മനോജ് മനയിൽ എഴുതുന്നു:
*തൃപ്പൂണിത്തുറ സ്റ്റാച്യുവിലെ
“സ്റ്റാച്യു” ആരാണ്?*
------------------------
ജീവിതത്തിന്റെ പ്രാരബ്ധവഴികൾ പിന്നിടാനുള്ള വ്യഗ്രതയിൽ സ്റ്റാച്യു ജംഗ്ഷനിൽ ഒന്ന് ‘കറങ്ങാതെ’ ആരാണ് മുന്നോട്ടു പോയിട്ടുള്ളത്! അപ്പോഴൊക്കെ, വരുന്നവരേയും പോകുന്നവരേയും സാകൂതം വീക്ഷിച്ചുകൊണ്ട് ഒരു പ്രതിമാശിൽപ്പം ഇമവെട്ടാതെ നിൽക്കുന്നുണ്ട്. ലായം കൂത്തമ്പലത്തിലെ രാഷ്ട്രീയ വിഴുപ്പലക്കുകളുടെ ഉച്ചഭാഷിണി ശബ്ദവും, കലയും കവിതയും ഒരുപോലെ ശ്രവിച്ച് ആരോടും പരിഭവവും പരാതിയുമില്ലാതെ ഒരു പ്രതിമ!
മഴയും കാറ്റുമേറ്റ് ചരിത്രത്തിന്റെ അനിവാര്യമായ വിധിയോട് മല്ലിട്ട് ആ പൂർണകായ പുരുഷപ്രതിമ ആരാണെന്നറിയാനുള്ള കൗതുകം വല്ലപ്പോഴും നമ്മുടെ മനസ്സിൽ മിന്നലൊളികണക്കെ കടന്നുപോയിട്ടുണ്ടാവണം. കൊച്ചി രാജവംശത്തിലെ സിംഹാസനാരൂഢനായ എതോ ഒരു രാജാവെന്ന് എളുപ്പം നാം ഒരു ഉത്തരം കണ്ടെത്തിയെന്നുമിരിക്കാം.
ഒരു പ്രതിമയുടെ കഥ
---------------------------
തിരുവിതാംകൂറിൽ രാജാക്കന്മാരെ തിരിച്ചറിയുന്നത്, അവർ ജനിച്ച നക്ഷത്രത്തിലാണ്. ചോതി നക്ഷത്രത്തിൽ ജനിച്ചതിനാലാണ് ‘സ്വാതി’തിരുനാളായത്(ചോതിയുടെ സംസ്കൃതരൂപമാണ് സ്വാതി). ചിത്തിര നക്ഷത്രത്തിൽ ജനിച്ചതുകൊണ്ടാണ് ‘ചിത്തിര’ തിരുനാൾ ആയത്. കൊച്ചി രാജവംശത്തിൽ ആ പതിവ് ഉണ്ടായിരുന്നില്ല. പകരം ‘തീപ്പെട്ട’ അഥവാ ഇഹലോകവാസം വെടിഞ്ഞ സ്ഥലമോ, നാളോ നോക്കിയാണ് രാജാക്കന്മാരെ തിരിച്ചറിഞ്ഞിരുന്നത്. ഉദാഹരണമായി, മദിരാശിയിൽ തീപ്പെട്ട തമ്പുരാൻ, കാശിയിൽ തീപ്പെട്ട തമ്പുരാൻ, മിഥുനത്തിൽ തീപ്പെട്ട തമ്പുരാൻ, ചിങ്ങത്തിൽ തീപ്പെട്ട തമ്പുരാൻ എന്നിങ്ങനെയാണ് അഭിജ്ഞാനം.
തൃപ്പൂണിത്തുറ പട്ടണത്തിന്റെ നടുക്ക് പ്രതിമാരൂപത്തിൽ നിൽക്കുന്നത് ‘ചൊവ്വരയിൽ തീപ്പെട്ട തമ്പുരാനാ’ണ്. 1932 മുതൽ 1941 വരെ കൊച്ചി രാജ്യം ഭരിച്ച രാമവർമ എന്ന ഭരണാധികാരി.
ചൊവ്വരയിൽ തീപ്പെട്ട തമ്പുരാൻ കൊച്ചി രാജവംശത്തിലെ മറ്റ് തമ്പുരാക്കന്മാരെ അപേക്ഷിച്ച് കൊടികെട്ടിയ പണ്ഡിതനോ, അസാമാന്യ ഭരണകർത്താവോ ആയിരുന്നില്ല. വിവേകം, കാരുണ്യം, പരഹൃദയജ്ഞാനം, രസികത്വം എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ വലിയ കൈമുതൽ.
ആനക്കമ്പക്കാരനായ തമ്പുരാൻ!
----------------------------------------
രാമവർമ തമ്പുരാന്റെ ആനക്കമ്പം പ്രസിദ്ധമായിരുന്നു. ഒപ്പം മേളവും. പൂർണത്രയീശന് ഉത്സവം തുടങ്ങിയാൽ തമ്പുരാൻ ക്ഷേത്രത്തിലെ ‘തട്ടുമാളിക’ പതിച്ചു വാങ്ങുമായിരുന്നു. ചെണ്ടമേളം കേട്ട്, ആനകളുടെ ചന്തം നോക്കി തമ്പുരാൻ ജന്മം സഫലമാക്കും. തമ്പുരാൻ ഒരിക്കൽ തൃശ്ശൂരിലെ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചു. കുറ്റവാളികൾ തമ്പുരാനെ വണങ്ങാൻ നിരയായി നിന്നു. അതിൽ ഒരാളെ കണ്ട് തമ്പുരാൻ ചോദിച്ചു:
“ഹായ്! എന്താ രാമാ നീയിവിടെ? എവ്ടെ നിന്റെ ആന?”
ആനപ്പാപ്പാനായിരുന്നു ഈ രാമൻ! തമ്പുരാന് ആനകളോടൊപ്പം ആനപ്പാപ്പാന്മാരേയും അതിന്റെ ഉടമസ്ഥരേയും നന്നായറിയാമായിരുന്നു.
ആനയില്ലാതെ ആനപ്പാപ്പാനായ രാമനെ കണ്ട് തമ്പുരാന് കലശലായ അസഹ്യതയുണ്ടായി.
ജയിലധികാരികൾ രാമൻ ചെയ്ത കുറ്റം വിവരിച്ചു കൊടുത്തു.
അധികാരികളുടെ വാക്കുകളൊന്നും തമ്പുരാന് ഉൾക്കൊള്ളാൻ പറ്റിയില്ല. അദ്ദേഹം പറഞ്ഞു:
“ആനയില്ലാതെ ഒരു ആനക്കാരൻ കഴിയുകയോ? ആലോചിക്കാനേ പറ്റുന്നില്ല. ഒന്നുകിൽ രാമന്റെ ആനയെ ഈ ജയിലിൽ കൊണ്ടുവന്ന് തളയ്ക്കുക. അല്ലെങ്കിൽ രാമനെ വിട്ടയയ്ക്കുക.”
തമ്പുരാന്റെ വാക്കുകേട്ട് ജയിലധികാരികൾ മൂക്കത്ത് വിരൽവെച്ചു!
ഇങ്ങനേയും ഒരു രാജവോ എന്ന് അവർ ചിന്തിച്ചു കാണണം. ആനയെ ജയിലിൽ കൊണ്ടുവരുന്നത് നടക്കാത്ത കാര്യമായതിനാൽ, നടക്കുന്ന ഒരു കാര്യം ജയിലധികൃതർ ചെയ്തു; രാമനെ ജയിൽ മോചിതനാക്കി!!
ഒരു ഒപ്പിന്റെ കഥ
-----------------------
ശുദ്ധാത്മാവായിരുന്നു ചൊവ്വരയിൽ തീപ്പെട്ട തമ്പുരാൻ. തൂക്കിക്കൊലയ്ക്ക് ഒരാൾ വിധിക്കപ്പെട്ടാൽ രാജാവിന്റെ അനുമതി വാങ്ങിയേ കുറ്റവാളിയെ കൊല്ലാൻ പാടുള്ളൂ എന്നാണ് നിയമം. ഒരിക്കൽ ജയിലിൽ നിന്ന് വന്ന എഴുത്തുകളോടൊപ്പം, ഒരാളുടെ തൂക്കിക്കൊലയ്ക്ക് അനുമതി ചോദിച്ചുകൊണ്ടുള്ള എഴുത്തുമുണ്ടായിരുന്നു. മറ്റുള്ള എഴുത്തുകളിൽ ഒപ്പുവെച്ച തമ്പുരാൻ, തൂക്കിക്കൊല മാറ്റി വെച്ചു. ഇതിനേച്ചൊല്ലി ജയിലിൽ നിന്ന് നിരന്തരം അറിയിപ്പുകൾ കോവിലകത്തേക്ക് വന്നു. അതൊന്നും തമ്പുരാൻ കണ്ടഭാവം നടിച്ചില്ല. പിന്നീട് തൂക്കിക്കൊലയെ സംബന്ധിച്ചുള്ള എഴുത്തുകളൊന്നും വരാതായി. ഇക്കാര്യം മനസ്സിലാക്കിയ തമ്പുരാൻ അധികാരികളോട് വിവരം തിരക്കി. അപ്പോഴാണു അധികാരികൾ ആ വിവരം പറഞ്ഞത്:
“അവനെ തൂക്കിലേറ്റേണ്ടി വന്നില്ല തമ്പുരാനെ! ഒരു ദിവസം അവൻ ജയിലിൽക്കിടന്നുതന്നെ സ്വാഭാവിക മരണം പൂകി.”
ഇതുകേട്ട് ആ ശുദ്ധമനസ്കന് ആശ്വാസമായി. താനായിട്ട് ആരേയും കൊല്ലിക്കാൻ ഉത്തരവിട്ടില്ലല്ലോ! ഭാഗ്യം. പൂർണത്രയീശൻ തുണച്ചു!! ഏതൊരു പ്രമാണത്തിൽ ഒപ്പിടുന്നതിനു മുൻപും രാജാവ് പൂർണത്രയീശനെ പ്രാർത്ഥിച്ചല്ലാതെ ചെയ്യുമായിരുന്നില്ല.
ദിവാൻ ഷണ്മുഖം ചെട്ടി
-----------------------------
ചൊവ്വരയിൽ തീപ്പെട്ട തമ്പുരാന്റെ കാലത്ത് കൊച്ചിയിലെ ദിവാനായിരുന്നത് ആർ.കെ. ഷണ്മുഖം ചെട്ടിയായിരുന്നു. തമിഴ്നാട്, കോയമ്പത്തൂർ സ്വദേശി. ഇദ്ദേഹത്തിന്റെ ഭരണസാമർത്ഥ്യം രാമവർമ രാജാവിന് വലിയ സഹായമായി. തമ്പുരാൻ രാജ്യം ഭരിച്ച ഒൻപതു വർഷം കൊച്ചിയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നില്ല. അത് ഷണ്മുഖം ചെട്ടിയുടെ മിടുക്കായിരുന്നു. കൊച്ചി തുറമുഖത്തിന്റെ സർവതോമുഖമായ വികസനത്തിനുവേണ്ടി അഹോരാത്രം യത്നിച്ച യശോധനരിൽ ഒരാളാണ് ഷണ്മുഖം ചെട്ടി. അദ്ദേഹമാണ് കൊച്ചിയെ ‘അറബിക്കടലിന്റെ റാണി’ എന്നു വിശേഷിപ്പിച്ചത്. കൊച്ചി തുറമുഖത്തിന്റെ യശസ്സിന് കാരണക്കാരനായ സർ റോബർട്ട് ബ്രിസ്റ്റോ എഴുതിയ ‘കൊച്ചിൻ സാഗ’(1967)എന്ന ഗ്രന്ഥത്തിൽ ഷണ്മുഖം ചെട്ടിയുടെ സേവനങ്ങൾ വിലയിരുത്തുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രിയായിരുന്നു ആർ.കെ. ഷണ്മുഖം ചെട്ടി എന്ന പഴയ കൊച്ചി ദിവാൻ. ഈ ദിവാന്റെ സ്മരണ നിലനിർത്താൻ എറണാകുളത്ത് ഒരു റോഡുണ്ട്; അതാണ് ‘ഷണ്മുഖം റോഡ്’!
പ്രതിമാസ്ഥാപനം
----------------------
രാമവർമരാജാവിന് 1935-36 കാലത്ത് ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് ലോ ബിരുദം ലഭിച്ചു. അതിനുശേഷമാണ് പ്രതിമ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ചത്. ഇദ്ദേഹം ധരിക്കുന്ന വസ്ത്രം, ബിരുദ വേളകളിൽ ധരിക്കുന്ന അക്കാദമിക വസ്ത്രമാണ്. നാം കാണുന്ന മിക്ക ഫോട്ടോകളിലും അതുതന്നെയാണ്. പ്രതിമയിലും അതേ. വലതുകൈ താഴ്ത്തിയും ഇടതു കൈയിൽ തന്റെ ഡോക്ടർ ഓഫ് ബിരുദ സർട്ടിഫിക്കറ്റ് ചുരുട്ടിപ്പിടിച്ചുമാണ് തമ്പുരാന്റെ നില്പ്പ്. പ്രതിമ നിർമിച്ചത് മദ്രാസിൽ നിന്നാണ്. ശില്പിക്കുവേണ്ടി പ്രതിമയായി പോസ് ചെയ്യാൻ ഒരാളെ വേണം എന്ന് അറിയിപ്പ് വന്നു. ശില്പ്പിയുടെ മുന്നിൽ പ്രതിമയ്ക്ക് മോഡലായി നിന്നത്, തമ്പുരാന്റെ നേർ അനന്തരവൻ രവിവർമ കൊച്ചുണ്ണി തമ്പുരാനായിരുന്നു. രാജാവിന്റെ ഫോട്ടോ നോക്കി മുഖം സൃഷ്ടിക്കുകയും ചെയ്തു.
പ്രതിമ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ചതിനുശേഷം കൊച്ചുണ്ണി തമ്പുരാൻ തമാശയ്ക്ക് പറയുമായിരുന്നത്രെ, ‘മുഖം മാത്രമേ അമ്മാവന്റേതായുള്ളു. പ്രതിമ എന്റെയാണ്’എന്ന്! നിർമാണത്തിനുശേഷം ഇന്നുകാണുന്ന സ്ഥലത്ത് പ്രതിമ അനാച്ഛാദനം ചെയ്തത്, അന്നത്തെ വൈസ്രോയി കൗൺസിൽ അംഗമായ നളിനി രഞ്ജൻ സർക്കാർ ആയിരുന്നു.
ചൊവ്വരയും തമ്പുരാനും
-------------------------------
ചൊവ്വരയിൽ തീപ്പെട്ട തമ്പുരാൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ തന്നെ ആയിരുന്നു തമ്പുരാന് ചൊവ്വരയോടുള്ള പ്രേമവും. അവിടെയുള്ള വേനല്ക്കാല വസതിയിൽ വിശ്രമിക്കാനെത്തുന്നത്, തമ്പുരാന് കേവലം വിനോദമായിരുന്നില്ല. വായിക്കാനും ചരിത്രരേഖകൾ പഠിക്കാനുമായിരുന്നു. ചരിത്രത്തിനോടുള്ള മമതാബന്ധവും ഉപാദാനങ്ങളുടെ സഹായത്തോടെ അവയൊക്കെ രേഖപ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഈയൊരു ഇഷ്ടത്തോടു കൂടിയാണ് തമ്പുരാൻ യാത്രകൾ ചെയ്തിരുന്നത്. ശക്തൻ തമ്പുരാനെ അതിരറ്റ് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത തമ്പുരാൻ വിലപ്പെട്ട ചില കാര്യങ്ങൾ ചെയ്യുകയും ചെയ്തു. ചൊവ്വരയിലെ വസതിയിലിരുന്ന് അദ്ദേഹം ശക്തൻ തമ്പുരാനെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങൾ രേഖപ്പെടുത്തുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. അതിന് ആവശ്യമായ ഡോക്യുമെന്റുകളും സംഘടിപ്പിച്ചു. ഈ കുറിപ്പുകളും രേഖകളും അന്ന്, കൊട്ടാരം കാര്യക്കാരൻ(സമ്പ്രതി) ആയിരുന്ന പുത്തേഴത്ത് രാമമേനോനെ ഏല്പ്പിക്കുകയും അതുവെച്ച് പുസ്തകം എഴുതാൻ ഉപദേശിക്കുകയും ചെയ്തു. അതുപ്രകാരമാണ് പുത്തേഴത്ത് രാമമേനോൻ ‘ശക്തൻതമ്പുരാൻ’ എന്ന ഗ്രന്ഥം രചിക്കുന്നത്.
ഗ്രന്ഥാരംഭത്തിൽ തമ്പുരാന്റെ ആശംസ ചേർത്തിട്ടുണ്ട്. അതിങ്ങനെയാണ്: “ശക്തൻ വലിയ തമ്പുരാന്റെ ഒരു ജീവചരിത്രം എഴുതി കാണുവാൻ നാം വളരെ കാലമായി ആഗ്രഹിക്കുന്നു. നാം തന്നെ അവിടെത്തെക്കുറിച്ചുള്ള പല കഥകളും ശേഖരിച്ച് എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ അഭിലാഷമറിഞ്ഞും നമ്മുടെ കയ്യെഴുത്തു പുസ്തകങ്ങളും ഹജൂർ റിക്കാട്ടുകളും മറ്റും നോക്കിയും രാമൻ ഇപ്പോൾ ‘ശ്രീ ശക്തൻ തമ്പുരാൻ’എന്ന ഒരു വലിയ പുസ്തകം തയ്യാറാക്കിയിട്ടുള്ളതിനാൽ നാം വളരെ സന്തോഷിക്കുന്നു. പ്രസ്തുത പുസ്തകം നമുക്കു സമർപ്പിക്കണമെന്ന രാമന്റെ അപേക്ഷയെ നാം അനുവദിച്ചിരിക്കുന്നു. രാമന്റെ പ്രയത്നത്തിന് നാം സകല വിജയങ്ങളും ആശംസിക്കുന്നു.
എന്ന്
1116 മീനമാസം 15ന്
ചൊവ്വര കോവിലകത്തു നിന്നും രാമവർമൻ.
ചൊവ്വരയിൽ തീപ്പെടുന്നു
-------------------------------
എളമന കുടുംബത്തിലെ കുഞ്ചി അമ്മയെ ആയിരുന്നു തമ്പുരാൻ വിവാഹം ചെയ്തത്. ആ ദാമ്പത്യവല്ലരിയിൽ പക്ഷേ, പൂക്കൾ വിരിഞ്ഞില്ല. 1932-1941 വരെ പൂർണത്രയീശനെ സാക്ഷിനിർത്തി ഒൻപതു വർഷം രാജ്യം ഭരിച്ച തമ്പുരാൻ ചൊവ്വര കോവിലകത്ത് വെച്ച് 1117(1941 ഏപ്രിൽ 13) മീനം മുപ്പതാം തീയതി തീപ്പെട്ടു!! ചൊവ്വര പുതിയേടം തെക്കെ കോവിലകത്തിന്റെ അങ്കണത്തിലാണ് തമ്പുരാന് ചിതയൊരുക്കിയത്. സംശുദ്ധനായ തമ്പുരാന്റെ അന്ത്യയാത്രയൊരുക്കിയ ചൊവ്വരയിലെ പ്രജകൾ, തങ്ങളുടെ രാജാവിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചു. അവർ വഴിയിലുടനീളം ചെരാതുകൾ തെളിയിച്ചുവെച്ചിരുന്നു.
കാലത്തിന്റെ വെള്ളപ്പൊക്കത്തിൽ രാജാക്കന്മാർ വന്നും പോയുമിരുന്നു. ഒടുവിൽ രാജ്യം സ്വതന്ത്രമായപ്പോൾ നാട്ടു രാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയനം പ്രാപിച്ചു. ഭൂതകാലത്തിന്റെ ചരിത്ര സ്മാരകങ്ങളായി ഇന്നും നിറംകെടാത്ത ഓർമകൾ മാത്രം!
തന്റെ ബിരുദ സർട്ടിഫിക്കറ്റ് നെഞ്ചോടടുക്കിപ്പിടിച്ച് ചൊവ്വരയിൽ തീപ്പെട്ട തമ്പുരാൻ പൂർണത്രയീശന്റെ നടയിലേക്ക് നിർന്നിമേഷം നോക്കിനിൽക്കുന്നത് നാം സ്റ്റാച്യു ജംഗ്ഷനിൽ കാണുന്നു. സംശയിക്കേണ്ട, പൂർണത്രയീശനോടുള്ള കേവലം ദുർബലമായ ചില പ്രാർത്ഥനകളായിരിക്കില്ല ആ നോട്ടത്തിൽ; മറിച്ച് അമ്പലപ്പറമ്പിലെ ഗജവീര മസ്തകത്തിലേക്കും ആന നടകളിലേക്കും ആയിരിക്കും. ചെവി വട്ടം പിടിക്കുന്നത്, പാണ്ടിയ്ക്കും പഞ്ചാരിയ്ക്കുമായിരിക്കും!!
© മനോജ് മനയിൽ

No comments:
Post a Comment