കര്‍ക്കിടകം ഊര്‍ജസ്വലതയില്ലാത്തവര്‍ക്ക് പഞ്ഞ മാസം. ഉണര്‍വുള്ളവര്‍ക്ക് ശ്രീ ഭഗവതി വാഴും കാലം. ഇതാണ് കര്‍ക്കിടകം. ഉണര്‍വില്ലാത്തവര്‍ക്ക് കുളിരു മാത്രം കുളീരം. പണ്ട് കര്‍ക്കിടകം രാശിയിലേക്ക് സൂര്യന് കടക്കുന്ന സമയത്ത് മൂധേവിയെക്കളയുന്ന ഒരു പതിവുണ്ടായിരുന്നു. മൂധേവിം പഞ്ഞോം പോ പോ. ശ്രീ ഭഗോതീ ( ശ്രീ ഭഗവതി ) വാ വാ എന്നു പറഞ്ഞാണ് ഈ ചടങ്ങ്. പ്രാദേശികമായി ഇതിന് പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു എന്നുമാത്രം. അഴുക്കുകളെല്ലാം കളഞ്ഞ് ശുദ്ധമാക്കും. സൂര്യന് ഉത്തര ദിക്കില്‍ നിന്നും ദക്ഷിണ ദിക്കിലേക്ക് ചലിക്കുന്നതായാണ് ഈ കാലഘട്ടത്തില്‍ നമുക്ക് അനുഭവപ്പെടുക. കര്‍ക്കിടക മാസത്തില്‍ ചില ദിവസങ്ങളിലെങ്കിലും നമ്മുടെ വീടുകളില്‍ ഗണപതി ഹോമവും ഭഗവതി സേവയും നടത്തി ശ്രീ ഭഗവതിയെ കുടിയിരുത്തുന്ന ഒരു പതിവുണ്ടായിരുന്നു. 'ശുചിസ്ത്വയം ആഷാഢേ' എന്നാണ് അമര കോശത്തില്‍ പറയുന്നത്. ആഷാഢം എന്നത് ഈ കാലഘട്ടത്തിന്റെ സംസ്കൃത നാമമാണ്. തമിഴില്‍ ആഢിമാസം എന്നാണ് പറയുക. ആഢ്യത്വമുള്ള ശ്രേഷ്്ഠത്വമുള്ള കാലം. മലയാളത്തില്‍ കര്‍ക്കിടകം എന്നാല്‍ ഞണ്ടാണ്. ഔഷധ സേവക്കുള്ള ഒരു കാലഘട്ടമാണിത്. കൂവളം, മഞ്ഞള്‍ തുങ്ങിയ ദിവ്യ ഔഷധങ്ങള്‍ സേവിക്കേണ്ട കാലം എന്നും അര്‍ത്ഥം. ഇതു കൂടാതെ ദശപുഷ്പം എന്നറിയപ്പെടുന്ന വിശിഷ്ടമായ പത്ത് ഔഷധ സസ്യങ്ങള്‍ സേവിക്കുന്ന മാസം. ഇവ ഓരോന്നിനും ഏറെ ഔഷധ ശക്തികളുള്ളതാണ്. മുക്കൂറ്റി, ചെറൂള, പൂവാം കുരുന്നില, മുയല് ചെവിയന്‍, തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്രാന്തി, കറുക, നിലപ്പന, കയ്യുണ്യം എന്നിവയാണ് ദശപുഷ്പങ്ങള്‍. തലേദിവസം വൈകീട്ട് ദശപുഷ്പങ്ങള്‍ പറിച്ച് കഴുകി ഉരുളിയില്‍ വാല്‍കണ്ണാടി ( ശ്രീ ഭഗവതി സങ്കല്പത്തില് ) ക്കു മുന്നില്‍ വച്ച് വിളക്കുവയ്ക്കും. പിറ്റേ ദിവസം രാവിലെ കുളി കഴിഞ്ഞ് ഉടന്‍ തൊഴുത് ഈ ദശപുഷ്പങ്ങള്‍ പ്രസാദമായി സ്വീകരിച്ച് തലയില്‍ ചൂടുകയും മുക്കൂറ്റിച്ചാന്തു കൊണ്ട് പൊട്ടു തൊടുകയും ചെയ്യുമായിരുന്നു. ഈ ഔഷധങ്ങളുടെയെല്ലാം മൂല്യം ഉള്‍ക്കൊള്ളുന്ന സങ്കല്പമായിരുന്നു അത്. നിത്യവും രാമായണ പാരായണം നടത്തി ശ്രീ ഭഗവതിയെ സേവിക്കുന്നതിനാല്‍ രാമായണ മാസം എന്നും ഈ മാസത്തെ വിളിച്ചു വരാറുണ്ട്. ഇത് ഒരു ജ്ഞാന യജ്ഞക്കാലവുമാണ്. ബ്രഹ്മാണ്ഡത്തെയും പിണ്ഡാണ്ഡത്തെയും ശുദ്ധീകരിച്ച് ജീവാത്മാവിനെയും പരമാത്മാവിനെയും ഒന്നെന്ന് മനസു കൊണ്ടും ബുദ്ധി കൊണ്ടും തിരിച്ചറിഞ്ഞ് ആത്മാനന്ദം അനുഭവിക്കാനുള്ള സമയം.
No comments:
Post a Comment