സനാതന ധര്‍മത്തിന്റെ അടിസ്ഥാന സന്ദേശങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. പ്രപഞ്ചചൈതന്യത്തെ ബാഹ്യവും ആന്തരീകവുമായ ദൃഷ്ടികൊണ്ട് ദര്‍ശിച്ച് രചിച്ചിട്ടുള്ളതിനാല്‍ ഋഷിമാരെ മന്ത്രദൃഷ്ടാക്കളെന്നു പറയുന്നു. കഥകളോ ചരിത്രങ്ങളോ ഇല്ലാതെ, പ്രപഞ്ച ചൈതന്യാംശത്തെക്കുറിച്ചുള്ള ശാശ്വതസത്യങ്ങളായ വസ്തുതകള്‍ മാത്രമുള്ളതാണ് വേദങ്ങള്‍. അതിനാല്‍ വേദം എന്ന പദത്തിന്റെ അര്‍ഥം തന്നെ അറിവ് എന്നാണ്. അത് ഗുരുവില്‍നിന്ന് ശിഷ്യരിലേക്ക് വായ്‌മൊഴിയായി പകരുന്നതിനാല്‍ ശ്രുതി എന്നറിയപ്പെടുന്നു. പ്രപഞ്ച ചൈതന്യം തന്നെ വിഷയമായതിനാല്‍ അത് അപൗരുഷേയമെന്നറിയപ്പടുന്നു. മുക്കുവ വംശത്തിലെ വേദവ്യാസന്‍ ക്രോഡീകരിക്കുകയും വിശ്വാമിത്രനെപ്പോലെ ക്ഷത്രിയ വംശജര്‍ രചിച്ചിട്ടുള്ളതുമായതിനാല്‍ ബ്രാഹ്മണ്യത്തിലേക്കുയരുന്ന ഏതു ജാതിക്കാരനും മതാനുയായിക്കും വേദം ശുദ്ധിയോടെ വായിച്ചു മനസ്സിലാക്കാം. വേദങ്ങളുടെ കാലഘട്ടം, അത്യാധുനിക പുരാവസ്തു ജ്യോതിശ്ശാസ്ത്ര ഗണനയനുസരിച്ച് ഏതാണ്ട് 4000 ബിസിക്കപ്പുറമാണ്.
# ഋഗ്വേദമാണ് ആദിമഗ്രന്ഥം. ഭൗതികവും ആത്മീയവും ദേവതാ സങ്കല്‍പവുമെന്ന രീതിയില്‍ മൂന്നുതരം അര്‍ത്ഥം വേദമന്ത്രങ്ങള്‍ക്കുണ്ട്. ഋഗ്വേദത്തിന് ഇരുപത്തിയഞ്ച് ശാഖകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ശാഖകള്‍: ശാകലം, ബാഷ്‌കളം, ആശ്വാലയനം, ശംഖായനം, മാണ്ഡുകേയം എന്നിവയാണ്. ഇന്ന് ലഭ്യമായതും പ്രചാരത്തിലുള്ളതുമായ ശാഖകള്‍, ശാകലവും ബാഷ്‌കളവും ശാംഖായനവുമാണ്.
# ഋഗ്വേദത്തിലെ ഏറ്റവും പ്രചാരമുള്ള ശാകലശാഖയില്‍ 397265 അക്ഷരങ്ങളുണ്ട്. ഈ അക്ഷരങ്ങള്‍ 193816 പദങ്ങളിലും, 10552 മന്ത്രങ്ങളിലും അടുക്കിയിരിക്കുന്നു. മന്ത്രങ്ങള്‍ 2024 വര്‍ഗങ്ങളായും, അവയെ 64 അദ്ധ്യായങ്ങളായും തിരിച്ചിരിക്കുന്നു. എട്ട് അദ്ധ്യായങ്ങളെ ചേര്‍ത്ത് എട്ട് അഷ്ടകങ്ങളായും വേദമന്ത്രങ്ങളെ വിവരിക്കാറുണ്ട്.
# വ്യത്യസ്ത ശ്രുതിയോടെയാണ് വേദം പഠിക്കുക. പഠനക്രമവും വളരെ കഠിനമായ നിഷ്ഠയോടെയുള്ളതാണ്. വേദശ്രുതികള്‍ക്ക് പ്രത്യേകം പേരുകളുണ്ട്. ഉദാത്തം, അനുദാത്തം, സ്വരിതം, രേഫം, ഹ്രസ്വം, അനുനാസികം, കമ്പം, ദീര്‍ഘകമ്പം, പ്‌ളതം എന്നിവയാണ് ദേവസ്വരങ്ങള്‍. ഗുരുവില്‍ നിന്നല്ലാതെ വേദം അഭ്യസിച്ചാല്‍ ഈ ശ്രുതികളുടെ വ്യത്യാസങ്ങള്‍ അറിയുവാന്‍ സാധ്യമല്ല. തെറ്റിച്ചൊല്ലിയാല്‍ അര്‍ത്ഥം മാറുകതന്നെ ചെയ്യും.
# യജുര്‍വേദം കൂടുതലായും യാഗകര്‍മ്മത്തിനായുള്ള മന്ത്രങ്ങളായതിനാല്‍, ഈ വേദത്തെ കര്‍മ്മകാണ്ഡം എന്നു വിവരിക്കാറുണ്ട്. ഗദ്യപദ്യ മന്ത്രങ്ങള്‍ അടങ്ങിയ വിവിധ യജുര്‍വേദശാഖകളെ കൃഷ്ണയജുര്‍വേദത്തില്‍പ്പെടുത്തിയിരിക്കുന്നു. പദ്യമന്ത്രങ്ങള്‍ മാത്രമുള്ള യജുര്‍വേദശാഖകളെ ശുക്ലയജുര്‍വേദത്തിലും. ആകെ യജുര്‍വേദത്തിന് നൂറ് (ചിലരുടെ അഭിപ്രായത്തില്‍ 108) ശാഖകളുണ്ട്. ഈ ശാഖകളെല്ലാം ഓരോ മഹര്‍ഷിമാരുടെ പേരിലറിയപ്പെടുന്നു.
# യജുര്‍വേദത്തിലെ പ്രധാനശാഖകള്‍ ആലംഭി, കലിംഗ, കമല, ഋചാഭ, അരുണി, താണ്ഡ്യ, ശ്യാമായന, കഠ, കലാപി എന്നിവാണ്. ഈ ശാഖകള്‍ വീണ്ടും ഉപശാഖകളായി വളര്‍ന്നിട്ടുണ്ട്. കഠശാഖയുടെ ഉപശാഖാ നാമങ്ങളോടൊപ്പം 'കഠ' എന്ന പേരുകൂടി ചേര്‍ത്തിട്ടുണ്ടാകും. ചരകഠ, ആഹ്വരകഠ, ഭ്രാജിഷ്ഠലകഠ, കപിഷ്ഠലകഠ, ചാരായണിയകഠ, പ്രാച്യകഠ, ശ്വേതകഠ, ശ്രേതാശ്വേതരകഠ, ഔപമന്യകഠ, പാതാണ്ഡിനേയകഠ, മൈത്രാണീയകഠ എന്നിങ്ങനെ പോകുന്നു. വ്യത്യസ്ത യജുര്‍വേദ പുസ്തകങ്ങള്‍. ഒരൊറ്റ പുസ്തകമാണ് യജുര്‍വേദമെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നത് (യജുര്‍വേദത്തിന്റെ വിവിധ ശാഖകളുടെ വ്യത്യാസമുള്ള ഗ്രന്ഥങ്ങളാണ്. ചില ഗ്രന്ഥങ്ങള്‍ക്ക് വ്യത്യാസങ്ങള്‍ കൂടുതലും കുറവുമായിരിക്കുമെന്നുമാത്രം).
(സനാതന ധര്‍മത്തിന്റെ അടിസ്ഥാന ശിലകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
ഡോ.എന്‍.ഗോപാലകൃഷ്ണന്‍
No comments:
Post a Comment