ബൃഹദാരണ്യകോപനിഷത്ത്- 6
അശ്വമേധത്തിന്റെ അഗ്നിയെ വിരാഡ് ഭാവത്തില്‍ ഉപാസിക്കാന്‍ രണ്ടാം ബ്രാഹ്മണം പറയുന്നു. അഗ്നി വിഷയമായ ദര്‍ശനത്തെ പറയാനായി അശ്വമേധാഗ്നിയുടെ ഉല്‍പ്പത്തിയെ വിവരിക്കുന്നു.
നൈവേഹ കിഞ്ചനാഗ്ര ആസീത്...
സൃഷ്ടിക്ക് മുമ്പ് ഇവിടെ ഒന്നും ഉണ്ടായിരുന്നില്ല. ഇത് വിശപ്പാകുന്ന മൃത്യുവിനാല്‍ മൂടപ്പെട്ടതായിരുന്നു. വിശപ്പിനെ തന്നെയാണ് മൃത്യു എന്ന് പറയുന്നത്. ആ മൃത്യു താന്‍ മനസ്സുള്ളവനായിത്തീരണമെന്ന് വിചാരിച്ച് മനസ്സിനെ സൃഷ്ടിച്ചു. അവന്‍ തന്നെത്തന്നെ അര്‍ച്ചിച്ച് സഞ്ചരിച്ചു. അങ്ങനെ അര്‍ച്ചിക്കുമ്പോള്‍ ജലം ഉണ്ടായി. അര്‍ച്ചിച്ചു കൊണ്ടിരിക്കുന്ന എനിക്ക് വേണ്ടി ജലം ഉണ്ടായി എന്ന് വിചാരിച്ചു. അതിനാലാണ് അഗ്നിക്ക് അര്‍ക്കന്‍ എന്ന പേര് ഉണ്ടായത്. ഇങ്ങനെ അഗ്നിയുടെ അര്‍ക്കത്വത്തെ അറിയുന്നയാള്‍ക്ക് ജലരൂപമായ സുഖം ഉണ്ടാകും.
പ്രപഞ്ചത്തിന്റെ ഉത്പത്തിക്ക് മുമ്പ് ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാല്‍ എല്ലാം ശൂന്യമായിരുന്നു എന്ന് കരുതേണ്ടതില്ല. അവ്യാകൃതവും അജ്ഞാതവുമായ ബ്രഹ്മം വിശപ്പാകുന്ന മൃത്യുവിനാല്‍ മൂടിയിരിക്കുകയായിരുന്നു. വിശപ്പ് ഉണ്ടായാല്‍ അതിനെ പരിഹരിക്കാന്‍ മറ്റു ജീവജാലങ്ങളെ കൊല്ലുന്നതിനാലാണ് വിശപ്പിനെ മൃത്യു എന്ന് പറഞ്ഞത്. സമഷ്ടി ബുദ്ധിയുമായി താദാത്മ്യം പ്രാപിച്ച സൂത്രാത്മാവിന്റെ അഥവാ ഹിരണ്യഗര്‍ഭന്റെ ധര്‍മമാണ് വിശപ്പ്.
അതിനാല്‍ മൃത്യു എന്നാല്‍ ഹിരണ്യഗര്‍ഭനാണ്. നാമരൂപാത്മകമായ പ്രപഞ്ചം ഹിരണ്യഗര്‍ഭനില്‍ പ്രകടമാകാത്ത അവസ്ഥയിലായിരുന്നു. അതിനെ വെളിവാക്കാനായി ആലോചനാ സാമര്‍ത്ഥ്യവും സങ്കല്‍പ സ്വഭാവമുള്ളതുമായ മനസ്സിനെ സൃഷ്ടിച്ചു. മനസ്സുള്ളവനായ പ്രജാപതി സന്തുഷ്ടനായി തന്നെത്താന്‍ പൂജിച്ചു. അപ്പോള്‍ പൂജയുടെ അംഗമായ ജലം ഉണ്ടായി.
അഗ്നിയെയും ജലത്തേയും അര്‍ക്കന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അശ്വമേധത്തിന്റെ അഗ്നിയുടെ അര്‍ക്കത്വത്തെ അറിഞ്ഞ് ഉപാസിക്കുന്നവര്‍ക്ക് സുഖമുണ്ടാകും.
ആപോ വാ അസ്തദ്യദപം ശര ആസീത്തത്...
ജലം തന്നെയാണ് അര്‍ക്കന്‍ എന്ന് പറയുന്നത്. ജലത്തിന് മുകളില്‍ ഉറഞ്ഞു കൂടിയ നുരക്കൂട്ടം ഘനീഭവിച്ച് ഭൂമിയായി മാറി. ഇതിനു ശേഷം പ്രജാപതി ക്ഷീണിച്ചു. ശാന്തനും ദുഃഖിതനുമായ പ്രജാപതിയുടെ ശരീരത്തില്‍ നിന്ന് തേജസ്സാകുന്ന സാരം പുറത്ത് പോയി അതാണ് അഗ്നിയായത്.
അപ്പില്‍നിന്ന് പൃഥ്വിയുടേയും അഗ്നിയുടേയും ഉല്‍പ്പത്തിയെയാണ് പറഞ്ഞത്.
സ ത്രേധാത്മാനം വ്യകരുത ആദിത്യം തൃതീയം...
അങ്ങനെ ജനിച്ച പ്രജാപതി തന്നെ മൂന്നായി വിഭജിച്ചു. ആദിത്യനെയും വായുവിനേയും അഗ്നിയേയും മൂന്നാമതായി പകുത്തു. ആ പ്രാണന്‍ ഇങ്ങനെ മൂന്നായി മാറി.
അശ്വമേധ അഗ്നിയുടെ ശിരസ്സ് കിഴക്കേ ദിക്കാണ്. രണ്ട് കൈകള്‍ തെക്ക് കിഴക്കും വടക്കു കിഴക്കു മാകുന്ന കോണുകള്‍ ആണ്. പു
റംഭാഗം പടിഞ്ഞാറേ ദിക്ക്. പിന്‍ കാലുകളിലെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് എല്ലുകള്‍ തെക്ക് പടിഞ്ഞാറും വടക്ക് പടിഞ്ഞാറുമായ കോണുകളാണ്. ഇടതു വലത് ഭാഗങ്ങള്‍ തെക്ക് വടക്ക് ദിക്കുകളാണ്. പൃ
ഷ്ഠഭാഗം ആകാശമാണ്. ഉദരം അന്തരീക്ഷമാണ്. ഉരസ്സ് ഭൂമിയാണ്. അങ്ങനെയുള്ള അഗ്നി അപ്പുകളില്‍ പ്രതിഷ്ഠിതമാണ്. ഇങ്ങനെ ഉപാസിച്ച് സാക്ഷാത്കരിക്കുന്നയാള്‍ എങ്ങും പ്രതിഷ്ഠയെ നേടും.
9495746977
No comments:
Post a Comment