Monday, July 30, 2018

ഞെട്ടറ്റുവീണ അങ്കോലമരത്തിൻറെ (മൂത്തുപഴുത്ത) കായ്കൾ വീണ്ടും അവയുടെ പഴയസ്ഥാനത്തേക്കുതന്നെ കുതിച്ചെത്തുന്നതെങ്ങിനേയോ, സൂചി അയസ്മാന്തത്തിലേക്കു (കാന്തം) ആകർഷിക്കപ്പെടുന്നതെങ്ങിനേയൊ, ഒരു പതിവൃത, തൻറെ ഭർത്താവിനേയും ഒരു ലത വൃക്ഷത്തേയും നദി സമുദ്രത്തേയും പ്രാപിക്കുന്നതെങ്ങിനേയോ അതുപോലെതന്നെ മനുഷ്യൻറെ ചിത്തവൃത്തി ഈശ്വരോന്മുഖമായിത്തീർന്ന് സ്വയമേവ ഭഗവച്ചരണാരാവിന്ദങ്ങളെ പ്രാപിച്ചിട്ട് എല്ലായ്പോഴും അവിടെതന്നെ സ്ഥിതിചെയ്യുന്നുവെങ്കിൽ അതു തന്നെയാണ് യഥാർത്ഥമായ ഭക്തി എന്ന് പറയപ്പെടുന്നത്.
ഹേ ഗുരുവായൂരപ്പാ ! ബ്രഹ്മചാരിയായാലും ഗൃഹസ്ഥനായാലും സന്യാസിയായാലും വാനപ്രസ്ഥാനായാലും അതല്ലാതെ ഒരു വെറും പ്രാകൃതമനുഷ്യനായാലും വേണ്ടില്ല, അവൻറെ  ഹൃദയം മാത്രം അങ്ങയ്ക്കു ധീനമായിത്തീരുന്നുവെങ്കിൽ നിന്തിരുവടി അവൻറെ സ്വന്തമായിക്കഴിഞ്ഞു. അവൻറെ സംസാരമാകുന്ന ഭാരത്തെകൂടി അവനുവേണ്ടി അവിടുന്നു ചുമക്കുന്നു.



ആരുടെ ശക്തിയാലും മഹിമയാലും ഇന്ദ്രിയങ്ങളും ദേവതകളും പ്രവർത്തനോത്മുഖമാകുന്നുവോ ആ സർവ്വേശ്വരനും ജീവൻറെ  ജീവനും നമസ്കാരം,

(അങ്കോലം ഹിന്ദിയിൽ അംഗോൾ ധീര, സംസ്കൃതത്തിൽ അങ്കോല എന്നും അറിയപ്പെടുന്നു. 3 മീറ്റർ മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അങ്കോലത്തിൻറെ  വേര്, കായ എന്നിവ ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു.  മരത്തൊലിക്ക് മഞ്ഞ കലർന്ന തവിട്ടുനിറം. ഇലപൊഴിക്കുന്ന ചെറിയ മരം. പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന ആയുർവേദ ഔഷധം. മുള്ളുള്ള മരം. തടി വണ്ണം വയ്ക്കാറില്ല. തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മാംസളമായ ഉരുണ്ട പഴങ്ങൾ. പക്ഷികൾ, കുരങ്ങൻ, അണ്ണാൻ എന്നിവ വഴി വിത്തുവിതരണം നടക്കുന്നു. തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം. വാതത്തിനുംi അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്. ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുമുണ്ട്) .

No comments: