ബൃഹദാരണ്യകോപനിഷത്ത്- 7
വിരാഡ് രൂപിയായ അഗ്‌നിയുടെ ധ്യാനത്തെയാണ് പറഞ്ഞത്. ഹിരണ്യഗര്‍ഭന്‍ ആദിത്യന്‍, വായു, അഗ്‌നി എന്നിങ്ങനെ മൂന്നായി വിഭജിച്ചപ്പോഴും വിരാട് സ്വരൂപത്തിന് നാശമില്ല. പ്രജാപതിയുടെ രണ്ട് ഭാവങ്ങളെ കാണിക്കാന്‍ സ: ഏഷ: എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. പഞ്ചീകരണം ചെയ്യാത്ത സൂക്ഷ്മഭൂതങ്ങളുടെ ശരീരിയാതിനാല്‍ പരോക്ഷമാണ് സ:. പഞ്ചീകൃതമായ സ്ഥൂലഭൂത ശരീരിയായതിനാല്‍ ഉപാസകര്‍ക്ക് സാക്ഷാത്കരിക്കാന്‍ സാധിക്കും. അതിനാല്‍ പ്രത്യക്ഷം ഏഷ:
പ്രജാപതിരൂപനായ അഗ്‌നിയെ അശ്വമായി കല്‍പ്പിച്ച് ഉപാസിക്കുകയാണ് ഇവിടെ. ദിക്കുകള്‍ അവയവയങ്ങളായി സങ്കല്പിച്ച് ഉപാസിക്കണം. ഈ ഉപാസനയാല്‍ എങ്ങും പ്രതിഷ്ഠയെ ലഭിക്കും.
സോളകാമയത, ദ്വിതീയോ മ ആത്മാ, ജായേതേതി........
ആ മൃത്യു ആഗ്രഹിച്ചു. എനിക്ക് രണ്ടാമതൊരു ശരീരം ഉണ്ടാകണം. അശനായ എന്ന ആ മൃത്യു മനസ്സിനോട് കൂടി വാക്കിനെ ഇണചേര്‍ത്തു അതില്‍ നിന്നുണ്ടായ രേതസ്സ് സംവല്‍സര പ്രജാപതിയായിത്തീര്‍ന്നു. അതിന് മുമ്പ് സംവത്സരമുണ്ടായിരുന്നില്ല. ആ പ്രജാപതിയെ ഒരു സംവത്സരക്കാലം ഗര്‍ഭത്തില്‍ ധരിച്ചു. അതിന് ശേഷം അവനെ സൃഷ്ടിച്ചു. ജനിച്ച ഉടനെ അതിനെ തിന്നുവാനായി വാ പിളര്‍ന്നു. അത് 'ഭാണ്‍' എന്ന ശബ്ദമുണ്ടാക്കി. അത് വാക്കായിത്തീര്‍ന്നു.
മൃത്യു മനസ്സിനോടു കൂടെ വാക്കിനെ ഇണചേര്‍ത്തു. എന്നാല്‍ മനസ്സ് കൊണ്ട് മൂന്ന് വേദങ്ങളില്‍ വിധിച്ച സൃഷ്ടികര്‍മ്മത്തെപ്പറ്റി ആലോചിച്ചു എന്നറിയണം. രേതസ്സ് എന്നത് പ്രജാപതിയുടെ ഉല്‍പ്പത്തിക്ക് കാരണമായ ജ്ഞാനകര്‍മരൂപമായ ബീജമാണ്. അതാണ് പിന്നെ സംവത്സര പ്രജാപതിയായത്. തുടര്‍ന്നാണ് കാലത്തിന്റെ സൃഷ്ടി ഉണ്ടാകന്നത്. ജനിച്ച കുഞ്ഞിനെ തിന്നാന്‍ തുടങ്ങി എന്നാല്‍ ജ്ഞാനേച്ഛയാല്‍ കാലത്തെ നശിപ്പിക്കാന്‍ ഒരുങ്ങിയെന്നര്‍ത്ഥം. ഭാണ്‍ എന്ന പ്രതിഷേധ ശബ്ദം കര്‍മ്മത്തിന് ആശ്രയമായ കാലത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. അതാണ് വാക്കായി മാറിയത്.
സ ഐക്ഷത യദി വാ ഇമമഭി മംസ്യേ കനീയോളന്നം കരിഷ്യ ഇതി...
ആ മൃത്യു വിചാരിച്ചു ഈ കുമാരനെ ഞാന്‍ ഹിംസിക്കുകയാണെങ്കില്‍ വളരെ കുറച്ച് മാത്രമേ അന്നം ഉണ്ടാവുകയുള്ളൂ. അതിനാല്‍ ത്രയീ രൂപമായ വാക്കുകൊണ്ടും മനസ്സ് കൊണ്ടും ഋക്കുകള്‍, യജുസ്സുകള്‍, സാമങ്ങള്‍, ഛന്ദസ്സുകള്‍, യജ്ഞങ്ങള്‍, പ്രജകള്‍, പശുക്കള്‍ മുതലായി എല്ലാറ്റിനേയും സൃഷ്ടിച്ചു. പിന്നെ താന്‍ സൃഷ്ടിച്ചതിനെയെല്ലാം കഴിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ എല്ലാം കഴിക്കുന്നതിനാല്‍ മൃത്യുവിന് അദിതി എന്ന പേര് ഉണ്ടായി. അദിതിയുടെ കഴിക്കുന്ന സ്വഭാവമായ അദിതി ഭാവത്തെ അറിയുന്നയാള്‍ എല്ലാറ്റിന്റേയും അത്താവാവും. എല്ലാം അയാള്‍ക്ക് അന്നമാകും.
ഭാണ്‍ ശബ്ദം കേട്ട പ്രജാപതി വിശാലമായ സൃഷ്ടിയെപ്പറ്റി ആലോചിച്ചു. കുമാരനെ കഴിച്ചാല്‍ കുറച്ചു ഭക്ഷണം മാത്രമേ ആകൂ. കൂടുതല്‍ വേണം അതിനാണ് കൂടുതല്‍ സൃഷ്ടിക്കുന്നത്.
വാക്കും മനസ്സും കൂട്ടിച്ചേര്‍ത്ത് സ്ഥാവര ജംഗമ സ്വരൂപമായ ജഗത്തിനെ സൃഷ്ടിച്ചു. പിന്നെ അവയെ കഴിക്കാന്‍ തുടങ്ങി എന്നത് ചേതനാത്മകനായ താന്‍ തന്നെ ജഡരൂപപ്രപഞ്ച വസ്തുക്കളില്‍ പ്രവേശിച്ച് അവയെ അനുഭവിക്കാനാരംഭിച്ചുവെന്നാണ്. പ്രജാപതിക്ക് അഥവാ മൃത്യുവിന് അദിതി എന്ന പേരുണ്ടാവാന്‍ കാരണമിതാണ്. അത്തി എന്നാല്‍ കഴിക്കുക എന്നര്‍ത്ഥം. എല്ലാമായിത്തീര്‍ന്ന് എല്ലാറ്റിനേയും കഴിക്കുന്നത് അല്ലെങ്കില്‍ അനുഭവിക്കുന്നത് അദിതി. ഇങ്ങനെ അദിതി ഭാവത്തില്‍ പ്രജാപതിയെ സാക്ഷാത്കരിക്കുന്നയാള്‍ അന്നത്തിന്റെ രൂപത്തിലുള്ള ഈ ജഗത്തിനെ അനുഭവിക്കും.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment