Tuesday, July 17, 2018

*രാമായണതത്ത്വം*
*അദ്ധ്യാത്മരാമായണം*
*കർക്കിടകം - 1, 17/7/18, ചൊവ്വ*

*ഭാഗം - 01*

ഓം സീതാ ലക്ഷ്മണാ
ഭരതശത്രുഘ്ന ഹനുമൽസമേത
ശ്രീരാമചന്ദ്ര പരബ്രഹ്മണേ നമഃ

*ആമുഖം*

ആദികാവ്യമെന്നറിയപ്പെടുന്ന രാമായണം എക്കാലത്തും പ്രാധാന്യം അർഹിക്കുന്നതാണ്. ധാരാളം കഥാ സന്ദർഭങ്ങളെ മുൻനിർത്തി ഗംഭീരങ്ങളായ വേദ- ഉപനിഷത്ത് തത്ത്വങ്ങൾ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട് രാമായണം. സഹോദര സ്നേഹത്തിന്റെയും, കുടുംബ ബന്ധങ്ങളേയും അതി മനോഹരമായി രാമായണത്തിൽ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിൽ കൂടുതലും പ്രാധാന്യം അദ്ധ്യാത്മരാമായണത്തിനു തന്നെയാണ്. എഴുത്തച്ഛന്റെ കിളിപ്പാട്ട് രാമായണമാണ് കേരളത്തിൽ പ്രാധാന്യം. നമ്മുടെ ഭവനങ്ങളെ ഭക്തി സാന്ദ്രമാക്കുന്നതിൽ അദ്ധ്യാത്മ രാമായണത്തിനു മികച്ച പങ്കു തന്നെയുണ്ട്. അദ്ധ്യാത്മരാമായണം തത്വങ്ങളെക്കൊണ്ടും ഭക്തികൊണ്ടും നിറഞ്ഞതാണ്. ഭക്തിയുടെ ഉദാത്തമായ സന്ദർഭങ്ങൾ പലയിടത്തും കാണാവുന്നതാണ്. ഒരുവൻ എങ്ങനെയാവണം എന്നു പറയുമ്പോലെ, എങ്ങനെയാവരുത് എന്നും രാമായണം നമുക്ക് കാണിച്ചു തരുന്നു.

അദ്ധ്യാത്മരാമായണവും വാല്മീകി രാമായണവും രചനയിൽ വേറിട്ടു തന്നെ നില്ക്കുന്നതാണ്. ഇരു രാമായണങ്ങളും ഏഴു കാണ്ഡങ്ങളിലൂടെയാണ്  കഥ പറയുന്നത്. ബാലകാണ്ഡം, അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം. വാല്മീകി രാമായണം ഏഴു കാണ്ഡങ്ങളിലായി *24000 ശ്ലോകങ്ങൾ* ഉൾക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും കേരളത്തിൽ  എഴുത്തച്ഛന്റെ മലയാളം കിളപ്പാട്ട് രാമായണമാണ്‌ പ്രചാരം.

*അദ്ധ്യാത്മ രാമായണം - വാല്മീകി രാമായണം*
•••••••••••••••••••••••••••••••••••••••••••••

ശ്രീ പരമേശ്വരനാകുന്ന ഹിമാലയത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് വാല്മീകി രാമായണമാകുന്ന സമുദ്രത്തിൽ എത്തിച്ചേരുന്ന അദ്ധ്യാത്മ രാമായണമാകുന്ന ഗംഗാനദി മൂന്നു ലോകങ്ങളെയും ശുദ്ധീകരിക്കുന്നതാണ്.

മേൽപ്പറഞ്ഞ ഭാഗം വാല്മീകി രാമായണത്തെയും അദ്ധ്യാത്മ രാമായണത്തെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. നദികൾ എല്ലാം തന്നെ സമുദ്രത്തിൽ നിന്നുമാണ് ഉണ്ടാകുന്നത്. സമുദ്രജലം സൂര്യപ്രകാശത്തിൽ നീരാവിയായി മേഘമായി ഘനീഭവിച്ച് മഴയായി പെയ്ത് നദിയായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ സമുദ്രവുമായി യാതൊരു വിധ സാമ്യവും നദികൾക്കില്ല എന്നും മനസ്സിലാക്കണം. പക്ഷേ എല്ലാ നദികളും ഒഴുകി അവസാനം ചെന്നെത്തുന്നത് സമുദ്രത്തിലാണ്. ഗംഗാ നദിയുടെ കാര്യത്തിൽ പ്രത്യേകിച്ചും.

സമുദ്രമാണ് നദികളുടെ കാരണമെങ്കിലും ഇവ തമ്മിൽ വലിയ അന്തരങ്ങളുമുണ്ട്. സമുദ്രം നദികളെ അപേക്ഷിച്ച് വളരെ വലുതാണ്, എന്നാൽ നദികളെ പോലെ ജലം, പാന യോഗ്യമല്ല. നദീജലം പാനയോഗ്യമാണെങ്കിലും സമുദ്രം പോലെ വൈവിധ്യങ്ങൾ ഇല്ലാത്തതുമാണ്.

അദ്ധ്യാത്മരാമായണമാകുന്ന ഗംഗാനദിയുടെ വാല്മീകി രാമായണമാകുന്ന സമുദ്രം തന്നെയാണ് കാരണവും, അവസാനം ഒഴുകിയെത്തി ലയിക്കുന്നതും. വാല്മീകി രാമായണം അപാരമാണ് അദ്ധ്യാത്മരാമായണം അല്പമാണ്. വർണകളെക്കൊണ്ട് മികച്ചതാണ് വാല്മീകി രാമായണം എന്നാൽ തത്ത്വങ്ങളെക്കൊണ്ട് നിറഞ്ഞതാണ് അദ്ധ്യാത്മരാമായണം. ഇക്കാരണം കൊണ്ട് തന്നെ വാല്മീകി രാമായണം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും അദ്ധ്യാത്മ രാമായണം തത്ത്വവിചാരം കൊണ്ടും ഭക്തികൊണ്ടും ഉജ്ജ്വലമാണ്.

എവർക്കും രാമായണ തത്ത്വവിചാരം ഉപകാരപ്രദമാകട്ടെ എന്ന പ്രാർത്ഥനയോടെ സാധക ലോകത്തിനു മുൻപിൻ സാദരം സമർപ്പിക്കുന്നു.

*തുടരും*

*ലേഖനം തയ്യാറാക്കിയത് : വിഷ്ണു ശ്രീലകം, SSVECT*

*അവലംബം/ കടപ്പാട്: രാമായണ തത്ത്വം, സ്വാമി ജ്ഞാനാനന്ദ സരസ്വതി*

No comments: