീ ആനന്ദിച്ചു വസിക്കേണമേ എന്ന ഈ പ്രാര്‍ത്ഥന. ഇത് കര്‍മ്മയോഗചാരിക്കും രാജയോഗമാര്‍ഗ്ഗിക്കും ഭക്തനും ജ്ഞാനമാര്‍ഗ്ഗിക്കും ഒരുപോലെ അനുപേക്ഷണീയമാണെന്നതിനു തര്‍ക്കമില്ല. സ്ഥൂലമായ അനുഷ്ഠാനങ്ങളിലുള്ള ഭേദങ്ങളേ ഇക്കാര്യത്തില്‍ അവര്‍ തങ്ങളില്‍ കാണൂ. പ്രാര്‍ത്ഥനയുടെ അന്തസ്സത്ത ഏവരിലും ഒന്നുതന്നെയായിരിക്കും. രാമന്‍ എന്ന പദത്തിന് ആനന്ദം അഥവാ ഈശ്വരസത്തയെന്നര്‍ത്ഥം. അതാണ് നേരത്തേ ശ്രീരാമാദി പദങ്ങള്‍കൊണ്ടു വ്യാഖ്യാനിക്കപ്പെട്ടത്. ഓരോരുത്തര്‍ക്കും അവരവരുടെ മനസ്സിനിണങ്ങുന്ന പേരിലും ഭാവത്തിലും ഈശ്വരനെ സങ്കല്‍പി
ക്കാം. സരൂപനായോ അരൂപനായോ ആരാധിക്കാം. എല്ലാറ്റിനും അവസരം നല്‍കിക്കൊണ്ടാണ് ശ്രീരാമ മമഹൃദി രമതാം എന്നു പഞ്ചവര്‍ണ്ണക്കിളി പ്രാര്‍ത്ഥിച്ചിരിക്കുന്നത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്നത്.
ഞാനുണ്ട് ഞാനുണ്ട് എന്ന അനുഭവം  ജീവജാലങ്ങള്‍ക്കെല്ലാം പൊതുവായുള്ളതാണ്. 'ഞാന്‍' അഥവാ നിങ്ങള്‍ ആരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഈ ശരീരമാണു ഞാന്‍ എന്നായിരിക്കും അധികംപേരുടെയും മറുപടി. വളരെ കുറച്ചാളുകള്‍ ഞാനെന്നതു ശരീരവും മനസ്സുമാണെന്നു ഉത്തരം പറയും. ഞാന്‍ ശരീരവും മനസ്സും ബുദ്ധിയുമാണെന്നു തിരിച്ചറിയുന്നവരുടെ സംഖ്യ അതിലും ചുരുക്കമായിരിക്കും. ഞാന്‍ ആനന്ദഘനമായ ആത്മാവ്  അഥവാ ശ്രീരാമനാണെന്നറിയണമെങ്കില്‍ അനേക ജന്മങ്ങളിലെ പു
ണ്യം കൈമുതലായുണ്ടാവണം. അത്തരക്കാര്‍ തുലോം വിരളമാണെന്നേ പറഞ്ഞുകൂടൂ. ശരീരമാണു ഞാന്‍ അല്ലെങ്കില്‍ ശരീരമനോബുദ്ധികളാണ് ഞാന്‍ മുതലായ ധാരണകള്‍ അബദ്ധജടിലമായ മറ്റനേകം സങ്കല്‍പങ്ങള്‍ക്കു ജന്മം നല്‍കുന്നു. ശരീരമനോബുദ്ധികള്‍ക്കു സുഖകരമായി തോന്നുന്നവ നേടിയെടുക്കണം. അല്ലാതുള്ളവയെ തിരസ്‌കരിക്കാനും പലപ്പോഴും എതിര്‍ക്കാനുമുള്ള വ്യഗ്രതയെ അതു സൃഷ്ടിക്കുന്നു. തന്റെ ഇഷ്ടങ്ങള്‍ക്കു അനുകൂലമായി നില്‍ക്കുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും ബന്ധുവായി കണക്കാക്കാനും
തന്റെ ഇഷ്ടങ്ങള്‍ക്കു വിപരീതം പ്രവര്‍ത്തിക്കുന്നവരെ ശത്രുവായി കരുതി വെറുക്കാനുംനശിപ്പിക്കാനും മറ്റും അതു പ്രേരിപ്പിക്കുന്നു. കലഹങ്ങളും അസ്വസ്ഥതകളും തുടര്‍ക്കഥയായിത്തീരുന്നു.
ഭൗതികസുഖങ്ങളെക്കുറിച്ചുള്ള വിചാരങ്ങള്‍മാത്രം മനസ്സില്‍ നിറയുമ്പോള്‍ ഹൃദയത്തില്‍ ഭഗവാന് ഇടമില്ലാതായിത്തീരും. നാവിന്റെ രുചിയില്‍ ഭ്രമിച്ചു ചൂണ്ട  വിഴുങ്ങുന്ന മീനിന്റെയും പ്രകാശം കൊതിച്ചു അഗ്നിയില്‍ വീണു കരിഞ്ഞുപോകുന്ന ശലഭങ്ങളുടെയും വേടന്റെ വീണാനാദത്തില്‍ ഭ്രമിച്ചു വലയില്‍ കുരുങ്ങുന്ന മാനിന്റെയുമെല്ലാം കഷ്ടപ്പാടാണു അത്തരക്കാരെ കാത്തിരിക്കുന്നത്. മഹാസാമ്രാജ്യങ്ങള്‍ വീണുടഞ്ഞതിന്റെ വഴിത്താര അതാണ്. വ്യക്തികളുടെയും സമൂഹങ്ങളുടെയും പതനഹേതു പരിശോധിച്ചാലും ഭൗതികസുഖങ്ങള്‍ക്കായുള്ള അത്യാര്‍ത്തിയുടെ ഭീകര ചിത്രം കാണാം. രാക്ഷസാധിപന്മാരായ മാലിയും സുമാലിയും മാല്യവാനുമെല്ലാം തകര്‍ന്നുപോയത് ശരീരനിഷ്ഠമായ ഭൗതികതാല്‍പര്യങ്ങളുടെ ഊരാക്കുടുക്കില്‍പ്പെട്ടാണ്. സുന്ദോപസുന്ദന്മാരുടേയും നിവാതകവചകാലകേയന്മാരുടെയും പതനഹേതുവും വേറൊന്നായിരുന്നില്ലല്ലോ.
ഹൃദയത്തില്‍ വേണ്ടത് നശ്വരപദാര്‍ത്ഥങ്ങളോടുള്ള ആസക്തിയില്ല; അനശ്വരാനന്ദമൂര്‍ത്തിയായ ഭഗവാനോടുള്ള പരമപ്രേമമാണെന്നു തിരിച്ചറിഞ്ഞവരാണു ഭാഗ്യവാന്മാര്‍. ശ്രീരാമ മമഹൃദി രമതാ എന്ന പ്രാര്‍ത്ഥന അത്തരക്കാരുടേതാണ്. അവര്‍ക്കു സര്‍വസ്വവും ഭഗവാനാണ്. ഭഗവാനുവേണ്ടി അവര്‍ ശ്വസിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു നിമിഷംപോലും അവര്‍ക്കു ഭഗവാനെ പി
രിഞ്ഞിരിക്കുക സാധ്യമല്ല. ആനന്ദസ്വരൂപന്‍ മനസ്സില്‍ നിറഞ്ഞാല്‍ അവിടെ ദുഃഖത്തിന് ഇടമുണ്ടാവുകയില്ല. കാമക്രോധ ലോഭമോഹാദികള്‍ക്കും അവിടെ സ്ഥാനമില്ല. സ്വന്തം മനോമണ്ഡലത്തില്‍ ഭഗവാന്‍ കളിക്കുന്നത് കാണാനായാല്‍ പ്രപഞ്ചത്തിലെമ്പാടും ഭഗവാന്റെ മഹിമ തന്നെ അനുഭവപ്പെടും. ഭഗവാനല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിലില്ലെന്നും ബോധ്യമാകും. മനുഷ്യരും മൃഗങ്ങളും സൂര്യചന്ദ്രാദികളുമെല്ലാം ഭഗവാന്‍ തന്നെയാണെന്നു സൂര്യതുല്യം തെളിയും. അതോടെ ലോകം മുഴുവന്‍ ആനന്ദപൂര്‍ണമായും സൗന്ദര്യ സമൃദ്ധമായും കാണപ്പെടും. അജ്ഞതയും വൈരൂപ്യവും ശത്രുതയും ഭയദൗര്‍ബല്യാദികളുമെല്ലാം ദുഃസ്വപ്‌നം പോലെ വിസ്മൃതമായിത്തീരും. പ്രണവമന്ത്രത്തിന്റെ മൂലശ്രുതിയില്‍ സൃഷ്ടിസ്ഥിതിലയ ചലനങ്ങളുടെ ലാസ്യതാണ്ഡവ നൃത്തഭംഗി ഒന്നായിണങ്ങി അലൗകിക ആനന്ദം പൊ
ഴിക്കുന്നത് വിസ്മയകരമാകുമാറ് അനുഭവവേദ്യമാകും. അലൗകികമായ നിര്‍വൃതിയുടെ പരകാഷ്ഠയില്‍ അതുതന്നെയാണ് ഞാനെന്നും തെളിഞ്ഞുകിട്ടും. വസന്തഋതുവിനെപ്പോലെ ലോകത്തിനുമുഴുവന്‍ മംഗംളം പകര്‍ന്നുകൊണ്ട് ശരീരമുള്ളിടത്തോളം കാലം അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കും. കര്‍മ്മങ്ങളവസാനിച്ചാല്‍ മരണത്തെ അതിലംഘിച്ചും ബ്രഹ്മസ്വരൂപനായി നിറഞ്ഞുനില്‍ക്കുകയും ചെയ്യും. ഇതിന്റെയെല്ലാം ശാസ്ത്രയുക്തി അദ്ധ്യാത്മരാമായണത്തിനുള്ളിലേക്കിറങ്ങുമ്പോള്‍ വ്യക്തമായിക്കൊള്ളും.
പരമമായ ഈ ഭക്തി ഭൗതികനേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുന്നേ ഇല്ല. പ്രപഞ്ചം മുഴുവന്‍ ഭഗവല്‍സ്വരൂപമായി-ശ്രീരാമചന്ദ്രനായി-തന്റെ ഉള്ളില്‍ കളിക്കുമ്പോള്‍ തനിക്കു നേടാനും നഷ്ടപ്പെടാനുമായി എന്തിരിക്കുന്നു? ഭഗവാന്റെ പ്രപഞ്ചലീലയില്‍ പങ്കാളിയായി ആനന്ദാസ്വാദസ്വരൂപമായി വിഹരിക്കുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ഓരോ മനുഷ്യന്റെയും പരമമായ ലാഭം ഈ അവസ്ഥ കൈവരിക്കലാകുന്നു. അതുകൊണ്ടാണ് എഴുത്തച്ഛന്‍ ശ്രീരാമ മമഹൃദി രമതാം രാമരാമ എന്നു നമ്മെക്കൊണ്ട് ചൊല്ലിക്കുന്നത്.
(തുടരും)
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

No comments: