അധ്യായം 18- 18-ാം ശ്ലോകം
വൈദികമോ ലൗകികമോ ആത്മീയമോ ആയ ഏതു കര്‍മ്മവും അനുഷ്ഠിക്കപ്പെടണമെങ്കില്‍ മൂന്ന് പ്രേരകശക്തികള്‍ ഉണ്ടാവണം.
(1) ജ്ഞാനം-അനുഷ്ഠിക്കപ്പെടേണ്ടുന്ന കര്‍മ്മത്തെക്കുറിച്ച് ആരംഭിക്കേണ്ടത് എങ്ങനെ, തുടരേണ്ടത് എങ്ങനെ, സമാപിക്കേണ്ടത് എങ്ങനെ-എന്ന അവബോധം കര്‍മ്മം ചെയ്യുന്ന ആള്‍ക്ക് ഉണ്ടാവണം. യജ്ഞമാണ് അനുഷ്ഠിക്കപ്പെടേണ്ടതെങ്കില്‍ ആ യജ്ഞം ഏതാണ്, യജ്ഞകര്‍ത്താവിന്റെ യോഗ്യതകള്‍ എന്തൊക്കെയാണ്, യജ്ഞത്തിലെ ഓരോ ക്രിയകളും എങ്ങനെയാണ്. യജ്ഞത്തിന്റെ ദേവത എന്താണ്- മുതലായവയുടെ അറിവ്-അതാണ് ജ്ഞാനം.
(2) ജ്ഞേയം-യജ്ഞാനുഷ്ഠാനത്തിന്റെ നടത്തിപ്പിന് ഉപദേശം നല്‍കുന്ന പുരോഹിതന്റെ യോഗ്യത, ഋത്വിക്കുകളുടെ യോഗ്യത. അഗ്നിയില്‍ ഹോമിക്കേണ്ട ദ്രവ്യങ്ങള്‍ ഏതൊക്കെ, അവ സമാഹരിക്കേണ്ടത് എങ്ങനെ, ഇത്തരം വിശദമായി അറിയേണ്ടുന്ന വസ്തുതകള്‍ ജ്ഞേയം എന്ന രണ്ടാമത്തെ പ്രേരകം.
(3) പരിജ്ഞാതാ- മേല്‍പ്പറഞ്ഞ എല്ലാ വസ്തുതകളും മുഴുവനായും തെറ്റുപറ്റാതെയും ഒന്നുപോലും കൂടുകയോ കുറയുകയോ ചെയ്യാതെയും അറിയുന്ന ആളിനെയാണ് പരിജ്ഞാതാ -എന്നുപറയുന്നത്.
യജ്ഞം എന്ന വൈദിക കര്‍മ്മം വിധിപ്രകാരം അനുഷ്ഠിക്കപ്പെടണമെങ്കില്‍ പറഞ്ഞ മൂന്ന് പ്രേരക ശക്തികളും ഉണ്ടാവണം. അതുപോലെ ലൗകികമായ കര്‍മ്മങ്ങള്‍ക്കും ഈ പ്രചോദനങ്ങള്‍ ഉണ്ടാവണം. ആത്മീയ കര്‍മ്മങ്ങള്‍ക്കും ഈ പ്രചോദനങ്ങള്‍ ഉണ്ടാവണം.
കര്‍മങ്ങളുടെ ഘടകങ്ങള്‍ (18-18)
കര്‍മങ്ങളുടെ ബാഹ്യമായ ഘടകങ്ങള്‍ മൂന്നെണ്ണമാണ്. മറ്റുള്ളവര്‍ക്ക് കണ്ട് മനസ്സിലാക്കാന്‍ കഴിയുന്നവയാണ് അവ.
(1) കരണം- കര്‍മത്തിന്റെ ഉപകരണങ്ങള്‍ യജ്ഞം ചെയ്യുന്ന ആള്‍, മന്ത്രങ്ങളുടെ ശബ്ദം, കയ്യാ, കാല്‍, കണ്ണ് മുതലായ ഇന്ദ്രിയങ്ങള്‍, ഇരിക്കാനുള്ള ആസനം, ഹോമിക്കാനുള്ള ദ്രവ്യങ്ങള്‍ സ്രുക്ക്, സ്രുവം ഉപകരണങ്ങളും വിളക്ക്, പാത്രങ്ങള്‍ മുതലായവ ഇവയാണ് കരണങ്ങള്‍.
(2) കര്‍മം- ആരംഭം മുതല്‍ അവസാനം വരെയുള്ള സകല ചടങ്ങുകളും ഉള്‍ക്കൊള്ളുന്ന ക്രിയ തന്നെ കര്‍മം.
(3) കര്‍ത്താ- എല്ലാത്തരം കര്‍മവും അനുഷ്ഠിക്കാന്‍ ഒരു കര്‍ത്താവ് വേണം. യജ്ഞകര്‍മത്തിന്റെ കര്‍ത്താവിനെ 'യജമാനന്‍' എന്ന പറയുന്നു. ഏതുതരം കര്‍മ്മത്തിലും ഈ മൂന്നു ഘടകങ്ങള്‍ ഉണ്ടായിരിക്കും. ലൗകികവും ആത്മീയവുമായ കര്‍മങ്ങള്‍ക്കും ഈ ഘടകങ്ങള്‍ ഉണ്ടാവണം. ആ വസ്തുതകള്‍ വേറെ വേറെയാണെന്നും മനസ്സിലാക്കണം.
സാത്വികാദി ഗുണങ്ങള്‍ അനുസരിച്ച് ജ്ഞാന-കര്‍മ-കര്‍ത്താക്കള്‍ മൂന്നു വിധമാണ്
അധ്യായം-18- 19-ാം ശ്ലോകം
കര്‍മത്തെക്കുറിച്ച് അറിയുക-അതാണ് ജ്ഞാനം എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ വിവരിച്ചുവല്ലോ. കര്‍മം എന്നത് പ്രവര്‍ത്തിക്കുക എന്നതു തന്നെ കര്‍ത്താവ് എന്നത് കര്‍മം ചെയ്യുന്ന ആള്‍ തന്നെ. കര്‍ത്താവ് എന്നതില്‍, കഴിഞ്ഞ ശ്ലോകത്തില്‍ വിവരിച്ച കരണങ്ങളും ഉള്‍പ്പെടുന്നു.
ഗുണഭേദതഃ ത്രിധാപ്രോച്യതേ (18-19)
ആ വക എല്ലാ വസ്തുതകളും സാത്ത്വിക ഗുണം രാജസഗുണം എന്നീ പ്രകൃതി ഗുണങ്ങള്‍ അനുസരിച്ച് മൂന്നുവിധത്തില്‍ വിവരിച്ചിട്ടുണ്ട്. എവിടെ?
''ഗുണസംഖ്യാനേ''- സത്ത്വാദിത്രി ഗുണങ്ങളുടെ സ്വരൂപം, പ്രവര്‍ത്തനസ്വഭാവം മുതലായവയെപ്പറ്റി വേണ്ടവിധം പ്രതിപാദിക്കുന്നത് സാംഖ്യശാസ്ത്രത്തിലാണെന്ന് ഭഗവാന്‍ പറയുന്നു. ഭഗവാന്‍ തന്നെ 14-ാം അധ്യായത്തില്‍ സാത്ത്വിക-രാജസ-താമസ ഗുണങ്ങള്‍ ജീവാത്മാവിനെ ദേഹം മുതലായ ഭൗതിക പദാര്‍ത്ഥങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി പ്രതിപാദിച്ചിട്ടുണ്ട്. 14 ല്‍ 5- മുതല്‍ ശ്ലോകങ്ങളില്‍ അതു നമുക്ക് വായിക്കാം.പ്രകൃതിയില്‍ നിന്നുണ്ടാവുന്ന സത്ത്വഗുണം പോലും മനുഷ്യരെ മോക്ഷത്തിനുവേണ്ടി സഹായിക്കുന്നില്ലത്രേ. 17-ാം അധ്യായത്തില്‍ ''യജ്ഞേ സാത്ത്വികാഃ ദേവാന്‍'' എന്നുതുടങ്ങി മനുഷ്യനെ ബന്ധിക്കുന്ന രീതിയും സ്വഭാവങ്ങളും ഭഗവാന്‍ വിവരിച്ചിട്ടുണ്ട്.
അടുത്ത ശ്ലോകം മുതല്‍ അതിന്റെ തുടര്‍ച്ചയായി ജ്ഞാനം, ജ്ഞേയം, പരിജ്ഞാനം, കരണങ്ങള്‍, കര്‍മഃ കര്‍ത്താവ് മുതലായവയെ യഥാവത് (വേണ്ടതുപോലെ) വിവരിച്ചുപറയാം; നീ അതു കേള്‍ക്കൂ! ഉള്‍ക്കൊള്ളൂ എന്നു ഭഗവാന്‍ പറയുന്നത് നമ്മളോടും കൂടിയാണ് എന്ന് മനസ്സിലാക്കണം.
janmabhumi
No comments:
Post a Comment