Tuesday, July 31, 2018

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍
Tuesday 31 July 2018 2:54 am IST
രക്ഷാകത്തൃധര്‍മ്മത്തെ സ്പര്‍ശിച്ചുകൊണ്ട,്പുരാതന ഭാരതത്തിലെ സ്ത്രീകള്‍ എങ്ങിനെയാണ് സമുല്‍ക്കൃഷ്ടമായ സംസ്‌ക്കാരത്തിന്റെ ആദര്‍ശമാതാക്കളായിരുന്നത് എന്നു ഉദാഹരിക്കാന്‍ അമ്മ ഒരു കഥ പറഞ്ഞു,
''ഒരു രാജ്ഞിയുണ്ടായിരുന്നു. അവര്‍ വിധവയായിരുന്നു. പ്രകൃത്യാ കുലീനയും, അനാര്‍ഭാടശീലയും, ഉറച്ച ധര്‍മ്മനിരതയും, ബുദ്ധിശക്തിയാല്‍ അനുഗൃഹീതയായിരുന്നു. പത്തു വയസ്സുള്ള സുകുമാരകളേബരനായ അവരുടെ മകനായിരുന്നു കിരീടാവകാശി. രാജ്യത്തിന്റെ ഭാവി ആ കുമാരന്റെ സ്വഭാവത്തേയും കഴിവുകളേയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്നു രാജ്ഞി അറിഞ്ഞിരുന്നു. അവനെ ശ്രദ്ധയോടെ വളര്‍ത്തുന്നതില്‍ രാജ്ഞി ജാഗരൂകയായിരുന്നു. രാജ്ഞിയുടെ പരിചാരികമാരാണ് കുട്ടിയെ പരിചരിച്ചിരുന്നത്. രാജമന്ദിരത്തിലെ സുഖഭോഗവും തന്റെ പരിചാരികമാരുടെ പരിചരണവും കുമാരന് ആനന്ദമത്തമായ അന്തരീക്ഷം സമ്മാനിച്ചു. കുമാരന്‍ സുഖഭോഗങ്ങളില്‍ ആമഗ്നനാവുമോ എന്നു രാജ്ഞി സദാസമയവും ഭയപ്പെട്ടു. സുഖഭോഗങ്ങളില്‍ ആമഗ്നമായ മനസ്സില്‍ വിവേചനാശക്തി,ധൈര്യം,വൈദഗ്ധ്യം,നീതിബോധം,പ്രജാവാല്‍സല്യം,ധര്‍മ്മബോധം മുതലായ ഗുണവിശേഷങ്ങള്‍ വികസിക്കുകയില്ലെന്നു രാജ്ഞിക്കറിയാമായിരുന്നു. 
 ഒരു ദിവസം പരിചാരികമാര്‍ രാജകുമാരനെ പരിചരിക്കുമ്പോള്‍, അവര്‍ നടത്തിയ, നല്ലതല്ലാത്ത ചില സംഭാഷണങ്ങള്‍ രാജ്ഞി കേള്‍ക്കാനിടയായി. അത് അവരെ വല്ലാതെ വേദനിപ്പിച്ചു. പരിചാരികമാരെ ശാസിച്ചശേഷം, അവര്‍ മകന്റെ അരികിലേക്കു പാഞ്ഞു ചെന്നു. കണ്ണുനീരു കവിളിലൂടെ ഒഴുക്കിക്കൊണ്ട് മാതൃവാല്‍സല്ല്യത്തോടെ ആ അമ്മ വിളിച്ചു. ''മകനേ''്. മാതൃവാല്‍സല്ല്യം തുളുമ്പിനില്‍ക്കുന്ന ആ വിളി കുട്ടിയുടെ മനസ്സലിയിക്കാന്‍ തക്കവണ്ണം ശക്തമായിരുന്നു. തന്നെ വലയംചെയ്തിരുന്ന സകല സുഖഭോഗങ്ങളും അവന്‍ മറന്നു. ഗാംഭീര്യം കലര്‍ന്ന സ്വരത്തില്‍ രാജ്ഞി പറഞ്ഞു,''മകനേ,ഒരു കാര്യം നീ ഓര്‍മ്മിക്കുക. നിന്റെ അച്ഛന്‍ രാജകീയമായ സകല സുഖഭോഗങ്ങളും വിധേയനായിരുന്നു. പക്ഷേ,എന്തു ഫലം?  അദ്ദേഹം ശരീരം വിട്ടുപോയി. ഈ മനുഷ്യശരീരം നശ്വരമാണ്. ഇന്ദ്രിയ സുഖങ്ങള്‍ കേവലം നൈമിഷികമാണെന്നറിയുക. ഉണരൂ. 
ഞാന്‍ ഈ ദേഹം എന്നു വെടിയുമെന്നറിയില്ല. ഈശ്വരനില്‍നിന്നും എനിക്കു കിട്ടിയ സമ്മാനമാണു നീ. നിന്നെ ഉപദേശിക്കേണ്ടതും ധര്‍മ്മവഴിക്കു നയിക്കേണ്ടതും എന്റെ കടമയാണ്. കുഞ്ഞേ,ഭാവിയില്‍ രാജ്യം ഭരിക്കേണ്ടവനാണു നീ. ഒരു മാതൃകാ മന്നന്റെ സകല ഗുണവിശേഷങ്ങളും നീ വികസിപ്പിച്ചെടുക്കണം. ഈശ്വരനില്‍ മനസ്സര്‍പ്പിച്ച്  രാജകീയധര്‍മ്മങ്ങള്‍ നീ നിര്‍വഹിക്കുക.'' ഇത്രയും പറഞ്ഞ് ആ രാജമാതാവ് മൗനം പൂണ്ടു. അമ്മയുടെ വാക്കുകള്‍ ആ കുമാരനില്‍ പ്രതികരണങ്ങളുണ്ടാക്കി. സാത്വികഗുണവും വിവേകവും അവനില്‍ വളര്‍ന്നു. പിന്നീട് സുഖഭോഗങ്ങളില്‍ നിന്നും വിട്ടുനിന്ന രാജകുമാരന്‍ വിവേചനാശക്തിനേടി പ്രബുദ്ധനായി.  മാതാവിന്റെ ആ വാക്കുകള്‍ ജീവിതകാലമത്രയും മാര്‍ഗ്ഗദീപകമായി. അദ്ദേഹം ഉത്തമനായ ഒരു ഭരണാധികാരിയായി.
സമ്പാ:കെ.എന്‍.കെ.നമ്പൂതിരി

No comments: