Tuesday, July 03, 2018

അധര്‍മ്മത്തിനെതിരെ ധര്‍മ്മത്തിന്റെ വിജയം വാല്‍മീകിയും മഹാഭാരത കര്‍ത്താവായ വ്യാസനും ഉയര്‍ത്തിക്കാട്ടുന്നു. ഇരുവരും വാല്‍മീകി പഴയ കാട്ടാളനാണെങ്കില്‍ വ്യാസന്‍ മുക്കുവസ്ത്രീയില്‍ പിറന്ന ആളാണ്. ലോകത്തിലെ മികച്ച ഇതിഹാസകൃതികളുടെ രചയിതാക്കള്‍ എന്ന നിലയില്‍ ലോകം ഉള്ളിടത്തോളം കാലം ഇരുവരും ആരാധിക്കപ്പെടും. കോടിക്കണക്കിന് മനുഷ്യായുസുകള്‍ക്കപ്പുറം നടന്ന കഥകളാണ് രാമായണവും മഹാഭരതവും എന്ന വസ്തുത നാം എപ്പോഴും ഓര്‍ക്കേണ്ടതാണ്. എന്നാല്‍ ഇരുകൃതികളിലേയും ഓരോ സംഭവങ്ങളും ഇന്നും നമ്മുടെയൊക്കെ ചുറ്റുപാടുകളില്‍ അരങ്ങേറുന്ന മനുഷ്യ ജീവിത കഥ തന്നെയാണ്. രാമായണവും മഹാഭാരതവും ഇന്നും സ്വീകരിക്കപ്പെടുന്നതും. ഇരു ഗ്രന്ഥങ്ങളേയും അവലംബിച്ച് നിരവധി എഴുത്തുകാര്‍ നോവലും നാടകവും മറ്റും രചിക്കുന്നതും ഇവയുടെ സാര്‍വലൗകികത കൊണ്ടാണ്.  രാമായണത്തില്‍ പിതാവായ ദശരഥന്റെ ആജ്ഞ അനുസരിക്കാന്‍ മകന്‍ രാമന്‍ കാനനവാസത്തിനു പോകുന്നു. ഭര്‍ത്താവിനോടൊപ്പം എന്തു ത്യാഗവും സഹിക്കാന്‍ ഭാര്യയായ സീതയും ഒപ്പം പോകുന്നു. സഹോദരനെ പിതൃതുല്യനായി കണ്ട് ലക്ഷ്മണനും കൂടെ പോകുന്നു. മറ്റൊരു സഹോദരനായ ഭരതന്‍ രാമന്റെ മെതിയടി രാമനായി സങ്കല്‍പ്പിച്ച് പൂജിച്ച് ഭരിക്കുന്നു. മാതൃദേവോഭവ: ആചാര്യദേവോഭവ എന്ന ആപ്തവാക്യങ്ങളുടെ സാരാംശങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു സംസ്‌കാരമാണ് രാമായണത്തിലൂടെ കാണപ്പെടുന്നത്.

മഹാഭാരതകഥയില്‍ ധൃതരാഷ്ടര്‍ പറയുന്നത് മക്കളായ ദുര്യേധനനും ദുശാസനനും അടക്കം നൂറുപേരും അനുസരിക്കുന്നില്ല. പകുതി രാജ്യം പിതൃസഹോദര പുത്രന്മാരായ പാണ്ഡവര്‍ക്ക് കൊടുത്താല്‍ യുദ്ധം ഒഴിവാക്കാമായിരുന്നു. ഒരു വീടെങ്കിലും അഞ്ചുപേര്‍ക്കായി കൊടുക്കാമോ എന്ന് ദൂതിനെത്തിയ ശ്രീകൃഷ്ണന്റെ അപേക്ഷ പോലും നിരസിച്ച് സൂചികുത്താന്‍ പോലും സ്ഥലം കൊടുക്കില്ലെന്നു പറഞ്ഞ് കൗരവര്‍ എല്ലാം നശിപ്പിക്കുന്ന പതിനെട്ടു ദിവസത്തെ മഹാഭാരതയുദ്ധത്തിലേക്ക് നീങ്ങുന്നു. ധര്‍മ്മയുദ്ധം എന്നു പറഞ്ഞ് ആരംഭിച്ചുവെങ്കിലും പരസ്പരം ചതിച്ചുള്ള അധര്‍മ്മയുദ്ധമായി മാറുന്നു. ചതിയും വഞ്ചനയും സ്വജനപക്ഷപാതവും സ്ത്രീപീഢനവും ഒക്കെ മഹാഭാരത കഥയില്‍ ദര്‍ശിക്കാന്‍ നമുക്ക് കഴിയുന്നു. ഇതെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രാമായണത്തിലും ക്രാന്തദര്‍ശിയായ ഒരു വായനക്കാരന് കണ്ടെത്താന്‍ കഴിയും.

രാമായണത്തിലേയും മഹാഭാരതത്തിലേയും സാരാംശങ്ങളുടെ ഐക്യരൂപ്യം ചൂണ്ടിക്കാട്ടാനാണ് മഹാഭാരതകഥയുടെ സാക്ഷിപ്തം . കാലം മാറുന്നതിനനുസരിച്ച് സ്വഭാവത്തിലും സംസ്‌കാരത്തിലും വരുന്ന മാറ്റമാണ് രാമായണത്തിലും മഹാഭാരതത്തിലുമായി ഇതള്‍വിടര്‍ത്തുന്നത്. 

No comments: