Thursday, June 04, 2020

സംസ്ക്കാരപദ്ധതി
~~~~~~~~~~~~~~~~~~~~~
പൂർവ്വജന്മങ്ങളിൽ പലവിധത്തിൽ തപിച്ചതിന്റെ ഫലമായി ജീവന് ഉൾകൃഷ്ടമായ മനുഷ്യജന്മം ലഭിച്ചു. ഊർദ്ധ്വഗതിക്കുള്ള പൂർണ്ണജീവിതത്തിനുവേണ്ടി മനുഷ്യർ വിവേകപൂർവ്വം പ്രയത്നിച്ചുകൊണ്ടിരിക്കണം. ഇതിലേക്കുള്ള പാകപ്പെടുത്തലാണ് വിവിധസംസ്ക്കാരങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. ഈ സംസ്ക്കാരകർമ്മങ്ങൾ തന്നെ ഈശ്വരങ്കൽ സമ്പൂർണസമർപ്പണഭാവത്തിൽ ചേർത്ത് ചെയ്യുമ്പോൾ അതു കർമ്മയോഗമായി. പരസ്പര പൂരകങ്ങളാണ് യോഗകർമ്മങ്ങളെല്ലാം. ഭക്തിജ്ഞാനവൈരാഗ്യമില്ലാത്ത ആത്മസംയമവും ധ്യാനനിഷ്ഠയുമില്ലാത്ത യാതൊരുമാർഗ്ഗവും യോഗമാർഗ്ഗമാവുകയില്ല. സർവ്വാന്തര്യാമിയായ ജഗദ്വീശ്വരന്റെ സവിശേഷമായ ക്ഷേത്രമാണ് മനുഷ്യശരീരം. ലക്ഷോപലക്ഷം നാഡി-ഞരമ്പുകളും മറ്റുമടങ്ങിയ സ്ഥുലശരീരം തന്നെ അത്ഭുതസൃഷ്ടിയാണെന്നിരിക്കെ അതിന്റെ സൂക്ഷ്മകാരണസ്വരൂപങ്ങൾ അത്യത്ഭുതങ്ങളായിരിക്കും.
മനുഷ്യജന്മം ധർമ്മവും ധർമ്മാനുമോദിതമായ സംസ്കാരവും പ്രതിഫലിച്ച് പരിപുഷ്ട്മാക്കേണ്ടതാണ്, ഭൗതീകമോ ആദ്ധ്യതികമോ എന്തായാലും, ജീവിതപരിശുദ്ധിക്ക് ധർമ്മാചരണം - സംസ്ക്കാരനിഷ്ട് വേണം . ജീവിതപരിശുദ്ധിയാണ് ജന്മസാഫല്യത്തിനു നിദാനം
.
ജീവിതം ഒരു നീണ്ട പ്രയാണമാണ്, പണയപ്പെടുത്തേണ്ടതല്ല. ഇതരജീവികൾക്ക് ഇതറിയാനുള്ള ബോധമുണ്ടാവില്ല. ബോധമുണ്ടാവേണ്ട മനുഷ്യന് അതുണ്ടായില്ലെങ്കിൽ നഷ്ട്ജീവിതം തന്നെ. ശൈശവം, ബാല്യം, യൗവനം. വാർദ്ധക്യം എന്നിങ്ങനെ ഒരോ ദിശയിലും പണം, പെരുമ, ഇത്യാദി നൂറ്നൂറ് വിഷയങ്ങൾക്ക് അടിമപ്പെടുന്ന ജീവിതത്തിന് മേൽഗതിയെങ്ങനെ. ശരാശരി നൂറ് വർഷപരിധിയിലുള്ള ഒരു മനുഷ്യജീവിതത്തിന്റെ 25 - 30 വയസ്സുവരെ പഠിപ്പിലും ആശാപാശങ്ങളുടെ ദിവാസ്വപ്നങ്ങളിലും കഴിഞ്ഞുപോകുന്നു. പിന്നെ വിവാഹം തുടർന്നുള്ള പ്രാരബ്ദ്ങ്ങളുമായി ഈ രണ്ടാം ഘട്ടത്തിലാണ് ജീവിതത്തിന്റെ ഹരിശ്രീ ബോധം അൽപമെങ്കിലും ഉണ്ടാകുന്നത്. അതിനുമുമ്പ് നിയന്ത്രിത ജീവിതത്തിൽ ബോധമുണ്ടായാലും ശക്തിമത്തായ ആഗ്രഹങ്ങളുടെയും ആവേശങ്ങളുടെയും സമ്മർദ്ദംകൊണ്ടവ നിഷ്പ്രഭമായി പോകുന്നു. കുടുംബജീവിതത്തിലാകട്ടെ നാനാതരം കുടുംബപ്രശ്നങ്ങളുടെ കൊടുങ്കാറ്റുകളിൽപെട്ടു ഉഴലുന്നു. താൻ എവിടെ നിന്നും പുറപ്പെട്ടു എങ്ങോട്ട് ആണ് പോകേണ്ടത് എന്നറിയാനാവാതെ . നട്ടം തിരിയുമ്പോൾ സ്വാർത്ഥബോധത്തെപ്പറ്റി എന്തു പറയാനാണ്, പിന്നീടാതാ വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുകയായി . ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാനാവില്ല. വൃദ്ധനായതന്നെ ഒരു അധികപ്പറ്റായി ബന്ധുമിത്രാദികൾ കരുതുന്നു. ഇതിനൊരു ബോധമുണ്ടാവാനോ ഉണ്ടാക്കുവാനോ സാധ്യമല്ലാത്ത ദുരന്തദുഃഖഭാവത്തിൽ മരിച്ചാൽ മതിയെന്ന് പറയുന്നു. പൊതുവേ നോക്കുമ്പോൾ ലക്ഷ്യബോധമോ ധർമ്മ ബോധമോ ഇല്ലാത്ത ഇന്നത്തെ മനുഷ്യനെ നയിക്കുന്നത് അനിശ്ചിടതത്വമാണെന്ന് കാണാം. ഫലമോ ഒടുങ്ങാത്ത ജീവിതപ്രശ്നങ്ങളും അശാന്തിയും ദുഃഖവും.
ചിന്താശീലനായ മനുഷ്യൻ നേർവഴിക്ക് ചിന്തിച്ചില്ലെങ്കിൽ നേർവഴിക്ക് ചരിക്കാനുമാവില്ല. മനുഷ്യൻ പിറന്നതെന്തിന്, വളർന്നതെന്തിന്. ഒടുക്കം തളരുന്നത് എന്തുകൊണ്ട്. എന്നെല്ലം ചിന്തിക്കുന്നവർക്കറിയാം ജീവിതത്തിന്റെ പൊരുളെന്തെന്ന്. പക്ഷേ ചിന്തിക്കുന്നവരിൽ തന്നെ പലരും ശരീരാഭിമാന പരിധിയിൽ പരാക്രമം സൃഷ്ടിച്ചുകൊണ്ട് ജീവിതത്തെ ഒരു ചൂതുകളിയാക്കി മാറ്റുന്നു. അവരും അവസാനത്തെ തളർച്ചയിൽ മേലോട്ട് നോക്കാൻ - അന്തർമ്മുഖരാവാൻ- ഒരു നിഷ്ഫലശ്രമം നടത്താറുണ്ട്. ഈ സ്ഥിതിവിശേഷങ്ങളെല്ലാം കണ്ടറിഞ്ഞ് ഭരതീയ മനീഷികൾ മനുഷ്യ ജീവിതത്തിന് പൊതുവെ സാധകവും സാഹായകവുമാകുന്ന ചിലചിട്ടകൾ കുടുംബനിലവാരത്തിൽ തന്നെ ഒരുക്കി തന്നീട്ടുണ്ട്. ആർഷപ്രോക്തമായ ഷോഡശസംസ്ക്കാര പദ്ധതിയാണത്.
ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നതു മുതൽ ദേഹത്യാഗം ചെയ്യുന്നവരെ ധർമ്മമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിട്ടുള്ള പതിനാറ് പ്രമുഖവഴിത്തിരുവുകൾ... ഒരു തീവണ്ടി പ്രയാണത്തിനിടക്ക് ഓരോമുഖ്യസ്റ്റേഷനിൽ നിർത്തി ആവിശ്യമുള്ള ഇന്ധനങ്ങൾ ശേഖരിച്ച് കൊണ്ട് പ്രായാണം ചെയ്യുന്നതുപോലെ മനുഷ്യാത്മാവും ജീവിതപ്രയാണത്തിനിടക്ക് തന്റെ സ്വഭാവമനുസരിച്ച് യാത്ര തുടരുന്നതിന് തെയ്യാറെടുക്കുന്ന ഓരോ പ്രമുഖ സന്ദർഭങ്ങളാണ് ഓരോ സംസ്കാര പദ്ധതിയും. മഹത്വമേറിയ മനുഷ്യജീവനെ ചത്തടിയുന്ന അഭിലാക്ഷസാദ്ധ്യങ്ങൾക്ക് വേണ്ടി പണയപ്പെടുത്തുന്ന പരാക്രമമല്ല ജീവിതം...
ഋഗ്വേദത്തിലെ പ്രസിദ്ധമായ ഉപദേശം ‘മനുർഭവ ജനയാ ദൈവ്യം ജനം’ എന്നാണ്. അതായത് ‘മനുഷ്യനാകുക എന്നിട്ട് ദിവ്യഗുണങ്ങൾ തങ്ങളിൽ വളർത്തുക’. ഇങ്ങനെ മനുഷ്യനെ സംസ്‌കരിച്ചെടുക്കുന്നതിന് 16 ആശയങ്ങളാണ് പ്രാചീന ഋഷിമാർ മുന്നോട്ടുവെച്ചിട്ടുള്ളത്. ജനനം മുതല്‍ മരണം വരെയുള്ള 16 സുപ്രധാന ഘട്ടങ്ങളെ തിരഞ്ഞെടുത്ത് ആകെ ജീവിതത്തെ സംസ്‌കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എണ്ണം 16 ആയതുകൊണ്ട് ഷോഡശ സംസ്‌കാരമെന്ന് ഇതിനു പേരുവന്നു. അവ ഇങ്ങനെയാണ്. ഗർഭധാനസംസ്കാരകർമ്മം, പുംസവനം , സീമന്തോന്നയനം, ജാതകർമ്മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകർമ്മം, ഉപനയനം, വിദ്യാരംഭസംസ്ക്കാരം, സമാവർത്തനം, വിവാഹസംസ്കാരം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സംന്യാസം, അന്ത്യേഷ്ടി ......
വയൽ ഉഴുത് വളമിട്ട് വിത്ത് വിതയ്ക്കുന്നതും കള പറിച്ച് വേണ്ടി വന്നാൽ വേലികെട്ടി വളർത്തുന്നതും എത്ര നിഷ്ക്കർഷാപൂർവ്വം ചെയ്യുന്നുവോ അത്രത്തോളം നല്ല ഫലവും കിട്ടുമെന്ന് കർഷകനറിയാം. ധാന്യത്തിന് ചെയ്യുന്നതിനേക്കാൾ എത്രയോ കൂടുതൽ നിഷ്ക്കർഷവും ശുശ്രൂഷയും ഒരു മനുഷ്യന്റെ വളർച്ചക്ക് വേണം. മനുഷ്യന്റെ വളർച്ചയെന്നു പറഞ്ഞാൽ അവന് മഹത്വം കൊടുക്കുന്ന സംസ്ക്കാര വികാസമാണ് പരമപ്രധാനം.

Rajeev kunnekat

No comments: