ബൃഹദാരണ്യകോപനിഷത്ത്- 9
കര്‍മ്മജ്ഞാനങ്ങളുടെ ഉദ്ഭവത്തിന് കാരണമായ പ്രാണന്റെ സ്വരൂപം നിരൂപണം ചെയ്യാന്‍ ഉദ്ഗീഥ ബ്രാഹ്മണം ആരംഭിക്കുന്നു.
ദ്വയാ ഹ പ്രാജാപത്യാ:
ദേവാശ്ചാസുരാശ്ച...
പ്രജാപതിയുടെ മക്കളാണ് ദേവന്മാരും അസുരന്മാരുമെന്ന രണ്ടു കൂട്ടര്‍. അവരില്‍ ദേവന്മാര്‍ എണ്ണത്തിലും ബലത്തിലും കുറവാണ്. അസുരന്മാര്‍ വളരെ ശക്തരായിരുന്നു. അവര്‍ ഈ ലോകങ്ങള്‍ക്ക് വേണ്ടി പരസ്പരം കലഹിച്ചു.
ഈ ജ്യോതിഷ്ടോമയാഗത്തില്‍ ഉദ്ഗീഥത്തിന്റെ സഹായം കൊണ്ട് നമുക്ക് അസുരന്മാരെ പരാജയപ്പെടുത്താമെന്ന് ദേവന്മാര്‍ പറഞ്ഞു.
ദേവന്മാരെന്നും അസുരന്മാരെന്നും പറയുന്നത് പ്രജാപതിയുടെ വാക്ക് മുതലായ ഇന്ദ്രിയങ്ങളെയാണ്. ശാസ്ത്ര ജനിതങ്ങളായ ജ്ഞാന കര്‍മ്മങ്ങളാല്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രകാശമാനമാകുമ്പോള്‍ ദേവന്മാര്‍ എന്ന് പറയും. ഭൗതിക കാര്യങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അസുരന്മാര്‍ എന്ന് വിളിക്കും.
ശാസ്ത്രഹിതമായി പ്രവര്‍ത്തിക്കുമ്പോള്‍ ധര്‍മം വര്‍ദ്ധിക്കും. ദേവത്വ പ്രാപ്തി വരെ ഉയര്‍ച്ച ഉണ്ടാകും. ശാസ്ത്ര വിരുദ്ധമാകുമ്പോള്‍ അധര്‍മം വര്‍ദ്ധിക്കും സ്ഥാവരമായതുള്‍പ്പടെയുള്ള അധോഗതിയുണ്ടാകും. രണ്ടും സമമാകുമ്പോള്‍ മനുഷ്യരാകും. ഉദ്ഗീഥത്തിന്റെ കര്‍ത്താവായ പ്രാണനെ ആശ്രയിച്ച് അസുരരെ പരാജയപ്പെടുത്താം എന്നാണ് ദേവന്‍ കരുതിയത്.
മന്ത്രജപമാകുന്ന കര്‍മവും അതില്‍ നിന്നുണ്ടാകുന്ന പ്രാണ വിജ്ഞാനവുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ദേവത്വം എന്നത് പ്രാണോപാസന കൊണ്ട് വാക്ക് മുതലായവയ്ക്ക് ഉണ്ടാകുന്ന ശുദ്ധിയാണ്.
തേഹ വാച മൂച: ത്വം ന ഉദ്ഗായേതി...
ദേവന്മാര്‍ വാഗഭിമാനിയായ ദേവതയോട് ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് വാഗ്‌ദേവത അവര്‍ക്ക് വേണ്ടി ഉദ്ഗാനം ചെയ്തു. ഈ ഉദ്ഗാതാവിനെ കൊണ്ട് ദേവന്മാര്‍ തങ്ങളെ പരാജയപ്പെടുത്തുമെന്ന് അസുരന്മാര്‍ വിചാരിച്ചു. അവര്‍ ഉദ്ഗാതാവിനെ പാപം കൊണ്ട് ആക്രമിച്ചു. അപ്രതിരൂപമായി പറയുന്ന വാക്കുകളെയാണ് പാപം എന്ന് പറയുന്നത്. അസഭ്യമായും തെറ്റായും ഒക്കെ പറയുന്ന വാക്കുകളെയാണ് അപ്രതിരൂപം എന്നു വിളിക്കുന്നത്. ഇവ പാപമാണ്.
ഉദ്ഗീഥത്തില്‍ 12 സ്‌തോത്രങ്ങളുണ്ട്. ആദ്യത്തെ മൂന്ന് മന്ത്രങ്ങളായ പവമാനങ്ങളുടെ ഫലം യജമാനന് ഉള്ളതാണ്. തുടര്‍ന്നുള്ള 9 എണ്ണം നന്നായി വര്‍ണ്ണങ്ങളെ ഉച്ചരിക്കുക എന്ന ഫലത്തെ ഉദ്ഗാതാവ് തനിക്ക് വേണ്ടി ആഗാനം ചെയ്യുന്നു. വാഗ്‌ദേവതയുടെ അസാധാരണ കര്‍മമാണ് വര്‍ണ്ണങ്ങളെ വേണ്ട പോലെ ഉച്ചരിക്കുക എന്നത്.
വാഗ്‌ദേവതയ്ക്ക് സ്വാര്‍ത്ഥത്തിലുള്ള താല്പര്യമറിഞ്ഞ് അസുരന്മാര്‍ അതിനെ പാപം കൊണ്ട് ചേര്‍ത്തു. ഇതിനാലാണ് മോശം വാക്കുകള്‍ പറയുന്നത്. ഭൗതികമായ നേട്ടങ്ങള്‍ക്ക് വേണ്ടി ആളുകള്‍ അസത്യം പറയുന്നത് ഇതു മൂലമാണ്.
അഥ ഹ പ്രാണമൂചു: ത്വം ന
ഉദ്ഗായേതി...
അതിനു ശേഷം ദേവന്മാര്‍ ഘ്രാണ അഭിമാനി ദേവതയോട് ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് ഘ്രാണേന്ദ്രിയം അവര്‍ക്ക് വേണ്ടി ഉദ്ഗാനം ചെയ്തു. ഘ്രാണം മൂലമുണ്ടാകുന്ന അനുഭവം ദേവന്മാര്‍ക്കും, ശോഭനമായതിനെ ഘ്രാണിക്കുന്നതുകൊണ്ടുള്ള ഗുണം തനിക്കുമായി ആഗാനം ചെയ്തു. അസുരന്മാര്‍ പരാജയ ഭീതിയാല്‍ ഉദ്ഗാതാവിനെ പാപം കൊണ്ട് ആക്രമിച്ചു. ആ പാപത്തിന്റെ ഫലമായാണ് ദുര്‍ഗന്ധത്തെ അനുഭവിക്കേണ്ടി വരുന്നത്.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment