തിരുവാതിര ഞാറ്റുവേല: (കടപ്പാട്.)
സൂര്യൻ തിരുവാതിര നക്ഷത്ര കൂട്ടത്തിനു നേരെ കാണുന്ന സമയം ആണ് തിരുവാതിര ഞാറ്റുവേല. സൂര്യൻ ഏതു നക്ഷത്രക്കൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാറ്റുവേലകൾക്കു പേരിട്ടിരിക്കുന്നത് എന്ന് മനസിലാക്കുക.
Astrological പഞ്ചാംഗം നോക്കിയാണു തിരുവാതിര ഉൾപ്പെടെയുള്ള ഞാറ്റുവേലകള് ഇന്ന് നമ്മൾ അറിയുക... സാധാരണ ജൂൺ അവസാനം, ജൂലൈ ആദ്യം ആയാണ് തിരുവാതിര ഞാറ്റുവേല.
തിരുവാതിര ഞാറ്റുവേല മാത്രം ആണ് നമ്മൾ കാര്യമായി ശ്രദ്ധിക്കുന്നത് കാര്യം അത് കൃഷിയുമായി ബന്ധപെട്ടു കിടക്കുന്നത് കൊണ്ട്
മേടം തുടങ്ങി മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകൾ ഉണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്…
ജൂൺ 21 മുതൽ ജൂലൈ 6 വരെയാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല..... തിരുവാതിര ഞാറ്റുവേലയിൽ വിരലൊടിച്ചു കുത്തിയാൽപ്പോലും മുളയ്ക്കുമെന്നാണ് പഴമൊഴി.തിരി മുറിയാത്ത മഴയും തീക്കട്ടപ്പോലുള്ള വെയിലും മാറി മാറി വരുന്ന ഈ വേളയിൽ മണ്ണിലും വെള്ളത്തിലും ജീവന്റെ തുടിപ്പുകൾ ഏറുമെന്നാണ് പറയുന്നത്.തിരുവാതിരയിൽ നൂറ് മഴയും വെയിലും എന്നാണ് ച്ചൊല്ല്.ഞാറ്റുവേലയെ അടിസ്ഥാനമാക്കിയിട്ടുള്ളതായിരുന്നു പണ്ട് കൃഷിരീതികൾ. മുറിച്ച് നടേണ്ട ചെടികൾക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളി ചെടികളും നടേണ്ടതും ഇക്കാലത്താണ്. എല്ലാ സസ്യങ്ങൾക്കും പൊതുവെ ഗുണകരമായ ഈ ഞാറ്റുവേല കുരുമുളക് നട്ട് വളർത്താനാണ് ഏറ്റവും പറ്റിയത്.ഈ ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയിൽ വളക്കൂർ കൂടുതൽ ഉണ്ടെന്നാണ് കർഷകരുടെ വിശ്വാസം. ഈ ഞാറ്റ് വേലയിൽ മതിമറന്ന് പെയ്യുന്ന കാലാവസ്ഥാ തിരുവാതിര ഞാറ്റുവേലയിൽ തെല്ലൊന്ന് ശമിക്കും. ഇടവിട്ട് ഇടവിട്ട് ചന്നം പിന്നം പെയ്യുന്ന മഴയും ഇടയ്ക്ക് തെളിയുന്ന വെയിലുമാണ് ഈ കാലാവസ്ഥയുടെ സവിശേഷത.ഏത് നടുതലകളും വേരുപിടിച്ച് പടർന്ന് കിട്ടാൻ അനുയോജ്യമായ സമയമാണിത്. കാലവർഷം കനത്തുകഴിഞ്ഞാൽ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതുകൊണ്ടും വെയിലിന്റെ കാഠിന്യം ഇല്ലാത്തതു കൊണ്ടും ചെറുതായി തുടർച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാർഷികവൃത്തിക്ക് ഉത്തമമാണ്.
നൂറ്റാണ്ടുകൾക്ക് മുൻപ് വിരുന്നുകാരായെത്തിയ വാസ്കോഡ ഗാമയേയും സംഘത്തേയും കോഴിക്കോട് സാമൂതിരി രാജാവ് വരവേറ്റത് ചക്ക നൽകിയിട്ടായിരുന്നു. വിശിഷ്ടങ്ങളായ ഭക്ഷണവും സുഗന്ധദ്രവ്യങ്ങളും നൽകി സ്വീകരിച്ചവർക്ക് പിന്നീട് കുരുമുളക് വള്ളികൾ നൽകാനും സാമുതിരി മടിച്ചില്ല.മന്ത്രിയായ മങ്ങാട്ടച്ചന് ഇതൊന്നും അത്ര രസിച്ചില്ല. കറുത്തമുത്ത് തേടിയെത്തിയ പോർച്ചുഗീസ് കച്ചവടക്കാർക്ക് വള്ളികൾ നൽകിയതിൽ മങ്ങാട്ടച്ചൻ കടുത്ത നീരസം പ്രകടിപ്പിച്ചു. അപ്പോൾ സാമുതിരി മങ്ങാട്ടച്ചനെ ആശ്വാസിപ്പിച്ചത്, നമ്മുടെ തിരുവാതിര ഞാറ്റുവേല അവർക്ക് കൊണ്ടുപോകാൻ കഴിയില്ലല്ലൊ എന്നു പറഞ്ഞായിരുന്നു .. തിരുവാതിര ഞാറ്റുവേലയും നമ്മുടെ കാർഷിക സംസ്ക്കാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കഥയാണിത്.
പഴയ കാലത്ത് കാരണവൻമാർ തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിവസം മുതൽ മഴവെള്ളം ശേഖരിച്ച് ദിവസവും അതിരാവിലെ ഓരോ ഗ്ലാസ്സ് കുടിക്കുമായിരുന്നു.തിരുവാതിര ഞാറ്റുവേല കാലത്തിനിടയിൽ പതിനാലു ദിവസത്തിനുള്ളിൽ ഒരു ദിവസം അമൃത് മഴ പെയ്യും എന്നാണ് വിശ്വാസം. ഏത് ദിവസം ആയിരിക്കും എന്ന് നിശ്ചയമില്ലാത്തതിനാൽ പതിനാലു ദിവസവും മഴവെള്ളം ശേഖരിച്ച് കുടിച്ചു പോന്നിരുന്നു.
Old Astrolgical view
രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണുഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില,ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ് നൽകിയിരിക്കുന്നത്.സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരുനക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 131/2 ദിവസത്തോളം നിൽകും
സൂര്യന്റെ മറ്റൊരു പേരായ ഞായറാണ് പേരിന്റെ കാരണം. ഞായർ വേള എന്നതാണ് ഞായറ്റുവേള എന്നും ഞാറ്റുവേല എന്നുമായിത്തീർന്നത്. ഞാറ്റുനില, ഞാറ്റില, ഞായിറ്റുവേല എന്നിങ്ങനെയും പലയിടങ്ങളിൽ പേരുണ്ട്.
രാശിചക്രത്തെ 13°20‘ വീതമുള്ള തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതാണ്അശ്വതി, ഭരണി, കാർത്തിക, രോഹിണി, മുതലായ 27 നക്ഷത്രങ്ങൾ. സൂര്യൻ ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി രാശിചക്രത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോൾ 13°20‘ ഡിഗ്രി സഞ്ചരിക്കാൻ ഏകദേശം 13-14 ദിവസം വേണം. അതായത് ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യന് 13-14 ദിവസം വേണം. ഇതാണ് ഞാറ്റുവേല എന്ന പേരിൽ അറിയപ്പെടുന്നത്.ഉദാഹരണത്തിന് തിരുവാതിര ഞാറ്റുവേല എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം സൂര്യൻ ഇപ്പോൾതിരുവാതിര നക്ഷത്രഭാഗത്താണ് എന്നാണ്.
ഒരു ഞാറ്റുവേല ശരാശരി പതിമൂന്നര ദിവസമാണ്. സവിശേഷമായ തിരുവാതിര ഞാറ്റുവേല പതിനഞ്ചു ദിവസമാണ്.
ഞാറ്റുവേലയും കൃഷിയും
കേരളീയർ ഞാറ്റുവേലക്കൊത്ത് കാർഷിക ചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളീയരെ സംബന്ധിചച്ചിടത്തോളം ജ്യോതിശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്രത്തിലും പരിചയത്തിലും ഊന്നി ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിർണ്ണയിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഞാറ്റുവേല സങ്കല്പം.
ഞാറ്റുവേലയിലെ മഴയുടെ പ്രത്യേകതകൾ പഴയചൊല്ലുകളിൽ നിന്ന് വ്യക്തമാക്കാവുന്നതാണ്. വേനൽ മഴ്യ്ക്കൊപ്പം ആദ്യ ഞാറ്റുവേലയായ അശ്വതി ഏപ്രിൽ പകുതിയോടെ തുടങ്ങും.അശ്വതി, ഭരണി ഞാറ്റുവേലകളിൽ ഇടയ്ക്കിടക്ക് മഴ പെയ്യും.വിത്ത് ഭരണിയിലിടണം. രണ്ടു രാശികളിലായി ലഭിക്കുന്ന കാർത്തിക ഞാറ്റുവേലയിൽ പൊതുവെ മഴ ഉണ്ടാവാറില്ല. എങ്കിലും കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും എന്ന ചൊല്ലിൽ നിന്ന് മേടം രാശിയിൽ വരുന്ന കാർത്തിക ഞാറ്റുവേലയുടെ 1/4 രാശിയിൽ ചെറിയ മഴ പെയ്താൽ തന്നെ മിഥുനം രാശിയിൽ വരുന്ന 3/4 രാശിയിൽ നല്ല മഴ ലഭിക്കുമെന്ന വിവരം ലഭിക്കുന്നു. രോഹിണി ഞാറ്റുവേലയോടെ കാലവർഷം വരവായി.രോഹിണിക്കിപ്പുറം അധികം വിത വേണ്ട.മകയീര്യം മദിച്ചു പെയ്യും എന്നും തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ മഴ പെയ്യുമെന്നും ചൊല്ലുണ്ട് തിരുവാതിര ഞാറ്റുവേലയിൽ നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും എന്ന ചൊല്ലുമുണ്ട്. തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഞാറ്റുവേലപ്പോക്കിനു നല്ല മഴലഭിക്കുമെന്നുമുള്ള തിരുവാതിരക്ക് ആദ്യം തെളിഞ്ഞാൽ പോക്കിനു മഴ എന്ന ചൊല്ലും പ്രസക്തമാണ്. പുണർതത്തിൽ പുകഞ്ഞ മഴയാണ്. പുണർതം പൂഴി തെറിപ്പിക്കും എന്നും ചൊല്ലുണ്ട്. അത്രയും വലിയ മഴയായിരിക്കുമത്രെ. ആയില്യം ഞാറ്റുവേലയിൽ നല്ലമഴലഭിക്കുമെന്നും അത് അത്തമാവുമ്പോഴേക്കും ശക്തമാകുമെന്നും പഴയ ചൊല്ലുകളിൽ നിന്ന് മനസ്സിലാക്കാം. തിരുവാതിര ഞാറ്റുവേല ഏറ്റവും കേമൻ എന്നാണ് കർഷകർ കരുതുന്നത്. ഏത് ചെടി നട്ടാലും എളുപ്പം വളരും. പ്ലാവിന്റെയും മാവിന്റേയും കമ്പ് വരെ പൊടിച്ചുവരുമത്രെ. ഈ ഞാറ്റുവേലക്ക് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. കുരുമുളക്നടാനായി കർഷകർ തിരഞ്ഞെടുക്കുന്നത് ഈ സമയമാണ്. മകത്തിന്റെ പുറത്ത് എള്ളെറിഞ്ഞാൽ കുടത്തിനു പുറത്താണ് എണ്ണ. ചോതി ഞാറ്റുവേലയിലാണ് മഴ തീരുന്നത്. ചോതി പെയ്താൽ ചോറുറച്ചുഎന്നുമുണ്ട്
ഒരോ വിളയ്ക്കും അനുയോജ്യമായ ഞാറ്റുവേലകളേയും ഏറ്റവും പ്രായോഗികമായും തിരിച്ചറിഞ്ഞിരുന്നു. ചാമയ്ക്ക് അശ്വതി ഞാറ്റുവേലയും പയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവക്ക് രോഹിണി ഞാറ്റുവേലയും അമര, കുരുമുളക്, തെങ്ങ്എന്നിവക്ക് തിരുവാതിര ഞാറ്റുവേലയും എള്ളിനു മകം ഞാറ്റുവേലയും ഉത്തമമാണ്. അത്തത്തിൽവാഴ നടാം.ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം. നെൽ കൃഷിക്കും ഇത്തരത്തിൽ ഞാറ്റുവേല സമയങ്ങൾ കൃഷിഗീതയിൽ പ്രസ്താവിച്ചു കാണുന്നു. ഭരണി ഞാറ്റുവേലയിൽ മത്തൻ, കുമ്പളം, കയ്പ, വെണ്ട എന്നിവയുടെ വിത്തു കുത്താം
ഞാറ്റുവേല എന്ന് മലയാളികൾ ഒരുവിധം എല്ലാവരും കേട്ടിരിക്കും. പക്ഷെ എല്ലാവരുടെയും മനസ്സിൽ തിരുവാതിര ഞാറ്റുവേല മാത്രമാണ് വരിക. കാരണം ആ സമയങ്ങളിലാണ് കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നമ്മുടെ പഴയ തലമുറ ഞാറ്റുവേലയെപ്പറ്റി കൂടുതലായി പറയുന്നത്.
സൂര്യന്റെ (ഞായർ) വേള (വേല)കളെ ആധാരമാക്കി കാലാവസ്ഥാ വ്യതിയാനത്തെ പ്രവചിക്കുന്നതിനായി നമ്മുടെ ജ്യോതിശാസ്ത്രം ഉപയോഗിച്ചിരിക്കുന്ന ഒരു ക്രമമാണ് ഞാറ്റുവേല. കൊല്ലവർഷ കലണ്ടർ പ്രകാരം ഇരുപത്തിയേഴ് നാളുകളാണല്ലോ. അതായത് ചന്ദ്രന് ഭൂമിയെ ചുറ്റുന്നതിനു വേണ്ടുന്ന ദിവസം. ചന്ദ്രൻ ഒരു ദിവസം കൊണ്ട് ഏതു നക്ഷത്ര(സമൂഹ)ത്തെ കടന്നുപോകുന്നു എന്നതു നോക്കിയാണ് ഇന്ന് അശ്വതിനാളാണ്, ഭരണിയാണ് എന്നൊക്കെ പറയുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നതിന് 365 ദിവസം വേണമല്ലോ. ഈ ചലനത്തിൽ അശ്വതി, ഭരണി തുടങ്ങിയ നക്ഷത്രങ്ങൾ സൂര്യന് നേരെയും വരും. പക്ഷെ, സൂര്യന് ഒരു നക്ഷത്ര(സമൂഹ)ത്തെ കടന്ന് പോകുന്നതിന് ഏകദേശം 13-14 ദിവസം വേണ്ടിവരുന്നു. സൂര്യൻ ഏതു നക്ഷത്രത്തിലൂടെയാണോ കടന്നുപോകുന്നത് ആ കാലയളവിനു പറയുന്ന പേരാണ് ഞാറ്റുവേല.
സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്ന മേടം ഒന്നാം തീയതിയോട് അടുപ്പിച്ച് അശ്വതി ഞാറ്റുവേല തുടങ്ങുന്നു. പിന്നെ 13-14 ദിവസം കഴിഞ്ഞാൽ ഭരണി ഞാറ്റുവേല തുടങ്ങുകയായി. മേടം പത്തിന് (പത്താമുദയം) തെങ്ങുംതൈയും വാഴക്കന്നും നട്ട് വെള്ളം കോരണം എന്ന് പണ്ടുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇവയ്ക്ക് ഒന്നോരണ്ടോ നാമ്പ് വരുമ്പോഴേക്കും മഴ തുടങ്ങും. അങ്ങനെയെങ്കിൽ അവയ്ക്ക് വേരുപിടിക്കുകയും കുഴിയിൽ വെള്ളം കിടക്കുന്നതുകൊണ്ട് നല്ലതുപോലെ വളരുകയും ചെയ്യും. ഓരോ മാസത്തിലും ഈരണ്ടു ഞാറ്റുവേല വീതം ഉണ്ടാകും. നമ്മുടെ പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേല ആറാമതായി വരുന്നു. ഞാറ്റുവേല കലണ്ടർ നോക്കിയാൽ അത് കൃത്യമായി അറിയാം.
ഞാറ്റുവേലയെക്കുറിച്ചുള്ള ചില പഴമൊഴികൾ ശ്രദ്ധിച്ചാൽ കാലാവസ്ഥയെക്കുറിച്ച് അത്യാവശ്യം ധാരണ കിട്ടും. മാത്രവുമല്ല ചെറിയ കൃഷിയൊക്കെ ചെയ്യുന്ന നമ്മുടെ പുത്തൻ തലമുറക്ക് അതൊരറിവാകുകയും ചെയ്യും. മലയാളം കലണ്ടറുകളിൽ ഓരോ ഞാറ്റുവേലയും എന്നാണ് തുടങ്ങുന്നതെന്ന് പറയുന്നുണ്ട്. അങ്ങനെ നമുക്ക് നമ്മുടെ അടുക്കള തോട്ടത്തിൽ എന്തൊക്കെ ഏതൊക്കെ സമയത്ത് നടണമെന്ന് മനസിലാക്കാം. “ഞാറ്റിൽ പിഴച്ചാൽ ചോറ്റിലും പിഴയ്ക്കും” കാലാവസ്ഥയ്ക്കനുസരിച്ച് കൃഷിയിറക്കി കാലയാപനം കഴിച്ചിരുന്ന നമ്മുടെ പൂർവികർ പണ്ടേയ്ക്കുപണ്ടേ പറഞ്ഞുവച്ച ഒരു പതിരില്ലാച്ചൊല്ലാണ് ഇത്.
നമ്മുടെ പ്രധാന കൃഷിയായ നെല്ല്, അശ്വതി ഞാറ്റുവേല മുതൽ ചോതി ഞാറ്റുവേല വരെയുള്ള കാലഘട്ടത്തിലാണ് ചെയ്യുന്നത്. ‘അശ്വതിയിലിട്ട വിത്തും അച്ഛൻ വളർത്തിയ മകനും ഭരണിയിലിട്ട മാങ്ങയും പിഴക്കില്ല’, ‘അശ്വതി കള്ളനാണ്,ഭരണി വിതയ്ക്കാൻ കൊള്ളാം’, ‘ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം’. എന്നുവെച്ചാൽ അശ്വതി ഞാറ്റുവേലയിൽ വിത്തിട്ടാൽ മുളക്കാതിരുന്നാലും ഭരണിയിലിട്ട മാങ്ങ പോലെ കേടുവരാതെ ഇരിക്കും. ഭരണി ഞാറ്റുവേലക്ക് പെയ്യുന്ന മഴയിൽ മുളച്ചുകൊള്ളും. അങ്ങിനെ ഏപ്രിലിൽ മഴ പെയ്തില്ലെങ്കിലും ഭരണി ഞാറ്റുവേലയിൽ അതായത് മെയ് ആദ്യവാരത്തിൽ ഒരു മഴ കിട്ടി, ആ മഴക്ക് വിത്ത് മുളക്കുമെന്ന് സാരം. ‘വിതയ്ക്കാൻ ഭരണി, പാകാൻ മകീരം, പറിച്ചുനടാൻ തിരുവാതിര’ എന്ന ചൊല്ലിൽ തന്നെയുണ്ട് കൃഷിരീതി. ഭരണി ഞാറ്റുവേലയിൽ പൊടി വിത്ത് വിതക്കുക, മകയിരം ഞാറ്റുവേലയിൽ മുളപ്പിച്ച വിത്ത് പാകണം, തിരുവാതിര ഞാറ്റുവേലയിൽ പറിച്ചു നടണം. ഈ അറിവിലാണ് നമ്മുടെ പൂർവ്വികർ കൃഷി ചെയ്തിരുന്നത്. മുച്ചിങ്ങം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയല്ലെന്ന് അവർക്ക് അറിയാമായിരുന്നു.
‘കാർത്തികയിൽ കാശോളം വിത്ത്.’ ഇഞ്ചി കൃഷിക്ക് പറ്റിയ സമയം. കാശോളം വലിപ്പത്തിലുള്ള വിത്തിട്ടാലും മതി, ധാരാളം വിളവ് കിട്ടും. രോഹിണി ഞാറ്റുവേലയിൽ പയറിട്ടാൽ അതായത് ആദ്യ മഴയ്ക്ക് ശേഷം വിത്തിട്ടാൽ, ധാരാളം പയർ പറിക്കാം. ‘മകയിരത്തിൽ മദിക്കും’ (ജൂൺ ആദ്യവാരത്തിലാണ് മകയിരം ഞാറ്റുവേലയുടെ ആരംഭം) എന്നുപറഞ്ഞാൽ മകയിരത്തിൽ വിത്തിട്ടാൽ ധാരാളം ഇലയും പടർപ്പും ഉണ്ടാകുമെന്നല്ലാതെ കായ്ഫലം കുറവായിരിക്കും.
പിന്നെ വരുന്ന തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും പ്രധാനമായി കൃഷിക്കാർ കരുതുന്നത്. ‘തിരുവാതിര തിരിമുറിയാതെ പെയ്യണം’ എന്നാണ് ചൊല്ല്. മഴ മദിച്ചു പെയ്യേണ്ട തിരുവാതിര ഞാറ്റുവേല, ഒന്നാംവിള നെല്ല് പറിച്ചുനടാൻ അനുകൂല സമയമാണ്. നെൽ കൃഷിക്കു മാത്രമല്ല കുരുമുളകു കൃഷിക്കും തിരുവാതിരയിൽ മഴ കൂടിയേ തീരൂ. 101 മഴയും 101 വെയിലും ലഭിക്കുന്ന തിരുവാതിരയിൽ വിരലൊടിച്ചു കുത്തിയാലും മുളക്കും എന്നാണ് പഴമൊഴി. തിരുവാതിര ഞാറ്റുവേലയിലെ മഴവെള്ളം ‘ഗംഗാമ്പൂ’ എന്നാണ് അറിയപ്പെടുന്നത്. ആയുർവേദ വിധിപ്രകാരം ഈ കാലത്തെ വെള്ളം വളരെ പ്രാധാന്യമുള്ളതാണ്. പേരുകൊണ്ട് തന്നെ അപ്പോഴത്തെ മഴയുടെ പ്രാധാന്യം വ്യക്തമാണല്ലോ
Reference
https://ml.wikipedia.org/wiki/%E0%B4%9E%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%B5%E0%B5%87%E0%B4%B2
https://malayalam.krishijagran.com/features/know-njattuvela/
No comments:
Post a Comment