Saturday, June 06, 2020

സ്തനാർബുദത്തെ പറ്റി ഡോക്ടറോട് ചോദിക്കാൻ 12 ചോദ്യങ്ങൾ

By Dr Jame Abraham, Cleveland Clinic, USA

സ്തനാർബുദമാണ് എന്ന് ആദ്യമായി കേൾക്കുമ്പോൾ വിഷമം തോന്നുന്നതും തല കറങ്ങുന്നതും സ്വാഭാവികം. രോഗാവസ്ഥയെ കുറിച്ചോ മുൻപോട്ടുള്ള ചികിത്സാരീതികളെ പറ്റിയോ ഡോക്ടറോട് ചോദിക്കാവുന്ന മാനസികാവസ്ഥയിൽ ആവില്ല നിങ്ങൾ; ആരും തന്നെ അങ്ങനെയല്ല.

താഴെ പറയുന്ന 12 ചോദ്യങ്ങൾ നിങ്ങളുടെ ഡോക്ടറോട് ചോദിക്കാവുന്നതാണ്. അതിന് ലഭിക്കുന്ന ഉത്തരങ്ങൾ ഈ രോഗത്തെയും അതിൻ്റെ ചികിത്സാരീതികളെയും കുറച്ചു കൂടി വ്യക്തമായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. ആദ്യ അവസരത്തിൽ തന്നെ എല്ലാ ഉത്തരങ്ങളും ലഭ്യമാകണം എന്നില്ല. എങ്കിലും ചോദിക്കാൻ മടിക്കേണ്ട. രോഗത്തെ പറ്റി വ്യക്തത വരുന്നത് ഉചിതമായ തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ എടുക്കാൻ നിങ്ങളെ സഹായിക്കും.

1. ഏതുതരം സ്തനാർബുദമാണ് എനിക്കുള്ളത്?

സ്തനാർബുദം പല തരമുണ്ട്. ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസം ഏതു ഭാഗത്ത് നിന്ന് രോഗം ആരംഭിക്കുന്നു എന്നതിലാണ്. പത്തു ശതമാനം രോഗികളിൽ ഈ രോഗം പാൽ ഉത്പാദനം നടക്കുന്ന ഗ്രന്ഥികളിൽ ആരംഭിക്കുന്നു (Lobular cancer). എൺപതു ശതമാനം പേരിലും പാൽ ഒഴുകുന്ന ചാലുകളിൽ ആണ് രോഗം ആരംഭിക്കുന്നത് (duct cancer). അവിടെ നിന്നും രോഗം മാറിടത്തിലെ കൊഴുപ്പിലേക്കും പിന്നീട് ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നു.

ചില രോഗങ്ങൾ ചാലുകളിൽ മാത്രം ഒതുങ്ങുന്നവയാണ്. ഇവയെ DCIS എന്ന് വിളിക്കുന്നു. സ്തനാർബുദത്തെ അപേക്ഷിച്ച് ഈ രോഗം അത്ര കുഴപ്പക്കാരനല്ല.

2. എത്ര വലുതാണ് എൻ്റെ മുഴ?

ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിൽ ഒരു മുഖ്യ ഘടകം മുഴയുടെ വലിപ്പം ആണ്. ഡോക്ടറുടെ പരിശോധനയിലോ അല്ലെങ്കിൽ മാമോഗ്രാം, അൾട്രാസൗണ്ട്, MRI പരിശോധനകളിൽ കൂടിയോ ആണ് ഇത് നിർണയിക്കുന്നത്. മുഴനീക്കം ചെയ്ത ശേഷം പതോളജി പരിശോധനയിൽ അന്തിമമായി മുഴയുടെ വലിപ്പം നിജപ്പെടുത്തുന്നു.

3. എൻ്റെ കാൻസർ കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിലേക്ക് പടർന്നിട്ടുണ്ടോ?

മാറിടത്തിൽ നിന്ന് കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിലേക്ക് ആണ് രോഗം ആദ്യം പടരുന്നത്. അങ്ങനെ ഉണ്ടെങ്കിൽ കീമോതെറാപ്പി വേണ്ടി വന്നേക്കാം.

4. ഏത് സ്‌റ്റേജിൽ ആണ് എൻ്റെ കാൻസർ?

സ്‌റ്റേജ് രോഗത്തിൻ്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. ഒന്നാം സ്‌റ്റേജ് മുതൽ നാലാം സ്‌റ്റേജ് വരെ നിങ്ങൾ കേട്ടിട്ടുണ്ടാവാം. ഉയർന്ന സ്‌റ്റേജ് എന്നത് വലിപ്പമുള്ള മുഴയെയോ മറ്റു ഭാഗങ്ങളിൽ പടർന്നതിനെയോ സൂചിപ്പിക്കുന്നു. നിങ്ങളുടെ രോഗത്തിൻ്റെ ചികിത്സ നിർണയിക്കുന്നതിനും രോഗാവസ്ഥയുടെ ഭാവി പ്രവചിക്കുന്നതിനും മറ്റു വിദഗ്ധ  ഡോക്ടർമാരുമായി നിങ്ങളുടെ രോഗം ചർച്ച ചെയ്യുന്നതിനും സ്‌റ്റേജ് കൃത്യമായി അറിയേണ്ടതുണ്ട്.

അന്തിമ സ്‌റ്റേജ് പലപ്പോഴും സർജറിക്ക് ശേഷം പതോളജി പരിശോധനയിൽ ആണ് കൃത്യതയോടെ നിർവചിക്കപ്പെടുന്നത്.

5. എന്താണ് എൻ്റെ ട്യൂമറിൻ്റെ ഗ്രേഡ് ?

ഓർക്കുക, ഗ്രേഡും സ്‌റ്റേജും ഒന്നല്ല. മൈക്രോസ്കോപ്പിൽ കൂടി കാൻസർ കോശങ്ങളെ പരിശോധിക്കുന്നതിനെ അടിസ്ഥാനമാക്കി ആണ് ഗ്രേഡ് നിശ്ചയിക്കുന്നത്. ഉയർന്ന ഗ്രേഡ് ട്യൂമറിൻ്റെ ആക്രമണോത്സുകതയെ സൂചിപ്പിക്കുന്നു. എന്നാൽ ശ്രദ്ധിക്കുക, ഒന്നാം സ്‌റ്റേജിലെ രോഗിക്ക് ഗ്രേഡ് 3 ട്യൂമർ വരാം.

6. എൻ്റെ ട്യൂമറിൽ നടത്തിയ ഹോർമോൺ പരിശോധനാ ഫലം എന്താണ്?

സ്ത്രീകളുടെ ഹോർമോണുകളായ ഈസ്ട്രജനും, പ്രൊജസ്ട്രോണിനും സ്തനാർബുദ കോശങ്ങളുടെ വളർച്ചയിൽ വലിയ പ്രാധാന്യം ഉണ്ട്. ചിലരുടെ കാൻസർ കോശങ്ങൾ ഈ ഹോർമോണുകളുടെ സഹായത്തോടെ വളരുന്നു. ഇവയെ ER/PR പോസിറ്റീവ് ട്യൂമർ എന്ന് വിളിക്കുന്നു. ചിലത് ഇവയുടെ സ്വാധീനമില്ലാതെ വളരുന്നു. അവയാണ് ER/PR നെഗറ്റീവ് ട്യൂമറുകൾ. പോസിറ്റീവ് എന്നു കേൾക്കുമ്പോൾ കുഴപ്പമാണ് എന്ന് തോന്നിയേക്കാം. സത്യത്തിൽ ഗുണമാണ് ഉള്ളത്. ഈസ്ട്രജൻ വിരുദ്ധ മരുന്നായ  ടാമോക്സിഫനും, ശരീരത്തിലെ ഈസ്ട്രജൻ അളവ് കുറയ്ക്കുന്ന മരുന്നുകളായ ലെട്രസോൾ, അനാസ്ട്രസോൾ തുടങ്ങിയവയും ഈ തരത്തിൽ ഉള്ള കാൻസറുകൾക്ക് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നു.

ER/PR നെഗറ്റീവ് ട്യൂമറുകൾക്ക് ഈ ചികിത്സ ഫലപ്രദമല്ല. കീമോതെറാപ്പി ആണ് അവർക്ക് ഏറ്റവും ഉചിതമായ ചികിത്സ.

ബയോപ്സി സാംപിളിലോ ഓപ്പറേഷൻ ചെയ്ത് എടുക്കുന്ന ട്യൂമറിലോ നടത്തുന്ന പരിശോധനയിലൂടെ ആണ് ER PR ടൈപ്പ് നിർണയിക്കുന്നത്.

7. എൻ്റെ ട്യൂമർ Her 2 പോസിറ്റീവ് ആണോ?

സ്തനാർബുദ കോശങ്ങളുടെ വളർച്ചക്കുള്ള ഒരു സിഗ്നൽ ആണ് Her 2. ഇരുപത്തി അഞ്ച് ശതമാനം രോഗികളുടെ കാൻസർ കോശങ്ങളിൽ  ഈ പ്രോട്ടീനിൻ്റെ സാന്നിധ്യം കാണപ്പെടുന്നു. ഇത് ഒരേ സമയം അനുകൂലവും പ്രതികൂലവുമായ വാർത്തയാണ്. ഈ രോഗം വളരെ ആക്രമണോത്സുകത കാണിക്കുന്നു എങ്കിലും ശുഭവാർത്ത എന്തെന്നാൽ, Her 2 ന് എതിരായുള്ള മരുന്നുകൾ വളരെ ഫലപ്രദമാണ് എന്നതാണ്.

ഒരു കാര്യം ഓർക്കുക, Her 2 പോസിറ്റീവ് സ്തനാർബുദത്തിന്, അര സെൻ്റിമീറ്ററിൽ താഴെയുള്ള മുഴകൾക്ക് ഒഴികെ, കീമോതെറാപ്പിയും ആവശ്യമായി വരും.

8. എനിക്ക് സർജറി വേണ്ടി വരുമോ? വേണമെങ്കിൽ ഏതുതരം സർജറി ആണ് വേണ്ടത്?

സ്തനാർബുദ രോഗമുള്ള മിക്കവർക്കും തന്നെ സർജറി വേണ്ടിവന്നേക്കാം. ആദ്യം സർജറി നടത്തണോ, കീമോ കൊടുത്ത ശേഷം ചെയ്യണോ, മാറിട സംരക്ഷണ ശസ്ത്രക്രിയ വേണോ, അതോ മാറിടം പൂർണമായും നീക്കം ചെയ്യണോ? ഇക്കാര്യങ്ങൾ മറ്റ് ഒരു പാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

മുഴയുടെ വലിപ്പം, മാറിടത്തിൽ പല ഭാഗങ്ങളിലായി ഒന്നിലധികം മുഴകളുടെ സാന്നിധ്യം, രോഗിയുടെ താത്പര്യം എന്നിങ്ങനെ ചില കാര്യങ്ങൾ പ്രധാനമാണ്. ഓങ്കോളജി സർജനുമായി ചേർന്ന് ചർച്ച ചെയ്യേണ്ടതാണ് ഇവയെല്ലാം. സർജറി സമയത്ത് തന്നെയോ പിന്നീടോ  റീ കൺസ്ട്രക്ഷൻ സർജറിയും നടത്താവുന്നതാണ്.

9. എനിക്ക് റേഡിയേഷൻ നടത്തേണ്ടി വരുമോ?

മാറിട സംരക്ഷണ ശസ്ത്രക്രിയ നടത്തുന്ന എല്ലാവർക്കും റേഡിയേഷൻ നിർബന്ധമാണ്. മാറിടം പൂർണമായി നീക്കം ചെയ്ത ചിലരിൽ (ഉദാ: ട്യൂമറിൻ്റെ വലിപ്പം 5 cm മുകളിൽ, കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിൽ കാൻസറിൻ്റെ സാന്നിധ്യം ഉള്ളവർ) റേഡിയേഷൻ വേണ്ടി വരുന്നു.

10. എനിക്ക് കീമോതെറാപ്പി വേണ്ടി വരുമോ?

രോഗത്തിൻ്റെ പുനരാഗമനത്തിന് ഉള്ള സാധ്യത കണക്കാക്കി ആണ് ഈ തീരുമാനം എടുക്കുന്നത്. ചില കാര്യങ്ങൾ പ്രധാനമാണ്. ഉദാ: കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിൽ രോഗം പടരുക, ER PR Her 2 നെഗറ്റീവ് ട്യൂമർ (ട്രിപ്പിൾ നെഗറ്റീവ്), Her 2 പോസിറ്റീവ് ട്യൂമർ, ചെറുപ്പക്കാരിലെ സ്തനാർബുദം (40 വയസ്സിൽ താഴെ) തുടങ്ങിയവ.

ER PR പോസിറ്റീവ് കാൻസർ ആണെങ്കിൽ, പ്രത്യേകിച്ച് കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളിലേക്ക് പടർന്നിട്ടില്ല എങ്കിൽ, ട്യൂമറിൽ ചില ജനിതക പരിശോധനകൾ (Oncotype DX, Mammaprint തുടങ്ങിയവ) നടത്തി കീമോതെറാപ്പി വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കാവുന്നതാണ്.

11. കീമോ തെറാപ്പി അല്ലാതെ മറ്റു മരുന്നുകൾ ആവശ്യമുണ്ടോ?

Her 2 പോസിറ്റീവ് സ്തനാർബുദ രോഗികൾ Her 2 ന് എതിരായുള്ള മരുന്ന് (ട്രാസ്ടുസുമാബ്) കൂടി എടുക്കണം. പൊതുവെ ഒരു വർഷത്തേക്ക് ആണ് ഈ ചികിത്സ. ഇത് കീമോതെറാപ്പി മരുന്നുകളുടെ ഗണത്തിൽ പെടുന്നതല്ല. അതിനാൽ തന്നെ പാർശ്വഫലങ്ങൾ നന്നേ കുറവാണ്.

12. മറ്റ് ഏതെങ്കിലും മരുന്നുകൾ നീണ്ട കാലത്തേക്ക് കഴിക്കേണ്ടി വരുമോ?

ER PR പോസിറ്റീവ് ട്യൂമർ ഉള്ളവർ ഈസ്ട്രജൻ വിരുദ്ധ മരുന്നുകൾ ദിവസേന ഒരു ഗുളിക വീതം ഡോക്ടറുടെ നിർദ്ദേശപ്രകാരം അഞ്ചു മുതൽ പത്തു വർഷങ്ങൾ വരെ കഴിക്കണം.

Dr Jame Abraham
Department Chair of Hematology/Medical Oncology
Cleveland Clinic USA

No comments: