പിന്നെയും പല അവസരങ്ങളിലും ധര്‍മ്മത്തിന്റെ രക്ഷയ്ക്ക് അസത്യത്തെ സത്യമായി സ്വീകരിക്കേണ്ടി വന്നേക്കാം എന്ന് ഭഗവാന്‍ കാട്ടിത്തരുന്നുണ്ട്. യുദ്ധത്തിന്റെ പതിനാറാം ദിവസം കര്‍ണ്ണനാല്‍ അപമാനിതനായ യുധിഷ്ഠിരന്‍ അര്‍ജുനന്റെ വീരതയെ നിന്ദിച്ചു സംസാരിക്കുകയും ഗാണ്ഡീവം കേശവന്റെ കയ്യില്‍ കൊടുക്കാന്‍ പറയുകയും ചെയ്തു. ഇതിനാല്‍ അര്‍ജുനന്‍ ക്രോധിച്ചു സ്വയം ജ്യേഷ്ഠനെ തന്നെ വധിക്കാന്‍ ഉദ്യുക്തനായി ഗാണ്ഡീവം മറ്റൊരു വ്യക്തിക്കു കൊടുക്കാന്‍ പറയുന്ന വ്യക്തിയെ വധിക്കുമെന്നും ശഠിച്ചു. കൃഷ്ണന്‍ അര്‍ജുനനെ ശാന്തനാക്കുകയും സത്യം പാലിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും അര്‍ജുനനെ ധരിപ്പിച്ചു. ബഹുമാനിക്കപ്പെടേണ്ട തന്റെ ജ്യേഷ്ഠനെ നിന്ദിച്ചാല്‍ അതും അദ്ദേഹത്തെ വധിക്കുന്നതിനു തുല്യമാകുമെന്നും ഉപദേശിച്ച് അര്‍ജുനനെ വലിയ ഒരു അധര്‍മത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.
(പിന്നീട് ഭ്രാതൃനിന്ദയാല്‍ പശ്ചാത്താപ വിവശനായ അര്‍ജുനന്‍ ആത്മഹത്യക്കു തുനിഞ്ഞപ്പോള്‍, ആത്മപ്രശംസ ചെയ്താല്‍ അതിന്റെ ഫലം സ്വയംഹത്യക്ക് തുല്യമാണെന്നും മറ്റും ഉപദേശിക്കുകയും അര്‍ജുനനെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ച് കൃഷ്ണന്‍ ആ പ്രശ്‌നം പരിഹരിച്ചതും പ്രസിദ്ധമാണല്ലോ.)
ഇങ്ങനെ എത്രയെത്ര അവസരങ്ങിളിലാണ് ഭഗവാന്‍ സ്വനിശ്ചയപ്രകാരം എടുക്കുന്ന സത്യപ്രതിജ്ഞകള്‍ പലതും അസത്യങ്ങളാണെന്നും ധര്‍മ്മരക്ഷയ്ക്ക് അവയെ ഉപേക്ഷിക്കുന്നതാണ് യഥാര്‍ത്ഥ സത്യങ്ങളെന്നും ലോകഹിതമാണ് പ്രധാനമെന്നും ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി ഉദ്‌ബോധിപ്പിച്ചിട്ടുള്ളത്.
ഗീതയിലൂടെ ഭഗവാന്‍ അരുളിച്ചെയുന്നതും ഇതുതന്നെയാണല്ലോ. ഭീഷ്മദ്രോണാദികള്‍ പൂജാര്‍ഹരാണ്, അവരോട് യുദ്ധം ചെയ്യുന്നതും അവരെ വധിക്കുന്നതും അധര്‍മ്മമാണ്. പക്ഷെ അവിടെ ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ അര്‍ജുനനെ സംബന്ധിച്ചിടത്തോളം പല ദൃഷ്ടിയിലും അത് ധര്‍മ്മം തന്നെയാണ്. തന്നെയുമല്ല, അത് അര്‍ജുനന്റെ സ്വധര്‍മ്മവുമാണ്. ഗീത രണ്ടാം അധ്യായത്തിലെ 31, 33 ഈ ശ്ലോകങ്ങള്‍ പ്രത്യേകിച്ചും അനുസന്ധേയമാണ്. പിന്നെ മൂന്നാം അധ്യായത്തിലെ 20-ാം ശ്ലോകത്തില്‍ ലോകസംഗ്രഹത്തെ (ലോകത്തിന്റെ ഹിതസാധനയെ) നോക്കിയിട്ടാണെങ്കിലും നീ സ്വന്തം കര്‍മം ചെയ്യുവാന്‍ കടപ്പെട്ടവനാകുന്നു, എന്ന് അരുളിച്ചെയ്യുന്നു.
''ലോകസംഗ്രഹമേവാപി സംപശ്യന്‍ കര്‍ത്തുമര്‍ഹസി'', ഇവിടെ അര്‍ജുനന്റെ കര്‍ത്തവ്യകര്‍മം ലോകഹിതം ചെയ്യുക- അധര്‍മത്തിന്റ പക്ഷത്തുള്ളവരെ വധിക്കുക- എന്നുള്ളതാണല്ലോ.
മുകളില്‍ വിശദമാക്കിയവയുടെ ചുരുക്കം ഇതാണ്- മഹാപ്രാജ്ഞനെന്നും മഹാധര്‍മ്മജ്ഞനെന്നും പൊതുവെ ധരിച്ചുപോരുന്ന ഭീഷ്മരുടെ ജീവിതത്തില്‍ ഗുരുതരമായ മൂന്ന് ധര്‍മ ച്യുതികള്‍ അഥവാ ധര്‍മ ലോപങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് കാണാവുന്നതാണ്. അവ അദ്ദേഹത്തിന്റെ അന്യഥാ ഉദാത്തമായ വ്യക്തിത്വമാകെ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. കേവലസത്യത്തിന്റെ പരിപാലനത്തില്‍ സ്ഥിര പ്രതിജ്ഞനായി വര്‍ത്തിച്ച അദ്ദേഹത്തിന്റ വീക്ഷണം സത്യത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്കൊന്നും കടന്നു ചെല്ലാതെ ബാഹ്യമായ അക്ഷരാര്‍ത്ഥത്തില്‍ മാത്രം ഉടക്കി നിന്നു.
പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി
( നാളെ : ഭീഷ്മരുടെ ധര്‍മലോപങ്ങള്‍)
No comments:
Post a Comment