Sunday, July 08, 2018

ഛാന്ദോഗ്യോപനിഷത്ത് 76
ഛായാത്മാവ് യഥാര്‍ത്ഥ ആത്മാവല്ലെന്ന് തിരിച്ചറിഞ്ഞ ഇന്ദ്രന് സ്വപ്നാത്മാവിനെ പറ്റി പ്രജാപതി ഉപദേശിച്ചു.അതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ സ്വപ്‌നാത്മാവിലും വാസ്തവമില്ലെന്ന് ഇന്ദ്രന് തീര്‍ച്ചയായി.
വീണ്ടും ചമതയുമായി മടങ്ങിയെത്തിയ ഇന്ദ്ര നോട് ശാന്ത ഹൃദയനായി പോയ അങ്ങ് എന്ത് ആഗ്രഹിച്ചാണ് തിരിച്ചു വന്നത് എന്ന് പ്രജാപതി ചോദിച്ചു.ശരീരത്തിന്റെ അന്ധതയോ ദോഷമോ സ്വപ്‌നാത്മാവിനില്ല.ശരീരവധത്താല്‍ വധിക്കപ്പെടുന്നില്ല. എങ്കിലും വധിക്കപ്പെടുന്ന പോലും ഓടിക്കുന്നതു പോലെയും അപ്രിയം അനുഭവിക്കും പോലെയും കരയും പോലെയുമൊക്കെ സ്വപ്നത്തില്‍ തോന്നുന്നു. ഈ സ്വപ്‌നാത്മ ദര്‍ശനത്തിലും താന്‍ ഇഷ്ട ഫലം കാണുന്നില്ല എന്ന് ഇന്ദ്രന്‍ പറഞ്ഞു.
ഇത് കേട്ട പ്രജാപതി പറഞ്ഞു. ഇന്ദ്രാ ഇത് ഇങ്ങനെ തന്നെയാണ്. ഇതിനെ വീണ്ടും വ്യാഖ്യാനിച്ച് തരാം. 32 വര്‍ഷം കൂടി ബ്രഹ്മചര്യവ്രതത്തോടെ അവിടെ താമസിക്കാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം പ്രജാപതി ഉപദേശിച്ച് കൊടുത്തു.
രണ്ട് തവണ പറഞ്ഞ് കൊടുത്തിട്ടും ശരിക്ക് മനസ്സിലാകാത്തതിനാല്‍ സത്യത്തെ തിരിച്ചറിയാനുള്ള തടസ്സം നീങ്ങാനാണ് ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ പറഞ്ഞത്.
തദ് യത്രൈതത് സുപ്ത: സമസ്ത: സംപ്രസന്ന: സ്വപ്‌നം ന വിജാനാത്യേഷ ആത്മേതി ഹോവാച.......
നല്ലവണ്ണം ഉറങ്ങിക്കഴിയുമ്പോള്‍ കരണങ്ങളെല്ലാം അടങ്ങിയിരിക്കുന്ന സമയത്ത് സ്വപ്‌നത്തെ കൂടി അറിയാതിരിക്കുന്നതേതാണോ അതാണ് ആത്മാവ്. അത് അമൃതവും അഭയവുമാണ്. അതാണ് ബ്രഹ്മം എന്ന് പ്രജാപതി പറഞ്ഞു. ഇത് കേട്ട ശാന്ത ഹൃദയനായി ഇന്ദ്രന്‍ പോയി. ദേവന്‍മാരുടെ അടുത്തെത്തും മുമ്പേ ഈ അറിവില്‍ ഭയമുണ്ടായി.
സുഷുപ്താസ്ഥയിലെ ആത്മാവ് ഇത് ഞാന്‍ ആകുന്നു എന്നോ മറ്റ് ഭൂതങ്ങളെ പറ്റിയോ അറിയുന്നില്ല.സുഷുപ്തിയില്‍ ആത്മാവ് നശിച്ചത് പോലെ ആകുന്നു. ഈ സുഷുപ്ത ആത്മ ദര്‍ശനത്തിലും ഞാന്‍ ശരിയായ ഫലം കാണുന്നില്ല.
ജാഗ്രത്തിലും സ്വപ്‌നത്തിലും തന്നേയും മറ്റുള്ളതിനേയുമൊക്കെ അറിയുന്നത് പോലെ സുഷുപ്തിയില്‍ സാധിക്കുകയില്ല. ആത്മാവ് നശിച്ച പോലെയിരിക്കുന്നു. സുഷുപ്തന് ജ്ഞാനം കാണുന്നില്ല. ഇങ്ങനെ സുഷുപ്തിയിലും ദോഷം കണ്ടതിനാലാണ് വീണ്ടും സംശയമുണ്ടായത്.
ഇന്ദ്രന്‍ ചമതയുമായി വീണ്ടും മടങ്ങി വന്നു. ശാന്ത ഹൃദയനായി പോയ അങ്ങ് എന്താഗ്രഹിച്ചാണ് മടങ്ങി വന്നത് എന്ന് ബ്രഹ്മാവ് ചോദിച്ചു. തന്നെയും മറ്റുള്ളതിനേയും തിരിച്ചറിയാനാകാത്ത സുഷുപ്താത്മ ദര്‍ശനത്തില്‍ ഞാന്‍ ശരിയായ ഫലം കാണുന്നില്ലെന്ന് ഇന്ദ്രന്‍ പറഞ്ഞു.
ഇത് അങ്ങനെ തന്നെയാണ് . ഈ ആത്മാവിനെ പറ്റി - നിനക്ക് വീണ്ടും ഞാന്‍ ഉപദേശിക്കാം. ആത്മാവ് ഇതില്‍ നിന്ന് അന്യമായി ഒന്നുമില്ല. ഇനി അഞ്ച് വര്‍ഷം കൂടി ബ്രഹ്മചാരിയായി കഴിയണം. ഇന്ദ്രന്‍ അപ്രകാരം 5 വര്‍ഷം കൂടി അവിടെ താമസിച്ചു. അപ്പോള്‍ ആകെ 101 വര്‍ഷമായി.ഇന്ദ്രന്‍ പ്രജാപതിയുടെയടുത്ത് 101 വര്‍ഷം ബ്രഹ്മചാരിയായി വസിച്ചു എന്ന് പറയുന്നത് ഇതിനാലാണ്.
മനോ മാലിന്യങ്ങള്‍ നീങ്ങാന്‍ അത്രയും വര്‍ഷംവേണ്ടി വന്നു. ഇന്ദ്രന് പോലും ഇത്രയും കാലം വേണ്ടി വന്നു എന്നത് ആത്മജ്ഞാനത്തിന്റെ മഹത്വം കാണിക്കാനാണ്.
 പടിപടിയായി ഒരു ശിഷ്യനെ ആത്മദര്‍ശനത്തിലേക്ക് നയിക്കുന്ന യഥാര്‍ത്ഥ ഗുരുവിന്റെ രീതിയാണ് ഇവിടെ കാണിച്ചത്. ഓരോ തവണ ആത്മാവിനെ കുറിച്ച് കേട്ടപ്പോഴും അതേപ്പറ്റി വിചാരം ചെയ്യാന്‍ ഇന്ദ്രനെ പോലെയുള്ള ഒരു ശിഷ്യന്‍ കാണിച്ച ആര്‍ജ്ജവവും താല്പര്യവും എടുത്ത് പറയേണ്ടതാണ്. ഈ അറിവ് നേടിയെടുക്കാന്‍ നാല് തവണയായി 101 വര്‍ഷം ബ്രഹ്മചര്യ വ്രതമെടുത്തത് സാധകര്‍ക്ക് വഴികാട്ടിയുമാണ്. 
യോഗ്യതയില്ലാത്തവര്‍ക്ക് അറിവ് കിട്ടിയാല്‍ അപകടമാകും.ഇന്ദ്രന് വേണ്ടത്ര പാകത വന്നു എന്ന് മനസ്സിലാക്കിയ പ്രജാപതി പിന്നീട് ആത്മതത്വത്തെ ഉപദേശിച്ച് കൊടുത്തു.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: