Sunday, July 29, 2018

ഗീതാദര്‍ശനം/ കാനപ്രം കേശവന്‍ നമ്പൂതിരി
Monday 30 July 2018 1:07 am IST
(1) ധര്‍മ്മം അധര്‍മ്മം ച അധ്യാം 18-31 ശ്ലോകം
കഴിഞ്ഞ ശ്ലോകത്തില്‍ വിശദീകരിച്ച് പ്രവൃത്തി ധര്‍മ്മങ്ങളും നിവൃത്തി ധര്‍മ്മങ്ങളും മോക്ഷത്തിനുവേണ്ടിയുള്ള ധര്‍മ്മങ്ങളും, ശാസ്ത്രങ്ങളില്‍ വിവരിച്ചതിന്നനുസരിച്ച് തന്നെ നേടുന്ന ജ്ഞാനമാണ് യഥാര്‍ത്ഥ ജ്ഞാനം. അതിന് വിപരീതമായും, സംശയം തീര്‍ക്കാന്‍ കഴിയാത്ത വിധത്തിലും പരിപൂര്‍ണമല്ലാതെയും സ്വന്തം അഭിപ്രായം ചേര്‍ത്ത് വികൃതമാക്കിയും ഉള്ള അയഥാവത് ജ്ഞാനം ഏതൊരു ബുദ്ധികൊണ്ടാണ് നേടുന്നത്.
(2) കാര്യം അകാര്യം- ആവശ്യമായി ചെയ്യേണ്ടതും തീരേ ഉപേക്ഷിക്കേണ്ടതുമായ കര്‍ത്തവ്യ കര്‍മ്മങ്ങളെ വിപരീതങ്ങളായും സംശയരഹിതമായും അപൂര്‍ണമായും സ്വന്തം അഭിപ്രായം ചേര്‍ത്ത് വികൃതമാക്കിയും അനുകൂലമായ കാലത്തെ പ്രതികൂലമായ കാലമായും, പ്രതികൂലമായ കാലത്തെ അനുകൂലമായും നേടുന്ന ജ്ഞാനം അയഥവത്ജ്ഞാനം ഏതൊരു ബുദ്ധികൊണ്ടാണോ നേടുന്നത്, ആ ബുദ്ധി രജോഗുണ പൂര്‍ണമായ ബുദ്ധിയാണ്.
താമസഗുണപൂര്‍ണമായ ബുദ്ധിയുടെ ലക്ഷണം പറയുന്നു 
അധ്യായം 18-32-ാം ശ്ലോകം
(1) അധര്‍മ്മം ധര്‍മ്മം ഇതി മന്യതേ
വേദങ്ങളിലും ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളിലും ഗീത, ഭാഗവതം മുതലായ ഭഗവദീയ ഗ്രന്ഥങ്ങളിലും അനുഷ്ഠിക്കാന്‍ പാടില്ല എന്ന് നിഷേധിച്ച പ്രവൃത്തികളാണ്. അധര്‍മ്മം. അവയെ ധര്‍മ്മമായി തന്നെ കരുതി മനസ്സില്‍ ഉറപ്പിക്കുന്നത് ഏതൊരു ബുദ്ധിയാണോ, ആ ബുദ്ധി തമോഗുണത്താല്‍ ആവൃതമായ- മൂടപ്പെട്ട-ബുദ്ധിയാണ്.
(2) സര്‍വ്വാര്‍ത്ഥാന്‍ വിപരീതാന്‍ മന്യതേ
ആ താമസിയായ ബുദ്ധിശാസ്ത്ര പ്രതിപാദിതമാത്രം വസ്തുക്കളെ വിപരീതമായിത്തന്നെ ചിന്തിച്ച് ഉറപ്പിക്കുന്നു. അധര്‍മത്തെ ധര്‍മമായും ധര്‍മത്തെ അധര്‍മമായും വിപരീതമായി മനസ്സിലാക്കുന്നു. പരമതത്ത്വത്തെ അപരതത്ത്വമായും ബദ്ധരായ ജീവാത്മക്കളെ മുക്തരായിട്ടും നിത്യമുക്തനായ പരമാത്മാവിനെ മായാബദ്ധനായിട്ടും മനസ്സിലാക്കുന്നു. അനന്തമായ കല്യാണ ഗുണങ്ങളുള്ള ഭഗവാന്‍ ശ്രീകൃഷ്ണനെ ഗുണശൂന്യനായും തീരുമാനിക്കുന്നു.
കൂടാതെ, ലക്ഷണക്കണക്കില്‍ പശുക്കളെയും മനുഷ്യരെയും വധിച്ച്, ഒരു മനുഷ്യനെ രക്ഷിക്കുന്നത് ധര്‍മമാണെന്ന് കരുതുന്നു. വിധിപ്രകാരം വിവാഹം കഴിച്ച പത്‌നിയെ ഉപേക്ഷിച്ച്, വേശ്യാസ്ത്രീകളുമായി ചേര്‍ന്ന് സുഖിക്കുന്നതാണ് ധര്‍മമെന്ന് വിശ്വസിക്കുന്നു. പുത്രന്മാരല്ലെന്നും, സുഹൃത്തുക്കളെ ശത്രുക്കളാണെന്നും തീരുമാനിച്ച് പ്രവര്‍ത്തിക്കുന്നു. ഇവയൊക്കെയാണ് തമോഗുണ പൂര്‍ണമായ ബുദ്ധിയുടെ ലക്ഷണങ്ങള്‍.

No comments: