ഭഗവല്‍നാമസ്മരണ – ഭാഗവതം (22)
അകാമസ്സര്‍വ്വ കാമോ വാ മോക്ഷകാമ ഉദാരധീഃ
തീവ്രേണ ഭക്തിയോഗേന യജേത പുരുഷം പരം (2-3-10)
ജീവഞ്ച്ഛവോ ഭഗവതാം ഘ്രിരേണും
ന ജാതു മര്‍ത്യോ ഭിലഭേത യസ്തു
ശ്രീവിഷ്ണുപദ്യാ മനുജസ്തുളസ്യാ
ശ്ശ്വസഞ്ച്ഛവോ യസ്തു ന വേദ ഗന്ധം (2-3-23)
ശുകമുനി തുടര്‍ന്നു:
രാജന്‍, മനുഷ്യന്‍ തന്റെ അന്ത്യകാലമടുക്കുമ്പോള്‍ ചെയ്യേണ്ടതെന്താണെന്നു പറഞ്ഞുതന്നവല്ലോ. പക്ഷെ പരമമോക്ഷമല്ലാതെ മറ്റാഗ്രഹങ്ങള്‍ സാധിക്കുന്നുതിനായും ആളുകള്‍ ഭഗവാന്റെ പ്രഭാവങ്ങളെ പൂജിക്കാറുണ്ട്. ഉദാഹരണത്തിന് ജ്ഞാനസമ്പാദനത്തിനായി ബൃഹസ്പതിയെ. സമ്പത്തിനായി വസുവിനെ. ഭക്ഷണത്തിനായി അദിതിയെ. സ്വര്‍ഗ്ഗത്തിനായി ആദിത്യനെ. ആയുസ്സിനായി അശ്വിനീ ദേവകളെ. വ്യക്തിപരമായ ഐശ്വര്യത്തിനായി ഗന്ധര്‍വ്വനെ. സല്‍ഭാര്യയെക്കിട്ടാന്‍ ഉര്‍വ്വശിയെ. സല്‍ജീവിതത്തിനും പ്രശസ്തിക്കും വേണ്ടി വിഷ്ണുവിനെ. ശരീരശക്തിക്കായി ഹനുമാനെ. എല്ലാ ആഗ്രഹങ്ങളും അവസാനിപ്പിക്കാനായി ശ്രീകൃഷ്ണനെ. ചിലര്‍ ഇന്ദ്രിയങ്ങളെ ഊര്‍ജ്ജസ്വലമാക്കാന്‍ ഇന്ദ്രനെ പൂജിക്കുന്നു. ഐശ്വര്യത്തിന് മായയെ പൂജിക്കുന്നു. അവസാനിക്കാത്ത ഊര്‍ജ്ജത്തിനുവേണ്ടി അഗ്നിദേവനേയും ശക്തിക്കായി രുദ്രനേയും സ്ഥാനമാനലബ്ധിക്കായി രണ്ടു വിശ്വമാതാക്കളേയും നേതൃത്വലബ്ധിക്കായി ബ്രഹ്മാവിനേയും ആപത്തില്‍ നിന്നുളള സംരക്ഷണത്തിനായി യക്ഷനേയും സന്താനസ്ഭാഗ്യത്തിനായി പ്രജാപതിയേയും ആളുകള്‍ പൂജിക്കുന്നു. പക്ഷെ ഒരു സല്‍പുരുഷന്‍ ഏതെങ്കിലും ആഗ്രഹപൂരണത്തിനായാലും അല്ലെങ്കിലും, മോക്ഷത്തിനാണെങ്കിലും അല്ലെങ്കിലും, ആ പരമപുരുഷനായ ഭഗവാനില്‍ അത്യധികം ഭക്തിയുളളവനായിരിക്കും. ഭഗവാന്റെ സല്‍ക്കഥകള്‍ കേട്ടുംപറഞ്ഞും ഇങ്ങിനെ ഭക്തിയുണര്‍ന്ന് മനസില്‍നിന്നു് ഇന്ദ്രിയസുഖങ്ങളോടുളള ആസക്തി കുറഞ്ഞുവരുന്നു. ഭഗവല്‍കഥകളില്‍ രസമറിഞ്ഞ് ഒരുവനില്‍ മറ്റൊന്നിലും താല്‍പര്യം തന്നെയില്ലാതാവുന്നു.
ശൗനകന്‍ സൂതനോട് പറഞ്ഞു:
ഇങ്ങിനെ മനസുണര്‍ത്തുന്ന കാര്യങ്ങള്‍ കേട്ടിട്ട് പരീക്ഷിത്തെന്തു ചെയ്തു? പരീക്ഷിത്ത് ഭഗവല്‍ഭക്തനും പ്രേമിയുമാണ്. ശുകനാകട്ടെ പരമപദം സാക്ഷാത്കരിച്ച മുനിവര്യനും. അദ്ദേഹം ഭഗവാന്‍ കൃഷ്ണനില്‍ അത്യന്തം ഭക്തിയുളളയാളാണ്. അവരുടെ സംഭാഷണം സ്വാഭാവികമായും ഭക്തിസാന്ദ്രമായിരുന്നു എന്നുപറയേണ്ടതില്ല. ഏതൊരുജീവിതമാണ് ഭഗവാനില്‍ സ്വയം അര്‍പ്പിക്കാതെ ധന്യമാവുന്നത്? മരങ്ങള്‍ ജീവിക്കുന്നു. കൊല്ലന്റെ ആലയിലെ ഉല ശ്വസിക്കുന്നു. മൃഗങ്ങള്‍ സന്താനോല്‍പാദനം നടത്തുന്നു. ഭഗവാന്‍ കൃഷ്ണന്റെ അവതാരകഥകള്‍ കേള്‍ക്കാത്ത മനുഷ്യന്‍ ഒരു നായയേക്കാള്‍ ഭേദപ്പെട്ടവനല്ല.അവന്റെ ചെവികള്‍ വെറും തുളകള്‍ മാത്രം. ഭഗവല്‍നാമമുരുവിടാത്തവന്റെ നാവ് തവളയുടെ നാവുപോലെയത്രെ. ഭഗവത് സ്മരണയില്‍ കുനിക്കാത്ത തല ഒരു ഭാരംതന്നെയാണ്. ഭഗവാനെത്തൊഴാത്ത കൈകള്‍ മരിച്ചവന്റെ കൈകള്‍ക്ക് സമം. ഭഗവാന്‍ വിഷ്ണുവിന്റ രൂപം ദര്‍ശിക്കാത്ത കണ്ണുകള്‍ മയില്‍പ്പീലിക്കണ്ണുകള്‍ പോലെ നിര്‍ജ്ജീവം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്ത കാലുകള്‍ മരങ്ങളുടെ വേരുകള്‍പോലെയാണ്. ഭക്തജനങ്ങളുടെ പാദരേണുക്കളില്‍ മുങ്ങാത്ത മനുഷ്യന്‍ ജീവച്ഛവമാണ്. ഭഗവല്‍പ്പാദത്തില്‍ അര്‍ച്ചനചെയ്ത തുളസീദളങ്ങള്‍ ഭക്തിയോടെ ചുണ്ടില്‍ത്തൊട്ടു സ്വീകരിക്കാത്തവനും അങ്ങിനെയത്രെ.
ഭഗവല്‍നാമസ്മരണയില്‍ അലിയാത്ത ഹൃദയം കല്ലുപോലെ കഠിനമാണ്. ഹൃദയം ഭഗവല്‍നാമസ്മരണയില്‍ അലിയുമ്പോള്‍ കണ്ണുകള്‍ ആനന്ദബാഷ്പം പൊഴിക്കുന്നു. രോമാഞ്ചവും ദിവ്യപ്രേമവും ഉണര്‍ന്നു വരുന്നു. ഭഗവല്‍പ്രേമരഹിതമായ ജീവിതംതന്നെ തിന്മയത്രെ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം.
sreyas
No comments:
Post a Comment