Monday, July 23, 2018

ഹരിഃ ഓം
സുപ്രഭാതം

കാലത്തെഴുന്നേറ്റു സ്നാനാദികൾ ചെയ്തു
ശുദ്ധരായ് പൂജാമുറിയിലിരിക്കണം
നന്നായ്ക്കഴുകിത്തുടച്ചു നിലവിള-
ക്കെണ്ണയൊഴിച്ചു കൊളുത്തി വെച്ചീടണം

സ്വസ്ഥമായിട്ടൊന്നിരിക്കുവാൻ യോഗ്യമാ-
മാസനം നന്നായ് വിരിച്ചങ്ങിരിക്കണം
ആരും ബഹളങ്ങളുണ്ടാക്കരുതെന്നങ്ങാ -
ദ്യമേ നിർദ്ദേശം സൗമ്യമായ് നൽകണം.

സാന്ത്വന സാന്നിദ്ധ്യമാസ്വദിച്ചീടുവാൻ
നിശ്ചയം ചെയ്തു നിവർന്നിരുന്നീടണം
നിശ്ശബ്ദ ഭാവത്തിൽ കണ്ണടച്ചാഴത്തില-
ന്തരാത്മാവിലേക്കെത്തിനോക്കീടണം

കായവുമിന്ദ്രിയ ജാലവും ചിത്തവും
ശാന്തമാക്കീടുവാൻ ചിന്തിച്ചുറക്കണം
സ്തോത്രപാരായണം, നാമ ജപവുമാം
ദീർഘമായ് ശ്വാസനിശ്വാസവും ചെയ്യണം

സദ്ഗുരുനാഥന്റെ തൃച്ചേവടികളെ
സാദരമോർത്തു നമിക്കണം ഭക്തിയാൽ
ദേഹേന്ദ്രിയാദികളല്ലഞാനെന്നുള്ള
വേദാന്ത ചിന്തയനുധ്യാനം ചെയ്യണം

സച്ചിദാനന്ദ സ്വരൂപിയെന്നുള്ളൊരാ -
ധ്യാനത്തിലാവോളമാണ്ടു രമിക്കണം
അജ്ഞാന ബാധയാൽ മിഥ്യാ പ്രപഞ്ചത്തിൽ
സംഭ്രമിച്ചോടുന്ന ദുഃഖം മറക്കണം

കണ്ണുതുറന്നീടിൽ കാണുന്ന ലോകവും
ആയതു നൽകുമനുഭവ ദ്വന്ദ്വവും
ഉള്ളിലുണരുന്ന കാമനാ ജാലവു -
മെല്ലാമറിയണം തത്വ വിവർത്തമായ്

ആത്മ മഹത്വത്തിൻ ധ്യാന പ്രസാദമായ്
ശാന്തിയും സൗഖ്യവുമാസ്വദിച്ചങ്ങിനെ
സാനന്ദമീശ്വര സേവന കർത്തവ്യം
ചെയ്യുവാൻ നിർമ്മമം കൺ തുറന്നീടണം.

നിത്യവുമീവിധമഭ്യാസം ചെയ്യുവാൻ
ലക്ഷ്യബോധത്തെയുറപ്പിച്ചു നിർത്തുവാൻ
സർവ്വേശ കാരുണ്യ വർഷത്തെ പ്രാർത്ഥിച്ചു
ധർമ്മമനുഷ്ഠിപ്പാനുദ്യുക്തനാവണം

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments: