Tuesday, July 17, 2018

ശ്രീമദ് വാല്മീകി രാമായണം - ശ്ലോകം 5 

 ശ്രീരസ്തു

പഠനോത്സുകതാം വീക്ഷ്യ
പരമാ തുഷ്ടിരസ്തി മേ
സർവ്വേ കവിത്വം സമ്പ്രാപ്യ
കുർവ്വന്തു രചനാം സ്വയം.

ശ്ലോകം 5

വാല്മീകിമഹർഷി ചോദ്യങ്ങൾ ഉപസംഹരിച്ചുകൊണ്ട് പറയുന്നതു കേൾക്കാം.

ഏതദിച്ഛാമ്യഹം ശ്രോതും
പരം കൗതൂഹലം ഹി മേ
മഹർഷേ ത്വം സമർത്ഥോfസി
ജ്ഞാതുമേവംവിധം നരം

പദച്ഛേദം

ഏതദ് ഇച്ഛാമി അഹം ശ്രോതും
പരം കൗതൂഹലം ഹി മേ
മഹർഷേ! ത്വം സമർത്ഥ: അസി
ജ്ഞാതും ഏവം-വിധം നരം.

പദവിശ്ലേഷണം

ഏതദ് - സർവ്വനാമം ദ.ന.ദ്വി.ഏ. = ഈ

ഇച്ഛാമി - ഇഷ് കർത്തരി - ലട്.ഉ.ഏ. = (ഞാൻ) ആഗ്രഹിക്കുന്നു

അഹം - സർവ്വനാമം ദ.പ്ര.ഏ. = ഞാൻ (വാല്മീകി)

ശ്രോതും - അവ്യയം (തുമുന്നന്തം) = കേൾക്കുവാൻ

പരം - അ.ന.പ്ര.ഏ. = ഏറ്റവുമധികം

കൗതൂഹലം - അ.ന.പ്ര.ഏ. = കൗതുകം, ആഗ്രഹം

ഹി - അവ്യയം (യസ്മാദിത്യർത്ഥകം) = എന്തുകൊണ്ടെന്നാൽ

മേ - സർവ്വനാമം ദ.ഷ.ഏ. = (മമ/മേ) എൻറെ

മഹർഷേ - ഇ.പു.സം.(സംബോധനാ പ്രഥമാ) ഏ.

ത്വം - സർവ്വനാമം ദ.പ്ര.ഏ. = അങ്ങുന്ന് (നീ)

സമർത്ഥ: - അ.പു.പ്ര.ഏ. = കഴിവുള്ളവൻ

അസി - അസ് കർത്തരി ലട്.മപു.ഏവ. = (നീ) ആകുന്നു.

ജ്ഞാതും - അവ്യയം (തുമുന്നന്തം) = അറിയുവാൻ

ഏവംവിധം - അ.പു.ദ്വി.ഏ. = ഇപ്രകാരത്തിലെല്ലാം

നരം - അ.പു.ദ്വി.ഏ. = മനുഷ്യനെ

അന്വയം

മഹർഷേ! അഹം ഏതത് ശ്രോതും ഇച്ഛാമി, ഹി മേ പരം കൗതൂഹലം (അസ്തി). ത്വം (ച) ഏവംവിധം നരം ജ്ഞാതും സമർത്ഥ: അസി.

അന്വയാർത്ഥം/സാരം

അല്ലയോ നാരദമഹർഷേ! ഞാനിതറിയുവാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ എനിക്കതിന് വലിയ കൗതുകമുണ്ട്. അങ്ങാണെങ്കിൽ ഇപ്രകാരം ഗുണവിശേഷങ്ങളുള്ള ആളെ അറിയുവാൻ കഴിവുള്ളവനുമാണല്ലോ.

സംസ്കൃതേ ഭാവാർത്ഥ: 

ഹേ മഹർഷേ നാരദ! യതശ്ച ഏതത് സർവ്വം ജ്ഞാതും മേ മനസി മഹതീ ഉത്കണ്ഠാ വിദ്യതേ. ത്വം ച മമ ജിജ്ഞാസിതം ഗുണസമ്പന്നം തം പുരുഷം ജ്ഞാതും സർവ്വഥാ സമർത്ഥ: അസി. (അത: ത്വത്ത:) ശ്രോതുമിച്ഛാമി.

വിശേഷശ്രദ്ധയ്ക്ക്

1. നാരദമഹർഷി ത്രിലോകങ്ങളിലും സഞ്ചരിക്കുന്ന ആളാണല്ലോ. അതുകൊണ്ടാണ് "ത്വം ഏവംവിധം നരം ജ്ഞാതും സമർത്ഥ: അസി." എന്നു പറഞ്ഞത്. നിരവധി മഹാപുരുഷന്മാരെ കണ്ടിട്ടുണ്ടാകുമല്ലോ.

2. 'അഹം', 'ത്വം', 'ഏതദ് ' എന്നിവ സർവ്വനാമങ്ങളാണെന്നു കണ്ടുവല്ലോ. ഇവയെ യഥാക്രമം 'അസ്മദ് ', 'യുഷ്മദ് ', 'ഏതദ് ' ശബ്ദങ്ങൾ എന്നു പറയും.

3. സംസ്കൃതഭാഷയിൽ അവ്യയശബ്ദങ്ങളും സർവ്വനാമശബ്ദങ്ങളും അല്പാക്ഷരപദങ്ങളാണെങ്കിലും അനവധി കാര്യങ്ങൾ പറയാതെ പറയാൻ കഴിവുള്ളവയാണെന്നറിയണം. ഇവിടെ 'ഏതദ് ' എന്ന ഒറ്റവാക്ക് 'മുമ്പേ ഞാൻ പറഞ്ഞ ഗുണഗണങ്ങളുള്ള പുരുഷന്റെ വിഷയത്തിൽ' ശ്രോതുമിച്ഛാമി എന്നാണറിയേണ്ടത്. മറ്റൊരു ഭാഷയ്ക്കുമില്ലാത്ത അനന്യമായ ഗുണവിശേഷമാണ് ഇതെന്നും ധരിയ്ക്കണം.

നാം ടീവിയിൽ വാർത്ത കേൾക്കാറുണ്ടല്ലോ. വാർത്താസമാപനം മലയാളത്തിൽ:
"ഇതോടു കൂടി ഈ വാർത്താപ്രക്ഷേപണം സമാപിയ്ക്കുന്നു".
ഇംഗ്ലീഷിലാകട്ടെ:
"And that is the end of this news bulletin".
സംസ്കൃതത്തിലോ?
"ഇതി വാർത്താ:" കഴിഞ്ഞു. 'ഇതി' എന്ന അവ്യയപദം ആ വാർത്തയുടെ സംഗ്രഹം മുഴുവൻ ഉൾക്കൊള്ളുന്നു എന്നും അറിയണം. നമ്മുടെ ശാസ്ത്രങ്ങളെല്ലാം'സൂത്രബദ്ധ'മായി പറയാൻ സാധിച്ചതും ഭാഷയുടെ ഈ വൈശിഷ്ട്യം കൊണ്ടാണ്. പാണിനീസൂത്രം, ബ്രഹ്മസൂത്രം, ഭക്തിസൂത്രം, ഗണിതസൂത്രം, യോഗസൂത്രം ഇത്യാദി. സംസ്കൃതം പഠിച്ചവർ മിതഭാഷികളാകുന്നതും ഇതുകൊണ്ടാണെന്നു തോന്നുന്നു.
സർവ്വേഷാം ഭദ്രം കലയതു!

                    ശുഭമസ്തു
pradikshanam.

No comments: