ഉടനേതന്നെ രാമനെ വരുത്തുകയെന്ന് ദശരഥന്‍ സുമന്ത്രരോടു കല്‍പിക്കുകയും അദ്ദേഹം രാമനെ കൊണ്ടുവരികയും ചെയ്തു. സഭയില്‍ ആഗതനായ രാമനെ ഉചിതമായ ഇരിപ്പിടത്തില്‍ ഇരുത്തിയശേഷം ദശരഥന്‍ തന്റെ ഇംഗിതവും സഭാവാസികളുടെ ആഗ്രഹവും രാമനെ അറിയിക്കുകയും പൂയം നക്ഷത്രത്തില്‍ യുവരാജാവിന്റെ പദവി സ്വീകരിക്കണമെന്ന് രാമനോടു പറയുകയും ചെയ്തു.
രാമന് പിതാവ് ഒരുപദേശം നല്‍കുകയുണ്ടായി:'കൂടുതല്‍ വിനയാന്വിതനായി ഇന്ദ്രിയങ്ങളെ തന്റെ വരുതിയില്‍ നിര്‍ത്തി ക്രോധത്തില്‍ നിന്നും ഉണ്ടാകുന്ന ദുര്‍വാസനകളെയകറ്റി പ്രത്യക്ഷവും പരോക്ഷവുമായ ഭരണമാര്‍ഗ്ഗങ്ങളിലൂടെ തന്റെ മന്ത്രിമാരേയും സേനാനായകന്മാരേയും സന്തുഷ്ടരാക്കിവേണം രാജ്യഭരണം നടത്തുവാന്‍.'
തന്റെ കൊട്ടാരത്തിലേക്കു പോയിരുന്ന രാമനെ പിതാവ് വീണ്ടും വിളിപ്പിച്ചു. രാജകൊട്ടാരത്തിന്റെയുള്ളിലെത്തിയ രാമനോട് ദശരഥന്‍ പറഞ്ഞു,'ഞാന്‍ ദുഃസ്വപ്‌നങ്ങളും ദുര്‍നിമിത്തങ്ങളും കാണുന്നു. ഇത്തരം ചടങ്ങുകളില്‍ പലപ്പോഴും വിഘ്‌നങ്ങള്‍ വരാറുണ്ട്. അതുകൊണ്ട് ഈ രാത്രിയില്‍ നീയും സീതയും ഉപവാസമനുഷ്ഠിച്ച് ദര്‍ഭപുല്ലുകൊണ്ടുള്ള പായയില്‍ തലയണയായി കല്ലുവച്ച് മനസ്സിനേയും ശരീരത്തേയും വരുതിയിലാക്കി വേണം ഉറങ്ങുവാന്‍. ഇന്നിപ്പോള്‍ പുണര്‍തം തുടങ്ങുന്നു. നാളെ പൂയം. എത്രയും വേഗം അഭിഷേകം നടത്തണം. ഭരതന്‍ അയോദ്ധ്യയില്‍ ഇല്ലാത്തപ്പോള്‍ത്തന്നെ ഇതു ചെയ്യേണ്ടതുണ്ട്'.
മാതാവിന്റെ അന്തഃപുരത്തിലെത്തിയ രാമന്‍ കൗസല്യയെ അവിടെ കണ്ടതില്ല. മാതാവ് പട്ടുവസ്ത്രങ്ങളുടുത്ത് മകന്റെ നന്മക്കായി ക്ഷേത്രത്തില്‍ ശ്രീനാരായണനെ പ്രാര്‍ത്ഥിക്കുകയായിരുന്നു. സുമിത്രയും ലക്ഷ്മണനും സീതാദേവിയും അവിടെയുണ്ടായിരുന്നു. രാമന്‍ പിതാവിന്റെ നിശ്ചയവും ഉപദേശവും മാതാവിനെ അറിയിക്കുകയുണ്ടായി. അത്യാഹ്‌ളാദവതിയായ കൗസല്യ പുത്രന്റെയെല്ലാ ശ്രേയസ്സും വിഷ്ണുവിന്റെ അനുഗ്രഹമാണെന്ന് നിശ്ചയിച്ചു. തൊഴുതുകൊണ്ടുനിന്ന ലക്ഷ്മണനോടായി രാമന്‍ പറഞ്ഞു,'എന്നോടൊപ്പം ഈ ഭൂമിയെ പരിപാലിക്കൂ. ഈ രാജകീയ സൗഭാഗ്യം എന്റെ രണ്ടാം ജന്മമായ നിനക്കുള്ളതാണ്. എല്ലാ സന്തോഷവും അധികാരവും അനുഭവിക്കൂ. ഞാന്‍ ജീവിക്കുന്നതും ഭരിക്കുന്നതും നിനക്കുവേണ്ടിയാണ്'. രണ്ട് അമ്മമാരേയും കൗസല്യയേയും സുമിത്രയേയും നമസ്‌കരിച്ചശേഷം അവരുടെ അനുവാദത്തോടെ രാമനും സീതാദേവിയും വിടവാങ്ങി...janmabhumi
No comments:
Post a Comment