വള്ളത്തോൾ നാരായണമേനോൻ വാല്മീകിരാമായണം തർജുമചെയ്ത് പ്രസിദ്ധപ്പെടുത്തുന്നതുവരെ (1909) മലയാളികൾക്ക് രാമകഥയെ സമീപിക്കാനുള്ള ഏറ്റവും സുഗമമായ രാജപാത എഴുത്തച്ഛന്റെ അധ്യാത്മരാമായണം ആയിരുന്നു. അതിനുശേഷവും അതിന്റെ സ്ഥാനത്തിനു വലിയ മാറ്റം ഉണ്ടായിട്ടില്ല. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവിന്റെ സദസ്യനും കഥകളി കലാപണ്ഡിതനും നടനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാർ1853-ൽ എഴുത്തച്ഛന്റെ കൃതി ആദ്യമായി, തന്റെ കേരളവിലാസം അച്ചുകൂടത്തിൽനിന്ന് മുദ്രണം ചെയ്ത് പ്രകാശിപ്പിച്ചു. മുദ്രിത പ്രസാധനങ്ങൾ സാർവത്രികമാകുന്നതുവരെ അധ്യാത്മരാമായണത്തിന്റെ പ്രതികൾ ഓലയിൽ പകർത്തി എഴുതി പ്രചരിപ്പിക്കുന്നതിൽ നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ (1848-1909) എന്ന പണ്ഡിതൻ മുൻകൈയെടുത്തിരുന്നതായി പറയപ്പെടുന്നു. കുണ്ടൂർ നാരായണമേനോൻ (1861-1936) ഇത് വൃത്താനുവൃത്തം വിവർത്തനം നടത്തിയിട്ടുണ്ടെങ്കിലും അത് അച്ചടിച്ച് പുറത്തുവന്നിട്ടില്ല. എന്നാൽ കൊട്ടാരത്തിൽ ശങ്കുണ്ണി(1855-1937)യുടെ തർജുമ പ്രസിദ്ധീകൃതമായിട്ടുണ്ട് (1912). പേട്ടയിൽ രാമൻപിള്ള ആശാൻ (1842-1937) രാമായണത്തെ അധികരിച്ച് തിരുവനന്തപുരത്ത് നടത്തിയ ചില പ്രഭാഷണങ്ങളുടെ സമാഹാരമാണ് അധ്യാത്മരാമായണ സദാചാരങ്ങൾ എന്ന കൃതി. കെ.സാംബശിവശാസ്ത്രി (1879-1946) എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന് സമഗ്രമായ ഒരു വ്യാഖ്യാനം എഴുതി. കെ.സി. കേശവപിള്ള (1868-1914) അതിലെ ലക്ഷ്മണോപദേശത്തിന് മാത്രമായി തത്ത്വബോധിനി എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ട്...wiki
No comments:
Post a Comment