സമസ്ത ചരാചരങ്ങളുടെയും ഹൃദയാന്തര്‍ഭാഗത്തു വിളിങ്ങുന്ന അലൗകികാനന്ദമാണു സീതാസമേതനായ രാമന്‍ അഥവാ ശ്രീരാമന്‍. അദ്ദേഹത്തെ പാടി സ്തുതിച്ചുകൊണ്ടാണു തുഞ്ചത്തെ പൈങ്കിളി രാമകഥാകീര്‍ത്തനം ആരംഭിക്കുന്നത്.
''ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ രാമ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ.''
അയോദ്ധ്യാധിപനായ ദശരഥ മഹാരാജാവിന് ഉണ്ണികള്‍ പിറന്നപ്പോള്‍ നാമകരണം ചെയ്തത് കുലഗുരുവായ വസിഷ്ഠമഹര്‍ഷിയായിരുന്നു. രാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ പേരുകള്‍ അവര്‍ക്ക് അദ്ദേഹം നല്‍കിയത് വെറും മാമൂലനുസരിച്ചായിരുന്നില്ല. മറിച്ച് ഓരോരുത്തരുടേയും യാഥാര്‍ഥ്യം മനസ്സിലാക്കിയിരുന്നു. എല്ലാ ജീവജാലങ്ങളുടെയും ആനന്ദം ദശരഥന്റെ മൂത്ത കുഞ്ഞാണെന്ന തിരിച്ചറിവാണ് രാമന്‍ എന്ന പേരിടാന്‍ കാരണം. അദ്ധ്യാത്മ രാമായണത്തില്‍ എഴുത്തച്ഛന്‍ ഇക്കാര്യം സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാമന്‍ എന്ന വാക്കിന്റെ അര്‍ഥം രമന്തേ അസ്മിന്‍ ലോകാഃ (ലോകങ്ങള്‍ ഇവനില്‍ ആനന്ദിക്കുന്നു) എന്നു പ്രസിദ്ധമാണ്. ആനന്ദമാണു രാമന്‍. അവന്‍ ഏവരുടേയും ഹൃദയാന്തര്‍ഭാഗത്ത് വസിക്കുന്നു.
ആനന്ദമാണ് ചരാചരങ്ങളെല്ലാം ആഗ്രഹിക്കുന്നത്. അതെന്താണെന്ന് വിവരിക്കാനാവുകയില്ലെങ്കിലും ഏവര്‍ക്കും അറിയാം. ആനന്ദം അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് എല്ലാവരും. അതുകൊണ്ട് പ്രത്യേകിച്ച് ഒരു വിവരണം ആനന്ദത്തിന് ആവശ്യമായിത്തീരുന്നില്ല. എങ്കിലും നാം പരിചയിച്ചിട്ടുള്ള ആനന്ദം മാത്രമാണ് രാമനെന്നു ധരിച്ചുകളയരുത്. നാമനുഭവിച്ചിട്ടുള്ളത് ലൗകികാനന്ദം മാത്രമാകുന്നു. എന്നാല്‍ രാമനാകട്ടെ അലൗകികാനന്ദമാണെന്നു ഭേദമുണ്ട്. അലൗകികാനന്ദത്തിന്റെ നന്നേ നേരിയ ഒരംശം മാത്രമാണു ലൗകികാനന്ദം. സാമ്രാജ്യങ്ങള്‍ കൈവരുമ്പോള്‍ മനുഷ്യനുണ്ടാകുന്ന ആനന്ദം തത്ക്കാലം എത്രമാത്രം വലുതെന്നു തോന്നിയാലും അലൗകികാനന്ദമായ രാമന്റെ ഒരു നേരിയ അംശമേ ആകുന്നുള്ളൂ. പരിധിയില്ലാത്ത മഹാസമുദ്രവും ഒരു തുള്ളി വെള്ളവും തമ്മിലുള്ള അന്തരമാണ് അവയ്ക്ക് തമ്മിലുള്ളത്. വെള്ളത്തിന്റെ ഈ ഒരു തുള്ളി കടലിന്റെ ഭാഗമാണെന്നതും മറക്കാതിരിക്കുക.
ഇത്രയുംകൊണ്ട് അവ തമ്മിലുള്ള വ്യത്യാസം തീരുന്നില്ല. അനു
ഭവതീക്ഷ്ണതയുടെ കാര്യത്തില്‍ ആയിരംകോടി സൂര്യന്മാര്‍ ഒരുമിച്ചുദിച്ചുയര്‍ന്നാലുണ്ടാകാവുന്ന തേജസ്സും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും തമ്മിലുള്ള ഭേദം അലൗകികാനന്ദത്തിനും
ലൗകികാനന്ദത്തിനും പരസ്പരമുണ്ടെന്ന് അനുഭവ സിദ്ധരായ ഋഷിമാരുടെ ഗ്രന്ഥങ്ങളില്‍നിന്നു ഗ്രഹിക്കാം. സ്വാനുഭവം ശ്രദ്ധാപൂര്‍വം അപഗ്രഥിച്ചാലും മനസ്സിലാകും. ലൗകികാനന്ദം എപ്പോഴും ദുര്‍ബ്ബലമാണ്. പോരാത്തതിനു നൈമിഷികവുമാണ്. ആശിച്ച പദാര്‍ത്ഥമോ വിജയമോ ലഭിക്കുമ്പോഴുണ്ടാകുന്ന ആനന്ദം അല്‍പ സമയം കഴിയുമ്പോള്‍ത്തന്നെ ക്ഷയിച്ചുപോകുന്നു. ആവേശകരമായ തെരഞ്ഞെടുപ്പിലോ പരീക്ഷയിലോ ജയിക്കുമ്പോഴുണ്ടാകുന്ന വലുതായ ആഹ്ലാദം അടുത്തദിവസം അതേവിധം നില്‍ക്കാറില്ലല്ലോ. ആറിയ കഞ്ഞി പഴംകഞ്ഞിയെന്ന നാടന്‍ ചൊല്ല് ലൗകികാനന്ദത്തിനെല്ലാം ബാധകം തന്നെ. നഷ്ടരീതിയുടെ നടുവിലാണ് ഏതൊരു ലൗകികാനന്ദവും. നിധിശേഖരം ലഭിക്കുമ്പോഴുണ്ടാകുന്ന ആഹ്ലാദം കള്ളന്‍ വരുമോ എന്ന ഭയത്തിലാണല്ലോ സാധാരണ എത്തിച്ചേരുക. അവിചാരിതമായുണ്ടാകുന്ന സംഭവങ്ങള്‍ വിജയാഹ്ലാദലഹരിയെ പെട്ടെന്നു കെടുത്തിക്കളയുകയും ചെയ്യാറുണ്ട്.
സമ്പത്ത്, സ്ഥാനമാനങ്ങള്‍, വിജയങ്ങള്‍ തുടങ്ങിയ ലൗകിക പദാര്‍ത്ഥങ്ങളും ലൗകിക സംഭവങ്ങളുമാണ് ലൗകികാനന്ദത്തിനു കാരണം. ലൗകിക പദാര്‍ത്ഥങ്ങളും സംഭവങ്ങളും ചഞ്ചലവും നശ്വരവുമാകയാല്‍ ലൗകികാനന്ദത്തിനും ചാഞ്ചല്യാദികള്‍ വന്നുഭവിക്കുന്നു. ഇതിനു നേര്‍വിപരീതമാണ് അലൗകികാനന്ദത്തിന്റെ സ്വഭാവം. അതിനു ഭൗതിക പദാര്‍ത്ഥങ്ങളോ സംഭവങ്ങളോ വേണമെന്നില്ല. ഉണ്ടായതുകൊണ്ടും ദോഷമില്ല. അത് ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളില്‍ കുടികൊള്ളുന്ന നിത്യസാന്നിദ്ധ്യമാണ്. കോടാനുകോടി നക്ഷത്രങ്ങളടങ്ങിയ ഈ ലോകത്തിനു
പോലും അതിനുള്ള മൂല്യമില്ല. അലൗകികാനന്ദത്തിനു തുല്യമായി അലൗകികാനന്ദമല്ലാതെ മറ്റൊന്നില്ല. അത് ആര്‍ക്കും എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും അനുഭവിച്ചറിയാവുന്ന പരമസത്യമാണ്. കൈമുതലായി ആകെ വേണ്ടുന്നത് സംശുദ്ധമായ മനസ്സുമാത്രം.
ചാഞ്ചല്യമോ നഷ്ടരീതിയോ തീണ്ടാത്ത അഖണ്ഡമായ ഈ അലൗകികാനന്ദമാണ് രാമന്‍. ആ തലത്തില്‍ രാമന്‍ എന്നത് ഒരു മനുഷ്യവ്യക്തി മാത്രമല്ല ഏതൊരു വ്യക്തിയുടെയും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവതത്ത്വം കൂടിയാണ്. ഇങ്ങനെ അനശ്വരമായ പൂ
ര്‍ണാനന്ദമാകയാല്‍ രാമനെ എഴുത്തച്ഛന്റെ പൈങ്കിളിപ്പെണ്ണ് രാമചന്ദ്രന്‍ എന്നു പ്രകീര്‍ത്തിച്ചിരിക്കുന്നു. ചന്ദ്രശബ്ദത്തിന് ആഹ്ലാദിപ്പിക്കുന്നവന്‍ എന്നു ധാത്വര്‍ത്ഥം. പൂര്‍ണ ബ്രഹ്മാനന്ദമെന്ന് ഇവിടെ വേദാന്ത ശാസ്ത്രസിദ്ധമായ അര്‍ത്ഥം.
jnmabhumi
No comments:
Post a Comment