ആബാലവൃദ്ധം ജനങ്ങളും ഗൃഹങ്ങളും നാടുതന്നെയും വിശിഷ്യാ എല്ലാ ക്ഷേത്രങ്ങളും രാമായണ വായനക്കായി ഒരുങ്ങുന്നു. മറ്റൊരു പുരാണഗ്രന്ഥത്തിനുമില്ലാത്ത അംഗീകാരം പണ്ടുമുതലേ രാമായണത്തിനുണ്ടായിരുന്നു. നാമം എന്നുപറഞ്ഞാല്‍ 'രാമനാമം' തന്നെയാണ്. മര്യാദാ പുരുഷോത്തമനായ ശ്രീരാമന്‍ പണ്ടും ഇന്നും നാളെയും അത്യന്തം മികവോടെ എല്ലാവരിലും ജീവിക്കുന്നു. കാട്ടാളനായ രത്‌നാകരന്‍ 'രാമരാമ' എന്ന നാമം ഉരുവിട്ട് വാല്മീകി മഹര്‍ഷിയായി ഈ മഹത്തായ ചരിതം ലോകത്തിനു സംഭാവന ചെയ്ത് ആദികവിയായി. ത്യാഗം, സത്യം, ധര്‍മം, ഭക്തി, സ്‌നേഹം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളുടെ വിളനിലമാണ് രാമായണം. ഇവയുടെ ആകെത്തുകയല്ലേ 'രാമരാജ്യം' എന്ന മഹത്തായ സങ്കല്‍പംപോലും?
രാമം ദശരഥം വിദ്ധി,
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി,
ഗച്ഛ താത, യഥാ സുഖം.
രാമനെ ദശരഥനെന്ന് അറിയുക
സീതയെ ഞാന്‍ (സുമിത്ര) എന്നും
വനത്തെ അയോദ്ധ്യ എന്നും വിചാരിച്ച്
മകനേ യഥാ സുഖം പോയി വരൂ.
രാമായണത്തിലെ ഏറ്റവും പ്രധാന ശ്ലോകമാണിത്. അച്ഛന്റെ സത്യം പാലിക്കുവാന്‍ 14 വര്‍ഷത്തെ വനവാസത്തിനു പോവുന്ന ശ്രീരാമനെ അനുഗമിക്കുന്ന അനുജനായ ലക്ഷ്മണനോട് മാതാവായ സുമിത്ര പറയുന്നതാണിത്.
രാമായണം, സൂര്യവംശരാജാവായ ദശരഥന്റെയും കുടുംബത്തിന്റെയും അതില്‍ പ്രധാനമായും ശ്രീരാമചന്ദ്രനെക്കുറിച്ചുള്ള കഥയാണ്- സംഭവകാവ്യമാണ്. രാമായണത്തിലെ അംഗങ്ങളെല്ലാം ത്യാഗത്തിന്റെ മൂര്‍ത്തിമദ് ഭാവങ്ങളാണ്. പ്രജാക്ഷേമതല്‍പരനായ ദശരഥ മഹാരാജാവ് ഒത്തൊരുമയുള്ള ഭാര്യമാര്‍ (കൗസല്യ, കൈകേയി, സുമിത്ര). പിതാവിന്റെ സത്യം സംരക്ഷിക്കുവാന്‍ വേണ്ടി രാജ്യം ത്യജിക്കുന്ന ശ്രീരാമന്‍. സ്വന്തം സഹോദരനു കിട്ടാത്ത രാജ്യം ത്യജിക്കുന്ന അനുജന്മാര്‍ (ഭരതന്‍, ശത്രുഘ്‌നന്‍, ലക്ഷ്മണന്‍). ഭര്‍ത്താവിനു ലഭിക്കാത്ത രാജ്യസുഖം ത്യജിക്കുന്ന ഭാര്യയായ സീതാദേവി. ധര്‍മത്തിനുവേണ്ടി സ്വന്തം കുലത്തെപ്പോലും ത്യജിക്കുന്ന വിഭീഷണന്‍. ഇവരോരോരുത്തരും എല്ലാവര്‍ക്കും എല്ലാക്കാലത്തും മാതൃകയാണ്.
സത്യത്തിനുവേണ്ടി നിലകൊള്ളുന്നതാണ് രാമായണം. വിശ്വാമിത്ര മഹര്‍ഷിയോടുള്ള- ഗുരുപരമ്പരയോടുള്ള സത്യം പാലിക്കുവാന്‍ രാക്ഷസ നിഗ്രഹത്തിനുപോ
വുന്ന ശ്രീരാമലക്ഷ്മണന്മാര്‍, അമ്മയായ കൈകേയിക്കു കൊടുത്ത, അച്ഛന്റെ സത്യം പാലിക്കുവാന്‍ രാജ്യമുപേക്ഷിക്കുന്ന ശ്രീരാമന്‍, സുഗ്രീവനുമായി ചെയ്യുന്ന സത്യം പാലിക്കുവാന്‍ സ്വന്തം ഭക്തനായിട്ടു കൂടി ബാലിയെ (ബാലിയുടെ അധര്‍മത്തെ) നിഗ്രഹിക്കുന്ന ശ്രീരാമന്‍ ഇതൊക്കെ ഉത്കൃഷ്ടഗുണമായ സത്യത്തിനുവേണ്ടി മാത്രം.രാമായണം അതിവിശിഷ്ടമായ ഒരു ധര്‍മഗ്രന്ഥമാണ്. അമ്മയായ കൈകേയി അധര്‍മം പ്രവര്‍ത്തിച്ച് നേടിത്തന്ന രാജ്യം ഉപേക്ഷിച്ച ഭരതന്‍ ഏറ്റവും ഉത്തമന്‍ തന്നെ. ശ്രീരാമലക്ഷ്ണന്മാരുടെ പതിനാലു വര്‍ഷത്തെ വനവാസക്കാലം മുഴുവന്‍ നന്ദിഗ്രാമത്തില്‍ എല്ലാ രാജ്യസുഖങ്ങളും ഉപേക്ഷിച്ച് ജ്യേഷ്ഠന്റെ പാദുകം പൂജിച്ച് കഴിഞ്ഞു ഭരതന്‍. ജ്യേഷ്ഠനായ രാവണന്റെ അധര്‍മം സഹിക്കാന്‍ കഴിയാതെ സ്വന്തം കുലത്തെ ഉപേക്ഷിച്ച് വിഭീഷണന്‍, ധര്‍മമായ ശ്രീരാമസ്വാമിയെ ശരണം പ്രാപിച്ചു.
ഒരു ഭക്തനുവേണ്ട ഏറ്റവും പ്രധാന ഗുണമായ ഭക്തി രാമായണത്തില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നു. യഥാര്‍ഥ ഭക്തന്‍ എങ്ങനെയാണ് എന്ന് രാമായണം നമുക്കു കാട്ടിത്തരുന്നു. ശ്രീരാമസ്വാമിയുടെദാസനായ ഹനുമാന്‍ ഭക്തി, ദാസ്യമാണെന്നു തെളിയിക്കുന്നു. താണജാതിക്കാരന്‍ എന്നു വിശേഷിപ്പിക്കുന്ന ഗുഹന്‍, ഭഗവാന്റെ ആലിംഗന മാത്രയില്‍ എത്ര ഉന്നതനായി. ഭക്തി എളിമയാണ്. കാലങ്ങളായി ശ്രീരാമസ്വാമിയെ കാത്തിരുന്ന ശബരി, എല്ലാം മറന്ന് എങ്ങനെയൊക്കെയോ ഭഗവാനെ പൂജിക്കുന്നു. ഭഗവാന് സ്ത്രീയെന്നോ പുരുഷനെന്നോ, അറിവുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ല. ശിലയുടെ കരുത്തോടെ ഭഗവാനെ തപസ്സ് ചെയ്ത അഹല്യ ഭക്തി നിഷ്ഠയാണെന്നു കാണിക്കുന്നു. ഉടമ്പടി പ്രകാരം ഉണ്ടായ ബന്ധം, ഭക്തി സഖ്യമാണെന്നു സുഗ്രീവന്‍ പറയുന്നു. രാവണനും അനുജനും കുംഭകര്‍ണനും ശ്രീരാമ ഭക്തന്മാരാണ്. അവരുടെ ഭക്തി സായുജ്യമാണ്-മോക്ഷമാണ്. ലങ്ക ഉപേക്ഷിച്ച് ശ്രീരാമനില്‍ ശരണം പ്രാപിക്കുന്ന വിഭീഷണന്‍ ഭഗവാന്‍ ശരണാഗതവത്സലനാണെന്നു തെളിയിക്കുന്നു.
ജീവിതത്തിന്റെ നിലനില്‍പ് സ്‌നേഹത്തില്‍ അധിഷ്ഠിതമല്ലേ. രാമായണത്തില്‍ സ്‌നേഹം മാത്രമല്ലേയുള്ളൂ. ദശരഥനു രാജ്യത്തോടുള്ള സ്‌നേഹം, ഭാര്യമാരോടുള്ള സ്‌നേഹം, മക്കളോടുള്ള സ്‌നേഹം ഇതൊക്കെ നിറഞ്ഞു തുളുമ്പുകയാണ്. ശ്രീരാമന്‍ തന്നെക്കാള്‍ കൂടുതലായി സഹോദരന്മാരായ ഭരതനെയും ലക്ഷ്മണനെയും ശത്രുഘ്‌നനെയും സ്‌നേഹിക്കുന്നു, അവര്‍ തിരിച്ചും. സ്വന്തം സഹോദരനാല്‍ ചതിക്കപ്പെട്ടു എന്ന തെറ്റിദ്ധാരണകൊണ്ടാണ് ബാലിയും സുഗ്രീവനും എതിരായത്. സഹോദര സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു അവര്‍ രണ്ടുപേരും. രാവണന് ലങ്കയോടും, ശൂര്‍പ്പണഖയോടും, പുത്രനായ ഇന്ദ്രജിത്തിനോടും അത്യന്തം സ്‌നേഹമായിരുന്നു. രാവണനും കുംഭകര്‍ണനും വിഭീഷണനും
അത്യന്തം സ്‌നേഹമുള്ള സഹോദരങ്ങളായിരുന്നു.
ഇത്രയുമൊക്കെ മഹത്തായ ഗുണങ്ങളുള്ള രാമായണത്തില്‍, സുമിത്ര ലക്ഷ്മണനു കൊടുക്കുന്ന ഉപദേശം
(ശ്ലോകം) ഏറ്റവും മഹത്തരവും പ്രധാനവുമായിത്തീരുന്നു. ഉത്തമമായ ഒരു മാതാവിനു മാത്രം നല്‍കാന്‍ കഴിയുന്ന ഈടുറ്റ ഉപദേശമാണ് രാമായണത്തിലെ ഏറ്റവും പ്രധാന ശ്ലോകമായത്. ജ്യേഷ്ഠനെ അച്ഛനായും, ജ്യേഷ്ഠത്തിയെ അമ്മയായും, വനത്തെ സ്വന്തം രാജ്യമായും കാണുക- ഇതില്‍ സ്വാര്‍ഥതയില്ല, മകന്‍ തന്നെ പിരിയുന്ന ദുഃഖമില്ല, ജ്യേഷ്ഠന്റെ യാതന പങ്കിടുന്നതിന്റെ പരിഭവമില്ല, സുഖങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ നഷ്ടബോധമില്ല, മറിച്ച് മകനെ കടമകളെക്കുറിച്ച് പ്രാപ്തയാക്കുകയാണ്.
ദശരഥപത്‌നിമാരില്‍ കൗസല്യയെക്കാളും, കൈകേയിയെക്കാളും പ്രാധാന്യം കുറഞ്ഞവളായിരുന്നു സുമിത്ര. പക്ഷേ ആ അമ്മ സ്വന്തം മകനു കൊടുത്ത ഈ മഹത്തായ ഉപദേശം കൊണ്ട് മറ്റെല്ലാവരെക്കാളും ശ്രേഷ്ഠയായി. ഓരോ സമയത്തും മക്കള്‍ക്ക് ശരിയായ ഉപദേശങ്ങള്‍- സ്വാര്‍ഥതയില്ലാത്തതും ലോകത്തിനു നന്മ വരുന്നതും ആയിരിക്കണം അമ്മമാര്‍ നല്‍കേണ്ടത്. ഇങ്ങനെയുള്ള അമ്മമാരാണ് ലളിതാസഹസ്രനാമത്തിലെ ആദ്യനാമമായ 'ശ്രീമാതാ.'
janmabhumi
No comments:
Post a Comment