Monday, June 29, 2020


തുടക്കത്തില്‍ താമസിക ഭക്തിയുള്ളവരും ക്രമേണ വളര്‍ച്ചയെ പ്രാപിച്ച് രാജസിക ഭക്തിയും സാത്വിക ഭക്തിയുമെല്ലാം നേടും. പിന്നീട് ജീവാത്മാ പരമാത്മാ ഭേദമില്ലാതെ അദ്വൈതഭാവം കൈവരിക്കുന്നു.  അഥ മാം സര്‍വഭൂതേഷു ഭൂതാത്മാനാം കൃതാലയം അര്‍ഹയേദ്ദാനമാനാദ്യാം മൈത്ര്യാഭിന്നേന ചക്ഷുഷാ സര്‍വഭൂതങ്ങളിലും അധിവസിക്കുന്നത് ഒരേ ചൈതന്യസ്വരൂപന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നതോടെ എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. ഭഗവാന് കാഴ്ചവയ്ക്കുന്നതു പോലെ തന്റെ കൈവശമുള്ളവയെ സഹജീവികള്‍ക്കായി ദാനം ചെയ്യും. പരസ്പര സ്‌നേഹത്തില്‍ അധിഷ്ഠിതമാണ് പ്രപഞ്ചത്തിന്റെ നിലനില്‍പെന്ന് ബോധ്യപ്പെട്ട് ജീവിക്കാനുള്ള പ്രേരണ ഉണരും.  സര്‍വധര്‍മ സമഭാവന ഏകാത്മാമാനവികത ഇത്യാദി ചിന്തകളെല്ലാം ഇതില്‍ പ്രകടമാണ്. ഇത്തരത്തില്‍ ഭഗവാനുമായി ഏകീകരിച്ച ഭക്തന്  തന്നില്‍ നിന്നും ഭിന്നമായി മറ്റൊന്നില്ല. എല്ലാം തന്റെ തന്നെ ഭാഗവും ഭാവവും. താനും ഭഗവാനും അന്യമല്ല. അതു കൊണ്ടു തന്നെ ഒരാളോട് പ്രത്യേകം പ്രിയമോ പ്രത്യേകം ദേഷ്യമോ ഇല്ല. ഈ വ്യക്തി കാലാതീതനാണ്. കാലം ഇവന്‍ തന്നെയാണ്. അതിനാല്‍ ഈ ഭക്തന് ജനനമോ മരണമോ ഇല്ല. ഒരു മരണത്തിനും ഇവനെ പിടികൂടാനാവില്ല.  ശസ്ത്രങ്ങള്‍ കൊണ്ട് മുറിക്കാനാവില്ല. അഗ്നിയാല്‍ ദഹിപ്പിക്കാനാവില്ല. കാരണം ഇവര്‍ പരമാത്മാവു തന്നെയാണ്. കാലസ്വരൂപന്‍ തന്നെയാണ്. വായു ചലിക്കുന്നത് ഈ ആത്മാവിനു വേണ്ടിയാണ്. സൂര്യന്റെ താപം ഇവനുവേണ്ടിത്തന്നെ. മേഘങ്ങള്‍ വര്‍ഷിക്കുന്നതും താരകങ്ങള്‍ പ്രകാശിക്കുന്നതും എല്ലാം ഈ പരമാത്മാവിനു വേണ്ടിയാണ്. വൃക്ഷലതാദികള്‍ പൂക്കുന്നതും കായ്ക്കുന്നതും  ഇലപൊഴിയുന്നതുമെല്ലാം ഇതേ ചൈതന്യത്തിനു വേണ്ടിയാണ്. പ്രപഞ്ചം നിലനില്‍ക്കുന്നതും പരസ്പരം ആകര്‍ഷിച്ചു നിര്‍ത്തിയിരിക്കുന്നതുമെല്ലാം ഇവനു വേണ്ടിയാണ്. 'സോനന്തോന്തകര: കാലോനാദിരാദികൃദവ്യയ:  ജനം ജനേന ജനയന്‍ മാരയന്‍ മൃത്യുനാന്തകം' ആത്മാവ് അന്ത്യമില്ലാത്തവനും അന്ത്യം വരുത്തുന്നവനും ആദിയില്ലാത്തവനും ആദ്യനും ആദ്യമുണ്ടാക്കുന്നവനുമാണ്. ജനത്തിനാല്‍ ജനത്തെ ജനിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും എല്ലാം ആത്മാവു തന്നെയാണ്. മരണമുണ്ടാക്കുന്ന അന്തകനും  കാലസ്വരൂപനായ ഈ ആത്മാവു തന്നെ. എന്നിട്ടും ജനം ഈ കാലസ്വരൂപനെ തിരിച്ചറിയുന്നില്ല.  മനുഷ്യന്‍ സുഖഹേതുവായിക്കരുതി സമ്പാദിക്കുന്ന ഏതു വസ്തുവിനേയും നശിപ്പിക്കുന്നതും കാലസ്വരൂപനായ ഈ ഭഗവാന്‍ തന്നെ. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് മനുഷ്യന്‍ വിലപിക്കുമ്പോള്‍ തന്റെ ഈ അവസ്ഥയ്ക്കുള്ള യഥാര്‍ഥകാരണം അവ്യക്തമായിത്തന്നെ നില്‍ക്കും. എന്നിട്ടും ഈ മനുഷ്യന്‍ ദേഹാഭിമാനിയും അഹങ്കാരാദികളാല്‍ പ്രേരിതനായും തന്നെ ജീവിക്കുന്നു.

No comments: