1703 ല്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ രാമപുരത്താണ് രാമപുരത്തു വാര്യര്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛന്‍ രാമപുരത്ത് സമീപ കരയായ അമനകരയിലെ പുനത്തില്‍ ഇല്ലത്തെ പദ്മനാഭന്‍ നമ്പൂതിരിയും അമ്മ പാര്‍വ്വതി വാരസ്യാരും ആയിരുന്നു. ശങ്കരന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. അച്ഛനില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഇരിങ്ങാലക്കുടയില്‍ ചെന്ന് ഉണ്ണായിവാര്യരില്‍ നിന്നും സംസ്കൃതം പഠിച്ചു. അങ്ങനെ സംസ്കൃതത്തില്‍ അഗാധ പാണ്ഡിത്യം നേടി. അദ്ദേഹം രാമപുരത്ത് പള്ളിക്കൂടം കെട്ടി കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. സാഹിത്യത്തിലും സംഗീതത്തിലും അദ്ദേഹത്തിന് നല്ല വാസനയുണ്ടായിരുന്നു. കൂടാതെ അദ്ദേഹം ഒരു നല്ല ജ്യോതിഷ പണ്ഡിതന്‍ കൂടിയായിരുന്നു. മാല കെട്ടില്‍ അതീവ വൈദഗ്ദ്ധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
വടക്കുംകൂര്‍ രാജാക്കന്മാരുടെ ഒരു ശാഖ അക്കാലത്ത് വെള്ളിലാപ്പള്ളിയില്‍ താമസിച്ചിരുന്നു. ആ ശാഖയില്‍ പെട്ട രവിവര്‍മ്മ രാജാവിന്‍റെ ആശ്രിതനായിരുന്നു വാര്യര്‍. മഹാ ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞുവന്നത്. ദാരിദ്യം സഹിക്കവയ്യാതെ വൈക്കം ക്ഷേത്രത്തില്‍ വൈക്കത്തപ്പനെ ഭജിക്കാനായി ചെന്നു. 'ഈ ദാരിദ്ര്യദുഃഖം വൈക്കത്തപ്പന്‍ തന്നെ തീര്‍ത്തു തരണം ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന ! അദ്ദേഹം ''വൈക്കത്ത് ഊട്ടുപുരയില്‍ സദ്യയുള്ള ദിവസം മാത്രം ഒരു നേരം ഊണു കഴിക്കാം,അല്ലെങ്കില്‍ അന്ന് ഉണ്ണുകയും വേണ്ട '' എന്നുള്ള നിശ്ചയത്തോടു കൂടി ഒരു സംവത്സരം ഭജനം തുടങ്ങി. അദ്ദേഹം ഭജനം തുടങ്ങിയതില്‍ പിന്നെ വൈക്കം ക്ഷേത്രത്തില്‍ ഒരു ദിവസം പോലും മുടങ്ങാതെ സദ്യയുണ്ടായിരുന്നു
അദ്ദേഹത്തിന്‍റെ ഭജനം കാലം കൂടുന്ന ദിവസം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വൈക്കത്തിന് എഴുന്നള്ളി. വാര്യര്‍ രാജാവിനെ സ്തുതിച്ച് നാലഞ്ചു ശ്ലോകങ്ങളുണ്ടാക്കി രാമയ്യന്‍ ദളവ മുഖാന്തിരം രാജാവിന്‍റെ കൈകളിലെത്തിച്ചു. രാജാവ് തിരികെ പള്ളിയോടത്തില്‍ പുറപ്പെടുന്ന സമയം വാര്യരും അവിടെ ഹാജരുണ്ടായിരുന്നു. വാര്യരോടും പള്ളിയോടത്തില്‍ കയറാന്‍ രാജാവ് കല്പിച്ചു. പള്ളിയോടത്തില്‍ വച്ച് ഒരു വഞ്ചിപ്പാട്ടുണ്ടാക്കാന്‍ രാജാവ് കല്പിക്കുകയും ആ കല്പനപ്രകാരം കുചേലവൃത്തം വഞ്ചിപ്പാട്ട് രചിക്കുകയും ചെയ്തു. പള്ളിയോടം തിരുവനന്തപുരം കല്പാലക്കടവിലടുത്തപ്പോഴേക്കും പാട്ടു പൂര്‍ത്തിയായി. അതില്‍ ''എങ്കലുള്ള പരമാര്‍ത്ഥം പാട്ടു കൊണ്ടുണ്ടാം'' എന്നു പ്രയോഗിച്ചിരുന്നത് താന്‍ കുചേലനേപ്പോലെ ദരിദ്രനാണെന്ന് സൂചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.
തിരുവനന്തപുരത്ത് കുറേക്കാലം രാജാവ് അദ്ദേഹത്തെ താമസിപ്പിച്ചു. ആ സമയത്ത് രാജകല്പനപ്രകാരം 'ഗീതഗോവിന്ദം' പരിഭാഷ ചെയ്തു. അങ്ങനെ വാര്യര്‍ കുറച്ചു ദിവസം അവിടെ താമസിച്ചു. ഒടുക്കം രാജാവിനെ മുഖം കാണിച്ച് യാത്രയറിയിച്ചു പോയ സമയം രാജാവ് യാതൊന്നും വാര്യര്‍ക്ക് കല്പിച്ചു കൊടുത്തില്ല. കുചേലന് ദ്വാരകയില്‍ നിന്നും മടങ്ങിയപ്പോഴുണ്ടായ വിഷാദം പോലെ ഏറ്റവും വിഷാദത്തോടുകൂടി മടങ്ങിപ്പോന്ന വാര്യര്‍ക്ക് സ്വന്തം ഗൃഹത്തിനടുത്തു ചെന്നപ്പോള്‍ സാക്ഷാല്‍ കുചേലനുണ്ടായതുപോലെ അമ്പരപ്പുണ്ടായി ! കാരണം വാര്യര്‍ തിരുവനന്തപുരത്തു താമസിച്ചിരുന്ന സമയം കൊണ്ടു രാജാവ് വാര്യരുടെ ഭവനം വലിയ മാളികയായിട്ടു പണിയിക്കുകയും അവിടെ വേണ്ടുന്ന സകല പാത്രങ്ങളും, അവിടെയുള്ളവര്‍ക്കെല്ലാം ആഭരണങ്ങളും, കരമൊഴിവാക്കി ധാരാളം വസ്തു വകകളും കൊടുക്കുകയും ചെയ്തിരുന്നു. അനന്തരം വാര്യര്‍ അര്‍ത്ഥമിത്രപുത്രകളത്രാദികളോടും ഈശ്വരനിലും മഹാരാജാവിലും വളരെ ഭക്തിയോടു കൂടി സുഖമായി ജീവിക്കുകയും ചെയ്തു. കുചേലനായ വാര്യർ വൈക്കത്തപ്പനെആശ്രയിച്ചപ്പേൾ കുമ്പേരനാക്കി തീർത്തു ഭഗവൻ
കുചേലനെ പ ണ്ട് കൃഷ്ണൻ കുബേരനാക്കിയ പോലെ
കടപ്പാട് :ഐതിഹ്യമാല
No comments:
Post a Comment