Thursday, June 11, 2020

വ്യാവഹാരികജീവിതത്തിൽ എങ്ങനെയാണ് ധാർമ്മികമായ ജീവിതം നയിക്കേണ്ടത് എന്നു കാണിക്കാനാണ് പുരാണേതിഹാസങ്ങൾ. എന്നാൽ ഉപനിഷദ് പ്രതിപാദ്യമായ വിഷയം പരമപദമായ ബ്രഹ്മമാണ്. വ്യാവഹാരിക ധർമ്മത്തിന് പുരാണേതിഹാസങ്ങളിലൂടെ ഭഗവദാശ്രയം, പാരമാർത്ഥിക സത്യത്തിന് ഉപനിഷദ് തത്ത്വവിചാരം; ഇതാണ് വേണ്ടത്.

വ്യാവഹാരികത്തിൽ ദ്വൈതമേ സാധ്യമാകൂ; അതുകൊണ്ട് അവിടെ ഭക്തിയെ വച്ചു. എന്നാൽ പാരമാർത്ഥികത്തിൽ അദ്വൈതമാണ്; അവിടെ ജ്ഞാനം അഥവാ മുക്തിക്കുള്ള ഉപായം.

വ്യാവഹാരിക ജീവിതത്തിൽ തളച്ചിടാതെ സകലത്തിലും നിന്നുള്ള സ്വാതന്ത്ര്യമാണ് പരമമായ ലക്ഷ്യസ്ഥാനം.  സകല വേദാർത്ഥ സാരസംഗ്രഹഭൂതം ഭഗവദ്ഗീത എന്ന് ആചാര്യസ്വാമികൾ ശ്രീമദ് ഭഗവദ് ഗീതയ്ക്ക് ഭാഷ്യമെഴുതുമ്പോൾ അതിനെപ്പറ്റി പറഞ്ഞിരിക്കുന്നു.  ഗീതയുടെ ലക്ഷ്യസ്ഥാനം യോഗം ആണ്; കർമ്മ-ഭക്തി-ജ്ഞാന മണ്ഡലങ്ങളിലൂടെ പരമമായ സ്വാതന്ത്ര്യം, അഥവാ യോഗം. ഗീതാദ്ധ്യായനം അതിനുവേണ്ടിയാണ്, അതിനുവേണ്ടിയായിരിക്കണം.

അദ്വൈത ബ്രഹ്മനിഷ്ഠന് വ്യാവഹാരികത്തിൽ ദ്വൈതിയായിരിക്കാനും, പാരമാർത്ഥികത്തിൽ പൂർണ്ണ അദ്വൈതഭാവത്തിലിരിക്കാനും സാധിക്കും. അതായത് അദ്വൈതത്തിൽ ദ്വൈതവും വിശിഷ്ടാദ്വൈതവുമൊക്കെ ഉൾക്കൊണ്ടിരിക്കുന്നു,  എന്നാൽ ദ്വൈതത്തിൽ അദ്വൈതഭാവം വരുന്നില്ല.

ഒരാളുടെ കൈവശം ഇരുട്ടിനെ കീറിമുറിക്കാൻ പര്യാപ്തമായ നല്ലൊരു ടോർച്ചുണ്ട്; എന്നാൽ മറ്റേയാളുടെ കൈയ്യിൽ അതില്ല, അജ്ഞാനം അവിടുണ്ട്.
Sudha Bharath 

No comments: