ഉത്താനം ശവവത് ഭൂമൗ
ശയനം തച്ഛവാസനം
ശവാസനം ശ്രാന്തിഹരം
ചിത്തവിശ്രാന്തി കാരകം (1-32)
ശവം പോലെ മലര്‍ന്നു കിടക്കുന്നത് ശവാസനം. ഇത് ക്ഷീണമകറ്റും. മനസ്സിന് വിശ്രമം നല്‍കും.
മൃതദേഹം പോലെ കിടക്കുന്നത് വളരെ എളുപ്പമായ ആസനമാണ്. ശരീരത്തിലൊരിടത്തും പിടുത്തം പാടില്ല. പൂര്‍ണമായും ശരീരത്തെ തളര്‍ത്തിയിടണം. അപ്പോള്‍ മനസ്സും അനങ്ങാതിരിക്കും. ശാന്തമാകും. സൈക്കോ-സോമാറ്റിക് രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതാണീ ആസനം. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, അള്‍സര്‍, ആശങ്ക, പിരിമുറുക്കം- ഇവയെല്ലാം ശമിക്കും. അധ്വാനമില്ലാത്ത ആസനമാണെങ്കിലും ശരീരത്തിനു മൊത്തം ഉണര്‍വു കൊടുക്കും. പ്രത്യാഹാരം, അതായത് ഇന്ദ്രിയങ്ങളെ പു
റത്തുവിടാതിരിക്കല്‍, ഇതില്‍ സാധിക്കും. ധാരണ, ധ്യാനം എന്നിവയെയും ശവാസനം സഹായിക്കും. മനസ്സില്‍ മയങ്ങിക്കിടക്കുന്ന പൂര്‍വജന്മ സംസ്‌കാരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു നശിപ്പിക്കാനും ഇതുപയോഗപ്പെടുത്താം.
ചതുരശീത്യാസനാനി
ശിവേന കഥിതാനി ച
തേദ്യശ്ചതു ഷ്‌കമാദായ
സാരഭൂതം വദാമ്യഹം- (1-33)
ശിവന്‍ 84 ആസനങ്ങളെ പറഞ്ഞു. അവയില്‍നിന്ന് ശ്രേഷ്ഠമായ നാലെണ്ണം ഞാന്‍ എടുത്തുപറയുന്നു.
ഗോരക്ഷാസംഹിതയില്‍ ഗോരക്ഷനാഥന്‍ 84 ലക്ഷം ആസനങ്ങളെ സൂചിപ്പിക്കുന്നുണ്ട്. അതില്‍ 84
എണ്ണം ശ്രേഷ്ഠമെന്നും. അതാണ് ഇവിടെയും വന്നിരിക്കുന്നത്. ആ ശ്ലോകം കാണാം.
ആസനാനി ച താവന്തി
യാവന്ത്യോ ജീവജാതയഃ
ഏതേഷാം അഖിലാന്‍ ദേദാന്‍
വിജാനാതി മഹേശ്വരഃ
ചതുരശീതി ലക്ഷാണി
ഏകൈകം സമുദാഹൃതം
തതഃ ശിവേന പീഠാനാം
ഷോഡശോനം ശതം കൃതം.
എത്ര ജീവജാതികളുണ്ടോ അത്രയും ആസനങ്ങളും ഉണ്ട്. അവയെല്ലാം മഹേശ്വരനറിയാം. 84 ലക്ഷം ആസനങ്ങള്‍ ഓരോന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. പിന്നീട് ശിവന്‍ ആറില്‍ നിന്ന് 16 കുറഞ്ഞത്ര (84) ആസനങ്ങള്‍ നിശ്ചയിച്ചു.
ഹഠരത്‌നാവലിയില്‍ 84 ആസനങ്ങളുടെ പട്ടിക കൊടുത്തിട്ടുണ്ട്. അവയാണ്: സിദ്ധ-ഭദ്ര-വജ്ര-സിംഹ-ശില്‍വസിംഹ-ബദ്ധപത്മാ-കരപത്മാ-സമ്പുടിതപത്മ-ശുദ്ധപത്മ-ദണ്ഡമയൂര-പാര്‍ശ്വമയൂര-സഹജമയൂര-ബന്ധമയൂര-പിണ്ഡമയൂര-ഏകപാദമയൂര-ഭൈരവ-കാമദഹന-പരിപത്ര-കാര്‍മുക-സ്വസ്തിക-ഗോമുഖ-വീര-മണ്ഡൂക-മര്‍ക്കട-മത്‌സ്യേന്ദ്ര-പാര്‍ശ്വമത്‌സ്യേന്ദ്ര-ബന്ധമത്‌സ്യേന്ദ്ര-നിരാലംബന-ചന്ദ്ര-കണ്ഠവ-ഏകപാദക-ഫണീന്ദ്ര-പശ്ചിമതാന-ശയിതപശ്ചിതതാന-വിചിത്രകരണി-യോഗനിദ്ര-വിധുനന-പാദപീഡന-ഹംസ-നാഭിതല-ആകാശ-ഉത്പാദതല-നാഭിലസിതപാദുക-വൃശ്ചിക-ചക്ര-ഉത്ഫലക-ഉത്താനകൂര്‍മ്മ-കൂര്‍മ-ബദ്ധകൂര്‍മ-നര്‍ജവ-കബന്ധ-ഗോരക്ഷ-അംഗുഷ്ഠ-മുസ്തിക-ബ്രഹ്മപ്രസാദിത-പഞ്ചചൂലിക-കുക്കുട-അകാരിത-ബന്ധചൂലി കുക്കുട-പാര്‍ശ്വ കുക്കുട-അര്‍ധനാരീശ്വര-ബക-ചന്ദ്രകാന്ത-സുധാസാര-വ്യാഘ്ര-രാജ-ഇന്ദ്രാണി-ശരഭ-രത്‌ന-ചിത്രപീഠ, ബദ്ധപക്ഷീ-ഈശ്വര-വിചിത്ര നളിന-കരു-സുധാപക്ഷി-സുമന്ദ്രക-ചൗരംഗി-ക്രൗഞ്ച-ദൃഢ-ഖഗ-ബ്രഹ്മ-നാഗപീഠ-ശവാസനങ്ങള്‍-
സിദ്ധം പത്മം തഥാ സിംഹം
ഭദ്രം ചേതി ചതുഷ്ടയം
ശ്രേഷ്ഠം തത്രാപിച സുഖേ
തിഷ്‌ഠേത് സിദ്ധാസനേ സദാ (1-34)
സിദ്ധാസനം, പത്മാസനം, സിംഹാസനം, ഭദ്രാസനം എന്നീ നാലെണ്ണമാണ് ശ്രേഷ്ഠം. എപ്പോഴും സിദ്ധാസനത്തില്‍ സുഖമായിരിക്കണം.
തനിക്കു വഴങ്ങുന്ന, ഇഷ്ടപ്പെട്ട, വിഷമമില്ലാതെ ഏറെ സമയം ഇരിക്കാവുന്ന ഒരു ആസനം യോഗികള്‍ സ്വന്തമാക്കും. സിദ്ധാസനമാണ് ഏറ്റവും ശ്രേഷ്ഠമായി പറഞ്ഞിരിക്കുന്നത്. മറ്റ് മൂന്നെണ്ണവും തെരഞ്ഞെടുക്കാവുന്നതാണ്. ആസനം സ്ഥിരവും സുഖവുമായാല്‍ മാത്രമേ പ്രാണായാമാദികളായ മറ്റു സാധനകള്‍ അനുഷ്ഠിക്കാന്‍ സാധിക്കൂ.
janmabhumi
No comments:
Post a Comment