Sunday, June 07, 2020



"ഈ ശരീരം ക്ഷേത്രമെന്നറിയപ്പെടുന്നു. ദേഹമാകുന്ന സകല ക്ഷേത്രങ്ങളിലും ക്ഷേത്രജ്ഞനായി സ്ഥിതി ചെയുന്നത് ഞാൻ തന്നെയെന്ന് നീ അറിയുക. പരമാത്മാവായ എന്നിൽ തന്നെ മനസുറപ്പിച്ചുകൊണ്ട് മറ്റൊന്നിലേക്കും വഴുതിമാറാത്ത ഭക്തി, ഏകാന്തസ്ഥാനങ്ങളിൽ കഴിഞ്ഞുകൂടുന്ന സ്വഭാവം, ജനക്കൂട്ടത്തിൽ കഴിയുന്നതിന് താല്പര്യമില്ലായ്മ, ആധ്യാത്മികതയിൽ നിത്യനിഷ്ഠ, തത്ത്വബോധത്തോടെയുള്ള കാര്യദർശനം തുടങ്ങിയവയാണ് ജ്ഞാനം, ഇതിനു വിപരീതമായതെല്ലാം അജ്ഞാനം എന്നറിയുക !!" 

ചിന്തിച്ചുനോക്കൂ, ഇതേ തത്ത്വം തന്നെയല്ലേ ഈ മഹാമാരി വന്നപ്പോൾ നാം ഓരോരുത്തരും ജീവിതത്തിൽ പാലിച്ചത് ?? ശരീരമാകുന്ന ക്ഷേത്രത്തെ ശുചിയായി പരിപാലിച്ചുകൊണ്ട് അതിനെ മലീമസപ്പെടുത്തുന്ന വിധത്തിൽ ഒന്നിനോടും സമ്പർക്കമില്ലാതെ ദേഹം ദേവാലയപ്രോക്തമാക്കിക്കൊണ്ട് എത്ര നാൾ നാം ജീവിച്ചു..?? ഇനിയും ആ ക്ഷേത്രജ്ഞനെ നമുക്കുള്ളിൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഏത് ആരാധനാലയത്തിന് കഴിയും ആ മഹാശക്തിയെ കാണിച്ചുതരാൻ ??

പരമഗുരു വീണ്ടും മൊഴിഞ്ഞു.. "അപ്രകാരം ക്ഷേത്രജ്ഞനാകുന്ന പരമപുരുഷൻ എല്ലാ കർമങ്ങളും സാക്ഷിരൂപേണ അടുത്തിരുന്നു കാണുന്നതുകൊണ്ട് ഉപദ്രഷ്ടാവും, എല്ലാത്തിനും ആജ്ഞ നൽകുന്നതുകൊണ്ട് അനുമന്താവും, എല്ലാവരെയും പരിപാലിക്കുന്നതുകൊണ്ട് ഭർത്താവും, ജീവരൂപേണ എല്ലാത്തിന്റെയും ഭോക്താവും, ലോകത്തിന്റെ മുഴുവൻ ഈശ്വരനാകയാൽ മഹേശ്വരനുമാണ്. ഹേ ഭാരതാ, ഏകനായ സൂര്യൻ ഈ ലോകത്തെ പ്രകാശിപ്പിക്കുന്നതുപോലെ ക്ഷേത്രജ്ഞനായ ആത്മാവ് ദേഹമാകുന്ന ക്ഷേത്രത്തെയും പ്രകാശിപ്പിക്കുന്നു."

സമകാലിക സംഭവങ്ങളുടെയെല്ലാം അന്തഃസത്ത മനസിലാക്കുക.. ഇവിടെ രാഷ്ട്രധർമത്തിലും കർമ്മങ്ങളിലുമുള്ള പാളിച്ചകളും പണത്തോടുള്ള അമിതാവേശവും മറയ്ക്കാൻ വേണ്ടി മനഃപൂർവം സൃഷ്ടിക്കപ്പെടുന്ന വിഭാഗീയതയാണ് കാലങ്ങളോളം മനുഷ്യനെ സ്വതന്ത്രചിന്തയിൽ നിന്ന് അകറ്റിയത്.. ഇനിയെങ്കിലും അത്തരം കെണികളിൽ ചെന്നു തലവെയ്ക്കാതിരിക്കുക.. സ്വശരീരമാകുന്ന ക്ഷേത്രത്തെ പാലിക്കുക, സാധന കൊണ്ടും നാമജപാദികർമങ്ങൾ കൊണ്ടും സ്വന്തം ഉള്ളിലുള്ള ക്ഷേത്രജ്ഞനെ ആരാധിക്കുക..

സമകാലിക പ്രസക്തിയുണ്ട് ഇക്കാര്യങ്ങൾക്കെല്ലാം.. നമുക്കുള്ളിൽ ആ ചൈതന്യത്തെ നമ്മൾ അറിഞ്ഞിട്ടുണ്ടെങ്കിൽ ദേവാലയദർശനം ചെയ്താലെന്ത്, ചെയ്തില്ലെങ്കിലെന്ത് ?? ദേവാലയങ്ങളിലേക്കുള്ള പ്രവേശനത്തിന് തിരക്കുകൂട്ടും മുമ്പേ സ്വയം ചിന്തിക്കുക.. ആരാധനാലയങ്ങൾ എന്ന് പറയപ്പെടുന്ന ദൈവീകസങ്കേതങ്ങളെല്ലാം തന്നെ ഒരു നാടിൻ്റെ ശക്തികേന്ദ്രങ്ങളാണ്.. നമ്മളിൽ ഒരാൾ വരുത്തിയ കൃത്യവിലോപം കൊണ്ട് ഒരു ദേവാലയത്തിലെങ്കിലും നിത്യകർമ്മങ്ങൾക്ക് വിഘ്നം വന്നാൽ അതാണ് സ്വന്തം കുടുംബത്തോടും ഒരു നാടിനോട് തന്നെയും ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹങ്ങളിലൊന്ന്.. 

ഇത് ഒരു വിഭാഗത്തിന് മാത്രമായുള്ള കുറിപ്പല്ല, നമ്മൾ ഓരോരുത്തരും ബോധപൂർവം പ്രവർത്തിക്കുക. പല പേരുകളിൽ വിളിക്കപ്പെടുന്ന ആ മഹാശക്തി തന്നെയാണ് ഓരോ മനുഷ്യൻ്റെയുള്ളിലും ബോധമായി കുടികൊള്ളുന്നത് !!

ശ്രീകൃഷ്ണ പരമഗുരു ഒരിക്കലും കാലഹരണപ്പെട്ടിട്ടില്ല.. ഭോഗിസത്തമനുമേൽ പള്ളികൊള്ളുന്ന അനന്തശായിയായ ബോധിസത്തമൻ സ്വയം തേടുന്നവർക്കെന്നും തണൽ നൽകുന്ന മഹാബോധിവൃക്ഷത്തിലെ നിത്യവസന്തമായി വിരാജിക്കുന്നു.. 

ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ

~Vishnupriya


No comments: