Wednesday, July 18, 2018

എ.പി. ജയശങ്കര്‍
തന്റെ പത്‌നിയുടെ മുഖത്തെ ഭാവമാറ്റം പര്‍വതരാജന്‍ ഹിമവാനെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. ഇതൊട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ശ്രീപരമേശ്വരനുമായുള്ള വിവാഹത്തിന് ശ്രീപാര്‍വതീദേവിയാണ് ഏറെ ആഗ്രഹിച്ചത്. അതിനായി ശ്രീപാര്‍വതീദേവി വളരെക്കാലം തപസ്സു ചെയ്തതുമെല്ലാം അമ്മയായ മേനാദേവിക്കറിയാവുന്നതാണ്. അമ്മയുടെ അനുവാദത്തോടെയാണ് പാര്‍വതി തപസ്സിനു പോയതും. സഹായകമായി തോഴിമാരെയെല്ലാം നിയോഗിച്ചതും മേനാദേവിയാണ്. എന്നിട്ടിപ്പോള്‍ എന്താണീ ഭാവമാറ്റം.
മേനാദേവിയുടെ ഭാവമാറ്റം സപ്തര്‍ഷികള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് പര്‍വതരാജന് ഭയം. ഹിമവാന്‍ സപ്തര്‍ഷിമാരുടേയും മുഖത്തേക്ക് മാറി മാറി നോക്കി. ഋഷിമാര്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ അന്ധാളിപ്പിനിടയിലും അവരില്‍ ഒരു ചെറു പുഞ്ചിരിയുണ്ട്. അതെന്താണെന്ന് ഹിമവാന് പെട്ടെന്ന് പിടികിട്ടിയില്ല.
അഗസ്ത്യമഹര്‍ഷി മേനാദേവിയുടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു. അമ്മയുടെ വിഷമങ്ങള്‍ സ്വാഭാവികം. എന്നാല്‍ ഇവിടെ ഇക്കാര്യത്തില്‍ ഭയപ്പാടിന്റെ ആവശ്യമില്ല. തന്റെ ചിന്തകള്‍ മഹര്‍ഷിമാര്‍ മനസ്സിലാക്കിയെന്നറിഞ്ഞ മേനാദേവി ഉടന്‍ മറുപടി നല്‍കി.
''അതേ മഹര്‍ഷിമാരേ, ബഹുമാനപൂര്‍വം തന്നെ പറയട്ടെ. അമ്മ എന്ന നിലയില്‍ എനിക്ക് പലതും ചിന്തിക്കാനുണ്ട്. അതിലുപരി ഒരു ഭാര്യ എന്ന നിലയ്ക്കും എനിക്ക് പലതും ആലോചിക്കാനുണ്ട്.''
ഒന്നു നിര്‍ത്തിയശേഷം മേനാദേവി തുടര്‍ന്നു. ''ശ്രീപരമേശ്വരന്‍ ഭഗവാനാണെന്നതു ശരി തന്നെ. എന്നാലും രണ്ടാം വിവാഹമല്ലെ. പാര്‍വതിക്ക് ഈ രണ്ടാം കല്യാണക്കാരനേ മാത്രമേ കിട്ടിയുള്ളോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തു മറുപടി പറയും.''
അഗസ്ത്യമുനി ചിരിച്ചു. ''രണ്ടാം കല്യാണക്കാരനെങ്കിലും കല്യാണക്കാരനാണല്ലോ. ലോകകല്യാണം ചെയ്യുന്ന മംഗളമൂര്‍ത്തിയാണ് ഭഗവാന്‍ ശ്രീപരമേശ്വരന്‍. രണ്ടാം കല്യാണക്കാരന്‍ എന്നതിന്റെ രഹസ്യം ഞാന്‍ പിന്നാലെ പറയാം. മേനാദേവിയുടെ പ്രധാന ചിന്ത ഇതല്ലെന്നു വ്യക്തം. ശ്രീപാര്‍വതി ദേവി ആഗ്രഹിച്ച വിവാഹമാണിതെന്ന് മേനാദേവിക്കുമറിയാമല്ലോ.
അതൊക്കെയറിയാം. എന്റെ പാര്‍വതിക്കുട്ടിയുടെ ആഗ്രഹത്തിന് ഞാന്‍ എതിരുനില്‍ക്കുകയല്ല. രണ്ടാം കല്യാണക്കാരനെന്നതു നില്‍ക്കട്ടെ. കല്യാണമൂര്‍ത്തിയായ ശിവന്‍, മംഗളമൂര്‍ത്തിയായ ശ്രീപരമേശ്വരന്‍ എന്റെ മാംഗല്യം കാക്കുമോ.
എന്താണ് വിഷമസന്ധിയെന്നറിയാതെ പര്‍വതരാജന്‍ വിഷമിച്ചു. എന്താണ് മേനാദേവി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഇപ്പോള്‍ ഇതൊക്കെ പറയേണ്ട കാര്യമെന്താണ്.
ഹിമവാന്‍ പ്രതികരിക്കാനൊരുങ്ങുന്നതുകണ്ട് ചില ഋഷിമാര്‍ ഹിമവാന്റെ കയ്യില്‍ പിടിച്ചു. മേനാദേവിക്കു പറയാനുള്ളതു പറയട്ടെ എന്ന അര്‍ത്ഥത്തില്‍ തടഞ്ഞു. ഹിമവാന്റെ കുടുംബകാര്യമാണെങ്കിലും ഇടയ്ക്കു കയറി ഇടപെടാനുള്ള സ്വാതന്ത്ര്യമുള്ളവരായിരുന്നു സപ്തര്‍ഷിമാര്‍.
മേനാദേവി തുടര്‍ന്നു.
എന്റെ മംഗല്യകാര്യം ഞാന്‍ ചിന്തിച്ചല്ലേ പറ്റുള്ളൂ. എനിക്ക് ഭയമുണ്ട് എന്നതു സത്യം തന്നെയാണ്. അഗസ്ത്യമഹര്‍ഷി സംശയിച്ചതു ശരിയാണ്. ശ്രീപരമേശ്വരന്റെ ആദ്യ ഭാര്യയായ സതീദേവിയുടെ കഥകള്‍ ഞാനും കേട്ടിട്ടുണ്ട്. പിതാവായ ദക്ഷന്റെ കൊട്ടാരത്തില്‍ വച്ചാണ് സതീദേവി യാഗാഗ്നിയില്‍ പ്രവേശിച്ചത്. പിന്നീട് അവിടെയുണ്ടായ പുകില്‍ എന്തൊക്കെയായിരുന്നു. ശ്രീപരമേശ്വരന്റെ ഭൂതഗണങ്ങള്‍ വന്നുണ്ടാക്കിയ ബഹളമൊക്കെ പ്രസിദ്ധമല്ലേ. അന്ന് ആ ഭൂതഗണങ്ങള്‍ വന്ന് ദക്ഷപ്രജാപതിയുടെ തല അറുത്ത സംഭവം ഞാനും കേട്ടിട്ടുണ്ട്.
ആ സ്ഥിതിക്ക് ഞാന്‍ എന്റെ മംഗല്യത്തിനെക്കുറിച്ചും ചിന്തിച്ചല്ലേ പറ്റൂ. എന്റെ ഭര്‍ത്താവ് ഹിമവാന്റെ ആയുസ്സിനുവേണ്ടി ഞാന്‍ ആശിച്ചതു തെറ്റാണോ. പാര്‍വതിക്കുട്ടിയുടെ ആയുസ്സും മാംഗല്യവും പോലെ എന്റെ മാംഗല്യത്തിനും ഞാന്‍ പ്രാധാന്യം കൊടുക്കേണ്ടേ.മേനാദേവി പറഞ്ഞുനിര്‍ത്തി.

No comments: